Image

കൂട്ടക്ഷരങ്ങളുടെ അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 24 July, 2019
കൂട്ടക്ഷരങ്ങളുടെ അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ഒരു 
സ്വരത്തിനും 
ഒരു ചില്ലിനും 
ഇടയില്‍ 
വീര്‍പ്പുമുട്ടുന്ന 
കൂട്ടക്ഷരമാണ് 
അച്ഛന്‍
ആദ്യാക്ഷരത്തിന്റെ  
ശാന്തതയും 
അന്ത്യാക്ഷരത്തിന്റെ 
ഖിന്നതയുമല്ല 
മദ്ധ്യാക്ഷരത്തിന്റെ  
ചങ്കുറപ്പാണച്ഛന്‍ 
നെഞ്ചിലൊരിത്തിരി  
കനലെരിയുമ്പോഴും 
രണ്ടക്ഷരങ്ങളെ 
മാറിലൊതുക്കി 
സ്‌നേഹത്തിന്‍ 
സ്പര്‍ശനം  
പകരുന്നൊരച്ഛന്‍
സ്വരാക്ഷരവും 
ചില്ലക്ഷരവും 
വ്യഞ്ജനാക്ഷരവും  
പരസ്പരം  
കലഹിക്കുമ്പോള്‍ 
അക്ഷരങ്ങളാല്‍ 
അര്‍ത്ഥശുദ്ധിവരുത്തി 
പതറാതെ  അച്ഛന്‍…
ഒറ്റയ്ക്ക് നിന്നാല്‍ 
ഒന്നുമല്ലാതാകുന്ന 
അക്ഷരക്കൂട്ടിലെ 
മൂന്നക്ഷരങ്ങളെ  
ഒന്നിച്ചുനിര്‍ത്തി
അര്‍ത്ഥം പകരുന്ന 
നന്മതന്‍ പൂമരം
ആണെന്നും അച്ഛന്‍…
താരാട്ടുമില്ലൊരു 
സാന്ത്വനവുമില്ല 
വിശ്രമമില്ല 
സ്‌നേഹതീരങ്ങളുമില്ല 
എന്നിട്ടുമുരുകുന്നു 
കൂട്ടക്ഷരങ്ങളെ 
നെഞ്ചിലൊളിപ്പിച്ച് ..
അച്ഛനെന്നുമെപ്പോഴും  
കഠിന ഹൃദയനാണത്രെ...


കൂട്ടക്ഷരങ്ങളുടെ അച്ഛന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക