-->

PUSTHAKAM

കാലാനുസൃതം മാറുന്ന കഥകള്‍ (ശ്രീ ജോണ്‍ വേറ്റത്തിന്റെ ചെറുകഥകള്‍ ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍ )

Published

on

ശ്രീ ജോണ്‍ വേറ്റത്തിന്റെ പതിനേഴു കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അഞ്ചു ദശാബ്ദമായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ സാഹിതി സപര്യയില്‍ നിന്നും രൂപം കൊണ്ട കഥകള്‍ എന്നുള്ളതുകൊണ്ട് അവയെല്ലാം സൃഷ്ടിയുടെ വ്യത്യസ്ത തലങ്ങള്‍ പൂണ്ട് നില്‍ക്കുന്നു. ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മുന്നില്‍ ഒരു നീണ്ട കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മുഴങ്ങുന്നത് അനുഭവപ്പെടുന്നു. അതുകൊണ്ട് കഥകള്‍ ഒന്നിനൊന്നു വ്യത്യസ്തമായ ആഖ്യാനരീതി അവലംബിച്ചിട്ടുള്ളതായി കാണാം. ശ്രീ വേറ്റം ആധുനികതക്ക് ഊന്നല്‍ കൊടുക്കാതെ യാഥാസ്ഥിക സമ്പ്രദായങ്ങളെ അനുകൂലിക്കുന്ന എഴുത്തുകാരനാണ്. അതെ സമയം ചെറുകഥയില്‍ വന്ന മാറ്റങ്ങളെ മനസ്സിലാക്കിയ, മാറ്റങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിവുള്ള എഴുത്തുകാരനുമാണ്.  മലയാള ചെറുകഥാപ്രസ്ഥാനം പല ഘട്ടങ്ങളിലൂടെ കടന്നു ഇന്ന്  ആധുനികയെന്ന ഒരു സമ്പ്രദായത്തില്‍ എത്തി നില്‍ക്കയാണ്. ഇതിലൂടെ എഴുത്തുകാര്‍ അവരുടെ സര്‍ഗ്ഗശക്തിയുടെ വിവിധ മാനങ്ങള്‍ വായനക്കാരന് മുന്നില്‍ തുറന്നിട്ടു. ചിലതെല്ലാം വെറും അസംബന്ധങ്ങളും നിരൂപകന്റെ തൂലിക തുമ്പില്‍ നിന്നും വീഴുന്ന ഔദാര്യത്തിന്റെ ബലത്തില്‍ നില നില്‍ക്കുന്നതുമായി പരിണമിച്ചു. ചിലരെല്ലാം വിശിഷ്ട സാഹിത്യത്തിന് എന്നും മാതൃകയായിരിക്കുന്ന കൃതികളെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതാന്‍ ശ്രമിച്ചു. ആധുനികതയെ അസംബന്ധമാക്കാതെ സാഹിത്യത്തെ പോഷിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വായനക്കാരും അതേറ്റു വാങ്ങി.
ചെറുകഥയുടെ സുവര്‍ണ്ണകാലം നാല്പതുകളില്‍ തുടങ്ങി അറുപതുകളുടെ മധ്യത്തില്‍ അവസാനിച്ചതായി മലയാളസാഹിത്യം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം. പില്‍ക്കാലത്ത് പാശ്ചാത്യകഥകളുടെ സ്വാധീനം എഴുത്തുകാരില്‍ ഉണ്ടാകുകയും അവര്‍ അത് അനുകരിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. വായിച്ചാല്‍ മനസ്സിലാകാത്ത കഥ നല്ല കഥയെന്ന മൂഢവിശ്വാസത്തില്‍ എഴുത്തുകാരും വായനക്കാരും അഭിരമിച്ചു. ശ്രീ വേറ്റം ചെറുകഥയുടെ വളര്‍ച്ചയും വികാസവും കണ്ട വ്യക്തിയാണ്. തന്റെ ആദ്യകാല കഥകളില്‍നിന്നും കാലാനുസൃതമായ മാറ്റങ്ങള്‍ കൈകൊണ്ടതല്ലാതെ ഒരു പ്രസ്ഥാനവും അനുകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്മൂലം തന്റേതായ ഒരു ശൈലി രൂപപെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹത്തിന്റെ കഥകള്‍ സാക്ഷ്യം വഹിക്കുന്നു.

ഏതു എഴുത്തുകാരന്റെ  കഥയായാലും അതിനെ ആധുനിക കഥാരചനാ സമ്പ്രദായത്തിന്റെ മാനദണ്ഡത്തിലൂടെ കാണുകയും വിലയിരുത്തുകയും ചെയ്യണമെന്ന്  ശഠിക്കുന്നത് ശരിയായ ചിന്താഗതിയല്ല. ശ്രീ ജോണ്‍ വേറ്റത്തിന്റെ കഥകള്‍ കേന്ദ്രീകരിക്കുന്നത് മനുഷ്യബന്ധങ്ങളിലേക്കാണ്. സമൂഹത്തില്‍ നില നില്‍ക്കുന്ന അനീതികളും ചൂഷണങ്ങളും ചതിയും മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നവെന്ന എഴുത്തുകാരന്റെ കാഴ്ച്ചപ്പാടുകളിലേക്കാണ്. ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ മനുഷ്യന്‍ മാറുന്നു. സ്വാര്‍ത്ഥതയുടെ അന്ധകാരത്തില്‍ അവന്‍ വെളിച്ചം തേടുന്നില്ല. അതുകൊണ്ട് ധാര്‍മിക മൂല്യങ്ങള്‍ക്ക് ഇടിവുണ്ടാകുന്നു. മനുഷ്യ ജീവിതത്തിലെ ഇത്തരം സംഘര്‍ഷങ്ങളെ  ആവിഷ്ക്കരിക്കാന്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന രീതി അദ്ദേഹത്തിന്റെ സ്വന്തമാണ്. അതുകൊണ്ട് കഥകളെ ആ  തലത്തില്‍ കണ്ടുകൊണ്ട് വേണം അപഗ്രഥനം ചെയ്യാന്‍.

ജീവിതാനുഭവങ്ങളില്‍നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ കഥകള്‍ ചിലതെല്ലാം വിവരണാത്മകമാകുന്നത് (narrative) അവ കൂടുതല്‍ വിശ്വസനീയമാകാന്‍ കഥാകൃത്ത് ശ്രമിക്കുന്നത്‌കൊണ്ടാണെന്നു മനസ്സിലാക്കാം.  ഒരു യഥാര്‍ത്ഥ സംഭവത്തെ കഥാകൃത്തിന്റെ ഭാവനയില്‍ കാണുമ്പോള്‍ അതിനെ മനുഷ്യരാശിക്ക് പ്രയോജനകരമായ വിധത്തില്‍ ആവിഷിക്കരിക്കുക എന്ന ധാര്‍മിക ബോധം ഈ കഥകൃത്ത് സത്യസന്ധമായി പാലിക്കുന്നു. ഓരോ കഥകളുടെയും ഘടന, ഭാഷ, ആവിഷ്കാരരീതി എന്നിവ വ്യത്യസ്തമായി കാണുന്നത്  കഥാകൃത്തിനു രചനയോടുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

കാലം മാറുമ്പോള്‍ കഥകള്‍  മാറുന്നുവെന്ന് പറയുന്നത് വാസ്തവത്തില്‍ മനുഷ്യര്‍ ജീവിതത്തെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുന്നത്‌കൊണ്ടാണ്.  അത് ആവിഷ്കരിക്കാന്‍ അതിഭാവുകത്വം കലര്‍ത്തി ദുരൂഹത നില നിറുത്തുക എന്ന ശൈലിയോട് ശ്രീ വേറ്റത്തിനു പ്രതിപത്തിയില്ലെന്നു അദ്ദേഹത്തിന്റെ കഥകള്‍ സ്ഥാപിക്കുന്നു, കൃത്രിമത്വവും, ദുരൂഹതയും, അവിശ്വസനീയതയും അകറ്റി നിറുത്തികൊണ്ട് സുതാര്യവും, സ്പഷ്ടവുമായ ഒരു രചനാ രീതി ഇദ്ദേഹം സ്വീകരിക്കുന്നു.  ജീവിതായോധനത്തിനായി പ്രവാസികളാകേണ്ടിവരുന്ന മലയാളികളുടെ കഥകള്‍ പറയുമ്പോള്‍ വസ്തുനിഷ്ഠമായ ഒരു അന്തരീക്ഷം കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അവയെല്ലാം ജീവിതഗന്ധിയായത്‌കൊണ്ടാണ്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ജീവിച്ച് ഇപ്പോള്‍ അമേരിക്കയില്‍  ജീവിക്കുന്ന കഥകൃത്തിനു പ്രവാസികളുടെ ജീവിതം സുപരിചിതമാണ്.  ആ പരിചിതത്വതം പകര്‍ത്തുകയെന്ന യാന്ത്രികതയല്ല അദ്ദേഹത്തിന്റെ രചന രീതി.  അദ്ദേഹം അവരുടെ ജീവിതത്തില്‍ നിന്നും കണ്ടെത്തുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു ആത്മാവ് കൊടുക്കുകയാണ്.  അപ്പോള്‍ വായനക്കാരന്റെ മുന്നില്‍ ഒരു യഥാര്‍ത്ഥ ജീവിതത്തിന്റെ ചിത്രം തെളിയുന്നു.  കഥകളെ ഉദ്വേഗജനകവും, ആശങ്കാഭരിതവുമാക്കി  വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കാനുള്ള സാങ്കേതികത്വം ഉപയോഗിക്കാതെ അനായാസമായ കഥാകഥനത്തിലൂടെ വായനക്കാരന്റെ മനസ്സിനെ തൊട്ടുണര്‍ത്തി അവരെ ചിന്തയുടെ ലോകത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുന്നു. കഥകളിലെ സാഹചര്യങ്ങള്‍ വിവരിക്കുമ്പോള്‍ ഒരു തത്വചിന്തകനെപോലെ കഥാകൃത്ത് ചില അറിവുകള്‍ നമുക്ക് നല്‍കുന്നു.ചില ഉദാഹരണങ്ങള്‍  “സത്യം ബന്ധനവും അറിവ് ദു:ഖവുമാകുന്നു . ഭാവി ജീവിതത്തെ തീര്‍ഥാടനമാക്കാന്‍ തങ്കച്ചന്‍ ഇഷ്ടപ്പെട്ടില്ല. ജ്ഞാനം അഹന്തയോട് അഭിപ്രായം ചോദിക്കരുതല്ലോ?സ്വയം രക്ഷിക്കാനാവാത്ത ഒരു അവസ്ഥ  ഉണ്ടാക്കരുത്. നമ്മുടെ ജീവിതത്തിനു ഒരര്‍തഥവുമില്ല. ദൈവം തരുന്ന നന്മകളെ അനുഭവിക്കാന്‍ ഭയക്കുന്ന ഭീരുക്കളാണ് നമ്മള്‍. അത്യാധുനികതയുടെ മുന്നില്‍ പാരമ്പര്യങ്ങള്‍ക്ക് വിലയില്ലേ?” ഇത്തരം ധാരാളം ഉദ്ധരണികള്‍ ഉണ്ട്. ഇത്രയും സൂചിപ്പിക്കുന്നത് കഥാകൃത്തിന്റെ തത്വദര്‍ശനം അദ്ദേഹം തന്റെ കഥകളിലൂടെ പകര്‍ന്നുതരുന്നു എന്ന് അറിയിക്കാനാണ്.

“MotJust”  എന്ന്ഇംഗളീഷില്‍ പറയുന്ന രീതി കഥാകൃത്തിന്റെ ശക്തിയാണ്.ഉദ്ദേശിച്ച അര്‍ത്ഥത്തെ കൃത്യമായി ആവിഷ്കരിക്കുന്ന പ്രയോഗങ്ങളിലൂടെ അദ്ദേഹം കഥകളെ വായനാസുഖവും വിശ്വസനീയവുമാക്കുന്നു. കഥകളിലെ കഥാപാത്രങ്ങളുടെ വളര്‍ച്ചയും അവരുടെ പ്രവൃത്തികളും സമൂഹമധ്യത്തിലെ പല വ്യക്തികളെയും പ്രതിനിധീകരിക്കുന്നുവെന്നത് കഥാകൃത്തിന്റെ യാഥാര്‍ത്ഥ്യവാദത്തോടുള്ള (Realism) ആഭിമുഖ്യം കൊണ്ടായിരിക്കും. കഥയിലെ കഥാപാത്രങ്ങളെ നമുക്ക് പരിചയമുണ്ടായിരിക്കാം എന്നാല്‍ അടുത്തറിയുന്നത് കഥാകൃത്തിന്റെ കഥകളിലൂടെയാണ്.  കഥാപാത്രങ്ങളുടെ സംഭാഷണം ശ്രദ്ധേയമാണ്. കൃത്രിമത്വമോ അതിഭാവുകത്വമോ ഇല്ലാതെ സന്ദര്ഭങ്ങള്‍ക്കനുസരിച്ചുള്ള അവരുടെ സംസാരരീതി നാമെവിടെയോ കേട്ടുമറന്നതുപോലെ എന്ന് തോന്നിക്കുംവിധം വളരെ സ്വാഭാവികമാണ്.

സൂക്ഷ്മതയോടെയുള്ള പദപ്രയോഗമിതത്വം മിക്ക കഥകളിലും കാണാമെങ്കിലും ചില കഥകള്‍ കഥകളുടെ പരിധി വിട്ടുപോകുന്നുണ്ട്. അതുകൊണ്ട് അവക്ക് മികവ് നഷ്ടപ്പെടുന്നില്ല. അതിനു കാരണം കഥയും കഥാപാത്രങ്ങളും കഥാകൃത്തിന്റെ രചനാതന്ത്രങ്ങള്‍ക്ക് വഴങ്ങുന്നത്‌കൊണ്ടാണ്. ജീവിതം തന്നെ അപ്പടി പകര്‍ത്തുമ്പോള്‍ ചിലപ്പോഴെല്ലാം കഥയിലെ സാഹചര്യങ്ങള്‍ തെന്നിപോകയും പുതിയ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരം രചനാതന്ത്രങ്ങള്‍ കഥയെ കൂടുതല്‍  വിശ്വസനീയമാക്കുന്നുണ്ട്. അതേസമയം  കഥാകൃത്തിന്റെ കഥനരീതി ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളെ കാണിക്കുന്നതിലുള്ള സത്യസന്ധതയുമാകാം. എന്നാല്‍ അത് കഥയുടെ ഗതിയില്‍ വിരസത ഉണ്ടാക്കുന്നില്ല. കഥാകൃത്തിനു സമൂഹത്തോടുള്ള  ഉത്തരവാദിത്വത്തിന്റെ നിര്‍വ്വഹണത്തിനായി അത്തരം സാങ്കേതികത്വം ഉപയോഗിക്കുക സാധാരണമാണ്. ഇതിവൃത്തങ്ങളുടെ സ്വഭാവമനുസരിച്ച് കഥകളെ കര്‍ശനമായി അതിന്റെ ഹൃസ്വപരിധിയിലൊതുക്കാന്‍ പ്രയാസമാകുന്നത് മനസ്സിലാക്കാം. അങ്ങനെയുള്ള അവസരങ്ങളില്‍ ബിംബങ്ങളും ദുരൂഹതകളും പ്രയോഗിച്ച് കഥകളെ സംഗ്രഹിക്കുന്ന രീതിയുമുണ്ട്. ശ്രീ വേറ്റം തന്റെ രചനകളില്‍ അത്തരം പ്രവണതകള്‍ക്ക് വിധേയനാകുന്നില്ല. സമൂഹത്തിലെ അനാചാരങ്ങള്‍ ചില കഥകളില്‍ രസകരമായി  പ്രതിപാദിച്ചിട്ടുണ്ട്. “തീണ്ടലും, തിരണ്ടുകല്യാണവും, ജാതി ചിന്തയും, തൊട്ടുകൂടായ്മയുമൊക്കെ നില നിന്നിരുന്ന ഒരു സമൂഹത്തില്‍ ഒരിക്കലും രഹസ്യ വേഴ്ച്ചകള്‍ക്ക് അതൊന്നും ബാധകമായിരുന്നില്ല”, എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

വഴികള്‍ എന്ന കഥ ഗൃഹാതുരത്വം നിറഞ്ഞുനില്‍ക്കുന്ന കഥയാണ്. വൈകി ഉദിച്ച വിവേകത്തിന്റെ കഥയാണ്. വഴികള്‍ എന്ന ശീര്‍ഷകം കഥ സഞ്ചരിക്കുന്ന വഴികളോട് നീതിപുലര്‍ത്തുന്നു. വെളിച്ചം   നിലച്ചപോലെ നല്ലകാലം നിലച്ചുവെന്നു  അദ്ദേഹം ഈ കഥയില്‍  പറയുന്നു. ചുരുങ്ങിയ വരികളിലൂടെ വലിയ കഥാസന്ദര്‍ഭങ്ങള്‍  അങ്ങനെ അദ്ദേഹം വിവരിക്കുന്നു. ആഭിജാത്യത്തിന്റെ പേരില്‍ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നത് ശ്രദ്ധിക്കാത്ത ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രം ഇതില്‍ കാണാം.

ആധുനികസൗകര്യങ്ങളുടെ  സ്പര്‍ശം ജീവിതത്തെ മനോഹരമാക്കുന്നു എന്ന തത്വവും ഈ കഥയിലൂടെ പറയുന്നുണ്ട്.

വിവാഹജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ക്ക് പൊരുത്തപ്പെടാനാകാതെ വരുമ്പോള്‍ ദാമ്പത്യം തകരുന്നുവെന്ന ദയനീയസത്യം പല കഥകളിലൂടെ  അനാവരണം ചെയ്യുന്നുണ്ട്. അമേരിക്കയിലെ പ്രവാസി മലയാളികളുടെ ജീവിതത്തില്‍ നിന്നും  കണ്ടെത്തിയ  യാഥാര്‍ഥ്യങ്ങളെ കലാരൂപത്തില്‍ ആവിഷ്ക്കരിക്കുമ്പോള്‍ അത് കഥയുടെ രൂപം കൈകൊള്ളുമ്പോള്‍  അതിലെ  ചോരപൊടിയുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ വായനക്കാരന്റെ വികാരങ്ങളെ ഉണര്‍ത്തുന്നു.  വിവാഹപൂര്‍വ്വബന്ധത്തില്‍ ഗര്‍ഭിണിയാവുകയും അത് അലസിപ്പിക്കേണ്ടിവരുകയും പിന്നെ വേറൊരു ജീവിതത്തിലേക്ക് അതൊന്നും അറിയിക്കാതെ പ്രവേശിക്കയും എന്നാല്‍ കര്‍മ്മങ്ങള്‍ പിന്തുടരുന്നത് പോലെ അതെല്ലാം പുറത്ത് വരികയും ഭര്‍ത്താവിനാല്‍ പരിത്യക്തയായി വീട് വിടേണ്ടി വരികയും ചെയ്ത ഒരു സ്ത്രീയുടെ കഥ എങ്ങനെ മൂല്യാധിഷ്ടിതമായ ആചാരങ്ങള്‍ക്ക് സ്‌നേഹബന്ധങ്ങളെ തകര്‍ക്കാമെന്നു ശക്തമായി തെളിയിച്ചിരിക്കുന്നു (കനലുകള്‍ എന്ന കഥ).

ഒരു കഥ വായിക്കുമ്പോള്‍ വായനക്കാരനെ  കൂടുതല്‍ സ്വാധീനിക്കുന്നത് എഴുത്തുകാരന്റെ ശൈലിയായിരിക്കും. നേരത്തെ സൂചിപ്പിച്ചപോലെ ശ്രീ വേറ്റം അദ്ദേഹത്തിന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. ആധുനികതയുടെ പ്രീതി സമ്പാദിക്കാന്‍ തന്റെ ശൈലിയില്‍ മാറ്റം വരുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.  ചില ഉദ്ധരണികളുടെ  സഹായത്തോടെ കഥകളെ ആകര്‍ഷകമാക്കാനും   അതേസമയം ആകാംക്ഷാഭരിതമാക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഒരു കഥയില്‍ "ആ മനുഷ്യന്‍ നീ തന്നെ" എന്ന ഒരു പ്രയോഗത്തിലൂടെ കഥയിലെ  നായകന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ നമ്മെ അനുഭവപ്പെടുത്തുണ്ട്. നേരിട്ടുള്ള ആഖ്യാനമാണ് മിക്ക കഥകളിലും നമ്മള്‍ കാണുന്നത്. അതേസമയം ഇതിവൃത്തം ക്രമേണ വികസിപ്പിക്കുന്ന രീതിയും അദ്ദേഹം പരീക്ഷിക്കുന്നു.  അമേരിക്കയില്‍ കുടിയേറി താമസിക്കുന്ന മലയാളികളുടെ കഥ പറയുമ്പോള്‍ ഇരക്കൊപ്പം അനുകമ്പ ചൊരിയുന്ന ഒരു മനസ്സ് കഥാകൃത്ത് പ്രകടമാക്കുന്നുണ്ട്.  എപ്പോഴും നന്മക്കൊപ്പം നില്‍ക്കുക എന്ന ആദര്‍ശം ഇദ്ദേഹം മുറുകെപ്പിടിക്കുന്നത്‌കൊണ്ടാണ് അങ്ങനെ ഒരു സ്വാധീനമുണ്ടാകുന്നത്.  അത്തരം കഥകളിലൂടെ സമൂഹനന്മ അദ്ദേഹം ആഗ്രഹിക്കുന്നു. 

ഈ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്ന വഴികള്‍, വെളിച്ചം  വിളിക്കുന്നു എന്നീ കഥകള്‍ അമേരിക്കയിലെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ കഥാമത്സരങ്ങളില്‍ പരിഗണിച്ചവയാണ്. ശ്രീ വേ റ്റം മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചുകൊണ്ട് അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ഇ മലയാളി 2018 ല്‍ അദ്ദേഹത്തെ ഫലകം നല്‍കികൊണ്ട് ആദരിക്കയുണ്ടായി.

അതേപോലെ ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിചാരവേദിയെന്ന സാഹിത്യസംഘടനയും അദ്ദേഹത്തെ സമുചിതമായി അംഗീകാരങ്ങള്‍ നല്‍കി ആദരിക്കയുണ്ടായി.

ശ്രീ വേറ്റത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ അദ്ദേഹം നന്മയുടെ ഉപാസകനാണെന്നു കാണാം. ഒരു പ്രവാസി എത്ര തന്നെ അവന്‍ കുടിയേറിയ രാജ്യത്ത് സമ്പന്നതയും സൗഭാഗ്യവും നേടിയാലും അവന്റെ ഉള്ളില്‍ പിറന്ന നാടിന്റെ ഓര്‍മ്മകളുടെ നിലക്കാത്ത അലകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  മാനുഷിക ബന്ധങ്ങളുടെ ഉറപ്പ് പരസ്പര വിശ്വാസങ്ങളിലധിഷ്ഠിതമാണെന്നു അദ്ദേഹം കഥകളിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്. മാതാപിതാക്കളെ ആദരിക്കുകയെന്ന ബൈബിള്‍ വചനം അക്ഷരംപ്രതി അനുസരിക്കുന്ന ശ്രീ വേറ്റം തന്റെ കഥാപാത്രങ്ങളെ അതനുസരിപ്പിക്കയും അനുസരണക്കേട് കാണിച്ചവര്‍ക്ക് വിധി നല്‍കുന്ന പാഠങ്ങളെയും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നമ്മോട് അടുത്തിരുന്ന് കഥ പറയുന്ന ഒരു രീതിയും അദ്ദേഹം ചില കഥകളില്‍ സ്വീകരിക്കുന്നുണ്ട്. എല്ലാ കഥകളും ലക്ഷ്യം  വയ്ക്കുന്നത് മനുഷ്യമനസ്സുകളില്‍ ധാര്‍മ്മിക ബോധവും, സദാചാരനിഷ്ഠയും, ദൈവിക ചിന്തയും നിറക്കുന്നതിലാണ്.

ഈ പുസ്തകത്തിലെ കഥകള്‍ സഹൃദയ ലോകത്തിനു മുമ്പില്‍ അവത    രിപ്പിക്കാന്‍ എനിക്കവസരം തന്നതില്‍ ശ്രീ വേറ്റത്തിനു നന്ദിയര്‍പ്പിക്കുന്നു. സഹൃദയലോകത്തിനു മുന്നില്‍ സഹര്‍ഷം ഈ കഥകളെ അവതരിപ്പിക്കുന്നു.
ശ്രീ  വേറ്റത്തിനു സകല ഭാവുകങ്ങളും നേരുന്നു.

ശുഭം


imageRead More

Facebook Comments

Comments

  1. <span style="font-family: Meera; font-size: 18.06px; font-variant-numeric: normal; font-variant-east-asian: normal;">സുധീര്‍ പണിക്കവീട്ടിലിനും ജ്യോതിലക്ഷ്മി നമ്പ്യാര്‍ക്കും ഹാര്‍ദ്ദവമായ നന്ദി&nbsp;</span><br>

  2. Jyothylakshmy

    2019-07-07 07:02:09

    <span style="font-size: 14.6667px;">ചെറുകഥകൾ വായിച്ച ആസ്വദിയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വായിയ്ക്കാൻ പ്രചോദനം നൽകുന്ന സമ്പൂർണ്ണമായ ആസ്വാദനം . ശ്രീ ജോൺ വേറ്റത്തിനു ഭാവുകങ്ങൾ&nbsp;</span><br>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോയാ നായരുടെ കവിത: യാർഡ് സെയിൽ

അനുഭവതീരങ്ങളില്‍: ജോണ്‍ വേറ്റം

ജോര്‍ജ് മണ്ണിക്കരോട്ടിന്റെ കൃതികള്‍

സാംസി കൊടുമണ്ണിന്റെ നോവല്‍ പ്രവാസികളുടെ ഒന്നാം പുസ്തകം

സി. ആന്‍ഡ്രൂസിന്റെ പുസ്തകങ്ങള്‍

ഗീത രാജന്റെ 'മഴയനക്കങ്ങള്‍'

പടന്നമാക്കല്‍ കുടുംബ ചരിത്രം

നൈനാന്‍ മാത്തുള്ളയുടെ പുസ്തകങ്ങള്‍

അമേരിക്കയിലെ മലയാളികളുടെ ക്രുതികള്‍-ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ- വാങ്ങാം. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ചെക്ക് അയക്കുകയോ ക്രെഡിറ്റ് കാര്‍ഡ് വഴി പേ ചെയ്യുകയോ ആവാം. പുസ്തകങ്ങള്‍ വില്‍ക്കാന്‍ താല്പര്യമുള്ള എഴുത്തുകാര്‍ പുസ്തകത്തിന്റെ വിവരം അറിയിക്കുക. അത് ഈ പംക്തിയില്‍ ലിസ്റ്റ് ചെയ്യും. താല്പര്യമൂള്ളവര്‍ക്ക് എഴുത്തുകാരുമായി നേരിട്ടു ബന്ധപ്പെട്ടോ ഇ-മലയാളി വഴിയോ അതുവാങ്ങാം. വിവരങ്ങള്‍ക്ക്: എഡിറ്റര്‍ അറ്റ് ഇമലയാളി ഡോട്ട് കോം

View More