കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 4: കാരൂര്‍ സോമന്‍)

Published on 28 July, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 4: കാരൂര്‍ സോമന്‍)
മുന്തിരിത്തോപ്പുകളിലെ മണം

ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കുമ്പോള്‍ കഴിഞ്ഞു പോയ നാളുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ജാക്കി. എല്ലാം പെട്ടെന്നായിരുന്നു, ലോണിനപേക്ഷിച്ചതും പണം കിട്ടിയതും ലണ്ടനിലെത്തിയതുമെല്ലാം. നാട്ടിലിപ്പോഴും ഉരുകുന്ന ചൂടില്‍ വിയര്‍ത്തു പണിയുകയായിരിക്കും അച്ഛന്‍. അതാലോചിച്ചപ്പോള്‍ അവന്റെ നെഞ്ചൊന്നു നീറി. ജഗന്നാഥന്‍ മേസ്തിരിയെ നാട്ടുകാര്‍ക്കെല്ലാം കാര്യമാണ്. പണിയില്ലെങ്കില്‍ പട്ടിണിക്കാരനാണ്. എന്നും അന്നത്തെ അന്നത്തിനായി അധ്വാനിക്കുന്നു.  വയസ് അറുപതായി. അച്ചനും അമ്മയും എന്നും കഠിനാധ്വാനമാണ്. എന്നും ഇഷ്ടികകളോടും പാറകളോടും മണലിനോടും സിമന്റിനോടും ഏറ്റുമുട്ടിയാണ് അവരുടെ ജീവിതം. അമ്മയും അച്ചനൊപ്പം പണിക്ക് പോകാറുണ്ട്. എന്നിട്ടും വേദനകള്‍ നിറഞ്ഞ ഒരു ജീവിതം മാത്രം. അച്ഛന്‍ പണിതുയര്‍ത്തിയ പല കെട്ടിടങ്ങളും തലയുയര്‍ത്തി നില്ക്കുന്നത് നോക്കി നിന്നിട്ട് സ്വയം ചോദിക്കും. അച്ഛന്‍ എന്താണ് ഉയരാത്തത്? ആ സ്വഭാവം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ജീവിതത്തില്‍ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ല. സ്വന്തം അധ്വാനംകൊണ്ട് പട്ടിണിയില്ലാതെ ജീവിക്കണം.  താന്‍ വലിയ വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. അതുപോലൊരു കെട്ടിടം എനിക്ക് സ്വന്തമായി കെട്ടിപ്പൊക്കാന്‍ തനിക്കു കഴിയുമോ? താന്‍ വെറുമൊരു കല്‍പ്പണിക്കാരന്‍.
അച്ഛന്‍ ഒരു വീടുപണി ഏറ്റെടുത്താല്‍ അതിന്റെ ചുമതലയും ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുന്നു. തന്നാലാവും വിധം ഭംഗിയായി ചെയ്തു തീര്‍ക്കുന്നു. അതില്‍നിന്നും അധികമായി ഒരു പങ്കും എടുക്കാറില്ല. അതില്‍നിന്നും ലഭിക്കുന്ന സമ്പാദ്യം കൊണ്ടാണ് മകളെ നഴ്‌സിംഗ് പഠിപ്പിക്കുന്നത്.  എത്ര കഷ്ടപ്പെട്ടിട്ടും അധ്വാനിച്ചിട്ടും കടമെടുത്ത കാശ് ഇതുവരെ തിരിച്ചടയ്ക്കാനായിട്ടില്ല. ഇതിനിടയിലാണ് തന്റെ പഠിക്കാനുള്ള ആഗ്രഹം മുന്നോട്ട് വച്ചത്. അത് വെറുതെയല്ല. ഇന്ന് അധികാരത്തിലുള്ളവര്‍ക്കും കൈക്കൂലിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിധം സൗഭാഗ്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവരില്‍ പലരുടെയും മക്കള്‍ വിദേശത്ത് പഠിക്കുന്നു. ഈ സമ്പന്നരുടെ മധ്യത്തില്‍ തനിക്കും ജീവിക്കാനൊരു മോഹമുണ്ട്. തന്നെപ്പോലെയുള്ള പാവങ്ങള്‍ക്ക് ആരിലും വിശ്വാസമില്ല. ആരുമൊട്ടും സഹായിക്കാനുമില്ല. രാഷ്ടീയക്കാരായാലും മതത്തിലുള്ളവരായാലും അവരുടെ നിലനില്പാണ് പ്രധാനം. അതിന് തന്റെ കുടുംബത്തിലുള്ളവരും ഇരകളാണ്. എന്തായാലും വലിയൊരു ആഗ്രഹമാണ് വിദേശത്ത് പോയി പഠിക്കുക എന്നത്. അതും ബ്രിട്ടണില്‍തന്നെ പോകണം.

നമ്മുടെ നാട്ടില്‍ എത്രയോ ഉന്നത് വിദ്യാഭ്യാസമുള്ളവര്‍ തെക്കുവടക്ക് നടക്കുന്നു. അവരുടെ നൊമ്പരങ്ങള്‍ അറിയാന്‍ ആരുമില്ല. അതുമൂലം വഴിതെറ്റിപ്പോകുന്ന എത്രയോ ചെറുപ്പക്കാര്‍. മതവും രാഷ്ട്രീയവും വലത്തും ഇടത്തും നിന്ന് വിളവെടുപ്പ് നടത്തി സംതൃപ്തരായി മുന്നോട്ട് ജീവിക്കുന്നുണ്ട്. അച്ഛനൊപ്പം ഇഷ്ടികകള്‍ ഓരോന്നായി കെട്ടുമ്പോഴും മനസ് ശോകാകുലമായിരുന്നു. ലണ്ടനില്‍ പോയി ഒരു ഡിഗ്രിയെടുത്താല്‍ തീര്‍ച്ചയായും ലോകമെങ്ങും പരിഗണന ലഭിക്കും. ലണ്ടനിലെ പഠിത്തം അസാധ്യമെന്നിരിക്കെ അതിനെപ്പറ്റി സ്വപ്നം കാണേണ്ടതുണ്ടോയെന്നൊക്കെ അന്നു തോന്നിയിരുന്നു. മറ്റ് സമ്പന്നരും കൈക്കൂലിക്കാരും അഴിമതിക്കാരും വ്യവസായികളും മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്നതുപോലെ തന്നെപ്പോലുള്ള ഒരാള്‍ ആഗ്രഹിക്കാന്‍ പാടില്ല.

അച്ഛനൊപ്പം പൊരിവെയിലില്‍ പണിയുമ്പോഴും  മനം നിറയെ ലണ്ടനായിരുന്നു. കെട്ടിടങ്ങള്‍ മുകളിലേക്ക് ഉയരുന്നതുപോലെ തന്റെ ഭാവിയും ഉയരണമെന്നസ്വപ്നം കാണാത്ത ദിവസങ്ങളില്ല. ഒരുപക്ഷെ അമിത ആഗ്രഹമായിരിക്കാം. തനിക്കറിയാം കാപട്യം നിറഞ്ഞ ഈ ലോകത്ത് പാവപ്പെട്ടവരും ദരിദ്രരും നിത്യവും മരിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ പോരാടാന്‍ മനസ്സില്ലാഞ്ഞിട്ടല്ല. അതിനപ്പുറം മകനില്‍ മോഹപ്രതീക്ഷയുമായി ജീവിക്കുന്ന ഒരു കുടുംബം മുന്നിലുണ്ട്. ഇന്നുവരെ മകന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്ന മാതാപിതാക്കളാണ്. അതിന്റെ പ്രധാന കാരണം രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഒരാണ്‍കുഞ്ഞിനെ ലഭിച്ചതിലുള്ള സന്തോഷമാണ്്. പഠിത്തത്തിലും മകന്‍ മിടുക്കനായതിനാല്‍ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ അവര്‍ ഒരുക്കമാണ്. കണക്കിലും സയന്‍സിലുമുള്ള തന്റെ പ്രാവീണ്യത്തെ അധ്യാപകര്‍പോലും അംഗീകരിച്ചിട്ടുണ്ട്. ബി.എസ്.സി ഫസ്റ്റ് ക്ലാസില്‍ പാസായി.തുടര്‍ പഠനം മെഡിക്കല്‍ ഭാഗത്തായികാണാനാണ് ശ്രമിച്ചത്. മെഡിക്കല്‍ കോളേജുകളുടെ ലക്ഷങ്ങളുടെ അംഗത്വഫീസ് കേട്ടപ്പോള്‍ തനിക്ക് മാത്രമല്ല വീട്ടുകാര്‍ക്കും അമ്പരപ്പാണുണ്ടായത്. അതോടെ ഭാവി അനിശ്ചിതത്തിലായി. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ ധാരാളം മുഖസ്തുതികളുടെ ആശംസകള്‍ ലഭിച്ചു.  ജീവിതസുരക്ഷ മാത്രം ലഭിച്ചില്ല. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് പഠിക്കാന്‍ നിവൃത്തിയില്ല. അതിലൊട്ട് താല്പര്യവുമില്ല. ഇവിടുത്തെ ഗതി അധോഗതിയായി കണ്ടതുകൊണ്ടാണ് ലണ്ടനില്‍പോയി പഠിക്കാന്‍ മനസ്സുണ്ടായത്. അത് ജീവിതത്തിലെ വലിയൊരു മോഹമാണ്. അതിനാല്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തണം. ഈ വിഷയം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ പരസ്പരം നോക്കി നിശബ്ദരായിരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ബാങ്ക് ലോണ്‍ കിട്ടുമെന്ന് ഉറപ്പില്ല. പിന്നെങ്ങനെ മകന്റെ ആഗ്രഹം പ്രോത്സാഹിപ്പിക്കുമെന്നറിയാതെ അച്ഛനുമമ്മയും നിന്ന കാഴ്ച ഇപ്പോഴും ജാക്കിയുടെ മനസിലുണ്ട്.

പക്ഷേ വിധി തനിക്കൊപ്പമായിരുന്നു. ആ ദിവസത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ജാക്കിയുടെ മുഖത്ത് അറിയാതെ പുഞ്ചിരി വിടര്‍ന്നു.  പതിവു പോലെ അന്നും അച്ഛനൊപ്പം പണിക്കു വന്നിരുന്നു. ലണ്ടനെന്ന മോഹമൊക്കെ പതിയെ മനസില്‍ നിന്നും വാടിക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.  കൈയ്യിലിരുന്ന ഇഷ്ടികകയിലേക്ക് നോക്കി നില്ക്കുമ്പോഴാണ് ഒരാള്‍ ഉറക്കെ ചുമയ്ക്കുന്ന ശബ്ദം കാതിലെത്തിയത്. അത് അച്ഛനായിരുന്നു. അച്ഛന്റെ ശരീരം വല്ലാതെ വിയര്‍ത്തിരുന്നു.  തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടച്ചു. അച്ഛന്‍ അടുത്തു വന്നുനിന്ന് വിളിച്ചു. ""ജാക്കീ,'' അവന്‍ അച്ഛനെ നോക്കി. ആ മുഖത്ത് സ്‌നേഹത്തിന്റെ തെളിച്ചം. ജഗന്നാഥന്‍ സ്‌നേഹപൂര്‍വ്വം മകനെ നോക്കി പറഞ്ഞു.

"" നീ കഴിഞ്ഞ രാത്രി പറഞ്ഞില്ലേ വീടും പറമ്പും വച്ചാല്‍ ബാങ്കുകള്‍ ലോണ്‍ തരുമെന്ന്. നീ പോയിട്ടൊന്ന് തെരക്ക്. നിന്റെ ആഗ്രഹത്തിന് ഞങ്ങള്‍ എതിരല്ല. പോയിട്ട് വാ.
"" ആ വാക്കുകള്‍ കേട്ട് അച്ഛന്റെ മുഖത്തേക്ക് സന്തോഷത്തോടെ ദൃഷ്ടിയുറപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ അളവറ്റ ആനന്ദം തോന്നി. വിശ്വസിക്കാനാവാതെ നിന്ന തന്റെ തോളിലൊന്നു തട്ടി.

 ""നീ പോയി തെരക്കെടാ''  അച്ഛന്‍ പിന്നെയും പണിയില്‍ മുഴുകി. അപ്പോള്‍ തോന്നിയ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്നില്ലായിരുന്നു ജാക്കിക്ക്.
അവന്‍ പെട്ടെന്ന് കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും മുഖവും കഴുകി തുടച്ചിട്ട് അടുത്തുള്ള മരച്ചുവട്ടിലേക്ക് നടന്നു. മരത്തില്‍ തൂക്കിയിട്ടിരുന്ന ഉടുപ്പും പാന്റും ധരിച്ച് പണിവസ്ത്രങ്ങള്‍ അടുത്തുള്ള ചായ്പിലെ അയയില്‍ തൂക്കിയിട്ടിട്ട് മോളിചേച്ചിയോട് പറഞ്ഞിട്ട് റോഡിലേക്ക് ഇറങ്ങി നടന്നു. കൂട്ടുകാരനെ ബൈക്കുമായി എത്താന്‍ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും പ്രകാശന്‍ എത്തി. മനസ്സാകെ പൂത്തുലയുകയാണ്. റോഡിലൂടെ സഞ്ചരിക്കുമ്പോഴും മനസ്സ് ഒരു വിമാനത്തിനുള്ളിലായിരുന്നു. മനസിന്റെ ആഗ്രഹം അച്ഛന്‍ അനുവദിച്ചത് ഒരു അനുഗ്രഹമായി തോന്നി. ചാരുമ്മൂട് ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചതും യാത്രയുമെല്ലാം പെട്ടെന്നായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക