കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -5)

Published on 25 March, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -5)
 (കേശവന്‍നായരുടെ വീട്. അയാളസ്വസ്ഥതയോടെ ഇരിക്കുന്നു. അയാളെ പ്രകോപിപ്പിക്കുംമട്ടില്‍ അരങ്ങില്‍ സംസാരിച്ചുകൊണ്ടു നടക്കുന്ന മാര്‍ത്താണ്ഡന്‍. അവര്‍ സംസാരിക്കുന്നതിന്റെ തുടര്‍ച്ച എന്നോണമാണ് രംഗം ആരംഭിക്കുന്നത്).
മാര്‍ത്താണ്ഡന്‍    :    നമ്മളെന്താ അത്ര മോശം പുള്ളികളാണോ?
        (ഓരോ ചോദ്യത്തിലും കേശവന്‍നായരുടെ പ്രതികരണം അവന്‍ പ്രതീക്ഷിക്കുന്നുണ്ട്)
        ഇതെന്താ ലോകത്തെങ്ങും നടക്കാത്ത സംഭവമാണോ... നായരും ക്രിസ്ത്യാനിയും തമ്മില്‍ ഒരു മാനസിക ഐക്യമുള്ളതാ.. പ്രത്യേകിച്ചു സീറോ മലബാറുകാരുമായിട്ട്..
        ആ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ തെണ്ടിത്തരവും നമ്മളു കാണിച്ചത്. അത് എന്താണെന്നറിയാമോ...  അതിനേ... ചരിത്രബോധം വേണം. വിമോചന സമരം. ചാണ്ടിമാപ്പിളയുടെ നോട്ടത്തില്‍ അതില്‍ പങ്കെടുത്ത നമ്മളിപ്പോള്‍ മോശക്കാരായി.
കേശവന്‍നായര്‍    :    ഇവിടെ ജാതിയൊരു പ്രശ്‌നമല്ല...
മാര്‍ത്താണ്ഡന്‍    :    ആരുപറഞ്ഞല്ലെന്ന്... നായരെ തൊട്ടാല്‍ മാര്‍ത്താണ്ഡന് രക്തം തിളയ്ക്കും... എന്റെ അച്ഛനാരാണെന്നറിയാമോ...
കേശവന്‍നായര്‍    :    തന്റെ അമ്മയ്ക്കും നിശ്ചയമില്ലേ... അതുപിന്നെ...
മാര്‍ത്താണ്ഡന്‍    :    അച്ഛനൊരു പ്രശ്‌നല്ല, അമ്മേടെ പേരിലാ അറിയപ്പെടുന്നത്. പക്ഷേ നമ്മളു പോരാളികളാ.. ടിപ്പു സുല്‍ത്താന്‍ വന്നപ്പോള്‍ പത്തുനാല്‍പ്പതിനായിരം നായര്‍ പടയാളികളാ മരിച്ചത്. പഴശ്ശിരാജാടെ കൂടെ നിന്നതാരാ...
കേശവന്‍നായര്‍    :    എടാ അതൊക്കെ ഇപ്പം ഇവിടെ പറയണ്ട കാര്യമെന്താ...
മാര്‍ത്താണ്ഡന്‍    :    തോമാശ്ലീഹാ വന്നു മുച്ചൂടെ മുക്കിയ കാര്യം അയാള്‍ക്കു പറയാമെങ്കില്‍ എനിക്കും എല്ലാം  പറയാം... തിരുവിതാംകൂറിനെ കാത്തതാരാ... നായര്‍ പടയാളികളാ.... (കൈനീട്ടി കാണിച്ചിട്ട്) നായരെ പറഞ്ഞാല്‍ എനിക്ക് രക്തം തിളയ്ക്കും.. നോക്ക്... രക്തം തിളയ്ക്കുന്നതുകണ്ടോ...
        പടയാളികളുടെ ചോരയാ.. ബ്രിട്ടീഷുകാരുടെ കയ്യീന്ന് അമേരിക്കന്‍ മാവും പാല്‍പ്പൊടീം മേടിച്ചു ഞണ്ണിയിട്ട്, മാമോദീസാ മുങ്ങിയവരൊക്കെ ബ്രാഹ്മണന്‍മാരാണെന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ കുടുംബത്തില്‍ പിറന്നവരെ കിട്ടില്ല. നിങ്ങടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ചാണ്ടിമാപ്പിളയുടെ മുഖമടച്ചൊന്നു കൊടുത്തേനെ...
കേശവന്‍നായര്‍    :    നമ്മളങ്ങനെ വികാരപരമായി പ്രതികരിക്കണ്ട കാര്യമില്ല മാര്‍ത്താണ്ഡാ...
മാര്‍ത്താണ്ഡന്‍    :    ജാതി പറഞ്ഞാലേ ഞാനും പറയും... അവരു കോടികളുടെ പള്ളിവെച്ചു... നമ്മളു വിട്ടുകൊടുത്തോ... അമ്പലത്തിന്റെ താഴികക്കൊടം സ്വര്‍ണ്ണകൊണ്ടു പൊതിഞ്ഞു. കൊടിമരത്തെ സ്വര്‍ണ്ണം പൂശി... അമേരിക്കയിലും ഗള്‍ഫിലുമൊക്കെ പോയിക്കിടന്ന് പത്ത് കാശുണ്ടാക്കിയിട്ട് നായരുടെ നെഞ്ചത്തു കേറാനേ ആരും വരണ്ടാ....
അംബിക    :    എന്താ മാര്‍ത്താണ്ഡാ...
        (അകത്തുനിന്നും വന്ന അംബിക. അവരെ കണ്ടപ്പോള്‍)
മാര്‍ത്താണ്ഡന്‍    :    അല്ല, മാര്‍ത്താണ്ഡംപിള്ള പറയുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോന്നു അംബികാമ്മ പറയണം. ഇവിടുന്നു കേശവന്‍നായര് അപ്പുറത്തുചെന്ന് അന്തസായിട്ട് സംസാരിച്ചപ്പോള്‍ ചാണ്ടിമാപ്പിള പറയുകാ, അശോകന്‍നായര് പള്ളീച്ചെന്ന് മാമ്മോദീസാ മുങ്ങണമെന്ന്... മാപ്പിളയുടെ മനസ്സിലിരിപ്പേ... നായന്മാരെന്താ അത്ര ഗതികെട്ടവരാണോ... സമ്പത്തിന്റെ കാര്യത്തിലും ജാതിക്കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും ഇത്തിരി മോളില്‍ത്തന്നെയാ നമ്മള്..
        (അവരെ രണ്ടിനേയും വളരെ ഗൗരവമായി നോക്കിയിട്ട്) അല്ല, അശോകനെ പള്ളീക്കൊണ്ടുചെന്ന് മാമോദീസാമുക്കി ക്രിസ്ത്യാനി ആക്കുന്നതിനെപ്പറ്റി നിങ്ങള്‍ മാതാപിതാക്കടെ അഭിപ്രായമെന്താ...
അംബിക    :    മാര്‍ത്താണ്ഡാ... അത്... (ആ ചോദ്യത്തിലേക്കെത്തുന്ന അശോകനും അതിഥിയും) (മാതാപിക്കള്‍ അതിന് മറുപടി പറഞ്ഞില്ല. അതിഥി പറഞ്ഞു)
അതിഥി    :    അച്ഛനും അമ്മയും അനുവദിച്ചാലും, ഇനി ഒരുപക്ഷേ അശോകേട്ടന്‍ തയ്യാറായാലും ഞാന്‍ സമ്മതിക്കില്ല.. എന്റെ അപ്പച്ചനൊരു ബോധക്കേടു പറഞ്ഞു. നമ്മളതവിടെ വിട്ടു. ഇനി അതിനെപ്പറ്റി ഒരു ചര്‍ച്ചയും ഇവിടെ വേണ്ടെന്നാ എന്റെ അഭിപ്രായം.
അംബിക    :    ഇതുവരെയുള്ള നല്ല ബന്ധം ഈ ഒരു കാരണംകൊണ്ടാ തകര്‍ന്നുപോയത്...
അശോകന്‍    :    പരസ്പരം ഇഷ്ടപ്പെടുന്നത് ഒരു തെറ്റാണോ അമ്മേ... ഞങ്ങള്‍ ഇഷ്ടപ്പെട്ടത് ജാതിയോ മതമോ നോക്കിയല്ല...സ്‌നേഹം, പരസ്പര വിശ്വാസം, ധാരണ അതിനപ്പുറത്ത് ഒരു മാനദണ്ഡവുമില്ലായിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതിന് ഒരു മതത്തിന്റേയും സമ്മതവും വേണ്ട.
അംബിക    :    എനിക്കോ നിന്റെ അച്ഛനോ എതിര്‍പ്പില്ല മക്കളേ... ഇവളെ ഇതുവരെ ഞാന്‍  മോളേന്നേ വിളിച്ചിട്ടൊള്ളൂ... ഇപ്പോള്‍, കുറേക്കൂടി സ്വാതന്ത്ര്യമായി....
അതിഥി    :    എനിക്കതുമതി അമ്മേ... ഇങ്ങനൊരു തീരുമാനമെടുത്തതും , അങ്ങനൊരു വിശ്വാസത്തിലാ.. രണ്ടു കുടുംബങ്ങളും പരസ്പരം യോജിച്ചു നടത്തിത്തരും എന്നൊക്കെ ആഗ്രഹിച്ചു ഞങ്ങള്‍.
കേശവന്‍നായര്‍    :    ചാണ്ടിമാപ്പിള അമ്പിനും വില്ലിനും അടുക്കത്തില്ലെന്നുവന്നാല്‍ എന്തുചെയ്യും മക്കളേ..
മാര്‍ത്താണ്ഡന്‍    :    ചാണ്ടി മാപ്പിളയുടെ അമ്പും വില്ലുമൊക്കെ അവിടിരിക്കത്തേയുള്ളൂ... ഇങ്ങോട്ട് എടുക്കണ്ട...
കേശവന്‍നായര്‍        :    ഇത്തരം കാര്യങ്ങളില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു വിഷമം കൂടും. നമ്മളു പറയും അവനൊരു ആണ്‍കുട്ടിയാ... അവനിഷ്ടമുള്ള പെണ്ണിനെ വിളിച്ചോണ്ടുവന്നു എന്ന്... മറ്റേതോ, നാട്ടുകാരു പറയും ചാണ്ടിമാപ്പിളയുടെ മോള് ഏതോ ഒരുത്തന്റെകൂടെ ചാടിപ്പോയെന്ന്...
മാര്‍ത്താണ്ഡന്‍    :    ചാടിപ്പോകാനിവളെന്താ തവളയോ.... നാട്ടുകാരോട് പോയി വലിക്കാന്‍ പറയണം... അവളൊരു പെണ്ണാ... അവള്‍ക്കിഷ്ടമുള്ളവന്റെ കൂടെ ഇറങ്ങിപ്പോയി.. അതാ പുതിയ കാലത്തെ പെണ്‍കുട്ടികളുടെ മറുപടി. അല്ലേ മോളേ...
അതിഥി    :    ങൂം..
അംബിക    :    ഇല വന്നു മുള്ളേല്‍ വീണാലും മുള്ള് വന്ന് ഇലേല്‍ വീണാലും ആര്‍ക്കാ കേട്...
മാര്‍ത്താണ്ഡന്‍    :    അത് മുള്ളിന്റെ ബലം പോലിരിക്കും.
അംബിക    :    തര്‍ക്കത്തിനുവേണ്ടി പറയുന്നതല്ല, നിങ്ങള്‍ രണ്ടാളുംകൂടി അപ്പുറത്തു പോകണം... അപ്പച്ചനെ കാണണം.. ആ മനസ്സലിയും..
മാര്‍ത്താണ്ഡന്‍    :    ങും... നടന്നതുതന്നെ... ഹിമാലയം ഒരുപക്ഷേ അലിയും.. ചാണ്ടിമാപ്പിള രണ്ടും നിശ്ചയിച്ചാ... അയാളെ വാക്കത്തി എടുക്കും...
അംബിക    :    സ്വന്തം മകളുടെ നേരെയല്ലെ... എടുക്കട്ടെ... പക്ഷേ ഏത് അച്ഛനും മകളെ വെട്ടാന്‍ ഉള്ളൊന്നു കാളും....
മാര്‍ത്താണ്ഡന്‍    :    ആ വാക്കത്തി നിങ്ങടെ മകനുനേരെ ആയാലോ... ഈ അശോകന് നേരെ...
        (ആ ചോദ്യത്തിലവരൊന്നു പതറി) അയാളതും അതിനപ്പുറവും ചെയ്യും.
കേശവന്‍നായര്‍    :    മൂന്നാലു തലമുറ ആയിട്ടുള്ള ബന്ധമാ.. നിങ്ങളിപ്പോള്‍ മക്കളായിട്ട്....
അശോകന്‍    :    നഷ്ടപ്പെടുത്തരുതെന്നാഗ്രഹമുള്ളതുകൊണ്ടാ ഞാനച്ഛനോട് പറഞ്ഞത്. അതിഥിയുടെ അപ്പച്ചനുമായി സംസാരിക്കാന്‍.... പക്ഷേ ആദ്ദേഹമപ്പോളെന്താ ചെയ്തത്, ഇവള്‍ക്കു വേറേ വിവാഹം തീരുമാനിച്ചു. ഞങ്ങളുടെ മനസ്സു മനസ്സിലാക്കാതെ സ്‌നേഹം മനസ്സിലാക്കാതെ, പഴയ പാരമ്പര്യവും പറഞ്ഞിരുന്നാല്‍ അവിടിരിക്കട്ടെ... ഞങ്ങളു ജീവിക്കും. ജീവിച്ചു കാണിക്കും...
        (ഈ സമയം പുറത്തുനിന്നും അവിടേക്കു വന്ന സണ്ണി... അവനെ കണ്ടപ്പോള്‍ അത്ഭുതത്തോടെ)
സണ്ണി    :    ആന്റീ...
അതിഥി    :    (സന്തോഷവും അത്ഭുതവും കലര്‍ന്ന ഭാവത്തോടെ) സണ്ണിമോനേ...
അംബിക    :    ഈശ്വരാ ആരാ ഈ വന്നേക്കുന്നത്...
മാര്‍ത്താണ്ഡന്‍    :    ഇവിടുത്തെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മൂപ്പിലാന്‍ പറഞ്ഞു വിട്ടതാ...
സണ്ണി    :    രഹസ്യങ്ങളു ചോര്‍ത്താനെന്താ നിങ്ങള് അണുബോംബുണ്ടാക്കുകാണോ ഇവിടെ...
കേശവന്‍നായര്‍    :    നല്ല ആളിനോടാ മാര്‍ത്താണ്ഡന്റെ കളി...
സണ്ണി    :    മാര്‍ത്താണ്ഡന്‍പിള്ളക്കും, ഇരുതലമൂരിക്കും ഇപ്പോള്‍ നല്ല ഡിമാന്റാ..
അതിഥി    :    സണ്ണിമോനേ.. നീ ഇങ്ങോട്ടുവന്നത് അപ്പച്ഛനറിഞ്ഞോ...
സണ്ണി    :    വല്യപ്പച്ഛന്‍ കിടന്നുറങ്ങുകാ.... ഇവിടെ കേറിയാല്‍ എന്റെ മുട്ടുകാല് തല്ലി ഒടിക്കുമെന്നാ പറഞ്ഞേക്കുന്നത്...
കേശവന്‍നായര്‍        :    വെറുതെ തല്ലുകൊള്ളാനായിട്ട് എന്തിനാ മക്കളേ ഇങ്ങോട്ട് വന്നത്...
സണ്ണി    :    വളരെ ഗൗരവമുള്ള ഒരു കാര്യം ചോദിക്കാന്‍ വന്നതാ..
        (അവര്‍ പരസ്പരം നോക്കി. സണ്ണി ഗൗരവത്തോടെ അശോകന്റെ അടുത്തുചെന്നിട്ട്)
കേശവന്‍നായര്‍    :    എന്താ മക്കളേ...
സണ്ണി    :    നിങ്ങളു ഹണിമൂണിനു പോണതെവിടാ...ങും...
മാര്‍ത്താണ്ഡന്‍    :    ഇതാണോ ഗൗരവമുള്ള കാര്യം... ഏതാണ്ടു പാരവെക്കാനാ അപ്പൂപ്പനും കൊച്ചുമോനുംകൂടി... എന്റെ ബലമായ സംശയം പോലീസിനെക്കൊണ്ടു പിടിപ്പിക്കാനായിരിക്കുമെന്നാ...
സണ്ണി    :    ഇയാളു പത്രമൊന്നും വായിക്കത്തില്ലേ.. പുള്ളേ...
മാര്‍ത്താണ്ഡന്‍    :    അല്ലാതെതന്നെ എനിക്കു നല്ല അറിവാ...അല്ലേ കേശവന്‍നായരേ....
സണ്ണി    :     പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇപ്പോള്‍ ഭയങ്കര സ്വാതന്ത്ര്യമാ... സുപ്രീംകോടതി വിധിയാ... ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളവരേംകൊണ്ട് എവിടെ വേണേലും പോവാം... പോലീസിനൊന്നും ചെയ്യാനൊക്കില്ല....
അശോകന്‍    :    നീ ഇതൊക്ക എങ്ങനെ അറിഞ്ഞെടാ...
സണ്ണി    :    എന്റെ ഒരു ഗേള്‍ഫ്രണ്ട് പറഞ്ഞതാ... (അവരന്തംവിട്ടു നിന്നു)
        അതിഥി ആന്റി ചാറ്റ് ചെയ്യുന്നതു കാണുമ്പോഴേ എനിക്ക് രോഗം മണത്തതാ.. പക്ഷേ... അശോകന്‍ ചേട്ടനുമായിട്ടായിരിക്കുമെന്ന് ഒട്ടും കരുതിയില്ല..
കേശവന്‍നായര്‍        :    അശോകന്‍ചേട്ടനല്ല... മാമനാ.. നിന്റെ അപ്പച്ചിയെ കെട്ടിയ ആളാ...
സണ്ണി    :    അതിപ്പം എന്റെ കുഴപ്പമല്ലല്ലോ... വിളിച്ചതു വിളിച്ചു. ഇനി ചേട്ടനെക്കേറി മാമാന്നും മച്ചമ്പീന്നും വിളിക്കാനൊക്കുകേല...
അശോകന്‍    :    അവനെന്തെങ്കിലും വിളിക്കട്ടെ... തെറി വിളിക്കാതിരുന്നാല്‍മതി...
അംബിക    :    മോളേ.. സണ്ണിമോനെ വിളിച്ചോണ്ടുപോയി എന്തെങ്കിലും കഴിക്കാന്‍ കൊടുക്ക്...
സണ്ണി    :    കൊള്ളാം.. ഇവിടെ കേറിപ്പോകരുത്, ഇവിടുന്ന് ഒരുവക കഴിച്ചുപോകരുത് ... എന്നൊക്കെയാ വല്യപ്പച്ഛന്റെ കര്‍ശന നിര്‍ദ്ദേശം. പക്ഷേ എനിക്കതിഥി ആന്റിയെ കാണാതിരുന്നിട്ടൊരു പ്രയാസം. ഇപ്പം അവിടൊരു രസവുമില്ലാന്റീ... ഹോട്ടലീന്നൊന്നും മേടിക്കാറില്ല... വല്യപ്പച്ചന്റെ സ്വഭാവം കണ്ടാല്‍ പന്നിപ്പടക്കമെറിഞ്ഞു കൊല്ലണമെന്നുതോന്നും.
അതിഥി    :    സണ്ണീ, മുതിര്‍ന്നവരെപ്പറ്റി അങ്ങനൊന്നും പറയരുത്. കുറച്ചുദിവസം കഴിയുമ്പോള്‍ അപ്പന്റെ പിണക്കമൊക്കെയങ്ങുമാറില്ലേ...
സണ്ണി    :    മരണംവരെ മാറില്ല.. വീട്ടില്‍ കേറ്റില്ല എന്നൊക്കെയാ പറഞ്ഞേക്കുന്നത്...
അതിഥി    :    നിനക്കാന്റിയോട് വിഷമമൊന്നുമില്ലല്ലോ...
സണ്ണി    :    കുറേ ശാപ്പാട് മുടങ്ങി. അതിലെനിക്കു നല്ല വിഷമമുണ്ട്...
കേശവന്‍നായര്‍    :    സംസാരിച്ചു നില്‍ക്കാതെ അവനെ അകത്തേയ്ക്ക്‌കൊണ്ടുപോയി ആഹാരം കൊടുക്ക്.
സണ്ണി    :    വേണ്ടാ വല്യപ്പച്ചനുണരുന്നതിനു മുന്‍പ് എനിക്കങ്ങ് ചെല്ലണം...
അംബിക    :    നീ വാടാ...
സണ്ണി    :    ആഹാരം നിഷേധിക്കരുതെന്നല്ലേ...  മഹാന്‍മാര് പറഞ്ഞേക്കുന്നത്....കഴിച്ചേക്കാം...
        (അവരവനേയുംകൂട്ടി അകത്തേയ്ക്ക് നടക്കാനായി തിരിയുമ്പോള്‍ അവിടേക്ക് കയ്യില്‍ ഒരു വടിയുമായെത്തിയ ചാണ്ടി. അയാള്‍ ശാസനയോടെ സ്വരമുയര്‍ത്തിവിളിച്ചു)
ചാണ്ടി    :    സണ്ണീ... (അവന്‍ നടുങ്ങി നിന്നു... തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി..)
        എല്ലാവരേയുംപോലെ എന്നെ തോല്‍പ്പിക്കാനിറങ്ങിത്തിരിച്ചിരിക്കയാണല്ലേ... എന്താ ഇവിടെ നിനക്കുകാര്യം... ഈ തെണ്ടി പരിഷകളുടെ വീട്ടില്‍ കയറരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ... വിഷം തന്നു കൊല്ലാനും മടിക്കില്ല കള്ള കൂട്ടങ്ങള്‍
        (ഭയന്ന് ഭയന്ന് പുറത്തേക്ക് നടക്കാനായി വന്ന സണ്ണി. അയാളവനെ പിടിച്ച് അടിച്ചു. മറ്റുള്ളവരോടുള്ള കലി തീര്‍ക്കാനെന്ന മട്ടില്‍ അയാളവനെ തല്ലി.. അത് അതിരുവിടുന്നു എന്നു കണ്ടപ്പോള്‍ അതിഥി ആ വടി കടന്നുപിടിച്ചു. അവള്‍ പറഞ്ഞു)
അതിഥി    :    അപ്പച്ചാ... വേണ്ടാ... അടിക്കരുതവനെ.. അടിക്കരുതെന്നല്ലേ പറഞ്ഞത്...
        (ഒരുനിമിഷം അയാളവളെ നോക്കി. അയാളുടെ വടിപിടിച്ചു അപ്പനും മകളും മുഖത്തോടു മുഖം നോക്കി. അയാളവളെ മുഖമടച്ചടിച്ചു. അവള്‍ തെറിച്ചുവീണു. സണ്ണി പുറത്തേക്കോടി)
ചാണ്ടി    :    ആരാടി നിന്റെ അപ്പന്‍.. മരിച്ചു... അല്ല കൊന്നു...അങ്ങനൊരാളു ജീവനോടില്ല... എന്റെ കുടുംബത്തിന്റെ  അഭിമാനം തകര്‍ത്ത ഇങ്ങനൊരു മകളും ഇനി ജീവനോടെ വേണ്ടാ... നിന്നെഞാന്‍... (അയാളവളെ ചവുട്ടാനായി കാലുയര്‍ത്തുമ്പോള്‍... അശോകന്‍ ഉഗ്രമായി താക്കീതിന്റെ ശബ്ദത്തില്‍)
അശോകന്‍    :    തൊട്ടുപോകരുതവളെ... ഇവള്‍ എന്റെ പെണ്ണാ...
        (ചാണ്ടിമാപ്പിള വിറച്ചു കിടുങ്ങി)
        ഇറങ്ങ്.... ഇറങ്ങണം...
ചാണ്ടി    :    (കേശവനോട്) ഇറങ്ങുകാ... മരണംവരെ ഇനി നിന്റെ മണ്ണില്‍ കാലുകുത്തില്ല. വസ്തുക്കള്‍ അളന്ന് തിരിക്കാന്‍ അപേക്ഷ കൊടുത്തിരിക്കുകാ.. എന്റേയും നിന്റേയും വസ്തുക്കള്‍ക്കു നടുവില്‍ ഇനി മതിലുയരും.. ശാശ്വതമായി..
കേശവന്‍നായര്‍    :    നിനക്കു നിന്റെ അതിരില്‍ മതിലു കെട്ടുന്നതിന് ആരുടേം അനുമതി വേണ്ട. അതിനളക്കുകയും വേണ്ട..
ചാണ്ടി    :    എന്റെ ഭൂമി നീയും നിന്റെ പൂര്‍വ്വികരും അപഹരിച്ചിട്ടില്ല എന്നെന്താ ഉറപ്പ്? പെണ്ണിനെ അപഹരിക്കുന്നവന്‍ മണ്ണും അപഹരിക്കും..
കേശവന്‍നായര്‍    :    നീ ഈ ഉമ്മറത്തുവന്നുനിന്ന് എന്നെ തെണ്ടീന്നു വിളിച്ചു. കള്ളനെന്നു വിളിച്ചു.. ഇപ്പോളെന്റെ പൂര്‍വ്വികരെ ആക്ഷേപിച്ചു. ക്ഷമിക്കുന്നത് മണ്ടനായിട്ടല്ല.. ഇനി നമ്മുടെ ജീവിതത്തിനു നടുവില്‍ മതിലുകള്‍ വേണം... ങും അളന്നു തിരിക്കട്ടെ....
        (അവിടെ അളവു ചങ്ങല കിലുങ്ങുന്നതിന്റേയും വലിയുന്നതിന്റേയും ശബ്ദത്തിലേക്ക്)

(തുടരും)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക