കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -8)

Published on 19 April, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -8)
(മഴ ചന്നം പിന്നം പെയ്യുകയാണ്. കേശവന്‍നായരുടെ വീട്ടിലേക്കാണ്  അരങ്ങുണരുന്നത്. അവിടെ മാര്‍ത്താണ്ഡംപിള്ള. അയാള്‍ എന്തെങ്കിലും ചെയ്തുകൊണ്ടുനില്‍ക്കുകയാവാം. ഈ സമയം പുറത്തൊരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം. അയാള്‍ പുറത്തേയ്ക്ക് ശ്രദ്ധിച്ചു. ശേഷം അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു)
മാര്‍ത്താണ്ഡന്‍    :    അംബികാമ്മേ... കേശവന്‍നായര് ആശുപത്രീന്ന് വന്നു കേട്ടോ..   
        (അയാള്‍ പുറത്തേയ്ക്ക് ചെന്നു. നിമിഷങ്ങള്‍ക്കകം കേശവന്‍നായരും അതിഥിയും രംഗത്തേയ്ക്ക്. ഒരാള്‍ ആശുപത്രിയില്‍നിന്നും വരുമ്പോള്‍ കയ്യില്‍ കരുതാവുന്ന സാധനങ്ങള്‍. ചിലതൊക്കെ എടുത്തുകൊണ്ട് പിന്നാലെ വന്ന മാര്‍ത്താണ്ഡംപിള്ള)
        ഇങ്ങനൊരു മടങ്ങിവരവുണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ വിചാരിച്ചതല്ല. ഒരു സഞ്ചയനവും പതിനാറുമൊക്കെ ആഘോഷിക്കാന്‍ കഴിയുമല്ലോന്നു കരുതിയതാ... അല്ലേ മോളേ...
        (അതിഥി അവനെ അത്ര സുഖമല്ലാതെ നോക്കിയിട്ട് സാധനങ്ങളുംകൊണ്ട് അകത്തേയ്ക്ക്)
        വയ്യങ്കില്‍ ചുമയ്ക്കണ്ട, സ്റ്റിച്ച് പൊട്ടും. (വല്ലാതെ ചുമയ്ക്കുന്ന കേശവന്‍നായര്‍)
കേശവന്‍നായര്‍    :    ഞാന്‍ മരിക്കാത്തതില്‍ നിനക്ക് സങ്കടമുണ്ട് അല്ലേ...
മാര്‍ത്താണ്ഡന്‍    :    എന്നല്ല പറഞ്ഞത്, ഒരു പ്രതീക്ഷയുണ്ടാരുന്നെന്ന് പറഞ്ഞതാ... അറിഞ്ഞോ ചാണ്ടിമാപ്പിള അകത്താ... പതിനാലുദിവസത്തേയക്ക് കോടതി റിമാന്റ് ചെയ്‌തേക്കുകാ... ഓരോ മനുഷ്യന്റെ യോഗങ്ങളേ...ജയിലില്‍ കിടക്കാനും ഒരു തലയിലെഴുത്തുവേണം. അതേ... ഞാനും സണ്ണിമോനുമാ സാക്ഷികള്.
കേശവന്‍നായര്‍    :    സംഗതിയൊക്കെ അറിഞ്ഞു. പോലീസ് സ്റ്റേഷനില്‍ പോയി സാക്ഷിമൊഴി കൊടുക്കാന്‍ ചെന്ന മാര്‍ത്താണ്ഡംപിള്ളയ്ക്ക് മൂത്രതടസ്സം ഉണ്ടായെന്നും കേട്ടു.
മാര്‍ത്താണ്ഡന്‍    :    അല്ല... അതുപിന്നെ... പോലീസുകാരുടെ ഓരോ നേരംപോക്കുകള്...
കേശവന്‍നായര്‍    :    ആറാംവാരിക്ക് മുട്ടുകാലു കേറ്റുന്നതാണോടൊ നേരംപോക്ക്... ഞാന്‍ കാലിടറി കല്ലേല്‍ തലതല്ലി വീണു എന്ന് നീ മൊഴികൊടുക്കാന്‍ ശ്രമിച്ചു. അല്ലേ...
മാര്‍ത്താണ്ഡന്‍    :    അല്ല... അതുപിന്നെ നിങ്ങളയലത്തുകാരു തമ്മില്‍ രമ്യമായി പൊയ്‌ക്കോട്ടേയെന്നു കരുതി ഞാനൊരു കോമ്പ്രമൈസിനു ശ്രമിച്ചതാ...
കേശവന്‍നായര്‍    :    എനിക്കറിയരുതോ, മാര്‍ത്താണ്ഡംപിള്ളേ തന്നെ... നീ അപ്പനെ അളിയാന്ന് വിളിക്കുന്നവനാ... ചാണ്ടിമാപ്പിള ചില്ലറ തന്നപ്പോള്‍ ജാതിസ്‌നേഹമൊക്കെ മറന്നു... അടി ഉണ്ടായപ്പോള്‍ നീ തടസ്സം നിന്നോ...
മാര്‍ത്താണ്ഡന്‍    :    എന്നിട്ടുവേണം എന്റെ തടി കേടാകാന്‍...
        (അവിടേക്കു വന്ന അതിഥി)
അതിഥി    :    മാര്‍ത്താണ്ഡംപിള്ളേ അമ്മ വിളിക്കുന്നു...
        (അയാളകത്തേക്ക് നടക്കുമ്പോള്‍)
മാര്‍ത്താണ്ഡന്‍    :    എന്തോ, എന്നെ വിളിച്ചായിരുന്നോ, ദേ ഞാനെത്തി...
കേശവന്‍നായര്‍    :    വിശ്വസിക്കരുത്. ഓന്തിനെപ്പോലെ നിറം മാറുന്നവനാ...       
        (മറുപടി പറയാതെ മാര്‍ത്താണ്ഡനകത്തേയ്ക്ക്)
അതിഥി    :    അച്ഛനിങ്ങനൊക്കെ സംഭവിച്ചത് ഞാന്‍ നിമിത്തമാ... ഞാന്‍ അച്ഛനോട് ക്ഷമ ചോദിക്കുകാ... എനിക്കു വല്ലാത്ത സങ്കടമുണ്ട്..
കേശവന്‍നായര്‍    :    അയ്യേ, എന്താ മക്കളേ ഇത്... എനിക്കീ അപകടം സംഭവിച്ച നിമിഷം മുതല്‍ ഇപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതുവരെ നീ എന്നെ പരിചരിച്ചുകൊണ്ട് ആശുപത്രി കിടക്കയ്ക്കരികി ലായിരുന്നു.. ആളുകളെ മനസ്സിലാക്കാന്‍ ഇതൊരു കാര്യമായി... അതിനു നിങ്ങളൊരു നിമിത്തമായി.. അത്രമാത്രം. നിന്റെ അപ്പനുമായി എനിക്കുണ്ടായിരുന്നത് ഒരു സഹോദര ബന്ധമായിരുന്നു. എന്നിട്ടവനെന്നെ....
        (അയാള്‍ അസ്വസ്ഥതയോടെ ചലിച്ചിട്ട്...)
        ങാ ഇനി എനിക്ക് ചില തീരുമാനങ്ങളൊണ്ട്, മക്കളത് അനുസരിക്കുമോ...
        (അവള്‍ അയാള്‍ക്കടുത്തെത്തി)
അതിഥി    :    എന്താ അച്ഛാ...
കേശവന്‍നായര്‍    :    ഇനി നിനക്ക് ഇങ്ങനൊരപ്പനെ വേണ്ട... അച്ഛനില്ലേ മക്കളേ നിനക്ക്...
അതിതി    :    അച്ഛാ... പക്ഷേ എനിക്കെന്റെ അപ്പച്ചനോട് ചിലത് ചോദിക്കാനുണ്ട്... ഞാന്‍ ചോദിക്കും.. എന്നെ കൊന്നാലം ചോദിക്കും...   
        (അകത്തുനിന്നും വന്ന അംബിക)
അംബിക    :    ഇങ്ങനൊരു ചതി ചാണ്ടിമാപ്പിള കാണിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. നമ്മളെ ഓര്‍ക്കണ്ടായിരുന്നു. ഈ മോളെ ഓര്‍ത്താല്‍ മതിയായിരുന്നല്ലോ... നാക്കുകൊണ്ട് എന്തെങ്കിലും പറയുന്നതുപോലാണോ ഇത്.. ഞാന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ അശോകന്‍ എങ്ങനാ പ്രതികരിക്കുക എന്നു വല്ല നിശ്ചയവും ഉണ്ടോ.... സ്വന്തം തന്തേടെ തല തല്ലിപ്പൊളിച്ചവനോട് അതേ രീതിയില്‍ എന്റെ കുഞ്ഞ് പ്രതികരിച്ചിരുന്നെങ്കില്‍...
കേശവന്‍നായര്‍    :    ഇനി പ്രതികരിക്കണം...
        (അതുകേട്ട്‌കൊണ്ട് അശോകന്‍... അന്തരീക്ഷത്തില്‍ ഇടി കുടുങ്ങി)
        പോത്തിനോട് വേദം ഓതിയിട്ട് കാര്യമുണ്ടോ... സ്‌നേഹം ഒരു ബലഹീനതയാണെന്ന് വിശ്വസിക്കുന്നവനാ ഞാന്‍...
അശോകന്‍    :    അച്ഛന്‍ പറ, ഞാനെന്താ ചെയ്യേണ്ടത്...
കേശവന്‍നായര്‍    :    പണം കൊടുത്തു മാര്‍ത്താണ്ഡന്‍പിള്ളയെക്കൊണ്ട് കള്ളം പറയിപ്പിക്കാന്‍ ശ്രമിച്ചു.. എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കില്‍ അത് ചെയ്യുമോ... അപേക്ഷ കൊടുപ്പിച്ചതും അളപ്പിച്ചതും അവന്‍... ഇരുപത്തിയഞ്ച് സെന്റ് സ്ഥലം നമ്മുടെ മുതലാ... അത് കൈവശപ്പെടുത്തണം. മതിലുകെട്ടി തിരിക്കണം.. അതിനേത് കോടതി കേറിയാലും എന്തു കേസ് പറഞ്ഞാലും അതു നേരിടണം. ഇല്ലെങ്കില്‍ നമ്മളാണുങ്ങളല്ലെന്ന് വിചാരിക്കും.
അശോകന്‍    :    ഇത,് എന്റെ തല തല്ലി പൊട്ടിച്ചതുപോലാ... ഞങ്ങളുടെ ജീവിതം അടിച്ചുടച്ചതുപോലാ.. അച്ഛന്‍ പറഞ്ഞാല്‍ മതി എന്തുചെയ്യണമെന്ന്... കൊല്ലണമെന്നു പറഞ്ഞാല്‍ കൊല്ലും.... ഞാന്‍....
        (അവനുഗ്രമായി പറഞ്ഞുനിന്നു. പശ്ചാത്തലത്തില്‍ ഇടി കുടുങ്ങി... അകത്തുനിന്നും ആ ഭാഗം കേട്ടുനിന്ന് മാര്‍ത്താണ്ഡംപിള്ള)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക