വര്‍ഷമേഘങ്ങള്‍ (കാരൂര്‍ സോമന്‍)

Published on 13 June, 2019
വര്‍ഷമേഘങ്ങള്‍ (കാരൂര്‍ സോമന്‍)
ഒരു വരി കൂടിയെഴുതാന്‍ എന്നുള്ളില്‍
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാന്‍ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിന്‍ കിരാതമെഴുത്തില്‍
പുകയുന്ന ഹൃദയത്തിന്‍ ഏഴു താളങ്ങളില്‍
നീ നിറയുന്നു, നീരുറവയായി

എന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോള്‍
നിന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു

രാവെഴുന്നു, പൂനിലാവില്‍ നീ നിറയുന്നു
ഞാനെഴുതുന്നു വരികളില്‍
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിന്‍
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിന്‍ ചുവട്ടില്‍
ഞാന്‍ നിറയുന്നു, നിന്നരുവിയായി

ഒരിക്കലെന്‍ ചേദനകള്‍ മറുത്തെറിഞ്ഞില്ലേ
മലര്‍പ്പൊടിയില്‍ വേദനകള്‍
പൂമുഖപ്പടിയില്‍ ഭൂപടമെഴുതിയില്ലേ
നിറനിലാവില്‍ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലര്‍ക്കിനാവില്‍ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെന്‍ കറുപ്പും
കറുപ്പിലഴകായിയെന്‍ കദനവും
നിന്‍ മൊഴിയില്‍ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയില്‍ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തില്‍ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തില്‍ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി- ഒരു ചോദ്യമിവിടെയവശേഷിക്കുന്നു
ഇനി- ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തില്‍
പിറക്കാതെ പോയൊരു കുഞ്ഞു മാത്രം !!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക