ഇട്ടിക്കോര മുതൽ മാമാ ആഫ്രിക്ക വരെ: അനീതിക്കെതിരെ അക്ഷരങ്ങളുടെ കലാപങ്ങള്‍! (വിജയ് സി. എച്ച്)

Published on 09 September, 2019
ഇട്ടിക്കോര മുതൽ മാമാ ആഫ്രിക്ക വരെ: അനീതിക്കെതിരെ അക്ഷരങ്ങളുടെ കലാപങ്ങള്‍! (വിജയ് സി. എച്ച്)
'ആല്‍ഫ'യും, ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യും, 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'യും, 'സിറാജുന്നിസ'യും കഴിഞ്ഞു, ടി. ഡി. രാമകൃഷ്ണന്‍! 'മാമ ആഫ്രിക്ക'യിലെത്തി നില്‍ക്കുന്നു!

ഈയിടെ 'മാമ ആഫ്രിക്ക'യോടൊപ്പം വിപണിയിലെത്തിയ മറ്റു കഥകളേക്കാള്‍ ടിഡിയുടെ നോവല്‍ സര്‍ഗ്ഗാത്മകതയില്‍ മികച്ചതാണെന്നും, കൂടുതല്‍ പുരസ്കാരങ്ങള്‍ ഈ എഴുത്തുകാരനെ തേടിയെത്തുമെന്നുമുള്ള ചില അവലോകനങ്ങള്‍ വായിക്കാനിടയായതാണ് അദ്ദേഹത്തെ കണ്ടൊന്നു സംസാരിക്കാന്‍ എനിക്കു പ്രചോദനമായത്.

ഇതുവരെ നേടിയ കേരള സാഹിത്യ അക്കാദമി, വയലാര്‍, മലയാറ്റൂര്‍, ബഷീര്‍, കോവിലന്‍ അവാര്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ ടിഡി അര്‍ഹിക്കുന്ന അംഗീകാരത്തിന്‍റെ ചെറിയ ഒരംശം മാത്രമേയുള്ളൂവെന്നു വിശ്വസിക്കുന്നവരാണ്, പുതിയതായി കടകളിലെത്തുന്ന ഒരോ മലയാളം ഫിക്ഷനും വാങ്ങി ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്തു അതേപറ്റി അടുത്ത വായനവരെ ഗൗരവമേറിയ സാഹിത്യ ചര്‍ച്ചകളിലേര്‍പ്പെടുന്ന എന്‍റെ ചില സുഹൃത്തുക്കള്‍!

എന്നാല്‍, എഴുത്തില്‍ ഏറെ വൈകിയെത്തിയ തനിക്ക് വലിയ അംഗീകാരങ്ങള്‍ക്കൊന്നും ഇനി അവസരങ്ങളില്ലെന്നാണ് ടിഡി കരുതുന്നത്.

"കുറെ ഗവേഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിച്ചു, വലിയ പ്രതീക്ഷയോടെ എഴുതിയ 'സുഗന്ധി'ക്കും, അതിനു മുന്നെ ഇറങ്ങിയ 'ഇട്ടിക്കോര'ക്കും കൂടുതല്‍ വായനക്കാര്‍തന്നെ ഉണ്ടാകുമെന്നു ഞാന്‍ കരുതിയിരുന്നില്ല," ടിഡി തുറന്നു പറയുന്നു, പുരസ്കാരങ്ങളെല്ലാം പിന്നീടുള്ള കാര്യങ്ങളല്ലേയെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട്!

 'മാമ ആഫ്രിക്ക' ഏറ്റവും പുതിയ പുസ്തകമാണെങ്കിലും, ഇതിനാധാരം ടിഡിയുടെ പഴയ ഒരു ജീവിതാനുഭവമാണെന്ന് അറിയുന്നു. ആ പശ്ചാത്തലം ഒന്നു വ്യക്തമാക്കാമോ?


കോളേജില്‍ പഠിക്കുന്ന കാലത്ത്, തൂലികാ സൗഹൃദത്തിന് താല്‍പര്യമുള്ളവര്‍ക്കൊക്കെ കത്തെഴുതുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. മിക്കവാറും മറുപടികളൊന്നും കിട്ടാറില്ല.

എന്നാല്‍, എന്നെ വിസ്മയിപ്പിച്ചുകൊണ്ട് ഒരിക്കല്‍ ഒരു മറുപടി വന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ മെക്കാരെരെ യൂനിവേര്‍സിറ്റിയില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ. മലയാളത്തില്‍. ഒന്നാം തരം കയ്യക്ഷരം! വല്ലാതെ ഇഷ്ടം തോന്നി. ഇംഗ്‌ളീഷിലൊന്നും എഴുതി ബുദ്ധിമുട്ടേണ്ട, മലയാളത്തില്‍തന്നെ എഴുതിയാല്‍മതിയെന്നൊക്ക പറഞ്ഞ്...

അന്നെനിക്ക് 19 വയസ്സാണ്. ഇത്രയും ദൂരത്തുനിന്ന് ഒരു പെണ്‍കുട്ടിയുടെ കത്ത്, അതും മലയാളത്തില്‍! ആ കുട്ടിയും, ആ കുട്ടി എഴുതിയ കത്തിലെ കാര്യങ്ങളും എന്‍റെ മനസ്സില്‍ എന്തൊക്കെയോ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ ചിന്തകള്‍ ഉള്ളിലങ്ങിനെ ശോഭ കുറയാതെ കിടക്കുകയും ചെയ്തു.

'മാമ ആഫ്രിക്ക'യില്‍ പല കത്തുകളെക്കുറിച്ചു പറയുന്നതെല്ലാം സങ്കല്‍പ്പമാണ്. എനിക്ക് ആകെ ഒരു കത്തു മാത്രമേ ലഭിച്ചിട്ടുള്ളൂ.

ആ കത്തെഴുതിയ പെണ്‍കുട്ടിയാണോ 'മാമ ആഫ്രിക്ക'യിലെ യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥ്?

 അല്ല, ആ കുട്ടിയുടെ സ്ഥാനത്ത് ഞാന്‍ പ്രതിഷ്ഠിച്ച നായികയാണ് താരാ വിശ്വനാഥ്.
എല്ലാം അന്യംവന്നുകൊണ്ടിരിക്കുന്നൊരു സാഹചര്യത്തില്‍, ആ തൂലികാ സുഹൃത്തിന് തന്‍റെ മാതൃഭാഷയോടും സംസ്കൃതിയോടും തോന്നുന്ന പ്രതിപത്തിയും, മറ്റൊരു രാജ്യത്ത് സ്വത്വവും സ്വാതന്ത്യ്രവും നിലനിര്‍ത്താനുള്ള വ്യഗ്രതയും വികസിപ്പിച്ചെടുത്തപ്പോഴാണ് 'മാമ ആഫ്രിക്ക'യുണ്ടായത്.

റെയില്‍വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു, ഒരു നൂറ്റാണ്ടുമുന്നെ കേരളത്തില്‍നിന്നും ആഫ്രിക്കയിലേക്കു പോയി, പിന്നീടവിടെ പ്രവാസികളായി കഴിയേണ്ടിവന്നവരുടെ മൂന്നാം തലമുറയില്‍ ഉള്ളവളായാണ് താര വരുന്നത്. താരയുടെ മാതൃഭാഷ കിഴക്കന്‍ ആഫ്രിക്കയിലെ പൊതു സംസാരഭാഷയായ സ്വഹിലിയും, പിതൃഭാഷ മലയാളവുമാണ്.

 അതാണല്ലേ, 'മാമ ആഫ്രിക്ക'? 'മാമ'യെന്നാല്‍, അമ്മ... താരയുടെ അമ്മയാണ് ആഫ്രിക്ക...


 അതെ. തന്നെയുമല്ല, ആഫ്രിക്കയിലെ ഒരു സ്ത്രീയില്‍ നിന്നുണ്ടായ ഒരു സമുദായത്തില്‍നിന്നാണ് ഭൂമുഖത്തു കാണുന്ന എല്ലാ മനുഷ്യരുടേയും ഉല്‍പ്പത്തിയെന്ന മറ്റൊരു ചിന്താധാരയുമുണ്ടല്ലൊ!

ആ കത്തും, അല്‍പ്പം ചരിത്രവുമൊഴിച്ചാല്‍, ബാക്കിയെല്ലാം ഭാവനകളാണെന്നു മനസ്സിലാക്കട്ടെ. എന്നാല്‍, പട്ടുകൊണ്ട് ആവരണം ചെയ്ത രാമായണം ഒരു 'ചുവപ്പന്‍' പുസ്തകമായി ആഫ്രിക്കന്‍ പട്ടാളക്കാര്‍ തെറ്റിദ്ധരിക്കുന്നതും, ജനാധിപത്യത്തിലൂടെ ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ആദ്യമായി ഭരണത്തില്‍ വന്നതിനെ നിന്ദിക്കുന്നതുമൊക്കെ വായനക്കാരെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്...

 പല ആഫ്രിക്കന്‍ രാജ്യങ്ങളിലും, ലോകത്ത് പലയിടത്തും കമ്മ്യൂണിസ്റ്റുകാരെ ഇപ്പോഴും കാണുന്നത് കലാപകാരികളായിട്ടാണ്. താരയുടെ പിതാവിനെ അവര്‍ വധിച്ചതും അട്ടിമറി ആരോപിച്ചാണ്.എന്‍റെ കഥകളില്‍ സങ്കല്‍പ്പങ്ങളും, മിത്തുകളും, പുരാവൃത്തങ്ങളും, യാഥാര്‍ത്ഥ്യങ്ങളും, ചരിത്രങ്ങളും ഇടകലര്‍ന്നുവരുന്നതും, അവയെ വേര്‍തിരിച്ചറിയാന്‍ വായനക്കാരനു കഴിയാത്തൊരവസ്ഥയുണ്ടാവുന്നതും മനപ്പൂര്‍വ്വമല്ല. എല്ലാം അങ്ങിനെ സംഭവിച്ചു പോകുന്നതാണ്!

എഴുതാന്‍ ആരംഭിച്ചാല്‍ കഥയുടെ ഗതി സര്‍ഗ്ഗ നിര്‍!ഗമനമനുസരിച്ചാണ്! വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിണമെന്നതൊഴിച്ചാല്‍, ഫിക്ഷന്‍ രചനയില്‍ എനിക്കു മറ്റു അനുഭാവങ്ങളോ, ഉപാധികളോയില്ല.

 ത്രില്ലര്‍ സ്വഭാവമുണ്ടെന്നു മാത്രമല്ല, ടിഡിയുടെ ഫിക്ഷന്‍ രചനയുടെ പ്രാഥമികമായ ക്രാഫ്റ്റ് തന്നെ മറ്റു ഗ്രന്ഥകാരന്മാരില്‍നിന്നും വിഭിന്നമായി തോന്നുന്നു. ആ തനിമ ഒന്നു വ്യക്തമാക്കാമോ?

 ഒരു യാഥാര്‍ത്ഥ്യം, മനസ്സില്‍ നിന്നു വിട്ടുപോകാത്ത ഒരനുഭവം, അല്ലെങ്കില്‍ ഒരു ചരിത്ര ശകലം, എനിക്കു സ്വിമ്മിംഗ് പൂളിലെ ഡൈവിങ് ബോഡുപോലെയാണ്! മുന്നോട്ടു കുതിക്കാന്‍ മാത്രമേ അതു വേണ്ടൂ.

ബോഡില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ, ആ ഡൈവറുടെ സഞ്ചാര പഥം അയാളുടെ പോലും നിയന്ത്രണത്തിലല്ല. എന്തൊക്കെയോ ആരാഞ്ഞ് എവിടെയൊക്കയോ എത്തുന്നു! യാഥാര്‍ത്ഥ്യമായിരുന്ന ആ ബോഡില്‍ നിന്ന് അയാള്‍ അകന്നകന്നു പോകുന്നു. എന്‍റെ ഫിക്ഷന്‍ രചനയും ഇതുപോലെയാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ തന്നെ വിശ്വസിക്കാത്ത കാര്യങ്ങളിലേക്കുവരെ ഊളിയിട്ടെത്താറുണ്ട്! ഒരു ഉന്മാദത്തിലാണ് എല്ലാം നടക്കുന്നത്!

കഥനചാതുര്യം ഉണ്ടെങ്കിലും, വൈല്‍ഡ് ഫേന്‍റസിയുടെ മകുടോദാഹരണമാണ് ടിഡിയുടെ 'ഇട്ടിക്കോര'! ലൈംഗികശേഷി വീണ്ടെടുക്കാന്‍ നരമാംസഭോജനം (കാനിബാലിസം) നിര്‍ദ്ദേശിക്കുന്നു! ജീവിത്തിലും ജീവിത മാര്‍ഗ്ഗങ്ങളിലുമുള്ള തത്വദീക്ഷയില്ലായ്മയും പുരുഷമേധാവിത്വവും മഹത്വവല്‍ക്കരിക്കുന്നു! ചരിത്രം അതിസമര്‍ത്ഥമായി വളച്ചൊടിക്കുന്നു! രതിവൈകൃതമുള്‍പ്പെടെ ഈ പുസ്തകത്തില്‍ പാടിപ്പുകഴ്ത്താത്ത അരാജകത്വങ്ങളൊന്നുമില്ല. വായനക്കാരെ വഴിതെറ്റിക്കുന്ന ഈ വക കഥകള്‍ നിരോധിക്കണം എന്നുവരെ മുതിര്‍ന്ന സാഹിത്യകാരന്മാര്‍ മുറവിളി കൂട്ടിയിരുന്നു...


കേട്ടുകേള്‍വികളും, കെട്ടുകഥകളും, നുണകളും ചേര്‍ത്തു പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇതെന്നു പറഞ്ഞുകൊണ്ടാണ് ഞാന്‍ ഈ പുസ്തകം തുടങ്ങുന്നതുതന്നെ. ആയതിനാല്‍, അതിഭാവുകത്വവും അരാജകത്വവുമെല്ലാം ആ നിലക്കുതന്നെ വീക്ഷിച്ചാല്‍ പോരേ?
ഞാനെഴുതുന്ന പലതും ഞാന്‍ തന്നെ വ്യക്തിപരമായി സ്വീകരിക്കാത്ത സംഭവങ്ങളാണ്! നരമാംസം പോയിട്ട്, ആടോ, കോഴിയോ, മീനോ, ജീവിതത്തില്‍ ഒരിക്കല്‍ പോലും കഴിച്ചിട്ടില്ലാത്ത ഒരാളാണ് ഞാന്‍! ഞങ്ങള്‍ പാരമ്പര്യമായി പ്യൂര്‍ വെജിറ്റേറിയന്‍സാണ്. ബ്രാഹ്മണ്യം ഉപജീവന മാര്‍ഗ്ഗമായി ഞങ്ങളാരും സ്വീകരിച്ചില്ലെന്നേയുള്ളൂ.

ഈ കഥയുടെ ആസ്ഥാനം എന്‍റെ ജന്മനാടായ കുന്നംകുളമാണ്. കേരളത്തിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പതിനെട്ടാം കൂറ്റുകാര്‍ എന്ന ഒരു വിഭിന്ന ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവര്‍ വിദേശ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ട കഥകള്‍ ഇവിടെ സുലഭമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ കുന്നംകുളത്തു ജീവിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ 79 സന്താനങ്ങളുടെ പിന്‍ഗാമികളാണവര്‍. കുട്ടിക്കാലം മുതല്‍ കേട്ടു കൊണ്ടിരിക്കുന്നതാണ് ഇവരുടെ കഥകള്‍. ഇട്ടിക്കോര എന്ന പേരുതന്നെ ഈ പ്രദേശത്താണ് ഏറെ സാധാരണയായിട്ടുള്ളത്.

'ആല്‍ഫ' മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷനും ടിഡിയുടെ പ്രഥമ പുസ്തകവും. ആന്ത്രപ്പോളജി പ്രൊഫസ്സറായിരുന്ന ഉപലേന്ദു ചാറ്റര്‍ജിയുടെ പരീക്ഷണം! എന്നാല്‍, 'മലയാളികളുടെ ഉറക്കം കെടുത്താന്‍ പോന്നതെന്ന്' നിരൂപകര്‍ വിശേഷിപ്പിച്ച രണ്ടാമത്തെ നോവല്‍ 'ഇട്ടിക്കോര'യാണ് വായനക്കാര്‍ നെഞ്ചോടു ചേര്‍ത്തത്. കാരണം?

വായനക്കാരുടെ മാറിവരുന്ന അഭിരുചി. 1990 മുതലുള്ള കാലത്താണ് മലയാളികളുടെ നോവല്‍ വായന ഏറെ കുറഞ്ഞു പൊയത്. എന്നാല്‍ 2009ല്‍ ഇറങ്ങിയ 'ഇട്ടിക്കോര'യിലൂടെ അത് തിരിച്ചു വരുകയായിരുന്നു. മലയാളം ഫിക്ഷന്‍ വായനക്കാര്‍ ഏറെ ഉത്സാഹത്തോടെ ഇതു സ്വീകരിച്ചു. ഇപ്പോള്‍ വിപണിയിലുള്ളത് പതിനാറാം പതിപ്പാണ് !

'ഇട്ടിക്കോര'യും, 'സുഗന്ധി'യും ബെസ്റ്റ് സെല്ലേര്‍സാണ്! 'മാമ'യും നന്നായി മൂവുചെയ്യുന്നുവെന്നാണ് ഇതുവരേയുള്ള ഫീഡ്‌ബേക്ക്.

 'സുഗന്ധി'ക്കു ഇന്ത്യയിലെ ചേരചോളപാണ്ഡ്യ രാജവംശങ്ങളടങ്ങുന്ന ഭൂമിക! ശ്രീ ലങ്കയിലെ സിംഹളതമിഴ് വംശീയ കലാപം കഥയുടെ ചട്ടക്കൂട്! സത്യമേത് മിഥ്യയേത് എന്നറിയാതെ വായനക്കാര്‍ വലയുന്നുണ്ട്! എത്രയുണ്ട് 'സുഗന്ധി'യിലെ യാഥാര്‍ത്ഥ്യങ്ങള്‍?


 സങ്കുചിത ദേശീയതയുടെ വിമര്‍ശകയും ശ്രീലങ്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന ഉൃ. രജനി തിരണഗാമയും, അവരുടെ ‘ചീ ങീൃല ഠലമൃ െടശേെലൃ’എന്ന ഡോക്യുമെന്‍ന്‍ററിയും യാഥാര്‍ത്ഥ്യമാണ്.
കൂടാതെ, വംശീയ കാരണങ്ങളാല്‍ യുദ്ധത്തിനു മുന്‍പും പിന്‍പും ആ സമൂഹത്തില്‍നിന്ന് ബഹിഷ്കൃതരാകുന്ന കുറെ മനുഷ്യരുടെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും, കലാപം അടിച്ചമര്‍ത്തിയതിനു ശേഷം സ്വേച്ഛാധിപതികളായി മാറിയ ശ്രീലങ്കന്‍ ഭരണാധികാരികളും.
ഇത്രയുമായിരുന്നു ഈ നോവലിന്‍റെ ഡൈവിങ് ബോഡ്.

പീറ്റര്‍ ജീവാനന്ദവും, സുഗന്ധിയും, സുഗന്ധിയുടെ ആണ്ടാള്‍ പദവിയിലുള്ള പുതിയ രൂപമായ ദേവനായകിയുമെല്ലാം കഥ പറയാനായി ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളാണ്!

'സിറാജുന്നീസ'യിലെ സിറാജുന്നീസ പുത്തൂരിലെ (പാലക്കാട്) വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ആ കുട്ടിക്കു ഇന്ത്യയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മൂന്നു ദുരന്തങ്ങള്‍ സങ്കല്‍പ്പിച്ചെഴുതുന്ന ആ കഥക്ക് 'മാമ'യുടെ വിശാലമായ കേന്‍വാസോ, 'ഇട്ടിക്കോര'യുടേയോ, 'സുഗന്ധി'യുടേയോ ഗാംഭീര്യമോ, 'ആല്‍ഫ'യുടെ ശാസ്ത്രീയതയോ ഇല്ലെന്ന വിമര്‍ശനത്തെ എങ്ങിനെ നേരിടുന്നു?

എന്‍റെ മറ്റു നോവലുകളുടെ രീതികളുമായി
അസമാനതയുള്ളതാണ് 'സിറാജുന്നീസ'യിലെ കഥകളെന്ന നിരീക്ഷണം ശരിയാണ്. സാമ്പ്രദായിക രീതികളില്‍നിന്നു വിയോജിച്ചിട്ടുണ്ട്.
'വെറുപ്പിന്‍റെ വ്യാപാരിക'ളിലും, 'ബലികുടീരങ്ങളേ'യിലും സൂക്ഷിച്ചു നോക്കിയാല്‍ അല്‍പ്പം ആഗോളതലം കാണാമെങ്കിലും, ഈ പുസ്തകത്തിലെ ഏഴു കഥകളുടേയും വേരുകള്‍ പൊതുവെ പ്രാദേശികമാണ്. ദേശീയതയിലേക്ക് എത്തുന്നുണ്ടാവാം, പക്ഷെ, സാര്‍വ ലൗകികതയില്ല. ഇതും മനഃപൂര്‍വ്വമായിരുന്നില്ല, സമകാലിക സംഭവങ്ങളുടെ പ്രബോധനമായിരുന്നു.
രാജ്യത്തെ ഫാഷിസ്റ്റ് പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സിറാജുന്നീസ എന്ന ബാലികയുടെ ചരിത്രം. നമ്മുടെ വ്യവസ്ഥിതിയുടെ നിസ്സങ്കതയോ സമൂഹത്തില്‍ കാണുന്ന അസഹിഷ്ണുതയോ കാരണമാവട്ടെ, സിറാജുന്നീസ ദണ്ഡനം അനുഭവിക്കുന്നവരുടെ പ്രതിരൂപമാണ്.

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒരു പതിനൊന്നു വയസ്സുകാരി അക്രമാസക്തമായ ഒരു കൂട്ടം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും, തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് അവള്‍ മരിച്ചതെന്നുമായിരുന്നു പോലീസ് കോടതിയില്‍ ഹാജരാക്കിയ എകഞ.

പ്രബുദ്ധ കേരളത്തിലാണ് ഇതെല്ലാം നടന്നതെന്നോര്‍ക്കണം! മാറിമാറി വന്ന സര്‍ക്കാരുകളും പത്രങ്ങളും വേണ്ടുവോളം ഈ സംഭവം ആഘോഷിച്ചു. ഒടുവില്‍, സിറാജുന്നീസ നിരപരാധിയാണെന്നും, അവള്‍ ഒരു കലാപത്തിനും നേതൃത്വം നല്‍കിയിട്ടില്ലെന്നും തെളിയിക്കാന്‍ നമ്മുടെ വ്യവസ്ഥിതി ഒരു ദശാബ്ദമെടുത്തു!

നഷ്ടപ്പെട്ട അവളുടെ ജീവനോ?

സമൂഹത്തില്‍ എന്‍റെ നേര്‍ക്കുനേര്‍ കാണുന്ന അനീതികള്‍ക്കെതിരെ നിരന്തരം അക്ഷരങ്ങളെക്കൊണ്ടു കലഹിക്കുന്നവനാണ് ഞാന്‍. എന്‍റെ വിയോജിപ്പുകള്‍ എന്‍റെ സൃഷ്ടികളില്‍ പ്രതിഫലിക്കും!

'സിറാജുന്നീസ'യൊഴിച്ചുള്ള ടിഡിയുടെ എല്ലാ കഥകളും മനുഷ്യന്‍റെ സ്വാര്‍!ത്ഥതയും, ആര്‍ത്തിയും ധിഷണാ വൈഭവത്തോടെത്തന്നെ വ്യാഖ്യാനിക്കുകയോ തുറന്നു കാട്ടുകയോ ചെയ്യുന്നു. എന്നാല്‍, ഒന്നിനേയും അസന്ദിഗ്ദ്ധമായി അപലപിച്ചു കാണുന്നില്ല. എന്തുകൊണ്ടാണിത്?

എഴുത്തുകാരന്‍ നിസ്സഹായനാണ്! പണ്ട്, എഴുതുന്നവന് വായനക്കാരനുമേല്‍ സ്വാധീനമുണ്ടായിരുന്നു. എഴുത്തിലൂടെ തന്‍റെ അനുവാചകനെ നേര്‍വഴിക്കു നയിക്കുവാനും കഴിഞ്ഞിരുന്നു. ആ കാലം കഴിഞ്ഞു!

പുതിയ ലോകത്ത് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അന്തരം തുലോം കുറവാണ്! എഴുത്തുകാരന് വായനക്കാരനെ ഉപദേശിക്കാനുള്ള അവകാശമില്ല. ചില കാര്യങ്ങള്‍ തുറന്നു പറയാം, അപലപിക്കാനാവില്ല! അവതരിപ്പിച്ച കാര്യത്തിന്‍റെ സ്വീകര്യത വായനക്കാരന്‍റെ ഇച്ഛാനുസൃതമാണ്!

മനുഷ്യന്‍റെ അഭിലാഷത്തിനും, ആസക്തിക്കും, സ്വാര്‍!ത്ഥതക്കുപോലും സമൂഹത്തെ സംരക്ഷിച്ചു പോരുന്നതില്‍ പങ്കുണ്ട്. ബുദ്ധന്‍ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍, ആഗ്രഹങ്ങളാണ് മനുഷ്യന് ജീവിക്കാനുള്ള പ്രചോദനംതന്നെ.

തനിക്കു വലിയൊരു വീടുവേണമെന്ന മോഹം ഉള്ളതു കൊണ്ടാണ് ഗള്‍ഫുകാരന്‍ ഒരു കോടി ആ വഴിക്കു ചിലവാക്കുന്നത്. മെറ്റീരിയല്‍സിന് 50 ലക്ഷവും, ബാക്കി 50, തൊഴിലാളികള്‍ക്കും കിട്ടുന്നു. അയാള്‍ ആ സംഖ്യ ബേങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്തതെങ്കില്‍, ഇത്രയും തൊഴിലാളികളുടെ കുടുംബം പുലരുമായിരുന്നോ? ബുദ്ധിസത്തിന്‍റെ പരാജയ കാരണമിതാണ്. കമ്മ്യൂണിസം ഇപ്പോഴും നിലനില്‍ക്കുന്നത് സ്വകാര്യ ഉടമസ്ഥത അല്‍പ്പമെങ്കിലും അനുവദിച്ചതുകൊണ്ടുമാണ്!

നമുക്കു നമ്മളെത്തന്നെ മാറ്റുനോക്കാം. നിങ്ങളുടെ ചില ചോദ്യങ്ങളില്‍നിന്ന് എനിക്കൊരു കാര്യം മനസ്സിലാവുന്നു  മറ്റുള്ളവര്‍ക്ക് എന്നില്‍നിന്ന് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവെന്ന്! ഇതിന്‍റെ പിന്നിലുള്ള നിങ്ങളുടെ വികാരം അന്വേഷണ ത്വരയുള്ള ഒരു അഭിമുഖക്കാരന്‍ ആവുകയെന്നതല്ലേ? നിങ്ങള്‍ ചോദിച്ചതു പോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഇതിനുമുന്നെ എന്നോട് സംസാരിച്ചവരെ ആരെങ്കിലും വിലക്കിയിരുന്നുവോ? നിങ്ങളുടെ വ്യക്തിത്വ നൈപുണ്യത്തെ ഞാന്‍ മാനിക്കേണ്ടിയിരിക്കുന്നു!

മറുവശവും പറയാം. അപരിചിതനായ നിങ്ങളുമായി ഞാനിത്രയും സംസാരിച്ചതെന്തിനാണ്? നിങ്ങളും എന്നെക്കുറിച്ച് എഴുതാനല്ലേ? എനിക്ക് ധാരാളം അംഗീകാരങ്ങള്‍ കിട്ടിക്കഴിഞ്ഞതാണ്, ഇനി പുതിയ അവാഡുകളൊന്നും വേണ്ടെന്ന് ഞാനിതുവരെ പറഞ്ഞിട്ടുണ്ടോ? ഇതുവരെ ഇങ്ങിനെ ഏതെങ്കിലും എഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ടോ?

സംഗതികള്‍ സമഗ്രമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും  തന്‍റെ ഉയര്‍ച്ചയും, പ്രശസ്തിയും, ലാഭവും തന്നെയാണ് ഒരോരുത്തരുടേയും പ്രഥമ പരിഗണന! മനുഷ്യന്‍ ജന്മനാ സ്വാര്‍!ത്ഥനാണ്! എന്നാല്‍, താന്‍ സ്വാര്‍!ത്ഥനല്ലെന്ന് മറ്റുള്ളവരെ സദാ ബോദ്ധ്യപ്പെടുത്തുന്നതില്‍ വളരെ സമര്‍ത്ഥനുമാണ്!

വ്യാപാരം മുതല്‍ വൈജ്ഞാനികം വരെയുള്ള ഏതു മേഖലയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത് സ്വാര്‍ത്ഥബുദ്ധിയാണ്! സ്വാര്‍ത്ഥത ഇല്ലാതാക്കണമെങ്കില്‍ ആഗ്രഹങ്ങള്‍ വേണ്ടെന്നുവെക്കണം. പക്ഷെ, ആഗ്രഹങ്ങള്‍ ഇല്ലാത്തവര്‍ക്ക് സമൂഹനിര്‍മ്മിതിയില്‍ പങ്കുചേരാന്‍ കഴിയുമോ?

ഇനി, അല്‍പ്പം 'ഓള്'! ഫാന്‍റസി അച്ചടിയുംവിട്ട് അഭ്രപാളിയിലേക്കോ?

ഹാ..., 'ഓളി'ന്‍റെ കഥക്ക് നമ്മളിതുവരെ സംസാരിച്ചതിനോടു ഏറെ അടുപ്പമുണ്ട്. വലിയൊരു ഫാന്‍റസിയാണിത്. ഒരു പെണ്‍കുട്ടിയുടെ സ്വപ്നം. സ്വപ്നത്തിന് ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ രസമുണ്ടാവില്ല്യേ!

നിങ്ങള്‍ സൂചിപ്പിച്ചതുപോലെ, ഞാനൊരു ഫാന്‍റസിക്കാരന്‍ ആയതുകൊണ്ടായിരിക്കാം ഷാജി (എന്‍. കരുണ്‍) തിരക്കഥയും സംഭാഷണവും എന്നെ ഏല്‍പ്പിച്ചത്! അല്ലാതെ, എനിക്കു സിനിമക്കുവേണ്ടി എഴുതി പരിചയമൊന്നുമില്ലല്ലൊ! ഷാജിയുടെതാണ് മൂലകഥ.

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (49th IFFI) ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു 'ഓള്'. ഇരുപത്തിരണ്ടു ഇന്ത്യന്‍ പടങ്ങളുണ്ടായിരുന്നതില്‍ ആദ്യത്തേത്. നല്ല റിവ്യൂസാണ് കിട്ടിയിരിക്കുന്നത്! കമേര്‍ഷ്യല്‍ റിലീസ് ഉടനെ ഉണ്ടാകും.

ഷാജിയെപ്പോലെ പ്രതിഭാശാലിയായ ഒരു സിനിമാ സംവിധായകനുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം
ലഭിച്ചതാണ് 'ഓളോടുള്ള' എന്‍റെ ഇഷ്ടം!

ഇട്ടിക്കോര മുതൽ മാമാ ആഫ്രിക്ക വരെ: അനീതിക്കെതിരെ അക്ഷരങ്ങളുടെ കലാപങ്ങള്‍! (വിജയ് സി. എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക