Malabar Gold

പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍ 2: ജയന്‍ വര്‍ഗീസ്)

Published on 25 April, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍  2: ജയന്‍ വര്‍ഗീസ്)
വിശപ്പിന്റെ വിളി എന്തെന്ന് ശരിക്കും അനുഭവിച്ച് അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. ഇരക്കാന്‍ നാണിക്കുകയും, കഴിക്കാന്‍ ഇല്ലാതിരിക്കുകയും എന്ന ഒരു പ്രത്യേക അവസ്ഥയായിരുന്നു ഞങ്ങളുടേത്. ' ആവലും തടത്തില്‍ കുര്യന്‍ ' എന്ന അപ്പന്റെ വല്യാപ്പന്‍ ( അപ്പൂപ്പന്‍ ) മക്കളും, കൊച്ചു മക്കളും, പണിക്കാരും, ആശ്രിതന്മാരും ( കുടുംബ ബാര്‍ബര്‍ വരെ ) ഒക്കെക്കൂടിയുള്ള ഒരു വലിയ സംഘമായിട്ടാണ് വെറും കാടായിരുന്ന ഞങ്ങളുടെ പ്രദേശത്തേക്ക് കുടിയേറിയത്. ചാത്തമറ്റം എന്ന പേരിലറിയപ്പെടുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ പകുതിയോളം അദ്ദേഹം വെട്ടിപ്പിടിച്ചു. തികഞ്ഞ സത്യ സന്ധനും, തികഞ്ഞ മദ്യപാനിയുമായിരുന്ന ഇദ്ദേഹം തന്റെ കൂടെയുള്ളവരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.

കിട്ടുന്നിടത്തു നിന്നൊക്കെയും കടം വാങ്ങുകയും, അത് വീട്ടാനാകാതെ വരുന്‌പോള്‍ പകരം ഭൂമി കൊടുത്ത് കടം വീട്ടുക എന്നതുമായിരുന്നു രീതി. വെടിക്കെട്ട് ( കരിമരുന്ന് കല ) പണിക്കാരനായിരുന്ന അദ്ദേഹം തന്റെ സംഘത്തോടൊപ്പം പള്ളികളിലും, ക്ഷേത്രങ്ങളിലുമൊക്കെ  തന്റെ കരിമരുന്നു പ്രകടനങ്ങള്‍ക്കായി അലഞ്ഞു. അവിടുന്ന് കിട്ടുന്നതും, കടം വാങ്ങാന്‍ കിട്ടുമെങ്കില്‍ അതും കൂടി ചെലവഴിച്ചു കുടിച്ചിട്ടാവും സംഘം വീട്ടിലെത്തുക. തന്റെ കൂടെ നിന്ന് സഹായിച്ച കൂട്ടാളികള്‍ക്കും, ആശ്രിതന്മാര്‍ക്കുമായി കുറെയേറെ ഭൂമി വീതിച്ചു നല്‍കി. പുത്ര വധുക്കളില്‍ നിന്ന് കൈപ്പറ്റിയ സ്ത്രീധനത്തിന്റെ പേരില്‍ മക്കള്‍ക്കും കിട്ടി കുറെ ഭൂമി.

ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി ഒരു പള്ളിയും, പള്ളിക്കൂടവും   സ്ഥാപിച്ചത്  വല്യ വല്യാപ്പന്റെ അടുത്ത സുഹൃത്തായിരുന്ന  പടിഞ്ഞാറേക്കുടിയില്‍ മത്തായി കത്തനാര്‍ ( വല്യച്ചന്‍  ) എന്ന ബഹുമാന്യനായ  പുരോഹിതനായിരുന്നു. അന്ന് അതിനായി മൂന്നേക്കര്‍ ഭൂമി ദാനമായി കൊടുത്തതും വല്യാപ്പന്‍ ആയിരുന്നു. എന്റെ അപ്പന്‍ മൂന്നാം ക്ലാസ് വരെ പഠിച്ചത് പള്ളി വകയായുള്ള ഈ പള്ളിക്കൂടത്തിലായിരുന്നു. പിന്നീടത് എങ്ങനെയോ നിന്ന് പോവുകയും, കുറേക്കാലം കൂടി കഴിഞ്ഞ ശേഷം  ഗവര്‍മെന്റ് െ്രെപമറി സ്കൂള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ഞങ്ങളുടെ കുഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ഒരു വഴിയുണ്ടായിരുന്നില്ല. കൂടുതല്‍ ആള്‍താമസമുള്ള പോത്താനിക്കാട് എന്ന ഗ്രാമത്തിലേക്ക് ഒരു നടപ്പു വഴി മാത്രമാണുണ്ടായിരുന്നത്. അവിടെയെത്തിയാല്‍ മൂവാറ്റുപുഴയിലേക്ക് മണ്‍ റോഡുണ്ട്. പോത്താനിക്കാട്ടേക്കുള്ള അഞ്ചു മൈല്‍ ദൂരം ഒരു റോഡ് വെട്ടുവാനായി വല്യച്ചനും, വല്യാപ്പനും കൂടി പലരെയും സമീപിച്ചു. ആരും സ്ഥലം വിട്ടു കൊടുക്കുകയില്ല. ഒരു സാമൂഹ്യ പരിഷ്ക്കര്‍ത്താവ് എന്ന് വിളിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള പടിഞ്ഞാറേക്കുടിയില്‍ വല്യച്ചന്റെ നേതൃത്വത്തില്‍ അന്‍പതിലധികം ആളുകള്‍ ചേര്‍ന്ന് ബലമായി സ്ഥലമുടമകളെ വെല്ലുവിളിച്ചൂ വെട്ടിയെടുത്തതാണ് ചാത്തമറ്റം  പോത്താനിക്കാട് റോഡ്. ഇതിന്റെ പേരില്‍ വല്യച്ചനും, വല്യാപ്പനും ഉള്‍പ്പടെയുള്ള അന്‍പതോളം പേര്‍ക്കെതിരായി പറവൂര്‍ കോടതിയില്‍ കേസ്സുണ്ടാവുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ന് ഈ റോഡിലൂടെ മുപ്പതിലധികം ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്കായി സര്‍വീസ് നടത്തുന്നുണ്ട്. കാല വിസ്മൃതികളില്‍ മറഞ്ഞു കഴിഞ്ഞ ഇവരെയൊന്നും ഇന്നാരും ഓര്‍ക്കുന്നതേയില്ല.

എവിടെ നിന്നും കടം വാങ്ങിയിരുന്ന വല്യ വല്യാപ്പന് ( അദ്ദേഹത്ത ഞാന്‍ കണ്ടിട്ടില്ല ) ഒരു വലിയ കടം വീട്ടുവാനാകാതെ വന്നു. കോതമംഗലത്ത് പാലക്കാടന്‍ എന്ന് വീട്ടു പേരുള്ള ഒരാളില്‍ നിന്നായിരുന്നു അത്. അയാള്‍ കേസ് കൊടുത്ത് വല്യാപ്പനെ മൂസലിലിരുത്തി. ( കേസ്സ് കൊടുത്ത് വിധി സന്പാദിച്ച് ജയിലിലാക്കുക എന്നതിന്റെ പഴയ പ്രയോഗമാണ് മൂസലിലിരുത്തുക എന്നത്.) മൂവാറ്റുപുഴ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിന് പതിനാറ് മൈല്‍ ദൂരെ ചാത്തമറ്റത്ത് വന്ന് എന്തോ കാര്യം നടത്തിയേ തീരൂ എന്ന ഒരവസ്ഥ വന്നു. ജയില്‍ സൂക്ഷിപ്പുകാരന്‍  ( ഇന്ന് ജയിലര്‍ ) ഒരു പരമു പിള്ള. മഹാരാജാവിന്റെ കാലം. പരമുപിള്ളയുടെ മുന്നില്‍ വല്യാപ്പന്‍  ആവശ്യം വച്ചു. പരമു പിള്ളയുടെ സുഹൃത്തും, വിശ്വസ്തനുമാണ് വല്യാപ്പന്‍. മനുഷ്യ ബന്ധങ്ങള്‍ക്ക് എക്കാലവും മാതൃകയായി പ്രതിഷ്ഠിക്കാവുന്ന ഒരു ചരിത്ര സംഭവം അവിടെ നടന്നു. ഒരു രാത്രി പത്തുമണി കഴിഞ്ഞ നേരം പരമുപിള്ള വല്യാപ്പനെ തുറന്നു വിട്ടു. പതിനാറു മൈല്‍ ദൂരെയുള്ള ചാത്തമറ്റത്തു നടന്നു പോയി കാര്യം നടത്തിയിട്ട് തിരിച്ചു നടന്ന് വെളുപ്പിന് നാല് മണിക്ക് മുന്‍പ് വല്യാപ്പന്‍ ജെയിലില്‍ തിരിച്ചു കയറി. രാജാസനത്തിന്റെ ചോരവാള്‍ കഴുത്തില്‍ ചേര്‍ത്തു കൊണ്ടുള്ള ഈ കളി ഇന്നത്തെ മനുഷ്യന് ചിന്തിക്കാന്‍ കൂടി സാധിക്കുമെന്ന് തോന്നുന്നില്ലാ.?

ദാനവും, ധര്‍മ്മവും, കടവും, കള്ളുകുടിയും, ജയില്‍ വാസവുമൊക്കെയായി വല്യ വല്യാപ്പന്‍ മരിക്കുന്‌പോളേക്കും അദ്ദേഹത്തിന്‍റെ കൈയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അന്ന്  ഇരുപതിലധികം  പേരടങ്ങുന്ന വലിയ കൂട്ട് കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇദ്ദേഹത്തിന്റെ മൂത്ത മകനായ ആവലും തടത്തില്‍ കോര. ( ' കൊച്ച്  'എന്ന് വിളിപ്പേര്. ) എന്ന എന്റെ വല്യാപ്പനായിരുന്നു. അത്താഴത്തിനുള്ള അരി വായ്പ ചോദിച്ചു വന്നവന് കൊടുത്തിട്ട് ഭാര്യയോടും മക്കളോടും ഒപ്പം ഉണ്ണാതെ കിടന്ന ചരിത്രവും ഇദ്ദേഹത്തിനുണ്ട്.  അമ്മയെയും, അനുജന്മാരെയും,കുടുംബത്തെയും സംരക്ഷിക്കുന്ന തിരക്കില്‍ തനിക്കു വേണ്ടി ഒന്നും സന്പാദിക്കാന്‍ കഴിയാതെ പോയ ഒരാളായിരുന്നു ഇദ്ദേഹം. ഒന്നുമില്ലാതിരിക്കുന്‌പോള്‍,  വല്യാമ്മയുടെ വീട്ടുകാര്‍ വാങ്ങിക്കൊടുത്ത മൂന്നേക്കര്‍ ഭൂമിയിലാണ് അവസാന കാലം ജീവിച്ചു തീര്‍ത്തത്.

കൂട്ടുകുടുംബത്തിന്റെ ആളായി നടക്കുന്ന കാലത്ത് വെളുപ്പിന് നാലുമണിക്ക് വിളഞ്ഞു നിന്ന നെല്‍പ്പാടത്തിന്റെ വരന്പിലൂടെ പോകുന്‌പോള്‍ വല്യാപ്പനെ ഒരു പുളവന്‍  ( അണലി ) പാന്പ് കടിച്ചു. കാലിന്റെ കുതിവള്ളി കടിച്ചു പറിച്ചു എന്നാണു പറഞ്ഞത്. വല്യാപ്പന്റെ സുഹൃത്തായ ' പുത്തന്‍ പുരക്കല്‍ പാപ്പി ' എന്ന വിഷഹാരിയാണ് ചികിത്സകന്‍. എല്ലാ ചികിത്സകളും നടത്തിയിട്ടും യാതൊരു ആശ്വാസവും കിട്ടാതെ വന്നപ്പോള്‍ വിഷഹാരി കൈയൊഴിഞ്ഞുവെന്നും, ഇത് മനസിലാക്കിയ വല്യാപ്പന്‍  "പാപ്പിച്ചേട്ടാ, എന്റെ കൊച്ചുങ്ങള്‍ക്ക് ആരുമില്ലാ " എന്ന് പറഞ്ഞു കരഞ്ഞുവെന്നും, മനസ്സലിഞ്ഞ വിഷഹാരി " ഇതുവരെ ഞാനാര്‍ക്കും ചെയ്യാത്തത് നിനക്കുവേണ്ടി ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രോച്ചാരണത്തോടെ ഒരു വെറ്റിലയെടുത്ത് നെടുകേ രണ്ടായിക്കീറി നിലത്തെറിഞ്ഞുവെന്നും, അപ്പോള്‍ മുതല്‍ വല്യാപ്പന് ആശ്വാസം കിട്ടിത്തുടങ്ങിയെന്നും, ഇത് നടക്കുന്ന സമയത്ത് രണ്ടു മൈല്‍ ദൂരെയുള്ള പരീക്കണ്ണി എന്ന സ്ഥലത്ത്  വിഷഹാരിയുടെ തൊഴുത്തില്‍  കെട്ടിയിരുന്ന രണ്ട് ഉഴവ് മൂരികള്‍ വെട്ടിയിട്ട പോലെ വീണു ചത്തുവെന്നും, ഇതിനൊക്കെ നേര്‍ സാക്ഷിയായ എന്റെ അപ്പന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

മരണത്തില്‍ നിന്ന് രക്ഷപെട്ടുവെങ്കിലും, പാന്പിന്റെ കടിയേറ്റിടം നീരുവച്ചു പഴുക്കാന്‍ തുടങ്ങി. കുതിവള്ളി മുറിഞ്ഞതിനാല്‍ പാദം മുകളിലേക്കു വളഞ്ഞാണ് നിന്നിരുന്നത്. നടപ്പ് അസാധ്യമായ വല്യാപ്പന്‍ ഒരു കിടപ്പു രോഗിയായി കട്ടിലിലാവുകയും, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പത്തി ഒന്‍പതാം വയസില്‍ നിത്യ ദാരിദ്ര്യത്തിനിടയില്‍ മരണമടയുകയും ചെയ്തു.

വല്യാപ്പന് രണ്ടാണ്മക്കള്‍. എന്റെ അപ്പനും, കൊച്ചപ്പനും. വല്യാപ്പന്‍ മരിക്കുന്‌പോള്‍ എന്റെ അപ്പന് പതിനാറ് വയസ്സാണ് പ്രായം. കൊച്ചപ്പന് പതിമ്മൂന്നു വയസും. അന്ന് ചാത്തമറ്റത്ത് ആകെയുള്ള പലചരക്ക് പീടിക നടത്തിയിരുന്നത് അന്നും, ഇന്നും ഞങ്ങളുടെ അയല്‍ക്കാരനായ ഒരാളായിരുന്നു. ( അദ്ദേഹത്തിന്‍റെ പേര് ഇവിടെ ഇപ്പോള്‍ പറയുന്നില്ല.)  മരിച്ചവീട്ടില്‍ അന്നുരാത്രി വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ വേണം. വാങ്ങാനുള്ള പണം അപ്പന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അയല്‍ക്കാരനായ കച്ചവടക്കാരനോട് കടം വാങ്ങാം എന്ന പ്രതീക്ഷയില്‍  അപ്പന്‍ ഒരു കുപ്പിയുമായി പീടികയിലെത്തുന്നു. "  ചേട്ടാ, എന്റെ അപ്പന്‍ മരിച്ചുപോയി. എനിക്ക് ഒരു കുപ്പി മണ്ണെണ്ണ കടം തരണം " എന്ന് അപ്പന്‍ കടക്കാരനോട് പറയുന്നു. " കടം തരാന്‍ മണ്ണെണ്ണയില്ല, കാശുണ്ടെങ്കില്‍ തരാം " എന്നാണ് അയല്‍ക്കാരനായ കടക്കാരന്റെ മറുപടി. വിഷണ്ണനായി അപ്പന്‍ നില്‍ക്കുന്‌പോള്‍ ഈ രംഗം കണ്ടുനിന്ന ഒരാള്‍ " കാശ് ഞാന്‍ തന്നോളാം മണ്ണെണ്ണ കൊടുത്തേര് " എന്ന് പറയുകയും അപ്പന് ഒരു കുപ്പി മണ്ണെണ്ണ കിട്ടുകയും ചെയ്തു. ( കാലം ഒഴുകുകയായിരുന്നു, തീരങ്ങള്‍ ഉഴുതുമറിച്ചും, പുനര്‍ നിര്‍മ്മിച്ചും. ആ ചേട്ടന്റെ ഒരു കൊച്ചുമകള്‍ ഞങ്ങളുടെ വീട്ടില്‍ സമീപ കാലത്ത് സഹായിയായി വരികയും, ഞങ്ങള്‍ക്കാവുന്ന ചെറിയ സപ്പോര്‍ട്ട് ഒക്കെ അവര്‍ക്ക് കൊടുക്കുകയും ഉണ്ടായിട്ടുണ്ട്. കാലമൊഴുകുകയാണല്ലോ?)

വലിയ ഒരു നിലയില്‍ നിന്ന് തകര്‍ച്ചയുടെ പടുകുഴിയില്‍ വീണുപോയ ഒരു കുടുംബം എന്ന നിലയില്‍ ആണ് ഞങ്ങള്‍ക്ക് ഇരക്കാന്‍ നാണിക്കേണ്ടി വന്നത്. കുടുംബത്തിന്റെ പേര് കേട്ടാല്‍ ഒരു കൂലിപ്പണിക്ക് പോലും ആരും ഞങ്ങളെ വിളിക്കുകയില്ലാത്ത അവസ്ഥ. ഈ അവസ്ഥയിലാണ് മറ്റുള്ളവരുടെ നിലങ്ങളില്‍ പങ്കു കൃഷി ചെയ്യുക എന്ന അവസാന വഴി അപ്പന് തെരഞ്ഞെടുക്കേണ്ടി വന്നത്.

നെല്‍ വയല്‍ സ്വന്തമായി ഉണ്ടായിരുന്നവരായിരുന്നു അന്നത്തെ നാട്ടു പ്രമാണിമാര്‍. പുരയിടത്തിനു യാതൊരു ഡിമാന്റും ഉണ്ടായിരുന്നില്ല. നാണയത്തിന് പകരം നെല്ല് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു നാട്ടിലെ നീതി  ന്യായ സംവിധാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും നിലമുടമകളായ ജന്മിമാരായിരുന്നു. റേഷന്‍ സന്പ്രദായം പോലും നിലവില്‍ ഇല്ലാതിരുന്ന അക്കാലത്ത് ഇത്തരം ജന്മിമാരുടെ ആശ്രിതരായിട്ടോ, ജോലിക്കാരായിട്ടോ ആണ് ജനങ്ങള്‍ കഞ്ഞി കുടിച്ചിരുന്നത്.

അപ്പന്‍ പങ്കു കൃഷി ആരംഭിക്കാനുണ്ടായ സാഹചര്യം ഇതാണ്. നല്ല വിശ്വസ്തന്മാര്‍ക്ക് മാത്രമേ പങ്കു കൃഷിക്ക് നിലം ലഭിക്കുകയുള്ളു. പാട്ടത്തിന് നിലം കൊടുക്കുന്ന ഒരു രീതിയും ഉണ്ടായിരുന്നു. ഒരു പറ നിലത്തിന് ഇത്ര പറ നെല്ല് എന്നാണ് അതിന്റെ വ്യവസ്ഥ. പ്രതികൂല കാലാവസ്ഥ, പ്രകൃതി ക്ഷോഭം, കൃഷി നാശം ഒന്നും പ്രശ്‌നമല്ല. പറഞ്ഞിരിക്കുന്ന നെല്ല് ഉണക്കിപ്പാറ്റി ജന്മിയുടെ പടിക്കല്‍ ( വീട്ടില്‍ ) അളന്നു കൊടുത്തിരിക്കണം. കൃഷിനാശം മൂലം നെല്ലളക്കാന്‍ സാധിക്കാഞ്ഞിട്ട് ഉണ്ടായിരുന്ന പുരയിടം വിറ്റ് നെല്ല് വാങ്ങി പാട്ടം അളന്ന് വെറും കൈയോടെ മലബാറിന് കുടിയേറിയ കൃഷീവലന്മാരും ചരിത്രത്തിലുണ്ട്.

പങ്കുകൃഷി കുറേക്കൂടി സുരക്ഷിതമാണ്. വിളയുന്നതിന്റെ നാലില്‍ ഒന്ന് കിട്ടും. വിത്തും വളവും നിലമുടമ തരും വളം എന്ന് പറഞ്ഞാല്‍ എല്ലുപൊടി മാത്രമേ അന്നുള്ളു. പിന്നെ ചവറാണ്. ജന്മിയുടെ പുരയിടത്തില്‍ ധാരാളം വന്‍ മരങ്ങള്‍ ഉണ്ടാവും. അവയുടെ മുകളില്‍ കയറി ശിഖരങ്ങള്‍ വെട്ടിയിടണം. താഴെയെത്തുന്ന ശിഖരങ്ങളില്‍ നിന്ന് ഇലകള്‍ കൊത്തിയെടുക്കണം ഈ ഇലകളെയാണ് ചവറ് എന്ന് വിളിച്ചിരുന്നത്. ഇത് കെട്ടുകളാക്കി ചുമന്നു കൊണ്ട് വന്ന് ഉഴുതൊരുക്കിയ ചളിപ്പാടങ്ങളില്‍ വിതറി ചവിട്ടി താഴ്ത്തിയിട്ടാണ് അതിനു മുകളില്‍ ഞാറ് നടുന്നത്. മുടി മാടിക്കെട്ടി, മുണ്ടു മടക്കിക്കുത്തി ഒരു പറ നിലം ( പതിന്നാലു സെന്റ് ) ആറ് മണിക്കൂര്‍ കൊണ്ട് ഞാറ് നട്ട് തീര്‍ക്കുന്ന മിടുക്കികളായ തൊഴിലാളി സ്ത്രീകള്‍ അന്നുണ്ടായിരുന്നു. ( ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ആഞ്ഞിലി മരങ്ങളുടെ മുകളില്‍ നിന്ന് ശിഖരങ്ങള്‍ വെട്ടിയിടുന്‌പോള്‍ ' ചുമ്മാ താഴോട്ടു ചാടി ചത്താലോ ' എന്ന് പല പ്രാവശ്യവും ചിന്തിച്ചിട്ടുണ്ടെന്ന്  അപ്പനെപ്പോലെ പങ്കു കൃഷി ചെയ്തിരുന്ന മറ്റൊരു കൃഷിക്കാരന്റെ മകന്‍ പില്‍ക്കാലത്ത്  എന്നോട് പറഞ്ഞിട്ടുണ്ട്. )

ട്രാക്ടറുകളോ, മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് നെല്‍ കൃഷി ഒരു വലിയ ഭാരം തന്നെ ആയിരുന്നു. കൃഷിക്കാരന്‍ ചുരുങ്ങിയത് ഒരേര്‍ക്കാളയെ ( ഒരു ജോഡി ) വാങ്ങി സംരക്ഷിച്ചു വളര്‍ത്തേണ്ടിയിരുന്നു. നിലം പല തവണ കലപ്പ കൊണ്ട് ഉഴുതിട്ടാണ് പാകപ്പെടുത്തിയിരുന്നത്. വെളുപ്പിന് നാലുമണിക്ക് കാളകളെയും തെളിച്, കലപ്പയും നുകവും തോളില്‍ ചുമന്നുമാണ് ഓരോ കൃഷിക്കാരും പാടത്തെത്തിയിരുന്നത്. പിന്നെ ഉച്ചവരെ ഉഴവാണ്. ഉഴവ് കഴിഞ്ഞാല്‍ കുളിച്ചു, കാളകളെയും കുളിപ്പിച്ച് തിരികെ ഇതുപോലെ വീട്ടിലേക്ക്. ഉച്ചകഴിഞ്ഞു കാളകളെ തീറ്റിക്കണം. വിതക്കല്‍, ഞാറു നടീല്‍, കള പറിക്കല്‍, കൊയ്ത്തു മെതി, വൈക്കോല്‍ ഉണക്കല്‍ തുടങ്ങി എന്നും എല്ലു മുറിയെ പണിയാണ്. ഇത് കൂടാതെ തോട്ടില്‍ ചിറ കെട്ടിയിട്ടാണ് പാടത്തേക്ക് വെള്ളം കയറ്റുന്നത്. മഴപെയ്ത് തോട്ടിലെ ജലനിരപ്പുയര്‍ന്നാല്‍ ചിറ പൊളിക്കണം. അല്ലെങ്കില്‍ അമിതമായി വെള്ളം കയറി കൃഷി  നശിക്കും.രണ്ടു വെയിലുകണ്ടാല്‍ വീണ്ടും ചിറ കെട്ടി വെള്ളം കയറ്റണം. കിണറുകളില്‍ നിന്ന് വെള്ളം തേവി നനച്ചുള്ള കൃഷിയുമുണ്ട്. ഒരാള്‍ മരിച്ചാല്‍ പോലും കാണാന്‍ പോകാനൊക്കില്ല. കാരണം തേക്ക്  ( തേവന്‍ ) മുടങ്ങിയാല്‍ കൃഷി നശിക്കും. ഒന്നോര്‍മ്മിക്കുക, ഇതുപോലെ കഷ്ടപ്പെടുന്ന ഒരു കൃഷിക്കാരന്‍ ഒരു കൈത്താങ്ങിന് തന്റെ മകന്‍ കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചു പോകും. പാവപ്പെട്ട എന്റെ അപ്പന്‍ എന്നെക്കുറിച്ചും ഇത് തന്നെയാണ് ആഗ്രഹിച്ചിരുന്നത്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക