ആന്‍ഡ്രൂ പാപ്പച്ചന്റെ പുതിയ നോവല്‍ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌' പ്രകാശനം ചെയ്‌തു

Published on 25 April, 2012
ആന്‍ഡ്രൂ പാപ്പച്ചന്റെ പുതിയ നോവല്‍ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌' പ്രകാശനം ചെയ്‌തു
തിരുവനന്തപുരം: മതങ്ങളുടെ ബന്ധനങ്ങള്‍ക്കപ്പുറത്തു കടന്ന്‌ അവയിലെ പൊതു ധാര്‍മ്മികതയെ കണ്ടെത്തി തിരിച്ചറിവു നേടുന്നവരുടെ കഥയാണ്‌ ആന്‍ഡ്രൂ പാപ്പച്ചന്റെ പുതിയ നോവല്‍ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌' എന്ന്‌ എം എ ബേബി എം എല്‍ എ അഭിപ്രായപ്പെട്ടു. കുറ്റവാളികളെയല്ല മറിച്ച്‌ ആ തെറ്റിന്‌ സാദ്ധ്യതയൊരുക്കുന്ന സാമൂഹിക സാഹചര്യത്തെ കണ്ടെത്തി നശിപ്പിക്കുകയാണ്‌ നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക' പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജയില്‍ സൂപ്രണ്ട്‌ ബി. പ്രദീപ്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കേരള പ്രൊവിന്‍സ്‌ ജനറല്‍ സെക്രട്ടറി ഡോ. കെ.ജി. വിജയലക്ഷ്‌മി, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട്‌ വി.സി. പ്രവീണ്‍, പ്രിയദാസ്‌ ജി മംഗലത്ത്‌, പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ ജനറല്‍ മാനേജര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അമേരിക്കന്‍ മലയാളിയും നോവലിസ്‌റ്റുമായ ആന്‍ഡ്രൂ പാപ്പച്ചന്റെ മൂന്നാമത്‌ നോവലാണ്‌ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌'. നഗരജീവിതത്തിന്റെ ഉത്സാഹത്തിമിര്‍പ്പില്‍ ലഹരിക്കടിമപ്പെട്ട്‌ കൊലപാതകിയാകേണ്ടിവന്ന യുവാവിന്റെ കഥയാണിത്‌. കൂത്താടികള്‍ക്ക്‌ വളരാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്ന വെള്ളക്കെട്ട്‌ പോലെയാണ്‌ നമ്മുടെ തടവറകള്‍. നിഷേധാത്മക മനസ്സുമായി തടവറയിലെത്തുന്നവര്‍ കൊടുംകുറ്റവാളികളായി പുറത്തുവരുന്ന അവസ്ഥയാണിവിടെ. എന്നാല്‍ സ്വാധീനം ധാര്‍മ്മികവും സര്‍ക്ഷാത്മകവുമാണെന്നുണ്ടെങ്കില്‍ കുറ്റവാളികളുടെ മനോഭാവം മാറ്റാനാകും. അത്തരമൊരവസരത്തില്‍ അയാളുടെ മനസ്സില്‍ നന്മയുടെ വിത്തുകളാകും പൊട്ടിമുളക്കുക. `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌' പോസിറ്റിവിസത്തിന്റെ അത്തരമൊരു കഥയാണ്‌ പറയുന്നത്‌. പുസ്‌തകം പ്രഭാത്‌ ബുക്ക്‌ ഹൗസാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.
ആന്‍ഡ്രൂ പാപ്പച്ചന്റെ പുതിയ നോവല്‍ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌' പ്രകാശനം ചെയ്‌തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക