കാലപ്രളയം (നാടകം രംഗം -2: കാരൂര്‍ സോമന്‍)

Published on 06 March, 2019
കാലപ്രളയം (നാടകം രംഗം -2: കാരൂര്‍ സോമന്‍)
സീന്‍ - രണ്ട്

        (കേശവന്‍നായരുടെ വീട്. അടുത്ത ദിവസം രാവിലെയാണ്. രണ്ടു വീടുകളും ഏറെക്കുറെ ഒരുപോലെയാണ്. ചെറിയ ചില വ്യത്യാസങ്ങളെയുള്ളൂ. കേശവന്‍നായര്‍  ആലോചനയോടെ നടക്കുന്നു. തലേദിവസത്തെ ചാണ്ടിക്കുഞ്ഞിന്റെ പ്രതികരണത്തിലെ അയാളുടെ അസ്വസ്ഥതയാണ്.  അകത്തുനിന്നും രംഗത്തേയ്ക്കുവരുന്ന അംബിക. കേശവന്‍നായരുടെ ഭാര്യ. അറുപതിനടുത്തു പ്രായമുള്ള അവര്‍, പക്വതയും ഇരുത്തംവന്നതുമായ സ്ത്രീ പ്രകൃതം. മുണ്ടും നേര്യതും വേഷം. അവരു വന്ന് അയാളുടെ ചലനങ്ങളെ തടസ്സപ്പെടുത്തുംമട്ടില്‍ നിന്നു. അവരുടെ കണ്ണില്‍ ഒരു ചോദ്യമുണ്ട്. അയാളൊരുനിമിഷം അവരെ നോക്കിയിട്ട് തിരിഞ്ഞു നടക്കാന്‍ തുനിഞ്ഞപ്പോള്‍ കൈ കടന്നു പിടിച്ചു)
അംബിക    :    എന്തുപറ്റി... ഇന്നലെ രാത്രി മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ. അപ്പുറത്തു പോയിവന്നപ്പോള്‍ മുതല്‍ നിങ്ങള്‍ക്കൊരു വല്ലായ്മ. മാര്‍ത്താണ്ഡന്‍ വന്നു പറഞ്ഞു, ചാണ്ടിച്ചായന്‍ ഊണ് കഴിക്കാന്‍ കാണുമെന്ന്. എന്നിട്ടച്ചായനും വന്നില്ല. നിങ്ങളെന്തോ കഴിച്ചെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. 
        (അയാള്‍ ചലിച്ചു. വീണ്ടുമവര്‍ അയാളുടെ വഴി തടഞ്ഞു)
        എന്തുപറ്റി കേശവന്‍നായരേ....
കേശവന്‍നായര്‍    :    ഏയ്, ഒന്നുമില്ലെടോ..
അംബിക    :    ഞാന്‍ നിങ്ങളെ, ഇന്നോ ഇന്നലയോ കാണാന്‍ തുടങ്ങിയതാണോ.. വര്‍ഷമിത്രയൊക്കെ ആയെങ്കിലും നമ്മുടെ രണ്ടാളുടെയും ജന്മദിനവും വിവാഹ വാര്‍ഷികവും നിങ്ങള്‍ നന്നായിട്ടാഘോഷിക്കാറുള്ളതാ.. ഇന്നലെ  അതും ഉണ്ടായില്ല.
        (അയാളതിനു മറുപടി പറയാതെ മാറി ഇരുന്നു)
        എത്ര വയ്യെങ്കിലും കൈകോട്ടും എടുത്തുകൊണ്ട് രാവിലെതന്നെ പറമ്പിലിറങ്ങുന്നതാ... എന്തോ ഒരു മാനസിക ഭാരം സത്യമായും കേശവന്‍നായരെ നിങ്ങളെ അലട്ടുന്നുണ്ട്.
കേശവന്‍നായര്‍    :    (എഴുന്നേറ്റവര്‍ക്കടുത്തുവന്നു) ഏയ് നിനക്കു വെറുതെ തോന്നുന്നതാ കൊച്ചേ.
അംബിക    :    നിങ്ങളെപ്പറ്റിയുള്ള എന്റെ തോന്നലുകള്‍ തെറ്റാണെങ്കില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷം നമ്മളെന്തിനാ ഒരുമിച്ചു ജീവിച്ചത്. ഈ പ്രായത്തില്‍ എന്നെ അറിയിക്കാതെ ഇപ്പൊ ഒരു സങ്കടമെന്താ...
        (അയാളവരെ ആര്‍ദ്രമായി നോക്കി)
        എന്തുപറ്റി അശോകന്റച്ഛാ....
കേശവന്‍നായര്‍    :    അശോകനെന്തേ....
അംബിക    :    അയാളു കുളിക്കുന്നു, അവന് ആഫീസില്‍ പോകണ്ടതല്ലെ, അല്ലാ അതും മറന്നോ...
കേശവന്‍നായര്‍    :    അംബികേ...
അംബിക    :    ന്തേ...
കേശവന്‍നായര്‍    :    ജീവിതത്തിലിന്നുവരെ നിന്നോടൊന്നും മറച്ചുവച്ചിട്ടില്ല.
അംബിക    :    ഈ പ്രായത്തിലിനി എന്നോടെന്തു മറച്ചു വയ്ക്കാനാ...
കേശവന്‍നായര്‍    :    ഈ മലയോര മേഖലയില്‍ അന്തസ്സുള്ളൊരു ജീവിതം കെട്ടിപ്പടുത്തവരാ നമ്മള്‍... ഒരു സഹോദരി ഉണ്ടായിരുന്നതിനെ കെട്ടിച്ചുവിട്ട്  അവള്‍ അന്തസായി ജീവിക്കുന്നു. പറമ്പിലെ വരുമാനം മാത്രം മതി സുഭിക്ഷമായി ജീവിക്കാന്‍. കേശവന്‍നായരുടേയും ചാണ്ടിക്കുഞ്ഞിന്റേയും പറമ്പില്‍ എന്നും പത്തുപേര് പണിക്കുണ്ടാകും എന്നാ നാട്ടാരു പറയുന്നത്.
അംബിക    :    എനിക്കറിയാവുന്ന ഈ പഴംപുരാണമൊക്കെ ഇപ്പോള്‍ വിളമ്പണ്ട കാര്യമെന്താ...
കേശവന്‍നായര്‍    :    ഇനി ഞാന്‍ പറയുന്നത് ഇയാള്‍ ശാന്തമായി ഗൗരവമായി കേള്‍ക്കണം.
അംബിക    :    എന്നോട് സംസാരിക്കുന്നതിന് നിങ്ങള്‍ക്കെന്തിനാ മുഖവുര. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ പറഞ്ഞും പങ്കുവച്ചുമാ ഇന്നുവരെ ജീവിച്ചത്.
കേശവന്‍നായര്‍    :    അംബികേ, അശോകന്‍ എന്നോടൊരു കാര്യം പറഞ്ഞു.
അംബിക    :    എന്തേ, അവനെന്തെങ്കിലും അബദ്ധത്തില്‍ചെന്നു പെട്ടോ... ചെറുക്കനു പത്തുമുപ്പതു വയസ്സായി. എവിടെയെങ്കിലും പെണ്ണാലോചിച്ചു കെട്ടിയ്ക്കണമെന്ന് ഞാനെത്ര തവണ പറഞ്ഞതാ.. അതെങ്ങനാ കൊച്ചീരാജാവിന്റെ കൊച്ചുമോളെക്കൊണ്ടേ കെട്ടിക്കത്തൊള്ളന്നു പറഞ്ഞാല്‍... അശോകനെന്തു സംഭവിച്ചെന്നാ...
കേശവന്‍നായര്‍    :    ഇതാ നിന്റെ കുഴപ്പം.
അംബിക    :    ചെറുക്കന്റെ കാര്യം ആലോചിച്ചു നിങ്ങളുമാത്രം ഇങ്ങനെ നടന്നാല്‍ മതിയോ.. എനിക്കും ഉത്തരവാദിത്തമില്ലേ...
കേശവന്‍നായര്‍    :    എടീ, അശോകന് അതിഥിമോളെ ഇഷ്ടമാണെന്ന്..
അംബിക    :    അവളെ ഇഷ്ടപ്പെടാതിരിക്കണ്ട കാര്യമെന്താ... രണ്ടുവീട്ടിലായിട്ട് ഓടിക്കളിച്ച് രണ്ടടുക്കളയില്‍ വേവുന്നതു തിന്നു വളര്‍ന്ന പിള്ളേരല്ലേ.... അശോകേട്ടാന്നും പറഞ്ഞവന്റെ വാലില്‍ തൂങ്ങി നടന്ന പെണ്ണ്...അവളവന്റെ കൂടപ്പിറപ്പിനെപ്പോലല്ലെ...
കേശവന്‍നായര്‍    :    അങ്ങനല്ല പെണ്ണേ...
അംബിക    :    എങ്ങനല്ലെന്ന്.
കേശവന്‍നായര്‍    :    അതുപിന്നെ... അവനവളോട് പ്രേമമാണെന്ന്....
        (അംബിക വിശ്വസിക്കാനാവാതെ അയാളെ നോക്കി)
        അവള്‍ക്കവനോടും....(അംബിക ചലിച്ചു)
        അവരെ ഒരുമിച്ചു സിനിമാശാലെ കണ്ടെന്നും, തുണിക്കടയില്‍ കണ്ടെന്നും, പല സ്ഥലത്തും കറങ്ങുന്നുണ്ടെന്നുമൊക്കെ കരയോഗ മീറ്റിംഗിനു ചെന്നപ്പോള്‍ കൈമളുസാറു പറഞ്ഞു. കൊച്ചുങ്ങടെ ബന്ധത്തില്‍ എന്തോ പന്തികേടുണ്ടെന്നു പലരും പറഞ്ഞു. നമുക്കങ്ങനൊന്നും  തോന്നാത്തതുകൊണ്ട് അസൂയക്കാര് ഓരോന്നു പറയുന്നതാരിക്കുമെന്നാ ഞാന്‍ വിചാരിച്ചത്... അങ്ങനിരിക്കുമ്പോഴാ കഴിഞ്ഞ ദിവസം നമ്മുടെ മോന്‍ പറഞ്ഞത്, അവര്‍ക്ക് പരസ്പരം ഇഷ്ടമാ... അവനവളേ കെട്ടത്തൊള്ളെന്ന്. അച്ഛന്‍ ചാണ്ടിമാപ്പിള യോടൊന്നു സംസാരിക്കണം. അതിനുശേഷം അമ്മയറിഞ്ഞാല്‍ മതിയെന്ന്. അങ്ങനാ ഞാനിന്നലെ ചാണ്ടിയോടു സംസാരിച്ചത്.
        (അതുകേട്ടുകൊണ്ട് അകത്തുനിന്നും കുളികഴിഞ്ഞു തല തോര്‍ത്തി രംഗത്തേയ്ക്കു വരുന്ന അശോകന്‍. അവനു മുപ്പതിനടുത്തു പ്രായം. മാന്യനായ ചെറുപ്പക്കാരന്‍. അംബിക അവനെ നോക്കി.)
അംബിക    :    എന്തൊക്കെയാടാ ഈ കേള്‍ക്കുന്നത്
അശോകന്‍    :    അങ്ങനെ സംഭവിച്ചുപോയമ്മെ...
അംബിക    :    നീ അറിയാതോ...
        (അതിനവന്‍ മറുപടി പറഞ്ഞില്ല)
        ഞങ്ങളറിഞ്ഞില്ല. ഇങ്ങനൊരു കള്ളത്തരം നടക്കുന്ന കാര്യം. നിന്റെ പാത്രത്തില്‍ കയ്യിട്ടു വാരി തിന്നുകയും നീ എഴുന്നെള്ളിച്ചോണ്ടു നടക്കുകയുമൊക്കെ ചെയ്തപ്പോള്‍ ആങ്ങളെയും പെങ്ങളും തമ്മിലുള്ള ബന്ധമെന്നേ ഞങ്ങളു കരുതിയുള്ളൂ...
        (അവരൊരു നിമിഷം നിര്‍ത്തി. അവന്‍ നിശബ്ദം നില്‍ക്കുകയാണ്. അവനെ ആക്രമിക്കുന്ന മട്ടില്‍ തികച്ചും സ്ത്രീസഹജമായി)
        അല്ല, പെണ്‍കൊച്ചിനു വയറ്റിലുണ്ടാക്കുകയോ വല്ലതും ചെയ്‌തോടാ... ഇപ്പോളതാണല്ലോ രീതി... പിന്നെ മാതാപിതാക്കളെന്ത് ചെയ്യും... വകതിരിവില്ലല്ലൊ... പുതിയ തലമുറയ്ക്ക്...
കേശവന്‍നായര്‍    :    അംബികേ അവന്‍ കൊച്ചുകുട്ടിയൊന്നുമല്ല.
അംബിക    :    എന്നു നിങ്ങള്‍ക്കിപ്പം തോന്നിയാല്‍ പോരാ...നിങ്ങള്‍ക്ക് ഈ കൊച്ചനെപ്പറ്റി അങ്ങനൊരുത്തരവാദിത്തമില്ലാത്തതുകൊണ്ടാ മുപ്പതാമത്തെ വയസ്സില്‍ അവന്‍ ഇങ്ങനൊരു വേണ്ടാതീനം കാണിച്ചത്.
അശോകന്‍    :    എന്തോ വേണ്ടാതീനം കാണിച്ചെന്നാ, അമ്മ പറയുന്നത്, എനിക്കെന്താ വിദ്യാഭ്യാസമില്ലേ....
അംബിക    :    വിദ്യാഭ്യാസവും വലിയ പദവീമൊക്കെ ഉള്ളവരാടാ ഇപ്പോളിത്തരം തെണ്ടിത്തരങ്ങളു കാണിക്കുന്നത്.
കേശവന്‍    :    അംബികേ, കാള പെറ്റെന്നു കേട്ടു നീ കയറെടുക്കാന്‍ നില്‍ക്കണ്ട.
അംബിക    :    കാള പെറില്ലെന്നെനിക്കുമറിയാം..
അശോകന്‍    :    ഇതാ ഞാന്‍പറഞ്ഞത് അമ്മയൊന്നും  അറിയണ്ടാന്ന്.
        ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാ.. കല്യാണം കഴിക്കണം. അതു ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു....
        (അംബിക പ്രതിരോധങ്ങളവസാനിച്ചതുപോലെ മാറി ഇരുന്നു.)
കേശവന്‍നായര്‍    :    എത്ര കാലമായി സൗഹൃദത്തില്‍ കഴിയുന്ന രണ്ട് കുടുംബങ്ങളാ.. ജീവിതത്തിലിതുവരെ ഒരഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. രണ്ടു കുടുംബങ്ങളുടേയും വസ്തുക്കള്‍ക്കിടയില്‍ അതിരു പിടിച്ചിട്ടില്ല, മതിലു കെട്ടിയിട്ടില്ല.
അശോകന്‍    :    അപ്പോള്‍ ആ ബന്ധം കുറേക്കൂടി ആഴത്തിലാകാന്‍ ഇതു നല്ലതല്ലേ അച്ഛാ...
അംബിക    :    (കേശവന്‍നായരോട്) ചാണ്ടിച്ചായന്‍ എന്തുപറഞ്ഞു...
കേശവന്‍നായര്‍    :    അയാള്‍ വല്ലാതെ അസ്വസ്ഥനായതുപോലെ...
അംബിക    :    ഏത് അച്ഛനാ ഇതൊക്കെ സഹിക്കുന്നത്..
അശോകന്‍    :    അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ...
അംബിക    :    ഞാന്‍ മിണ്ടാണ്ടിരുന്നിട്ടു കാര്യമുണ്ടോ... നീ പക്വതയും പാകതയും വന്ന ഒരുത്തനാണെന്നു ഞാന്‍ വിചാരിച്ചു...
കേശവന്‍നായര്‍    :    അത്താഴം കഴിക്കാന്‍ എന്റെ കൂടെ വരുമെന്നു പറഞ്ഞ ചാണ്ടി, ഇതു കേട്ടുകഴിഞ്ഞപ്പോള്‍ പറയുകയാ വിശപ്പില്ലാന്ന്...
അശോകന്‍    :    ആദ്യം കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു ബുദ്ധിമുട്ടുണ്ടാകും.
അംബിക    :    മക്കളെ നീ എന്തു ന്യായം പറഞ്ഞാലും ഇതംഗീകരിക്കാന്‍ ബുദ്ധിമുട്ടാ...
അശോകന്‍    :    ആരെ കല്യാണം കഴിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ലെ. അതിനുള്ള വിവേകവും പക്വതയും എനിക്കില്ലെ, പ്രായം എനിക്കില്ലെ.... ഇനി ആരൊക്കെ എതിര്‍ത്താലും ലോകം എന്റെ കാല്‍ച്ചുവട്ടില്‍ അവസാനിക്കും എന്നു വന്നാലും ഞാന്‍ അതിഥിയെത്തന്നെ വിവാഹം ചെയ്തിരിക്കും.
        (അതുകേട്ടുകൊണ്ട് അവിടേയ്ക്കുവന്ന ചാണ്ടിക്കുഞ്ഞ്. അയാളെ കണ്ടപ്പോള്‍ മറ്റുള്ളവര്‍ അസ്വസ്ഥരായി. ചാണ്ടിക്കുഞ്ഞ് വളരെ നിസാരമായി വന്നവിടെ ഇരുന്നു)
കേശവന്‍നായര്‍    :    (കേശവന്‍നായര്‍ ചാണ്ടിയോട്) അശോകനു വിദ്യാഭ്യാസമുണ്ട്. അയാള് പി.ജി. കഴിഞ്ഞ് ലോ കോളേജില്‍ പഠിച്ചതാ.. ഇപ്പൊ മുനിസിപ്പല്‍ സെക്രട്ടറിയായി ജോലിയും ചെയ്യുന്നു. അവന്റെ സ്വഭാവത്തെപ്പറ്റി ഞാന്‍ പ്രത്യേകിച്ചു ഒന്നും പറഞ്ഞു തരണ്ടാല്ലൊ... നമ്മളു കാണുന്നതുപോലെ അല്ല പലപ്പോഴും കുട്ടികള്‍ പലതും കാണുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് കുട്ടികളുടെ ഇഷ്ടത്തിനു നില്‍ക്കുന്നതല്ലെ നല്ലത്.
ചാണ്ടി    :    നടക്കത്തില്ല, കേശവന്‍നായരെ...
        (അവരെല്ലാവരും നടുങ്ങി. ചാണ്ടിക്കുഞ്ഞ് തുടര്‍ന്നു)
        ഇവന്‍ കാണിച്ചത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മയാ..
        (അംബിക പ്രതികരിക്കാനായി ആഞ്ഞു. കേശവന്‍നായര്‍ തടഞ്ഞു. ചാണ്ടിക്കുഞ്ഞ് എഴുന്നേറ്റ് അസ്വസ്ഥമായി ചലിച്ചിട്ട്)
        പെങ്ങളെ ആരെങ്കിലും കല്യാണം കഴിക്കുമോ...അതു സംസ്കാരത്തിനു ചേര്‍ന്നതാണോ, ആണുങ്ങള്‍ക്കു ചേര്‍ന്നതാണോ..
അശോകന്‍    :    അതിഥി എന്താ കേശവന്‍നായരുടെ മകളാണോ.... (ചാണ്ടിയോട്)       
        (ചാണ്ടി നടുങ്ങി)
ചാണ്ടി    :    (കേശവന്‍നായരോട്) കേട്ടോടാ... മരണപ്പെട്ട എന്റെ മേരിക്കുട്ടിയുടെ വ്യക്തിത്വത്തെയാണിവന്‍ ചോദ്യം ചെയ്യുന്നത്.
അശോകന്‍    :    അതല്ല, ഇനി എന്റെ അമ്മ പ്രസവിച്ചതാണോ അവളെ... അങ്ങനെയെങ്കില്‍ ഞാനൊഴിവാകാം..
        (കേശവന്‍നായരും അംബികാമ്മയും നടുങ്ങി)
ചാണ്ടി    :    എടാ, അമ്മ പ്രസവിക്കാതേം അപ്പനുണ്ടാക്കാതേം പെങ്ങന്മാരുണ്ടാകും...ഇല്ലേടാ...
        (മേരിക്കുട്ടിയെ ചൂണ്ടി) ഇവളെനിക്കാരാ, എന്റെ മേരിക്കുട്ടി... നിനക്കാരാ... പറഞ്ഞു കൊടുക്കെടാ...
അശോകന്‍    :    അവളെ ഞാന്‍ പെങ്ങളായി കാണണമെന്ന് നിങ്ങള്‍ക്കെന്താ നിര്‍ബന്ധം.. പെങ്ങളെക്കാളിഷ്ടമാ അവളെ എനിക്ക്.. അതുകൊണ്ടുതന്നെയാ കെട്ടി മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതും...
ചാണ്ടി    :    (ദേഷ്യത്തോടെ) എനിക്കു സമ്മതമല്ലെങ്കിലോ... അവളുടെ ആങ്ങളയ്ക്കു സമ്മതമല്ലെങ്കിലോ... ഞങ്ങള്‍ ബന്ധുക്കള്‍ക്കും സമ്മതമല്ലെങ്കിലോ....
അശോകന്‍    :    അവള്‍ക്കു സമ്മതമാ...
ചാണ്ടി    :    ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അതു നടക്കില്ല.
അശോകന്‍    :    ക്ഷമിക്കണം, നിങ്ങള്‍ ജീവിക്കുന്നതോ, മരിക്കുന്നതോ ഒന്നും എന്റെ പ്രശ്‌നമല്ല. പക്ഷേ ഞാന്‍ ജീവിച്ചിരുന്നാല്‍, അതിഥിയെത്തന്നെ വിവാഹം കഴിച്ചിരിക്കും.
        (പറഞ്ഞിട്ടവന്‍ അകത്തേയ്ക്ക്... ആ മാതാപിതാക്കള്‍ അസ്വസ്ഥതയോടെ ചലിച്ചു. കേശവന്‍ നായരും ചാണ്ടിയും അഭിമുഖം വന്നുനിന്നു)
കേശവന്‍നായര്‍    :    ഇയാള് അതിഥിമോളോട് സംസാരിച്ചോടോ...
ചാണ്ടി    :    ഇല്ല.. ഇത്തരം കാര്യങ്ങള്‍ സംസാരിച്ചാല്‍... ശരിയാകില്ല. അപ്പനറിഞ്ഞല്ലോ ഇനി പ്രശ്‌നമില്ലാ എന്നാകും.
കേശവന്‍നായര്‍    :    അശോകന്റെ തീരുമാനം ഇതാ...
ചാണ്ടി    :    ഇയാളുടെ തീരുമാനം എന്താ...
കേശവന്‍നായര്‍    :    കുട്ടികളിങ്ങനൊക്കെ തീരുമാനിച്ചാല്‍...
ചാണ്ടി    :    കുട്ടികളുടെ താളത്തിനൊത്തു തുള്ളാന്‍ ഇരിക്കുകയല്ല മാതാപിതാക്കള്‍, ആണോ... രണ്ടു മൂന്നു തലമുറയായി തുടങ്ങിയ ബന്ധമാ ഇരു കുടുംബങ്ങളും തമ്മില്‍.
കേശവന്‍നായര്‍    :    നമ്മുടെയീ ബന്ധം ഒരിക്കലും പിരിയാതിരിക്കാനിതൊരു നിമിത്തമാകുമെങ്കില്‍..
ചാണ്ടി    :    ഓഹോ... അപ്പൊ നിന്റേയും മനസ്സിലിരിപ്പ് ഇതാണല്ലേ..
കേശവന്‍നായര്‍    :    എനിക്കവനൊറ്റ മോനാ....
ചാണ്ടി    :    അതെന്റെ കുഴപ്പമല്ല. (അയാള്‍ അസ്വസ്ഥമായി നടന്നിട്ട്)
        എന്റെ മോളെപ്പറ്റി എനിക്കു ചില തീരുമാനങ്ങളുണ്ട്... എന്റെ കുടുംബം ഏതാണെന്നറിയാമോ... അതിന്റെ പാരമ്പര്യം എന്താണെന്നറിയാമോ...
അംബിക    :    അതെന്താ ചാണ്ടിച്ചായാ ഞങ്ങളങ്ങു തീരെ മോശക്കാരാണോ....
ചാണ്ടി    :    ഞങ്ങളും മോശക്കാരല്ല. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് തോമശ്ലീഹാ കേരളത്തില്‍ വന്ന് നാലു ബ്രാഹ്മണ കുടുംബങ്ങളെ മാമോദീസാമുക്കി. കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം. അതില്‍ ശങ്കരപുരി ഇല്ലക്കാരാ ഞങ്ങള്.
അംബിക    :    അന്നെന്താ നമ്പൂതിരിമാരു അത്ര ഗതികെട്ടവരായിരുന്നോ ചാണ്ടിച്ചായാ... ഒന്നാന്തരം കുടുംബക്കാരാ ഞങ്ങള്.. .രണ്ടായിരം വര്‍ഷം പഴക്കമുള്ള നാറിയ പൂണൂലൊന്നും നിങ്ങളിപ്പോളിവിടെ പൊക്കി കാണിക്കണ്ടാ....
കേശവന്‍നായര്‍    :    നിങ്ങള് തമ്മില്‍ പാരമ്പര്യം പറഞ്ഞൊരു തര്‍ക്കം വേണ്ടാ. നമ്മളു തമ്മില്‍ ദേ ഈ നിമിഷംവരെയുള്ള ബന്ധത്തില്‍ ജാതിയോ, മതമോ, പാരമ്പര്യമോ ഒന്നും ഒരു വിഷയമായിരുന്നില്ല. സ്‌നേഹം, മനുഷ്യത്വം അതുമാത്രം.. മരണംവരെ അങ്ങനായിരിക്കണമെന്നാഗ്രഹവും.
ചാണ്ടി    :    എന്നിട്ടാണോ അവനിങ്ങനെ കാണിച്ചത്...
അംബിക    :    നിങ്ങളെ മോള്‍ക്ക് താല്പ്പര്യമില്ലെങ്കില്‍ വിട്ടേരെ... അതല്ല ഇനി രണ്ടുപേര്‍ക്കും ഒരുപോലെ താല്‍പ്പര്യമുണ്ടെങ്കില്‍.. (അംബിക രണ്ടാളെയും നോക്കി അകത്തേയ്ക്ക്)
        (ചാണ്ടി ആകാംക്ഷയോടെ)
ചാണ്ടി    :    മകളെപ്പറ്റി ഞാന്‍ ചിലത് തീരുമാനിച്ചുപോയെടൊ... മെത്രാന്റെ അനിയന്റെ മോനുമായി അവളുടെ വിവാഹം തീരുമാനിച്ചതാ.. അവളുടെ ആങ്ങള അമേരിക്കയില്‍നിന്നും വന്നിട്ടു ദിവസം തീരുമാനിക്കാനിരുന്നതാ.. ആണുങ്ങളു തമ്മില്‍ കൊടുത്ത വാക്കാ. അതു നടക്കണം. ഞാന്‍ തന്റെ കാലു പിടിക്കാം... (അയാളതിനായി കുനിഞ്ഞു)
കേശവന്‍നായര്‍    :    (പിടിച്ചുയര്‍ത്തിക്കൊണ്ട്) എന്താ ചാണ്ടീ ഇത്...
ചാണ്ടി    :    ഞാന്‍ പിന്നെ എന്താടോ ചെയ്യേണ്ടത്... ഒരു പാത്രത്തില്‍ ഉണ്ടവരാ... ഒരുമിച്ച് ജീവിച്ചവരാ നമ്മള്‍.. ഞാനെന്റെ മകളുടെ വിവാഹവുമായി മുന്നോട്ടു പോകുകയാ നായരെ... എന്റെ മോളുടെ കാര്യത്തില്‍ ഞാന്‍ തീരുമാനിക്കുന്നതേ നടക്കൂ... ഇല്ലെങ്കില്‍...അവനെ കൊന്നിട്ടാണെങ്കിലും...അതു നടത്തും ഞാന്‍.
        (കേശവന്‍നായര്‍ പ്രതീക്ഷിക്കാത്ത പ്രഹരമേറ്റമാതിരി നിന്നു. ചാണ്ടിക്കുഞ്ഞ് പുറത്തേയ്ക്ക്...)

(തുടരും)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക