Image

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -7)

Published on 11 April, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -7)

 (ചാണ്ടിമാപ്പിയുടെ വീട്. അവസാനിച്ച രംഗത്തിന്റെ അതേ വൈകാരികത തീവ്രതയോടെ ആരംഭിക്കുന്നു. ചാണ്ടിമാപ്പിള മനസ്സിന് തീപിടിച്ചവനെപ്പോലെ നടക്കുന്നു. വല്ലാത്ത അസ്വസ്ഥയോടെ റോസി. മൂപ്പിലാനെ നോക്കി ദേഷ്യത്തോടെ സണ്ണി)
റോസി    :    (വല്ലാത്ത ഭീതിയോടെ) ഇതൊന്നും വേണ്ടാരുന്നു അപ്പച്ചാ... നമ്മളിനി എന്താ ചെയ്യുക...
ചാണ്ടി    :    നിനക്കൊന്നും മണ്ണിന്റെ വിലയറിയില്ല.. എനിക്കെന്റെ ജീവനേക്കാള്‍ വലുതാ അത്... എന്റെ പൂര്‍വ്വികരുടെ വിയര്‍പ്പുവീണ മുതലാ.. അത് നഷ്ടപ്പെട്ടാല്‍ ചാണ്ടിമാപ്പിള സഹിക്കുകേല.
റോസി    :    സണ്ണീടെ അപ്പച്ചനെ കാര്യങ്ങളൊക്കെ അറിയിക്കണ്ടേ...
ചാണ്ടി    :    എന്തിനാടീ... ഏതോ ദേശത്തുകിടക്കുന്ന എന്റെ കുഞ്ഞിനെ ഇതൊക്കെ വിളിച്ചു പറഞ്ഞ് വിഷമിപ്പിക്കുന്നത്..
റോസി    :    അപ്പച്ചാ.. പോലീസ് തിരക്കി വരില്ലേ...
ചാണ്ടി    :    എന്നുകരുതി ഞാന്‍ ഒളിച്ചിരിക്കണോ...
റോസി    :    കേശവനച്ഛന്‍ മരിച്ചില്ല... അതുതന്നെ മഹാഭാഗ്യം.. അല്ലായിരുന്നെങ്കില്‍...
ചാണ്ടി    :    എന്റെ തന്തയ്ക്കു പറഞ്ഞവന്‍... എന്റെ കാരണവന്‍മാര് അതിര് മാന്തീന്ന് പറഞ്ഞു. മണ്ണ് കള്ളനെന്ന് വിളിച്ചു... അതുകൊണ്ടല്ലേ...
സണ്ണി    :    വല്യപ്പച്ചനതിലും കൂടുതലാ പറഞ്ഞത്...
ചാണ്ടി    :    പുറത്തോട്ടിറങ്ങിനിന്നൊന്നു നോക്കണം.. പൊന്നു വിളയുന്ന മണ്ണാ... അതങ്ങനാക്കാന്‍ എത്ര തലമുറ കഷ്ടപ്പെട്ടതാണന്നറിയാമോ... മണ്ണിനെ നമ്പുന്നവനും മണ്ണില്‍ പണിയുന്നവനും മണ്ണുകൊണ്ടന്നം കഴിക്കുന്നവനും അത് നഷ്ടപ്പെടുമ്പോള്‍ സഹിക്കില്ല... ഇരുപത്തിയഞ്ച് സെന്റ് ഭൂമിയേ... അതില്‍ നില്‍ക്കുന്ന മരക്കാലുകള്‍ക്കു കിട്ടും ലക്ഷങ്ങള്‍....
        (സ്വയമെന്നോണം പറഞ്ഞു) സുപ്രീംകോടതി വരെ പോകേണ്ടിവന്നാലും എന്റെ ഒരുപിടി മണ്ണുപോലും ഞാന്‍ വിട്ടുകൊടുക്കത്തില്ല...
സണ്ണി    :    ഒരു കാര്യം ഉറപ്പാ... വല്യപ്പച്ഛനേക്കാള്‍ കൊള്ളരുതാത്തവര്‍ നമ്മുടെ മുന്‍തലമുറയിലുണ്ടായിരുന്നു. ഇല്ലെങ്കില്‍ പിന്നെ എങ്ങനാ അവരുടെ ഇരുപത്തിയഞ്ച് സെന്റ് സ്ഥലം നമ്മുടെ കൂട്ടത്തില്‍വന്ന് ചേര്‍ന്നത്...
ചാണ്ടി    :    നിന്നെഞാന്‍....
റോസി    :    നിങ്ങള് വല്യപ്പച്ചനും മോനുംകൂടെ ഇപ്പോള്‍ കലഹം ഉണ്ടാക്കുകല്ല വേണ്ടത്...
സണ്ണി    :    ആ ബന്ധമൊക്കെ ഞാന്‍ വിട്ടു.. എന്നെ അപ്പുറത്തിട്ടടിച്ചതേ സണ്ണി മറക്കുമെന്നാണോ... കേശവനച്ഛന്‍ മറന്നാലും സണ്ണി മറക്കത്തില്ല... അല്ല, ചാകുമ്പം എന്റെ തലയ്ക്കലിരുന്ന് എന്തോ പിടിയ്ക്കണമെന്ന് പറഞ്ഞിരുന്നല്ലോ...  ങ്ഹാ... കൊന്ത, എന്റെ പട്ടി പിടിയ്ക്കും... (പറഞ്ഞിട്ടവനകത്തേയ്ക്ക്...)
ചാണ്ടി    :    ഗ്രഹണത്തിന് നീര്‍ക്കോലിയും തലപൊക്കുമെന്നല്ലേ...
റോസി    :    അല്ല, നമ്മുടെ ബന്ധുക്കളെയൊക്കെ വിവരമറിയിക്കണം.... ഏതു നിമിഷവും ഇവിടെ പോലീസെത്തും...
ചാണ്ടി    :    വരട്ടെ... പോലീസെന്നെ കൊണ്ടുപോയി തൂക്കി കൊല്ലത്തുമൊന്നുമില്ല.. എടീ നമ്മുടെ കുടുംബത്തില്‍ ഐ.എ.എസുകാരും ഐ.പി.എസുകാരും അച്ചന്‍മാരുമൊക്കെ വേണ്ടുവോളമുള്ളതാ... ഇതു ചാണ്ടി കൈകാര്യം ചെയ്യും...
        (ഈ സമയം അവിടേക്കുവന്ന മാര്‍ത്താണ്ഡന്‍പിള്ള)
മാര്‍ത്താണ്ഡന്‍    :    അല്ല, ചാണ്ടിമാപ്പിള അന്വേഷിച്ചാളുവിട്ടു.... എന്താ കാര്യം...
        (ചാണ്ടി മാപ്പിള ഒരുനിമിഷം നിര്‍ത്തി. അയാളെനോക്കി. തിരിഞ്ഞ് റോസിയോട്)
ചാണ്ടി    :    റോസിമോളേ... ഉം... (അകത്തോട്ടു പൊയ്‌ക്കോ എന്നു തലകൊണ്ട് കാണിച്ചു. റോസി അകത്തേയ്ക്ക്) ഒരു പ്രശ്‌ന വന്നപ്പോള്‍ നീ നായരായി അല്ലേ മാര്‍ത്താണ്ഡാ...
മാര്‍ത്താണ്ഡന്‍    :    എനിക്ക് ചാണ്ടിമാപ്പിളേം കേശവന്‍നായരും ഒരുപോലെയാ... പക്ഷേ ഇത് ചാണ്ടിമാപ്പിള വടികൊടുത്തടിമേടിച്ചതാ... ഭാഗ്യത്തിനയാള് ചത്തില്ല. തലയില്‍ പന്ത്രണ്ട് തുന്നലൊണ്ട്..
ചാണ്ടി    :    മണ്ണും മാനവും പെണ്ണും പോയവനാ ഞാന്‍.. എന്തും ചെയ്യും.. വീണാല്‍ വീണിടത്തു കിടന്നുരുളുന്നതല്ലല്ലോ ബുദ്ധി... നാലു കാലേല്‍ ചാടി എഴുന്നേല്‍ക്കുന്നതല്ലേ... പോലീസുവരും. അറസ്റ്റ് നടക്കും.. സംഭവം കണ്ട ഒറ്റ ദൃക്‌സാക്ഷിയേ ഉള്ളൂ....
        (അയാളെ നോക്കി)
        മാര്‍ത്താണ്ഡംപിള്ള (മാര്‍ത്താണ്ഡന്‍പിള്ള ചലിച്ചു) പണത്തിനു മീതെ പരുന്തും പറക്കില്ല... അല്ലേ, മാര്‍ത്താണ്ഡാ...
മാര്‍ത്താണ്ഡന്‍    :    പക്ഷേ ഒരു പരുന്തും ഇതുവരെ ഒരു രൂപയും തിരിച്ചറിഞ്ഞിട്ടില്ല...        
        (പോക്കറ്റില്‍നിന്നും ഒരുകെട്ട് നോട്ടെടുത്ത് അയാളുടെ മുന്നിലേയ്ക്കിട്ടിട്ട്...)
ചാണ്ടി    :    പക്ഷേ മാര്‍ത്താണ്ഡംപിള്ള പണം കണ്ടാല്‍ തിരിച്ചറിയും... (അയാള്‍ നിന്നു... നോക്കി.)
        ഇതാ രണ്ട്‌ലക്ഷം രൂപയൊണ്ട്.. മകളുടെ വിവാഹമടുത്തു. പണത്തിന് ആവശ്യമുണ്ട്. അല്ലേ... പോലീസിനു കൊടുക്കുന്ന മൊഴി വേണമെങ്കില്‍ നമുക്ക് പിന്നെ മാറ്റാം.... പക്ഷേ ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ എറിയുന്നതാ ചാണ്ടീടെ രീതി.... പോലീസിനോട് പിള്ള പറയണം. ഞങ്ങളുതമ്മില്‍ പിടിവലി ഉണ്ടായി.. അതിനിടയില്‍ കേശവന്‍നായര് കാലുവഴുതി വീണു.. വേലിക്കല്ലില്‍ തലയിടിച്ചു. കേസ് എഫ്.ഐ.ആറിലേ ദുര്‍ബലപ്പെടണം..
        (കുനിഞ്ഞ് ആ പണം എടുത്ത് അയാളുടെ കയ്യില്‍ വച്ചിട്ട്)
        സമുദായ സ്‌നേഹത്തേക്കാള്‍ വലുതാണ് പിള്ളേ പണം... എന്തുവേണമെങ്കിലും ചോദിക്കാം... പക്ഷേ ഒന്നുമാത്രം ഇനിയും ചാണ്ടി തോല്‍ക്കരുത്...
        (അയാളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍...)
        (മാര്‍ത്താണ്ഡംപിള്ള കാശ് മടിയില്‍ തിരുകിയിട്ട്..)
മാര്‍ത്താണ്ഡന്‍    :    മനസാക്ഷിക്കു നിരക്കാത്ത കാര്യങ്ങളാ... അല്ലാ.. ചാണ്ടിമാപ്പിളേ എനിക്കു വിശ്വസിക്കാമോ..
ചാണ്ടി    :    എത്രവേണമെന്ന് ചോദിച്ചാല്‍ മതിയെടൊ.... ഒപ്പം നില്‍ക്കുന്നവനെ ചതിക്കില്ല ചാണ്ടി...
        (ഈ സമയം പോലീസ് ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം. പുറത്തേക്ക് ശ്രദ്ധിച്ചിട്ട്)
        ദേ പോലീസുകാരാ....
        (അവര്‍ രണ്ടും അസ്വസ്ഥമായി ചലിച്ചു. പുറത്തുനിന്നും വരുന്ന പോലീസ് ഓഫീസര്‍.. ഇപ്പോള്‍ സ്റ്റേഷന്‍ ഹൗസിന്റെ ചുമതല സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ക്കായതുകൊണ്ട്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളാകാം. അയാള്‍ രംഗത്തേയ്‌ക്കെത്തിയപ്പോള്‍ ചാണ്ടി മാപ്പിളയും മാര്‍ത്താണ്ഡനും ഒതുങ്ങിനിന്നു.)
സി.ഐ.    :    ആരാ ചാണ്ടിമാപ്പിള...
ചാണ്ടി    :    ഞാനാണുസാര്‍...
സി.ഐ.    :    നിങ്ങള്‍ക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്...ഉം... വരൂ... സ്റ്റേഷനിലേയ്ക്ക് പോകാം...
ചാണ്ടി    :    കാര്യം എന്താണന്നറിഞ്ഞിരുന്നെങ്കില്‍...
        (അകത്തുനിന്നും അവിടേയ്ക്കുവന്ന സണ്ണിയും റോസിയും)
സി.ഐ.    :    ഇത്....?
ചാണ്ടി    :    എന്റെ മരുമകള്‍ റോസി.
സി.ഐ.    :    കാര്യമെന്താന്നറിയില്ലാ.. കേശവന്‍നായരെ മണ്‍വെട്ടിക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചു.. അയാളുടെ മൊഴി ഞങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാ...
ചാണ്ടി    :    കളവാണു സാര്‍... അങ്ങനെ സംഭവിച്ചിട്ടില്ല... സംഭവം നടക്കുമ്പോള്‍  ഞങ്ങളോടൊപ്പമുണ്ടായിരുന്ന  ആളാണ് ദേ ഈ മാര്‍ത്താണ്ഡംപിള്ള...
സി.ഐ.    :    മാര്‍ത്താണ്ഡന്‍പിള്ള, ഇങ്ങോട്ട് മാറി നില്‍ക്ക്... നിങ്ങളുടെ പേര് പറഞ്ഞിരുന്നു, നിങ്ങളാണ് ദൃക്‌സാക്ഷി എന്നുപറഞ്ഞു.  മാര്‍ത്താണ്ഡന്‍പിള്ള സത്യമേ പറയൂ, അല്ലേ മാര്‍ത്താണ്ഡന്‍പിള്ളേ...
ചാണ്ടി    :    ഞാന്‍ സാറിന്റെ കൂടെ വരും.. പക്ഷേ കാര്യമെന്തായിരുന്നു എന്ന് സാറിനും ബോധ്യമാകണ്ടേ... സാറേ ഞാന്‍ പള്ളിയും പട്ടക്കാരും പ്രാര്‍ത്ഥനയുമൊക്കെയായി കഴിയുന്ന ഒരു പാവം സത്യക്രിസ്ത്യാനിയാ... ഞാനാരേയും ഉപദ്രവിക്കില്ല.. ചാണ്ടി ദൈവത്തിന് നിരക്കാത്തതൊന്നും      ചെയ്യില്ല..
        (സണ്ണി ആ പ്രസ്താവന കേട്ട് അസ്വസ്ഥതയോടെ റോസിയെ നോക്കി.. ചാണ്ടി തുടര്‍ന്നു)
        കേശവന്‍ നായരുടെ മകന്‍ മുന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ നായര് എന്റെ മോളെ മോട്ടിച്ചോണ്ടു പോയി...
സി.ഐ.    :    മോഷ്ടിക്കാന്‍ നിങ്ങളുടെ മോള് എല്‍.കെ.ജീ പഠിക്കുന്ന കുട്ടിയൊന്നുമല്ലല്ലോ.. ആണോ...
ചാണ്ടി    :    ഒരു പെണ്‍കുഞ്ഞിന്റെ തന്തേടെ മാനസീകാവസ്ഥ അതൊള്ളവര്‍ക്കേ മനസ്സിലാകൂ . ഞങ്ങള് രണ്ട് കുടുംബങ്ങളും തമ്മില്‍ പിണങ്ങാനതൊരു കാരണമാ... അതിനിടയ്ക്കാണ് ഒരു പ്രശ്‌നമുണ്ടായത്. വേലിക്കല്ല് മാറ്റി ഇടണമെന്ന് കേശവന്‍ നായര് വാശിപിടിച്ചു. അത് പിടിവലിയിലായി.. അതിനിടയില്‍ കാല്‍ വഴുതി കേശവന്‍നായര് വേലിക്കല്ലില്‍ തലയടിച്ചുവീണ്ടു... സത്യത്തില്‍ സംഭവിച്ചത് അതാ... ദേ ഈ മാര്‍ത്താണ്ഡംപിള്ള ദൃക്‌സാക്ഷിയാ...
സി.ഐ.    :    എന്താ മാര്‍ത്താണ്ഡംപിള്ളേ സംഭവിച്ചത്...
മാര്‍ത്താണ്ഡന്‍    :    ചാണ്ടിമാപ്പിള പറഞ്ഞതുപോലാണേ കാര്യങ്ങള്, ഞാനെല്ലാം കണ്ടോണ്ടു നില്‍ക്കുകാരുന്നു സാറേ...
സി.ഐ.    :    സ്റ്റേഷനില്‍ വരണം.. മൊഴി തരണം... സംഭവം കണ്ട മറ്റാരെങ്കിലും ദൃക്‌സാക്ഷികള്‍ ഉണ്ടോ...
സണ്ണി    :    ഞാനൊണ്ട് സാറേ...
        (ചാണ്ടിമാപ്പിള ഒന്ന് കിടുങ്ങി)
ചാണ്ടി    :    ഇല്ല, അവനൊന്നും കണ്ടിട്ടില്ല... കേറി പോടാ അകത്ത്...ചെറുക്കനിത്തിരി അധികപ്പറ്റാ സാറേ....
        (സണ്ണിയോട്) പറഞ്ഞത് കേട്ടില്ലേ... കേറിപ്പോകാന്‍...
സണ്ണി    :    സത്യമായിട്ടും ഞാന്‍ കണ്ടതാ സാറേ... (അവനകത്തേയ്ക്ക് നടക്കാനായി റോസി നിര്‍ബന്ധിക്കുമ്പോള്‍)
സി.ഐ.    :    കുട്ടിയെ കൊണ്ടുപോകാന്‍ വരട്ടെ...
        (അവന്‍ നിന്നു) മോന്‍ ഇങ്ങുവന്നേ...  (അവനയാള്‍ക്കടുത്തേക്ക്.. അവനെ ചേര്‍ത്തു നിര്‍ത്തി) എന്താ പേര്...?
സണ്ണി    :    സണ്ണി...
സി.ഐ.    :    സണ്ണി ഏത് ക്ലാസില്‍ പഠിക്കുന്നു...
സണ്ണി    :    പത്തിലാ സാറേ...
സി.ഐ.    :    അപ്പച്ചനെവിടെയാ...
സണ്ണി    :    അമേരിക്കയിലാ...
സി.ഐ.    :    യഥാര്‍ത്ഥത്തില്‍ ചാണ്ടിമാപ്പിളയും കേശവന്‍നായരും തമ്മില്‍ എന്തായിരുന്നു പ്രശ്‌നം... ആ സമയത്ത് എന്താ സംഭവിച്ചത്... (സണ്ണി അവരെ നോക്കാനായി ശ്രമിക്കുമ്പോള്‍)
        എന്നോട് പറഞ്ഞാല്‍മതി... മോന്‍ പേടിയ്ക്കണ്ട.. നല്ല കുട്ടികള്‍ സത്യമേ പറയൂ..
സണ്ണി    :    അതുപിന്നെ.... വല്യപ്പച്ചനും കേശവനച്ഛനും തമ്മില്‍ അടി ഉണ്ടായി... രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു... അവസാനം വല്യപ്പച്ചന്‍ മണ്‍വെട്ടികൊണ്ട് കേശവനച്ഛനെ തലയ്ക്കടിച്ചു... അതാ സത്യം.
        (ചാണ്ടി കിടുങ്ങിപ്പോയി... ഉലഞ്ഞുപോയി.. റോസി പൊട്ടിക്കരഞ്ഞു)
സി.ഐ.    :    പിള്ളമനസ്സില്‍കള്ളമില്ലെന്നാ... അല്ലേ ചാണ്ടീ... നമ്മള് പലപ്പോഴും കുട്ടികളുടെ നന്മ കാണില്ല.. അവരുടെ ആയിരം കുറ്റം കണ്ടുപിടിയ്ക്കുകയും ചെയ്യും. പക്ഷേ നിഷ്ക്കളങ്കമായ മനസ്സ് തിരിച്ചറിയില്ല... സണ്ണി സാക്ഷി പറയണം...
        (ചാണ്ടിമാപ്പിളയെ നോക്കി)
        അപ്പോളെങ്ങനാ ചാണ്ടിമാപ്പിളേ.. നമ്മള്‍ പോവുകയല്ലേ... ഉം.... പോലീസുകാരന്‍ കൈ പിടിക്കുമ്പോള്‍)
        (പശ്ചാത്തലത്തില്‍ ഇടി കിടുങ്ങി.. മഴ ആരംഭിക്കുന്നു.. സണ്ണി ചാണ്ടിമാപ്പിളയ്ക്കടുത്തു ചെന്നു.)
സണ്ണി    :    വല്യപ്പച്ചാ... പത്ത് കല്പനകള്‍ എന്നെ പഠിപ്പിച്ചത് വല്യപ്പച്ചനല്ലേ... കൊല്ലരുത്.. കള്ളസാക്ഷ്യം പറയരുത്... എന്നൊക്കെ... (തിരിഞ്ഞവന്‍ സി.ഐ.യോട്)
        സാറേ... എന്റെ വല്യപ്പച്ചനെ കൊണ്ടുപോയാല്‍ ..... വല്യപ്പച്ചനെ ഒന്നും ചെയ്യരുതേ... സുഖമില്ലാത്ത ആളാ...
        (അവനയാള്‍ക്കുനേരെ കൈകൂപ്പി)
        (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അയാളേയും കൊണ്ട് മഴയിലേയ്ക്കിറങ്ങി... പുറത്ത് മഴ.. സണ്ണിയും റോസിയും മഴപോലെ കരഞ്ഞു)


Join WhatsApp News
jason 2019-04-15 19:26:16
good read. thanks. nice to see that you are still writing despite many obstacles. 
publishing 2019-04-15 20:39:27
he's writing or not, he's still publishing
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക