Image

വാല്മീകി രാമായണം ഇരുപതാം ദിനം (ദുര്‍ഗ മനോജ്)

Published on 05 August, 2019
വാല്മീകി രാമായണം ഇരുപതാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം
ഒന്ന് മുതല്‍ ഇരുപത്തിനാല് വരെ സര്‍ഗ്ഗങ്ങള്‍ 

സീതയെ കണ്ടെത്തി എന്ന വാര്‍ത്ത കേട്ട് ഏവരും സന്തോഷിച്ചു. ലങ്കയെക്കുറിച്ചും അവിടുത്തെ സേനാ സന്നാഹങ്ങളെക്കുറിച്ചും കൃത്യമായി മാരുതി ഏവരേയും അറിയിച്ചു. പിന്നെ എല്ലാവരും സമുദ്രതീരത്തേക്ക് യാത്ര തിരിച്ചു. സമുദ്രതീരത്തെത്തിയ രാമന്‍ സീതയെ ഓര്‍ത്ത് സന്ധ്യാവന്ദനം കഴിച്ചു.

ഈ സമയം ലങ്കയില്‍ രാവണന്‍ സഭ വിളിച്ചു കൂട്ടി ഹനുമാന്‍ ലങ്കക്കു വരുത്തിയ നാശങ്ങളെക്കുറിച്ചും, സീതയെ വീണ്ടടുക്കുവാന്‍ രാമനും വാനര സൈന്യവും വന്നെത്തിയാല്‍ എന്ത് ചെയ്യണമെന്നും ആലോചിച്ചു.

മന്ത്രിമാര്‍ ഏവരും ഒന്നും ഭയക്കുവാനില്ലെന്നും വാനരപ്പടയും രാമനും രാവണന് ഒരു ഭീഷണിയേ അല്ല എന്നും ധരിപ്പിച്ചു. എന്നാല്‍ വിഭീഷണന്‍ മാത്രം രാമനുമായി ഏറ്റുമുട്ടുന്നത് നല്ലതിനാകില്ല എന്ന് പറയുകയും സീതയെ വിട്ടയക്കുന്നതാണ് ഉചിതമെന്ന് ഉപദേശിക്കുകയും ചെയ്തു. ഈ സമയം കുംഭകര്‍ണ്ണനും രാവണന്‍ ചെയ്തത് ശരിയായില്ലെന്നും രാമനില്‍ നിന്ന് സീതയെ അപഹരിച്ചത് തെറ്റായി എന്നും പറഞ്ഞു. എങ്കിലും ഈ പ്രത്യേക പരിതസ്ഥിതിയില്‍ ശത്രു ആരുതന്നെ ആയാലും നശിപ്പിച്ച് തരാം എന്ന് സമ്മതിച്ചു. അപ്പോഴും വിഭീഷണന്‍, രാവണനോട് യുദ്ധത്തില്‍ നിന്നും പിന്മാറണം എന്നുതന്നെ ഉപദേശിച്ചു. ഈ ഘട്ടത്തില്‍ ഇന്ദ്രജിത്ത് ഇടപെട്ട് വിഭീഷണന്‍ രാമപക്ഷത്തു നിന്ന് സംസാരിക്കുകയാണ് എന്ന് അധിക്ഷേപിച്ചു. അതുകേട്ട് രാവണനും വിഭീഷണനെ പരുഷം പറഞ്ഞു. ഇതോടെ വിഭീഷണന്‍ നാല് അനുചരന്മാര്‍ക്കൊപ്പം രാവണ സന്നിധി വിട്ട് രാമസവിധത്തിലേക്ക് യാത്രയായി. അവിടെ എത്തിയ വിഭീഷണനെ ആദ്യം രാമന്‍ സംശയത്തോടെ വീക്ഷിച്ചുവെങ്കിലും പിന്നീട് കൂടെക്കൂട്ടാം എന്ന് തീരുമാനിച്ചു സഖ്യം ചെയ്തു. ഈ സമയം രാവണന്‍, ശുകന്‍ എന്നൊരു ദൂതനെ പക്ഷിരൂപത്തില്‍ രാമന് അടുത്തേക്ക് അയച്ചു. അവനെ പിടികൂടിയ മര്‍ക്കടന്‍മാര്‍ അവന്റെ തൂവല്‍ പറിച്ച് കൊല്ലുവാന്‍ തുടങ്ങിയെങ്കിലും രാമന്‍ അത് തടഞ്ഞു, അവനെ വിട്ടയക്കാതെ തടങ്കലില്‍ വച്ചു.

അത്രയുമായപ്പോള്‍ എങ്ങനെ സമുദ്രതരണം നടത്തുമെന്നോര്‍ത്ത് രാമന്‍ സങ്കടത്തിലായി. അനന്തരം ക്രോധം കൊണ്ട് ജ്വലിച്ച രാമന്‍ സമുദ്രം വറ്റിക്കുമെന്ന് പറഞ്ഞ് ബ്രഹ്മാസ്ത്രം തൊടുക്കാനൊരുങ്ങി. ഈ സമയം വരുണന്‍ പ്രത്യക്ഷപ്പെട്ട്, സമുദ്രത്തില്‍ ചിറകെട്ടുകയാണെങ്കില്‍ അത് കടലിനടിയില്‍പ്പോകാതെ താങ്ങിനിര്‍ത്താം എന്ന് അനുഗ്രഹിച്ചു. അതിന്‍പടി, വാനരര്‍ കല്ലും മരങ്ങളും കൊണ്ട് പെരുംചിറ കെട്ടി. ഏവരും സമുദ്രം താണ്ടി.

ഏറ്റവും അസാധ്യം എന്ന് കരുതുന്ന ഒരു കാര്യമാണ് വാനരന്മാരുടെ സഹായത്താല്‍ സാധ്യമാക്കിയത്. മരങ്ങളും കല്ലുകളും കൊണ്ട് നിര്‍മ്മിക്കുന്ന പാലം, അതിലൂടെ കടന്നുപോകുന്ന അസംഖ്യം വാനരസേനാഗങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇവിടെ ഏവരുടേയും ഇച്ഛയുടെ പൂര്‍ത്തീകരണമാണ് സംഭവിച്ചത്. രാമായണത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം. രാവണനെ നേരിടാന്‍ സമുദ്രം താണ്ടുന്ന വാനര സൈന്യം. അസാധ്യമെന്നത് സാധ്യമാക്കുന്ന കാഴ്ച!

ഇരുപതാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക