ആലിപ്പഴം(ചെറുകഥ) - ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 28 April, 2012
ആലിപ്പഴം(ചെറുകഥ)  - ജോണ്‍ വേറ്റം
കണ്ണാടിവാതില്‍ തുറന്നു കണ്‍വെന്‍ഷന്‍ ഹാളില്‍ കടന്നപ്പോള്‍ കനത്ത നിശ്ശബ്ദത. ആത്മീയതയുടെ പരിമളം. പ്രസംഗപീഠത്തില്‍ നിന്ന പുരോഹിതന്‍ നിറഞ്ഞസദസ്സിനുനേരെ വിരല്‍ ചൂണ്ടി. ഉച്ചത്തില്‍ പറഞ്ഞു. ആ മനുഷ്യന്‍ നീ തന്നെ! ശ്രോതാക്കളെ ഉറ്റുനോക്കിക്കൊണ്ട് ശബ്ദമുയര്‍ത്തി രണ്ട് പ്രാവശ്യം ആവര്‍ത്തിച്ചു. ആ മനുഷ്യന്‍ നീ തന്നെ! അതു തന്നോടാണ് പറഞ്ഞത് എന്ന് പലര്‍ക്കും തോന്നി.

മുപ്പത് നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ന്യായാധിപയുഗത്തിന്‍രെ അന്ത്യത്തില്‍, യറുശലേമിലെ രാജകൊട്ടാരത്തില്‍ ഉയര്‍ന്ന കുറ്റാരോപണം. അന്യന്റെ ഭാര്യയെ അപഹരിച്തിന്, സ്വന്തംകുറ്റം മറയ്ക്കാന്‍ കൊല്ലിച്ചതിന് നിശ്ചയിച്ച ദൈവദത്തമായ ശിക്ഷയുടെ മുന്‍കൂറി. ജനഹൃദയങ്ങളുടെ അടഞ്ഞ കവാടങ്ങളെ അത് ഇടിച്ചു തുറന്നു. കുറ്റബോധത്തിന്റെ കണ്ണീരിലൂടെ മാനസാന്തരത്തിന്റെ സാന്ദ്രതയിലേക്കു നയിച്ചു.

പ്രാസംഗികന്റെ പ്രസക്തമായ ശബ്ദം വീണ്ടും ഉയര്‍ന്നു: ആത്മഹത്യ ചെയ്യുന്നതും, കൊല്ലുന്നതും, കൊലക്കുപ്രേരിപ്പിക്കുന്നതും, ദയാവധവും പാപമാണ്! ചതിവും രക്തപാതകവും ചോദ്യം ചെയ്യാതെ പോകയില്ല! അതുകേട്ടപ്പോള്‍ അനീതിയുടെ കൂലിവാങ്ങിയവര്‍ നെടുതായി നിശ്വസിച്ചു. ബാബുവിനും അസ്വസ്ഥത, വരേണ്ടിയിരുന്നില്ല എന്നു തോന്നി. ജ്ഞാനമൊഴികളിലൂടെ ആര്‍ജ്ജിത സംസ്‌ക്കാരത്തിന്റെ കറകളേയും കളങ്കങ്ങളേയും ഇളക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് തുടര്‍ന്ന, പ്രേഷിത പ്രഭാഷണം അരുചി കരമായിട്ട് അനുഭവപ്പെട്ടു. എഴുന്നേറ്റു ഹാളിന്റെ വെളിയിലേക്കു നടന്നു. അപ്പോഴും, രക്തരൂക്ഷിതമായ ഗതകാലസംഭവത്തിന്റെ തിന്മകളെ ഓര്‍മ്മിപ്പിച്ച വചനം ഉയര്‍ത്തു. ആ മനുഷ്യന്‍ നീ തന്നെ! ചൂണ്ടുളിപോലെ അതു മനസ്സില്‍ തറഞ്ഞു. വൈദ്യുതീകരിച്ച പോലൊരവസ്ഥ പരിഭ്രമം.

മനോഹരമായ കുന്നിന്‍മുകളിലെ കണ്‍വെന്‍ഷന്‍ ഹാള്‍ പിന്നിട്ടു. ഇരുവശങ്ങളിലും പൂച്ചെടികള്‍ നിരന്നുനില്‍ക്കുന്ന പാതയിലൂടെ താഴ്വരയിലെ പുല്‍ത്തകിടിയിലേക്കു നടന്നു. അപ്പോള്‍ സ്വയം പറഞ്ഞു. ഞാന്‍ കൊല ചെയ്തിട്ടില്ല. കൊലക്കു പ്രേരിപ്പിച്ചില്ല. ചതിവും വഞ്ചനയും ചെയ്തിട്ടില്ല. പിന്നെന്തിന് മനസ്സ് തളരുന്നു?

കാട്ടരുവികളെ തടഞ്ഞു നിര്‍ത്തി നിര്‍മ്മിച്ച തടാകത്തിന്റെ തീരത്ത്, തണല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. സുഖദമായ കാറ്റും നല്ല പ്രകാശവും, എന്നിട്ടും ഉള്ളില്‍ ഊഷ്മളത. തലക്കു പിന്നില്‍ കൈകള്‍ ചേര്‍ത്തു മലര്‍ന്നു കിടന്നു. അപ്പോഴും, പുരോഹിതന്റെ പ്രബോധന വചനം ഓര്‍ത്തു. നമ്മുടെ ജീവിതത്തില്‍ നാമിന്നോളം സ്വരൂപിച്ചതെന്താണ്? ദുഷ്ടതയുടെ ദുഷിപ്പോ? അഥവാ നന്മയുടെ തേന്‍കട്ടയോ? ദൈവത്തിനുള്ള നിങ്ങളുടെ വഴിപാട് നിങ്ങളെന്ന കളളനാണയങ്ങളാകരുത്. പിന്നെയോ, വിശുദ്ധമായ അനുസരണമായിരിക്കണം. അപ്പോള്‍, അന്തരിന്ദ്രിയത്തില്‍, അന്തരിച്ച കാലത്തിന്റെ സംഭാവന തെളിഞ്ഞുവന്നു.

ആദ്യമായ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ആശ്വസിച്ചു. ഓലമേഞ്ഞവീട് പുതുക്കിപ്പണിയണം. ജോലിയുള്ള പെണ്ണിനെ കല്യാണം കഴിക്കണം. അതായിരുന്നു അപ്പോഴുണ്ടായ ലക്ഷ്യം. ദല്ലാള്‍ റിയാച്ചന്‍ വിവാഹാലോചനകളുമായി പല പ്രാവശ്യം സമീപിച്ചു. ഒന്നും നടന്നില്ല. വീണ്ടും വന്നു പറഞ്ഞു: നല്ലൊരു കേസ്സ് വന്നിട്ടുണ്ട്. പെണ്ണ് അമേരിക്കയിലാ. മാസം തോറും ലക്ഷങ്ങളാ വാങ്ങുന്നത്. അതുകേട്ടപ്പോള്‍ അവറാച്ചന്‍ സംശയത്തോടെ ചോദിച്ചു. അണ്ണാന്‍ ആനയോളം വായ് പൊളിക്കാമോ കറിയാച്ചാ? ഞങ്ങള്‍ പാവങ്ങളാ.

"അമേരിക്കേന്നു വരുന്ന പെമ്പിള്ളേര്‍ക്കും തണ്ടീം തരോം ഒത്തു കിട്ടുന്ന ആമ്പിള്ളേരെ മതി. ഇവനെ കണ്ടാല്‍ ഏതുപെണ്ണാ ഇഷ്ടപ്പെടാത്തത്. ഏതായാലും ചെറുക്കന്‍ വന്ന് പെണ്ണിനെയൊന്ന് കണട്ട്." പിറ്റേന്ന് ബാബു കറിയാച്ചന്റെ കൂടെ പോയി.

പനിനീര്‍പ്പൂവിന്റെ സുഗന്ധം തളംകെട്ടിനിന്ന കിഴക്കിനിത്തളത്തിലിരുന്ന് ബീനയുമായി സംസാരിച്ചു. ആദ്യാനുഭവത്തിന്റെ ആ വേള ഹൃദ്യമായിരുന്നു. എങ്കിലും, പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ബാബു ചിന്തയിലാണ്ടു. മൗനമായിരുന്നു. "കറിയാച്ചന്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു: ഇവര്‍ക്ക് കല്ല്യാണത്തിന് താല്പര്യമാണ്. നിന്റെ തീരുമാനം നാളെ അ
ിയിച്ചാല്‍ മതി." തള്ളാനും കൊള്ളാനും കഴിയാത്തൊരവസ്ഥ. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍. ചില സംശയങ്ങള്‍ തന്റെ ഭാര്യ അതിസുന്ദരിയായിരിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. എന്നുവരികിലും, മനസ്സിനും ശരീരത്തിനും ജീവിതത്തിനും ചേരുന്നവളായിരിക്കണമല്ലോ.

ബാബു മടങ്ങിയെത്തിയപ്പോള്‍ അവറാച്ചന്‍ ചോദിച്ചു: “പോയ കാര്യം എന്തായി?” പെട്ടെന്ന് മറുപടി ഉണ്ടായില്ല. അല്പനേരം ചിന്തിച്ചതിനുശേഷം ദൃഢനിശ്ചയത്തോടെ പറഞ്ഞു: “ഈ കല്ല്യാണം വേണ്ടാ. പണക്കാരുമായുള്ള ബന്ധം പലപ്പോഴും പാകപ്പിഴയാ.”

അവറാച്ചന്‍ സ്തബ്ദനായി. പെട്ടെന്നുണ്ടായ ഒരു പ്രതീക്ഷ പ്രയോജനപ്പെട്ടില്ല. വിവാഹം വ്യക്തിപരമെന്നു കരുതി. മകനോട് മറ്റൊന്നും ചോദിച്ചില്ല. എന്നാലും ഒരു പരാതി. സങ്കടവിരാമം. ജീവിതപ്രാരാബ്ധങ്ങളുട പിടിയില്‍നിന്നും രക്ഷപെടാന്‍ പറ്റിയ ഒരവസരം നഷ്ടപ്പെടുത്തിയതിലുണ്ടായ നിരാശ. മകന്റെ നിരസനം യുക്തിഭംഗമെന്നു തോന്നി.

ബാബുവിനും അന്ന് ഉറക്കം വന്നില്ല. മുന്നിലുള്ളതു വിഷമഘട്ടം. ധാര്‍മ്മികമാനദണ്ഡങ്ങള്‍ ഒരു വശത്ത്, പ്രായോഗിക വിഷമതകള്‍ മറുവശത്ത്. വ്യക്തിതാല്പര്യങ്ങളെ മാത്രം മുറുകെ പിടിച്ചു മുന്നോട്ടുപോയാല്‍ വഴിമുട്ടും. ഭാവിപുരോഗതിയുടെ പാത വിശാലബന്ധുരമല്ല. പരിമിതികളുടെ ലോകത്ത് കൃതാര്‍ത്ഥതയോടെ ജീവിക്കാം അതുമതി.

പിറ്റേന്ന് രാവിലെ കറിയാച്ചന്‍ വന്നു. അയാളോട് എന്ത് പറയമമെന്നറിയാതെ അവറാച്ചന്‍ കുഴങ്ങി. ഹൃദയനൊമ്പരം മറച്ചു ശാന്തനായി പറഞ്ഞു: "ബാബുവിന് ഇഷ്ടമല്ലാത്തൊരു കല്യാണത്തിന് ഞാന്‍ നിര്‍ബന്ധിക്കില്ല." അതുകേട്ടപ്പോള്‍ ദല്ലാളിന് ദേഷ്യം വന്നു. അയാള്‍ ചോദിച്ചു: "പെണ്ണിന് അല്പം കറുപ്പ് കൂടിയതാണോ കൊഴപ്പം. ഇത്തിരി പൊക്കക്കുറവുമുണ്ട്. പിന്നെ നാലോ അഞ്ചോ വയസ്സിന്റെ മൂപ്പ് അവള്‍ക്കുണ്ടെങ്കിലതത്ര കാര്യമാക്കേണ്ടതുണ്ടോ. കല്ല്യാണം കഴിഞ്ഞാല്‍ ചെറുക്കമേരിക്കയിലെത്തും. തനിക്കുമൊരു കൊച്ചുകോടീശ്വരനായിട്ടീനാട്ടില്‍ കഴിയാം. പണ്ടാരാണ്ടു പറഞ്ഞപോലെ, പറയുമ്പോളറിഞ്ഞില്ലെങ്കില്‍ ചൊറിയുമ്പോളറിയും. കയ്യില്‍ കിട്ടിയകനകം കീറാമുട്ടികൊണ്ട് തട്ടക്കളയരുത്.” കരുതി നടന്നാല്‍ കരയേണ്ടി വരില്ലെന്ന് ബാബുവിനോടും പറഞ്ഞു.

കറിയാച്ചന്‍ പറഞ്ഞതു ബുദ്ധിപരമെന്ന് അവറാച്ചന് ബോധ്യപ്പെട്ടു. അയാള്‍ മകനെ ഉപദേശിച്ചു. കറിയാച്ചന്‍ നിര്‍ബന്ധിച്ചു. ദീര്‍ഘമായി ചിന്തിച്ചശേഷം ബാബു സമ്മതിച്ചു.

പിറ്റേ ആഴ്ചയില്‍ ബാബുവും ബീനയും തമ്മിലുള്ള വിവാഹം നടന്നു.

അപ്രതീക്ഷിതമായി ലഭിച്ച ഭൗതികഭാഗ്യം ജീവിതത്തിന്റെ ഗതി മാറ്റി. ഒരിക്കല്‍ ദാരിദ്രത്തില്‍ വേരുപിടിച്ച വ്യാകുലതകള്‍ സമ്പന്നതയുടെ ആശ്ലേഷണത്താല്‍ അടര്‍ന്നു. ധനസമൃദ്ധിക്ക് നേടാന്‍ കഴിയാത്തതൊന്നും ലോകത്തില്ലെന്നാണ് അപ്പോള്‍ തോന്നിയത്.

ബീന ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തി.

ബാബു കല്യാണസംഭാവനയായി ലഭിച്ച തുക കൊടുത്ത്, സ്വന്തം പേരില്‍ പത്തേക്കര്‍ സ്ഥലം വാങ്ങി. അതില്‍, ബീനയുടെ സഹായത്തോടെ വീട് പണിയിച്ചു. അയാളും ന്യൂയോര്‍ക്കില്‍ എത്തി.
ഭര്‍ത്താവ് ഉദ്യോഗസ്ഥനാകുമ്പോള്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുമെന്ന് ബീന വിശ്വസിച്ചു. എന്നാല്‍ ഉപരിപഠനത്തിനു പോകുവാനാണ് ബാബു നിശ്ചയിച്ചത്. അയാള്‍ കോളേജില്‍ അഭ്യസനം ആരംഭിച്ചതോടെ ജീവിതച്ചിലവുകള്‍ അനിയന്ത്രിതമായി. ബീന രണ്ട് ആശുപത്രികളില്‍ എട്ട് മണിക്കൂര്‍ വീതം ദിവസവും ജോലി ചെയ്തു. എന്നിട്ടും ബാദ്ധ്യതകള്‍. ക്ലേശകരമായ സാഹചര്യം.

നാല് വര്‍ഷം കഴിഞ്ഞു. ബാബു ജോലിയില്‍ പ്രവേശിച്ചു. അപ്പോള്‍ ആനന്ദിച്ചതു ബീനയാണ്. ഒരു ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ബീന തീരുമാനിച്ചു. പക്ഷേ, ബാബു സമ്മതിച്ചില്ല. കടങ്ങള്‍ വീട്ടണം, സ്വന്തമായൊരു വീട് വാങ്ങണം, അതുവരെ ബീന രണ്ടിടങ്ങളിലും ജോലി തുടരണമെന്നായിരുന്നു അയാളുടെ നിര്‍ബന്ധം. നിരാശയും വേദനയും ഉണ്ടായെങ്കിലും ബീന പരാതി പറഞ്ഞില്ല, അനുസരിച്ചു.

സാമ്പത്തികവികസനത്തിന്റെ സംവിധാനം സഫലമായി. തത്സമയം സഹകരണത്തിലൂടെ അനുഭവമാകേണ്ട കുടുംബസുഖം കുറഞ്ഞു. എവിടെ ആരംഭിച്ചുവെന്നും എവിടെ അവസാനിക്കുമെന്നും പറയാത്ത സമയം മാറ്റങ്ങളിലൂടെ മുന്നോട്ടുപോയി. നിയന്ത്രണം വിട്ട സംഗമസൗഖ്യം പാടില്ലെന്നായിരുന്നു ബാബുവിന്റെ അഭിമതം. ജാഗ്രതയോടെ കൈവരുത്തുന്ന സാമ്പത്തിക ശേഷി അശ്രദ്ധമൂലം ഉടയരുതെന്നു കരുതി. അയാളുടെ നിയന്ത്രണവും നീളുന്ന നിസ്സഹകരണവും അസഹനീയമായപ്പോള്‍ ബീന പറഞ്ഞു.

“നമ്മുടെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ല. ദൈവം തരുന്ന നന്മകളെ അനുഭവിക്കാന്‍ ഭയക്കുന്ന ഭീരുക്കളാണ് നമ്മള്‍”

"നീയൊരു മണ്ടിപ്പെണ്ണാ, അതുകൊണ്ടിങ്ങനെ തോന്നുന്നതാ. ദൂരദര്‍ശനമില്ലാതെ പോയാല്‍ എത്തേണ്ടടത്ത് എത്തുകയില്ല.”

“നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായി. ഇതുവരെ ഒരു കുഞ്ഞുണ്ടായില്ല. പലരും സംശയിക്കുന്നു. വല്ല ഡോക്ടറന്മാരേയും കാണരുതോന്നു ചോദിക്കുന്നു.”

"നാട്ടുകാരെ സംതൃപ്തരാക്കാന്‍ ഞാനൊരു തന്തയാവണമെന്നാണോ നിന്റെ ഉദ്ദേശം? പെട്ടെന്ന് സംസാരം സ്‌ഫോടകാത്മകമായി. ദേഷ്യം സഹിക്കവയ്യാതെ ബീന പറഞ്ഞു."

പുരുഷന്മാര്‍ പണപ്പിശാചുക്കളാകരുത്. ജീവിക്കാന്‍ മറക്കുന്നതല്ല ബുദ്ധി. കാലം തെറ്റിയല്ല വേണ്ടതു ചെയ്യേണ്ടത്.

"ബാബുവിന്റെ കോപം ജ്വലിച്ചു. വെറുപ്പോടെ ബീനയെ തുറിച്ചുനോക്കി. ഉറക്കെപ്പറഞ്ഞു. മതി, പഠിപ്പിക്കണ്ടാ. എന്നെ ഒരു വിത്തുകാളയാക്കാന്‍ ശ്രമിക്കരുത്. ഇഷ്ടമുണ്ടെങ്കില്‍ എന്റെ കൂടെ താമസിച്ചാല്‍ മതി."

അന്ന് കുടുംബ ഭദ്രതയുടെ അടിസ്ഥാനമിളകി. അപൂര്‍വ്വ സഹകരണത്തിന്റെ സംഗീതം നിലച്ചു. സന്തോഷവും സംതൃപ്തിയും അറ്റു. ഹൃദയത്തില്‍ വേദനമാത്രം ഇറ്റുനിന്നു. അറിവും ബോധവുമില്ലാത്ത ചിന്തകള്‍. ജീവിതം ശൂന്യമാകുമെന്ന ഭയം. സ്വന്തഥഭവനത്തില്‍ ഒരധികപ്പറ്റായെന്ന ഭയം. ഭാര്യയുടെ പരാതികേട്ടിട്ടും കണ്ണീര്‍ കണ്ടിട്ടും ബാബുവിന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല. അയാള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. വായനയും.

വിശ്രമരഹിതമായ ജോലിയും ആശങ്കനിറഞ്ഞ മനസ്സും ബീനയെ അവശയാക്കി. പ്രമേഹരോഗവും രക്തസമ്മര്‍ദ്ദവും അവളെ ബാധിച്ചു. പലപ്പോഴും ജീവിതത്തോട് വെറുപ്പ് തോന്നി. തന്റെ അദ്ധ്വാനഫലം കൊടുത്തുവാങ്ങിയ വീടിന്റെ ഉടമസ്ഥത തനിക്കില്ലെന്നും ബാബുവിനു മാത്രമാണെന്നും അവള്‍ക്കറിയാം. ബാങ്കിലെ അക്കൗണ്ടുകളിലും പങ്കാളിത്തമില്ല. എന്നിട്ടും, സര്‍വ്വവും സ്വകാര്യമായിരിക്കണമെന്നു കരുതിയ ഭര്‍ത്താവിനു കീഴടങ്ങി. ഒരു ഭാര്യയെന്നു കരുതി സ്‌നേഹിക്കപ്പെടണമെന്നുമാത്രം ആഗ്രഹിച്ചു.

അന്ന് ചന്നം പിന്നം ചാറിയമഴയെത്തുടര്‍ന്ന് മഞ്ഞ് പെയ്തു. തണുതണുത്ത കാറ്റ് അസഹ്യമായിരുന്നു. രാവിലെ ആരംഭിച്ച ജോലി പൂര്‍ത്തിയാക്കി വാര്‍ഡ് വിട്ടിറങ്ങിയപ്പോള്‍ അര്‍ദ്ധരാത്രി. റോഡില്‍ ഹിമപാളികള്‍ പൊടിഞ്ഞുകിടന്നു. യാത്ര ക്ലേശകരമായിരുന്നു.
വീട്ടുമുറ്റത്ത് മഞ്ഞുറഞ്ഞുകിടന്നു. അതുകൊണ്ട് വണ്ടി ഗാരേജില്‍ കയറ്റിയില്ല. റോഡരുകില്‍ നിര്‍ത്തി. ഉയര്‍ന്ന ഉപ്പുകുറ്റിയുള്ള ചെരിപ്പാണ് ധരിച്ചത്. അതുകൊണ്ട് സൂക്ഷിച്ചു ചുവടുകള്‍ വെച്ചു. എന്നിട്ടും തെന്നി. നിലം പതിച്ചു.

കണ്ണുനീരിന്റെ ഉറവതുറന്ന ആ അനുഭവം വഴിത്തിരിവായിരുന്നോ? ഒടിഞ്ഞകാലുമായി ആശുപത്രിയില്‍ കഴിഞ്ഞകാലം, കാരാഗൃഹ ജീവിതത്തെക്കാള്‍ ക്ലിഷ്ടത നിറഞ്ഞതായിരുന്നു. അപ്പോള്‍ വെന്തുനീറിയ അന്തകരണത്തെ ഊതിയൂതി തണുപ്പിക്കാന്‍ ബാബു ഓടിയെത്തി. സ്‌നേഹത്തോടും സഹാനുഭൂതിയോടുംകൂടെ ബീനയെ ശുശ്രൂഷിച്ചു. എപ്പോഴും സാന്ത്വനപ്പെടുത്തി. ഇലകൊഴിഞ്ഞ മരം മഴയുടെ മണമേറ്റു തളിര്‍ക്കുന്നതുപോലെ ബീനയുടെ ഹൃദയത്തില്‍ വീണ്ടും പ്രത്യാശയുടെ കുളിര്‍മ നവോന്മേഷം. സ്‌നേഹിക്കപ്പെടുന്നുവെന്ന ഉറപ്പ്. ചന്തമുള്ള ചിന്തകള്‍. സൗഖ്യമാകുമ്പോള്‍ മാതൃത്വം ഏറ്റുവാങ്ങാമെന്ന മധുരാഭിലാഷം ജീവിതം ധന്യമാകുമെന്ന ശുഭാപ്തി വിശ്വാസം.

സൗഖ്യം പ്രാപിച്ചു വീട്ടിലെത്തിയപ്പോള്‍ ഏകാന്തത. സൈന്ദുരീകരിച്ച സന്ധ്യ അന്ധകാരത്തില്‍ മറയുമ്പോലെ ജീവിതത്തിനു വ്യതിയാനം. മൂടിവെച്ചതൊന്നും വെളിച്ചത്തുവരാതെയും ഗൂഢമായതൊന്നും അിറയാതെയും ഇരിക്കുകയില്ലെന്ന കര്‍ത്തൃവചനം നിവൃത്തിയായപോലെ, കാണാമറയത്തു വളര്‍ന്ന ഒരനുരാഗബന്ധം വെളിവായി. ബീനയുടെ കൂടെ ജോലി ചെയ്യുന്ന നേഴ്‌സ് മേഴിസിക്ക് ബാബുവുമായി അവിഹിത ബന്ധമുണ്ടെന്ന വാസ്തവം.

ഒരു ഏകാകിനിയുടെ രോദനം വീണ്ടും ആരംഭിച്ചു. കത്തുന്ന വികാരങ്ങളും നീറുന്ന ജീവിതവും മറ്റാരുമറിയരുതെന്ന് അവള്‍ കൊതിച്ചു. മങ്ങാത്തതും മായാത്തതുമായ തിക്താനുഭവങ്ങളെ മറയ്ക്കാന്‍ ശ്രമിച്ചു. അപവാദം കേട്ടുവിശ്വസിക്കരുതെന്നും താന്‍ നിരപരാധിയാണെന്നും ബാബു പറഞ്ഞു. പക്ഷെ, അവള്‍ വിശ്വസിച്ചില്ല. ജലപ്പരപ്പിലെഴുതിയ സങ്കീര്‍ത്തനം പോലെ, അവളുടെ പ്രാര്‍ത്ഥന ഫലിച്ചില്ല. മനസ്സിന്റെ നിയന്ത്രണം അറ്റപോലെ അസ്വസ്ഥയായി.

ബാബുവിന്റെ അനുവാദത്തോടെ, ബീന മാതാപിതാക്കളെ കാണാന്‍ സ്വദേശത്തേക്ക് മടങ്ങി. പെറ്റമ്മയുടെ സമൃദ്ധമായ സ്‌നേഹ വാത്സല്യവും ബുദ്ധിയുപദേശവും ആശ്വസിപ്പിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.

കനത്ത മഴയുടെ മുന്നോടിയായി ഇടിയും മിന്നലും. ജീവിതാനുഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഓര്‍മ്മകലെ ഉപേക്ഷിച്ചു ബാബു എഴുന്നേറ്റു. കണ്‍വെന്‍,ന്‍ ഹാളിന്റെ മുറ്റത്ത് വന്നു നിന്നു. ആശീര്‍വാദം കേട്ടു അനുഗ്രഹം പ്രാപിച്ച് ഭാര്യയും മകനും മുന്നിലെത്തി. അവര്‍ വാടകമുറിയിലേക്കു പോയി. ബാബു വസ്ത്രം മാറ്റാതെ കട്ടിലില്‍ കിടന്നു. മകനെ ഉറക്കിയിട്ട് ഭാര്യ അയാളൈ മുട്ടിച്ചേര്‍ന്നിരുന്നു. അസാധാരണമായ മുഖഭാവം കണ്ടു ചോദിച്ചു. "എന്താ ഒരു വല്ലായ്മ?"

“ഒരു ചെറിയ തലവേദന”

മേഴ്‌സി അമൃതാജ്ഞനം എടുത്തു ബാബുവിന്റെ നെറ്റിയില്‍ പുരട്ടി. മൃദുവായി തലോടി. പററിച്ചേര്‍ന്നു കിടന്നുകൊണ്ട് മധുരമായി മൊഴിഞ്ഞു. സാരമില്ല, ഇപ്പോള്‍ സുഖമാകും.

അയാള്‍ കണ്ണടച്ചു നെടുതായി നിശ്വസിച്ചു. അഞ്ച് വര്‍ഷം മുമ്പ് കൈപ്പറ്റിയ കത്തില്‍നിന്നും അശ്രുസ്മാരകം പോലെ ആത്മാവില്‍ പതിഞ്ഞ വചനം ഓര്‍ത്തു.

“അച്ചായനുവേണ്ടി ഞാന്‍ പോകുന്നു. എന്റെ കര്‍ത്താവിന്റെ കരങ്ങളിലേക്ക്!”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക