ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്)

Published on 10 September, 2019
ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്)
ശ്രീകുമാരന്‍ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും, ഒരു ദേവദൂതനെപ്പോലെ തന്റെ ദൗത്യം നിര്‍വ്വഹിച്ചു തിരികെ പോവുകയും ചെയ്ത ഗിരീഷ് പുത്തഞ്ചേരി പറഞ്ഞതു, അര്‍ത്ഥത്തില്‍ വ്യത്യാസമില്ലാതെ ഒന്നു നവീകരിച്ചു എഴുതുക കൂടി ചെയ്യാം: 'തമ്പി സാറിനെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു!'

കേരളക്കരയുടെ ശ്രീയായ ശ്രീകുമാരന്‍ തമ്പിയെ പരിചയപ്പെടുത്താന്‍ ഇനി ഒരു വാക്ക് കൂടുതല്‍ എഴുതിയാല്‍ അത് ആവര്‍ത്തനമാകും!

കഴിഞ്ഞ അര നൂറ്റാണ്ടില്‍ മലയാളിയുടെ പ്രണയ ചിന്തകള്‍ക്ക് വര്‍ണ്ണം പകര്‍ന്നത് തമ്പി സാറാണ്. എന്തുകൊണ്ടാണ് സാറിന്റെ സര്‍ഗ്ഗ ഭാവനകളെ പ്രണയം ഇത്രയും സ്വാധീനിച്ചത്?

പ്രണയം എന്റെ ഹൃദയത്തില്‍ ഉള്ളതുകൊണ്ട്!
ഈ പ്രപഞ്ചം തന്നെ പ്രണയ നിര്‍ഭരമാണ്. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രന്‍ ഭൂമിയെ കൃത്യമായിചുറ്റിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? പരസ്പര ആകര്‍ഷണം. അതുതന്നെയാണ് പ്രണയം!. ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് cosmic energy മൂലമാണ്. ആ cosmic energy മനുഷ്യരില്‍ ചെലുത്തുന്ന ആകര്‍ഷണത്തിന്റെ പരിണിതഫലമാണ് പ്രണയം!

പരസ്പര ആകര്‍ഷണം എന്ന അത്ഭുതമാണ് പ്രകൃതിയെ നിലനിര്‍ത്തുന്നത്. ഒരു ഗാലക്‌സി മറ്റൊരു ഗാലക്‌സിയുമായി ആകര്‍ഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങിനെ നിലനില്‍ക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതല്‍ നാല്‍പ്പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങിനെ കോടാനുകോടി ഗാലക്‌സികള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം. അതിന്റെ നിലനില്‍പ്പ് ആകര്‍ഷണം മൂലം. ആ ആകര്‍ഷണമാണ് പ്രണയം!

മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. എന്റെ പ്രണയം cosmic ആണ്. അമ്മക്ക് മകനോടുള്ളതുപോലും പ്രണയമാണ്. അതിനെ നമ്മള്‍ വാത്സല്യമെന്നു പറയും.

പക്ഷെ, സാര്‍, മാംസനിബദ്ധമായ അനുരാഗത്തിലേക്ക് വഴുതി വീഴരുതെന്ന് ഉത്‌ഘോഷിച്ച കുമാരനാശാന്‍ പോലും പൂവിനെ ഉമ്മവെക്കുന്ന കാമുകന്‍ മധുകരനെയാണ് വീണപൂവില്‍ വരച്ചിട്ടിരിക്കുന്നത്...

എന്റെ പ്രണയ ഗാനങ്ങളില്‍ ഞാന്‍ highlight ചെയ്തിരിക്കുന്നത് ചുംബനത്തെയാണ്. അത് ഏറ്റവും നിഷ്‌കളങ്കമായ ഒരു പ്രണയമാണ്. ചുംബനവും കടന്ന് ഞാന്‍ പോയിട്ടില്ല. മൈഥുനത്തിനു പ്രാധാന്യമുള്ള ഒരു പാട്ടുപോലും ഞാന്‍ എഴുതിയിട്ടില്ല.
രണ്ടു വ്യക്തികള്‍ ചേരുന്ന ആകര്‍ഷണത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണ് ചുംബനം. അമ്മ മകനെ ചുംബിക്കും, അച്ചന്‍ മകളെ ചുംബിക്കും, കാമുകി കാമുകനെ ചുംബിക്കും... ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സത്ത പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ്. ദൈവത്തോടുപോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി!

സാര്‍ ആദ്യമെഴുതിയ ഗാനത്തിനും ഒടുവില്‍ എഴുതിയ ഗാനത്തിനുമിടക്ക് മൂന്നോ നാലോ തലമുറകളുടെ യൗവ്വനമെങ്കിലും കടന്നു പോയിട്ടുണ്ട്. എന്നാല്‍, സാറിന് അന്നും ഇന്നും സൃഷ്ടിപരമായി നിത്യയൗവ്വനമാണ്! ഇതെങ്ങിനെ സാധിക്കുന്നു?

അത് ജന്മനാ എനിക്കു ലഭിച്ച സിദ്ധിയാണ്. തത്വചിന്ത എനിക്കു പ്രായമായപ്പോള്‍ വന്നതല്ല, ജനിച്ചപ്പോള്‍ തന്നെ അത് എന്നിലുണ്ട്.
ഞാന്‍ ആദ്യമായി എഴുതിയ കവിത 'കുന്നും കുഴിയും' ആണ്. കമ്മ്യൂണിസമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാന്‍ ചോദിക്കുന്നത്. പതിനൊന്നാം വയസ്സില്‍.

ആ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ കിളിയെക്കുറിച്ചും, പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും എഴുതിയ സമയത്ത്, എന്നാല്‍, എന്റെ ചിന്തകള്‍ ഏറെ deep ആയിരുന്നു. ഞാന്‍ വ്യത്യസ്തനായ ഒരു കുട്ടിയാണെന്ന് എന്റെ അമ്മ തിരിച്ചറിയുകയും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്തു. ഈ വിവരം സ്‌കൂളില്‍ വന്ന് എന്റെ അദ്ധ്യാപകരെ ധരിപ്പിച്ചു -- എതിര്‍ ചോദ്യങ്ങള്‍ അവന്റെ അഹങ്കാരം കൊണ്ടല്ലെന്നും, മറിച്ച്, അറിയാനുള്ള ജിജ്ഞാസ കൊണ്ടാണെന്നും.

അതുപോലെ ചലചിത്ര ഗാനരചനയിലും ഞാന്‍ വ്യത്യസ്തനാണ്. ഇരുപത്തിയാറാം വയസ്സിലാണ്, 1966-ല്‍, എന്റെ രണ്ടാമത്തെ പടമായ 'പ്രിയതമ'ക്കുവേണ്ടി,
'പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണില്‍ കുരുത്തതെല്ലാം മലര്‍ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നിലനില്‍ക്കുമോ...' എന്നു ഞാന്‍ എഴുതിയത്.

'മദം പൊട്ടിച്ചിരിക്കുന്ന മാനം
മനം പൊട്ടിക്കരയുന്ന ഭൂമി
ഇടയില്‍പെട്ടിര തേടി പിടയുന്നു പ്രാണന്‍
എവിടെയോ മറയുന്നു ദൈവം...' എഴുതിയതും ഇരുപത്തിയാറാം വയസ്സിലാണ്.


അതെ, ഈ ഗാനങ്ങള്‍ ശ്രോതാക്കള്‍ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ തത്വചിന്താപരമായ ഔന്നത്യം തന്നെയാണ്...

അതെ! ഇന്നുള്ളവര്‍, എന്റെ രചനകളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പ്രതിപാദിക്കുന്നത്, 'ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ...' എന്ന ഗാനമാണ്. ഇതെഴുതുമ്പോള്‍ എനിക്കു 27 വയസ്സാണ്.

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം...' രചിക്കുമ്പോള്‍ എനിക്ക് 28 വയസ്സ് ആയിട്ടില്ല.

1966-ല്‍ 'കാട്ടുമല്ലിക'ക്കു ഞാനെഴുതിയ പാട്ടുകളും
ഈ വര്‍ഷം 'ഓട്ടം' എന്ന new-gen സിനിമക്ക് ഞാനെഴുതിയ, 'സ്വാഗതമോതുന്നു നഗരസുന്ദരി
ഒരു കണ്ണില്‍ വന്ദനം മറു കണ്ണില്‍ യാത്രാമൊഴി...' യും ഏകദേശം ഒരേ നിലവാരത്തില്‍ നില്‍ക്കുന്നുണ്ട്. സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്റെ തത്വചിന്ത പ്രായാതീതമാണെന്നാണ്.

കേരള ചലചിത്ര അക്കാദമി എന്റെ ചലചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, പുതിയ തലമുറയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാര്‍ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നു പോയാലും ശ്രീകുമാരന്‍ തമ്പിയുടെ രചനകള്‍ നിത്യനൂതനമായി നിലകൊള്ളുന്നുവെന്നാണ്. ഇന്ന് എഴുതിയതുപോലെ എന്റെ പഴയ രചനകളും നിലകൊള്ളുന്നതിന്റെ കാരണം എന്റെ തത്വചിന്തകള്‍ അന്നും ഇന്നും ഒന്നായതുകൊണ്ടാണ്. ക്ലാസ്സിസത്തിനു പ്രായമില്ല! കാലം എനിക്കു തന്നൊരു അനുഗ്രഹമാണിത്!

'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍...' എന്നു തുടങ്ങുന്ന ഗാനത്തിലെ...
'നീയുറങ്ങുന്ന നിരാലംബ ശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ...
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടിപ്പൂവിലെന്‍ നാദം മെഴുകി... അറിയാതെ... നീയറിയാതെ...'

കഴിഞ്ഞ 45 വര്‍ഷമായി ഞാന്‍ ഈ വരികള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പോലും, ഓരോ ശ്രവണത്തിലും, ഞാന്‍ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നു! ഏഴല്ല, എഴുനൂറു പ്രണയ ഗാനങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷെ ഇതിന്റെ മാന്ത്രികശക്തി മറ്റൊന്നിനുമില്ല. എന്തു മന്ത്രച്ചരടാണ് ഈ വരികള്‍ക്കുമേല്‍ സാര്‍ ജപിച്ചു കെട്ടിയിരിക്കുന്നത്?


ഹാ... ഹാ... ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു കുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്! ഞാന്‍ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം -- 1974). എന്റെ സ്വന്തം പടമായതു കൊണ്ടാണ് ഇങ്ങിനെയൊരു പാട്ടെഴുതാന്‍ എനിക്കു സാധിച്ചത്. നിര്‍മ്മാതാവും സംവിധായകനും ഞാന്‍ തന്നെ ആയതിനാല്‍ ഗാനരചനക്ക് എനിക്കു പൂര്‍ണ്ണ സ്വാതന്ത്യ്രം ലഭിച്ചു.

വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥന്‍, ഈ പടത്തിന്റെ സംഗീത സംവിധായകന്‍) ചര്‍ച്ച ചെയ്തു ഗസല്‍ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. എന്റെ വരികളില്‍തന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടുവെന്നാണ്, എന്തുകൊണ്ട് ഞാനും എം. എസ്. വിശ്വനാഥനും ചേരുമ്പോള്‍ സൂപ്പര്‍ഹിറ്റു പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ വിശ്വേട്ടന്‍ മറുപടി പറഞ്ഞത്.

മറ്റു പല പടങ്ങളിലും സംവിധായകരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി വരികള്‍ മാത്രമല്ല, വരികളിലെ നല്ല നല്ല പദങ്ങള്‍ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എനിക്കു ലഭിച്ച full creative freedom 'ആ നിമിഷത്തിന്റെ' മേന്മയും മാസ്മരികതയും ഏറെ വര്‍ദ്ധിപ്പിച്ചു.

ഒരു ദുബായ്ക്കാരനെ ചാക്കിട്ടുപിടിച്ചു കൊണ്ടുവന്ന്, എന്റെ കഴിവു പരിശോധിക്കാന്‍ അനുവദിക്കാതെ, ഞാന്‍ 25 പടങ്ങള്‍ നിര്‍മ്മിക്കാനുള്ള കാരണവും ഈ സ്വാതന്ത്യ്രം എനിക്കു ലഭിക്കാനായിരുന്നു!

മലയാള ചലചിത്ര സംഗീത ലോകത്ത് വയലാറും, പി. ഭാസ്‌കരനും രണ്ടു പര്‍വ്വതങ്ങളായി നില്‍ക്കുന്ന കാലമായിരുന്നു അത്; അന്ന് ഒഎ
ന്‍വി ഇല്ല. എനിക്ക് ഒരു space ഇല്ലായിരുന്നു; ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തില്‍ എന്നെ ഞാനാക്കിയതും, അഞ്ചു വര്‍ഷത്തിനകം, വയലാറിനും, പി. ഭാസ്‌കരനും കിട്ടുന്നത്ര പടങ്ങള്‍ എനിക്കും തുല്യമായി കിട്ടിത്തുടങ്ങുവാന്‍ ഹേതുവായതും 'ആ നിമിഷത്തിന്റെ നിര്‍വൃതി' പോലുള്ള ഗാനങ്ങള്‍ ശ്രോതാക്കളില്‍ സൃഷ്ടിച്ച ആവേശമായിരുന്നു. എന്റേത് വയലാറില്‍നിന്നും , പി. ഭാസ്‌കരനില്‍നിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

വിശ്വേട്ടനും, ദക്ഷിണാമൂര്‍ത്തി സ്വാമിയും,
അര്‍ജുനന്‍ മാഷും, ദേവരാജന്‍ മാഷും, രാഘവന്‍ മാഷും ഉള്‍പ്പെടെയുള്ള 38 സംഗീത സംവിധായര്‍ക്ക് എന്റെ വരികള്‍ ബോധ്യപ്പടാനുള്ള കാരണവും ആ അക്ഷരങ്ങളില്‍ തന്നെ അന്തര്‍ലീലമായിയിരിക്കുന്ന ഈണമാണ്.

'ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം...' എന്ന എന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം സിന്ധു ഭൈരവിയാണെന്ന്!

'പാടുന്ന പുഴ'യില്‍ സാര്‍ എഴുതിയ, 'ഹൃദയസരസ്സിലെ...' എന്നു തുടങ്ങുന്ന ഗാനത്തിലെ ആ വരികളുണ്ടല്ലൊ...
'എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ...
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ...'
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങിനെ ചിന്തിക്കാത്ത ഒരാള്‍ ഉണ്ടാകുമോ, സാര്‍? ഇതാണ് universal appeal, സംശയമില്ല! ഇത്രയും കൃത്യമായി മനുഷ്യനെ പഠിക്കാന്‍ എങ്ങിനെ സാധിച്ചു?


എല്ലാവരും ഇങ്ങിനെ ചിന്തിച്ചിട്ടുണ്ടാകും! പ്രണയം എന്നു പറയുന്നത് പ്രകൃതി നിയമമാണ്. ഏതെങ്കിലും ഒരാളുടെ മുഖം മനസ്സിലൂടെ കടന്നുപോയിക്കാണും. അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാല്‍, വളര്‍ന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്!

പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും, എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം, എഴുതാന്‍ വൈകിയെന്നും തോന്നിയിട്ടുണ്ടാകാം. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലൊ -- ഒരു പുരുഷ സങ്കല്‍പ്പം മനസ്സിലൂടെ കടന്നുപോകാത്ത ഒരു സ്ത്രീയുമില്ല! എന്റെ ആ വരികളുടെ സാര്‍വ ലൗകികതക്കു കാരണമിതാണ്!

എന്നാല്‍, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. അവിടെയാണ്, 'മംഗളം നേരുന്നു ഞാന്‍...' എന്ന പാട്ടിന്റെ universal appeal ('ഹൃദയം ഒരു ക്ഷേത്രം' എന്ന പടത്തില്‍ തമ്പി സാര്‍ എഴുതിയ നിത്യഹരിത നഷ്ടപ്രണയ ഗാനം).

വിവാഹത്തിനുമുമ്പ് ഒരു പുരുഷന്‍ പോലും എന്റെ മനസ്സിലുണ്ടായിരുന്നില്ലായെന്നു പറയുന്ന പെണ്ണ് കള്ളിയാണ്! വിവാഹത്തിനു മുമ്പ് ഒരു സ്ത്രീയെക്കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ലായെന്നു പറയുന്ന പുരുഷന്‍ കള്ളനുമാണ്! കാരണം, ഏതു പുരുഷനും ഏതു സ്ത്രീക്കും വിവാഹത്തിനു മുന്നെ ഒരു സങ്കല്‍പ്പം ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അതില്ലാത്ത ഒരാള്‍ മനോരോഗിയാണ്!

അഭൗമമായ ദൃശ്യ-കാവ്യ ചാരുതയോടെ അപ്‌സരസ്സുകളേയും ഗന്ധര്‍വ്വന്മാരേയും വേണ്ടുവോളം അനുവാചകര്‍ക്കു വരച്ചുകൊടുത്ത അങ്ങേക്കും കാണുമല്ലൊ സ്വകാര്യമായ പ്രണയാനുഭവങ്ങള്‍! പങ്കുവെക്കാമോ, സാര്‍?

പ്രണയ നൈരാശ്യവും, പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. ഞാനൊരു യുവ ഗാനരചയിതാവായി ഉയര്‍ന്നുവരുന്ന സമയത്ത് അനവധി പെണ്‍കുട്ടികള്‍ എന്നെ പ്രണയിച്ചിട്ടുണ്ട്, പക്ഷെ അവരെ തിരിച്ചു പ്രണയിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല -- കഴിയില്ലല്ലൊ! എഴുതാന്‍ വൈകിയ കുറെ പ്രണയകഥകള്‍!

എന്റെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീര്‍ഘകാല പ്രണയമായിരുന്നു -- 18 വയസ്സു മുതല്‍ 24 വയസ്സു വരെ നിലനിന്ന പ്രണയം. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്ര പറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. അവള്‍ വേറെ വിവാഹം ചെയ്തു. അവള്‍ക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാന്‍ വിവാഹം ചെയ്തത്. രണ്ടു പേരും എന്റെ ആരാധികമാരായിരുന്നു.

എന്റെ ഭാര്യ എന്നെയാണ് പ്രണയിച്ചത്. എന്റെ ആദ്യ പ്രണയം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ എന്റെ ഭാര്യ എനിക്ക് കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. സൗഹൃദമാണെങ്കില്‍ മുന്നോട്ടു പോകാമെന്നും, പ്രണയിക്കാന്‍ എനിക്കു കഴിയില്ലെന്നും ഞാന്‍ അവളോടു പറഞ്ഞു.

I am already in love with a girl എന്നും, അവള്‍ക്കു ഞാന്‍ വാക്കു കൊടുത്തതാണെന്നും, എന്റെ ഭാര്യയോട് അവള്‍ എന്റെ കാമുകിയായിരുന്നപ്പോള്‍ തുറന്നു പറഞ്ഞ ഭര്‍ത്താവാണ് ഞാന്‍!

അവളുടെ കത്തുകളില്‍ പ്രണയ സ്വരം കേട്ടു തുടങ്ങിയപ്പോഴേ ഞാന്‍ വ്യക്തമാക്കിയിരുന്നു, സുന്ദരിയായ അവളെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും അതിലൊരാളെ തിരഞ്ഞെടുത്ത് വിവാഹം ചെയ്യണമെന്നും. പക്ഷെ, അവള്‍ എനിക്കുവേണ്ടി കാത്തിരുന്നു. എന്റെ ആദ്യ പ്രണയം തകര്‍ന്നപ്പോള്‍, സ്വഭാവികമായും ഞങ്ങള്‍ വീണ്ടും അടുത്തു, അതൊരു പരസ്പര പ്രണയമാറി മാറുകയായിരുന്നു.

ആദ്യ പ്രണയം തകരാനുണ്ടായ കാരണമെന്തായിരുന്നു, സാര്‍?

വീട്ടുകാരുടെ എതിര്‍പ്പ്. ഞങ്ങള്‍ classmates ആയിരുന്നു. ഒരേ വയസ്സ്. രണ്ടു പേര്‍ക്കും 24 വയസ്സ്. I was too young to get married then. ചേട്ടന്മാരെല്ലാം വിയോജിച്ചു. അങ്ങിനെ എനിക്കവളെ മറക്കേണ്ടിവന്നു. ആറു വര്‍ഷത്തെ തുടര്‍ച്ചയായ പ്രണയം... അവളിപ്പോള്‍ അമ്മൂമ്മയൊക്കെയായി ജീവിക്കുന്നു...

പ്രണയാര്‍ദ്രത മാത്രമല്ല, വിരഹവും, ഗൃഹാതുരത്വവും, ദാര്‍ശിനികതയും, വിശ്വാസവും, സംസ്‌കാരവും, പ്രാദേശിക ജീവിതവുമെല്ലാം വേണ്ടത്ര ഇടം പിടിച്ചിട്ടുണ്ട് സാറിന്റെ രചനകളില്‍. മനുഷ്യ മനസ്സിനെ ഇത്രയും തൊട്ടറിഞ്ഞ മറ്റൊരു ഗാനരചയിതാവും ഇല്ലെന്നുതന്നെ പറയാം. എന്നാല്‍, ജീവിത ഗന്ധികളായ സൃഷ്ടികളാല്‍ മലയാളി മനസ്സുകളില്‍ ഇന്നും ജീവിക്കുന്ന പ്രതിഭകളാണ് വയലാറും, പി. ഭാസ്‌കരനും, ഒഎന്‍വി സാറും. ഒന്നു സ്വയം വിലയിരുത്താമോ?

ഞാന്‍ എന്നെ വയലാറുമായോ, പി. ഭാസ്‌കരനുമായോ, ഒഎന്‍വിയുമായോ താരതമ്യം ചെയ്യാറില്ല. എന്റെ മുന്നില്‍ നടന്നവരാണ് ഈ മൂന്നു കവികളും.
ഇതില്‍ ഭാസ്‌കരന്‍ മാഷോടാണ് എനിക്കു കടപ്പാടുള്ളത്. ഞാന്‍ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികള്‍ തമ്മില്‍ ഒരു ബന്ധവുമില്ലതാനും.
എന്നാല്‍, 1951-52 കാലഘട്ടത്തില്‍ ഭാസ്‌കരന്‍ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിക്കു ഗാനരചയിതാവാനുള്ള പ്രചോദനം നല്‍കിയത്. മാഷ് 'നവലോകം' എന്ന പടത്തിനുവേണ്ടി എഴുതിയ 'തങ്കക്കിനാക്കള്‍ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ...' കേട്ടപ്പോഴാണ് എനിക്ക് ആദ്യമായി പാട്ടെഴുതണമെന്ന ആഗ്രഹം തോന്നിയത്. തുടര്‍ന്ന്, 'ഓര്‍ക്കുക വല്ലപ്പോഴും', 'സത്രത്തില്‍ ഒരു രാത്രി', 'വില്ലാളി' മുതലായ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചു. അതുപോലെ കവിത എഴുതണമെന്നു തോന്നി. അന്നെനിക്ക് 11 വയസ്സാണ്.

പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത 'നീലക്കുയില്‍' കണ്ടു. അപ്പോള്‍ എനിക്ക് മാഷിനെ പോലെ സിനിമകള്‍ സംവിധാനം ചെയ്യണമെന്നും തോന്നി. എന്റെ മനസ്സില്‍ ഒരു മാതൃകയായി ഞാന്‍ സൂക്ഷിച്ചത് പി. ഭാസ്‌കരനെയാണ്.

അങ്ങിനെ ഞാന്‍ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്റെ തിരക്കഥ 'കാക്കത്തമ്പുരാട്ടി' സംവിധാനം ചെയ്യുകയും (1970), അതില്‍ പാട്ടെഴുതുവാനുള്ള അവസരം തരുകയും ചെയ്തു ഭാസ്‌കരന്‍ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലചിത്ര ഗാനരചനാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത് വയലാറും മാഷുമായിരുന്നു. പക്ഷെ, എന്നെ ഒരു competitor-ആയി കരുതാതെ, കൂടെ നിര്‍ത്തി. താമസിയാതെ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.

ഗുരു സ്ഥാനത്താണ് ഞാന്‍ ഭാസ്‌കരന്‍ മാഷെ സങ്കല്‍പ്പിച്ചിരുന്നത്. എന്നാല്‍, ഗുരുവാകാന്‍ താന്‍ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ അനേകം ധന്യതകളില്‍ ഒന്നായി ഈ ഗുരുസ്ഥാനം താന്‍ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നിലനില്‍ക്കുന്നു.

കവി, കഥാകൃത്ത്, ചലചിത്ര സംവിധായകന്‍, സംഗീത സംവിധായകന്‍, ചലചിത്ര നിര്‍മ്മാതാവ് മുതലായ എല്ലാരംഗങ്ങളിലും ഒരുപോലെ പ്രതിഭ തെളിയിച്ച കലാകാരനാണ് തമ്പി സാര്‍. ഇതില്‍ ഏതു മേഖലയാണ് സാറിന്റെ first-love? എന്തുകൊണ്ട്?

കവി -- അതാണെനിക്ക് ഏറെ ഇഷ്ടം! കവിയായതുകൊണ്ടാണ് നല്ല ഗാനങ്ങള്‍ രചിക്കാനായത്.

'ആ തൃസന്ധ്യതന്‍ അനഘമുദ്രകള്‍
ആരോമലേ നാം മറക്കുവതെങ്ങിനെ
ആദ്യ സമാഗമ നിമിഷ സ്പന്ദം
ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ...', എന്ന പാട്ടും, 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് മാറി...', എന്ന പാട്ടും,
'ആയിരം അജന്താ ചിത്രങ്ങളില്‍
ആ മഹാബലിപുര ശില്‍പ്പങ്ങളില്‍...', എന്ന പാട്ടും, അതുപോലെയുള്ള ഒട്ടനവധി ജനപ്രിയ ഗാനങ്ങളും, യഥാര്‍ത്ഥത്തില്‍ കവിതകളാണ്. കവിയാണു ഞാന്‍!

ഞാന്‍തന്നെയാണ് എന്റെ കവിത; രണ്ടും രണ്ടല്ല!

തമ്പി സാറിന്റെ പല ഹിറ്റു ഗാനങ്ങളും മറ്റാരോ എഴുതിയതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാറല്ല, വയലാറോ, ഭാസ്‌കരന്‍ മാഷോ, ഒഎന്‍വി സാറോ ആണെന്നു കരുതുന്നത് ശ്രോതാക്കളുടെ വെറുമൊരു ഓര്‍മ്മപ്പിശകല്ല, അതിനു മറ്റെന്തോ മാനമുള്ളതായി തോന്നുന്നു. ഒന്നു വ്യക്തമാക്കാമോ?

വയലാറിന്റെ രചനകളില്‍ എണ്‍പത് ശതമാനവും ദേവരാജന്‍ മാഷാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അതിനാല്‍, ആ ട്യൂണ്‍ കേള്‍ക്കുമ്പോള്‍തന്നെ ഗാനരചന വയലാറിന്റേതാണെന്നു ചിലര്‍ കരുതും. എന്നെക്കാളും ഭാസ്‌കരന്‍ മാഷേക്കാളും ജനകീയന്‍ വയലാര്‍ ആയിരുന്നുവെന്നതും ഇങ്ങിനെ ചിന്തിക്കാന്‍ കാരണമായിരിക്കണം.

മറ്റൊരു കാരണം, ഞാന്‍ അവരേക്കാളും ഇളംപ്രായക്കാരനായതായിരുന്നു. എന്റെ സൂപ്പര്‍ ഹിറ്റ് പാട്ടു കേള്‍ക്കുമ്പോള്‍, പലരും പറയുമായിരുന്നു, തമ്പി വളരെ ചെറുപ്പമല്ലേ, തമ്പി ഇതെഴുതാന്‍ ന്യായമില്ല, ഇത് വയലാര്‍ എഴുതിയതായിരിക്കും, അല്ലെങ്കില്‍ ഭാസ്‌കരന്‍ മാഷ് എഴുതിയതായിരിക്കും എന്ന്!

കൂടാതെ, എന്നെ അംഗീകരിക്കാന്‍ മടിച്ചൊരു വിഭാഗവും ഉണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മിക്കവാറും എഴുത്തുകാരായിരുന്നു. ഇവിടെയാണ് രാഷ്ട്രീയ മാനം വരുന്നത്. വയലാറും, ഭാസ്‌കരന്‍ മാഷും, ഒഎന്‍വിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വന്നതിനാല്‍ നല്ല പാട്ടുകളുടെ ക്രെഡിറ്റ് ഈ മൂന്നു പേര്‍ക്കും കൊടുക്കാനായിരുന്നു പലര്‍ക്കും ഉത്സാഹം. എനിക്കൊരു പാര്‍ട്ടിയുടെ ചിഹ്നവും ഇല്ലല്ലൊ.

നല്ല പാട്ടാണ്, അപ്പോള്‍ അത് വയലാറിന്റേതാണ്, എന്നു ധരിക്കുന്നവരുടെ കൂട്ടത്തില്‍ ഉന്നതന്‍ന്മാര്‍ വരെയുണ്ട്. അടുത്ത കാലത്താണ്, കോട്ടയത്ത് ഒരു പ്രസംഗത്തില്‍, ഞാന്‍ 'ചിത്രമേള'യില്‍ എഴുതിയ 'മദം പൊട്ടിച്ചിരിക്കുന്ന മാനം, മനം പൊട്ടിക്കരയുന്ന ഭൂമീ, ഇടയില്‍പ്പെട്ടിര തേടി പിടയുന്നു പ്രാണന്‍, എവിടെയോ മറയുന്നു ദൈവം...' വയലാറിന്റേതാണെന്നു ജസ്റ്റിസ് കെ. ടി. തോമസ് പറഞ്ഞത്! ഇതിനെതിരെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല, ഞാന്‍ നിസ്സഹായനാണ്.

മലയാള സാഹിത്യ-സംഗീത-ചലചിത്ര ലോകത്ത് സമാനതകളില്ലാത്ത ഒരു ജീവിതം ജീവിച്ചു കഴിഞ്ഞ തമ്പി സാറിന് ഇന്ന് ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോഴാണ്?

എന്റെ ഗാനങ്ങള്‍ പുതിയ തലമുറ ഏറെ ഇഷ്ടപ്പെടുന്നുവെന്നറിയുമ്പോള്‍! സ്‌കൂള്‍-കാളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് soscial networking-ല്‍ വളരെ സജീവമാണ്. അവരാണിന്ന് എന്റെ ഗാനങ്ങളുടെ മുന്‍നിര ശ്രോതാക്കള്‍! എന്റെ പഴയ പാട്ടുകളുടെ ആരാധകരില്‍ പുതിയ തലമുറയിലുള്ളവര്‍ ഇത്രയധികമുണ്ടെന്ന് അറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു!

ഞാന്‍ എവിടെ ചെന്നാലും ആദ്യം എന്നെ വലയം ചെയ്യുന്നത് കുട്ടികളാണ്. ഇന്നയിന്ന ഗാനമെഴുതിയ ആള്‍ എന്ന നിലയിലാണ് അവര്‍ എന്നെ ഇഷ്ടപ്പെടുന്നത്. ഒരാള്‍, 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം കണ്ണിനു സായൂജ്യം നിന്‍ രൂപം...' (1973) രചിച്ചത് ഞാനല്ലേയെന്ന് കൗതുകത്തോടെ ചോദിക്കുമ്പോള്‍, മറ്റൊരാള്‍, 'പാടാം നമുക്കു പാടാം... let us sing the song of love...' (1986) എഴുതിയതിന് അഭിനന്ദനമറിയിക്കുന്നു!

ഈയിടെ ഒരു പരിപാടിക്കു പോയപ്പോള്‍ ഉണ്ടായ അനുഭവം പറയാം. എന്നെ കണ്ടയുടനെ ഒരു പയ്യന്‍ പാടാന്‍ തുടങ്ങി: 'ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ...' എന്നിട്ടു പറഞ്ഞു, സാര്‍ 'പുലി'യാണെന്ന്!

അവനെ തള്ളിമാറ്റി ഇനിയൊരുത്തന്‍ പാടി, 'നീലനിശീഥിനീ നിന്‍ മണിമേടയില്‍... നിന്നു നിന്നു ഞാന്‍ കാത്തുനിന്നു...'

അകലത്തു നില്‍ക്കുന്നവന്‍, ഉറക്കെ പാടി, 'അകലെ അകലെ നീലാകാശം...' അറിയുന്ന വരികളൊക്കെ അവന്‍ പാടിക്കൊണ്ടിരുന്നു. അവസാനംപറഞ്ഞു, സാറേ, ഈ പാട്ട് 'കിടു'വാണ്!

മേജിക് യുട്യൂബിന്റ, അഭിപ്രായങ്ങള്‍ അവരുടെ ഭാഷയിലും!

ക്ലേശങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവന്ന ഒരു കുട്ടിക്കാലമാണല്ലൊ സാറിന്റേത്. എന്നാല്‍ ഇതൊന്നും തന്നെ സാറിന്റെ പിന്നീടുള്ള രചനകളെ സ്വാധീനിച്ചതായി കാണുന്നില്ല. എന്തുകൊണ്ട്?

സിനിമാ ഗാനങ്ങള്‍ ഒരു പ്രത്യേക കഥക്കുവേണ്ടി എഴുതുന്നതാണ്. ഞാന്‍ എഴുതുന്ന പാട്ട് ആ തിരക്കഥയുടെ ഭാഗമാവണമെന്നും എനിക്കു നിര്‍ബ്ബന്ധമുണ്ട്. ഞാനൊരു പരകായ പ്രവേശം നടത്തുകയാണ് തിരക്കഥയിലെ നായകനിലേക്ക്!

ഉദാഹരണത്തിന്, 'പാടുന്ന പുഴ'യി'ല്‍ ചിത്രകാരനു വേണ്ടിയാണ് പാട്ടെഴുതിയത്. അയാള്‍ പടം വരച്ചു കൊണ്ടാണ് പാടുന്നത്. 'എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയും അരുണിമ നിന്‍ കവിളില്‍, എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍' എന്ന്. ഞാന്‍ കഥാപാത്രമായി മാറുകയാണ്, അവിടെ എനിക്കു ഞാനാവാന്‍ പറ്റില്ല!

മൗലികമായ രചനകളില്‍ സമരസപ്പെടുത്തലുകള്‍ക്ക് തയ്യാറില്ലാത്ത ഒരു സാഹിത്യകാരനായാണ് ആസ്വാദകര്‍ സാറിനെ കാണുന്നത്. സംഗീതം ചിട്ടപ്പെടുത്തിയതിനു ശേഷം അതിനു യോജിക്കുന്ന രീതിയിയില്‍ വരികള്‍ എഴുതുന്ന രീതിയോടു സഹകരിക്കുന്നുവോ?

ഭാഷയും സംഗീത മനസ്സുമുള്ള ഒരു ഗാനരചയിതാവിന് ട്യൂണ്‍ ചെയ്തതിനു ശേഷവും കാവ്യഭംഗി നഷ്ടപ്പെടാതെ വരികളെഴുതാം! എന്റെ പാട്ടുകളില്‍ പകുതിയും ട്യൂണ്‍ ചെയ്തതിനു ശേഷം എഴുതിയതാണ്.
'മലര്‍കൊടി പോലെ വര്‍ണ്ണ തൊടി പോലെ മയങ്ങൂ നീയെന്‍ മടിമേലെ...' ഈ പാട്ട് ഭാഷാ പ്രേമികളും സംഗീത പ്രേമികളും ഒരുപോലെ സ്വീകരിച്ചതാണ്! സലീല്‍ ചൗധരി ട്യൂണ്‍ ഇട്ടതിനു ശേഷമാണ് ഞാന്‍ വരികള്‍ എഴുതിയത്. ഒരു കുഴപ്പവുമില്ല.

'പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണര്‍ന്നോ കിളീ
തെളിഞ്ഞു പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും...' എന്താ പ്രശ്‌നം, ഈ ഗാനത്തിന്?

പക്ഷെ, വരികള്‍ ആദ്യം എഴുതുകയാണെങ്കില്‍, ഗാനരചയിതാവിന് കൂടുതല്‍ സ്വാതന്ത്യ്രമുണ്ട്. ചില പാട്ടുകളെഴുതാന്‍ കവിക്കു പൂര്‍ണ്ണമായ creative freedom അനിവാര്യമാണ്. കാരണം, അര്‍ത്ഥ സമ്പുഷ്ടത അത്രക്കു കാണുമതിന്!

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം...
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം...
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍...
പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ?
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ?
പൂവിനു വണ്ടു സ്വന്തമോ?
കാടിനു കാറ്റു സ്വന്തമോ?
എനിയ്ക്കു നീ സ്വന്തമോ ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ?

എന്റെ തന്നെ പടത്തിനുവേണ്ടി ഞാനെഴുതിയ ഗാനമാണിത് -- മോഹിനിയാട്ടം! ഈ കഥയുടെ mood തന്നെ സെറ്റു ചെയ്യുന്നത് ഈ വരികളാണ്! ഗാനം പ്രതിധ്വനിപ്പിക്കുന്ന ആശയം ശക്തിയേറിയതാണെങ്കില്‍, മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കവിക്കു സൃഷ്ടി നടത്താനാവില്ല.

'വിഷുക്കണി'യിലെ 'പൂവിളി പൂവിളി പൊന്നോണമായി...' എന്നതു പോലുള്ള ചലചിത്രഗാനങ്ങള്‍ ഉത്സവഗാനങ്ങള്‍ തന്നെയാണ്!
എന്നിരുന്നാലും,സാര്‍ എഴുതിയ, 'എന്‍ ഹൃദയപ്പൂത്താലം നിറയെ മലര്‍ വാരി നിറച്ചു, വരുമോ രാജാവേ പൂക്കണി കാണാന്‍ എന്‍മുന്നില്‍...' എന്നതു പോലുള്ള ഉത്സവ ഗാനങ്ങളും, 'പണ്ട് പാടിയ പട്ടിലൊരെണ്ണം ചുണ്ടില്‍ ഊറുമ്പോള്‍, കൊണ്ട് പോകരുതേ എന്‍ മുരളി കൊണ്ട് പോകരുതേ...' എന്നതു പോലുള്ള ലളിത ഗാനങ്ങളും, ചലചിത്ര ഗാനങ്ങളെ വെല്ലുന്നവയാണ്. ഈ സംഗീതശാഖ സാര്‍ മറന്നുവോ? ഈയിടക്ക് ഒന്നും കേട്ടില്ല...


മറന്നതു കൊണ്ടല്ല, പ്രായോഗികമല്ലാത്തതു കൊണ്ടാണ്. പാടാന്‍ പ്രശസ്തരായ ആരേയും കിട്ടില്ല, marketing-ഉം പണ്ടത്തെ പോലെ ഇപ്പോള്‍ നടക്കില്ല. പുതിയവര്‍ പാടിയ CD-കളും ആല്‍ബങ്ങളും ചിലവാകില്ല. പണ്ടു മുക്കിലും മൂലയിലും ഓഡിയോ കാസ്സറ്റ് കടകളായിരുന്നു. എല്ലാം പൂട്ടിയില്ലേ! ആ അദ്ധ്യായം അവസാനിച്ചു. എല്ലാം ഇപ്പോള്‍ യുട്യൂബില്‍ സൗജന്യമായി ലഭിക്കുന്നു!

സാര്‍ കഥയെഴുതി, സംവിധാനം ചെയ്തു, നിര്‍മ്മിച്ച 'ഗാനം' എല്ലാ നിലക്കും ഒരു മികവുറ്റ പടമായിരുന്നു (1982). ഇത്രയും സംഗീത പ്രാധാന്യമുള്ള മറ്റൊരു സിനിമയും മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതുപോലെ ഒന്ന്, തമ്പി സാര്‍ ഗുരു തുല്യനായി കാണുന്ന ഭാസ്‌കരന്‍ മാഷെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ചെയ്യാമോ? സാറിനേ അതു സാധിക്കൂ! എന്റെ ഒരു സുഹൃത്ത് സാറിനോട് അപേക്ഷിക്കാനായി എന്നെ ഏല്‍പ്പിച്ച കാര്യമാണിത്!

'ഗാനം' ഞാന്‍ ചെയ്തത് എന്റെ പുഷ്‌കര കാലത്താണ്. ശരിയാണ്, ഭാസ്‌കരന്‍ മാഷുടെ ജീവിതം ഒരു സിനിമയാക്കാനുള്ളതുണ്ട്. അത്രയും സംഭവ ബഹുലമാണ് അദ്ദേഹത്തിന്റെ ചരിത്രം. I accept your friend's suggestion! ഒന്നാന്തരം കഥയാണ്. 18 വയസ്സില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത ആളാണ് അദ്ദേഹം. വയലാറും, ഒഎന്‍വിയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. ഒളിവില്‍ കഴിയുന്ന സഖാക്കള്‍ക്ക് കത്തുമായി മാഷ് പോയിട്ടുണ്ട്, പോലീസിന്റെ അടി കൊണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥ സിനിമയാക്കിയാല്‍ എന്തൊരു നല്ല പടമായിരിക്കുമത്! പക്ഷെ, എന്റ കയ്യില്‍ ഇന്നു പണമില്ല, കഥാപാത്രത്തിനു യോജിക്കുന്ന അഭിനേതാക്കള്‍ call-sheet തരേണ്ടേ!

മാത്രവുമല്ല, സിനിമയുടെ format-ഉം മാറിയിരിക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയല്ല ഇന്നൊരു പടത്തിനു വേണ്ടത്! മെസ്സേജും വേണ്ട. കുറെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തുവച്ചു കാണിക്കുന്നതാണ് ഇന്നു വിജയിക്കുന്ന പടം.

നന്മ-തിന്മ സമവാക്യങ്ങള്‍ മാറിമറിഞ്ഞു കൊണ്ടേയിരിക്കുന്നു. രാമ-രാവണ യുദ്ധം വേണ്ട, രണ്ടു രാവണന്മാര്‍ മതി.
അച്ഛനും മകനും തമ്മില്‍ സംസാരിക്കുമ്പോള്‍, തന്നോട് ആരു പറഞ്ഞടോ എന്നെ സൃഷ്ടിക്കാന്‍ എന്ന് മകന്‍ അച്ഛനോടു ചോദിച്ചാല്‍ ജനം കയ്യടിക്കുന്നു! തിന്മക്കു നന്മയുടെ അര്‍ത്ഥം കൊടുക്കുന്നു. കാലമാണ് പ്രശ്‌നം.

ചലചിത്ര രംഗത്ത് ഒത്തിരി ഒറ്റപ്പെടുത്തലുകള്‍ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് തമ്പി സാര്‍. ഒറ്റക്കു സഞ്ചരിക്കേണ്ടിവന്ന അവസ്ഥയില്‍ എത്തിപ്പെടാന്‍ സാറിന്റേതായ വല്ല കാരണങ്ങളുമുണ്ടോ?

ഉണ്ട്. എന്റെ non-compromising attitude! എനിക്ക് എന്റേതായ ഒരച്ചടക്കമുണ്ട്. അതനുസരിച്ച് എനിക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ ഞാനത് തുറന്നു പറയും. ഞാന്‍ കുടിക്കില്ല, വലിക്കില്ല, ശരിയല്ലാത്തതൊന്നും ചെയ്യില്ല. ഇതെല്ലാം ചെയ്യുന്നവരോട് സഹകരിക്കുകയുമില്ല. ഇന്നയിന്ന കാരണങ്ങളെക്കൊണ്ട് എനിക്കു നിങ്ങളുമായി സഹകരിക്കാന്‍ കഴിയില്ല, ഇനിയെന്നെ കാണാന്‍ വരരുതെന്നു പറയും. പിന്നീട് അവരെല്ലാം എന്റെ ശത്രുക്കളായി മാറും.

ഈ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സാധനം കാപട്യമാണ്. എനിക്കതിന്റെ വരിക്കാരനാവാന്‍ കഴിയില്ല. സിനിമാ ലോകത്തുള്ള എന്റെ യാത്ര സുഗമമല്ലാതിരിക്കാന്‍ മറ്റെന്തെങ്കിലും വേണോ?

പാട്ടില്‍ എന്തുമെഴുതാം, പക്ഷെ ഞാന്‍ ജീവിതം ജീവിച്ചു കാണിച്ചു കൊടുകയാണെല്ലാര്‍ക്കും! മദ്യവുമില്ല, മദിരാക്ഷിയുമില്ല. എനിക്ക് എന്തെങ്കിലും ഒരു ചീത്ത സ്വഭാവമുണ്ടെന്ന് എന്റെ ശത്രുക്കള്‍ പോലും പറയില്ല. പക്ഷെ, യഥാര്‍ത്ഥത്തില്‍ അതാണ് അവരുടെ പ്രശ്‌നവും!

വേറൊരു രീതിയില്‍ ജീവിച്ചാലെ കലാകാരനാവുകയുള്ളൂവെന്ന് ധരിച്ചുവെച്ച ഒരു വിഭാഗമുണ്ട്. വേണ്ടാത്തതിനു കൂട്ടുനില്‍ക്കാതിരുന്നപ്പോള്‍, അതെന്റെ അഹങ്കാരമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. എന്നെ അറിയാവുന്നവരാരും ഞാന്‍ അഹങ്കാരിയാണെന്നു പറയില്ല. എന്റെ Facebook സുഹൃത്തുക്കള്‍ പോലും അങ്ങിനെ പറയില്ല. എല്ലാ
ത്തിലും വിജയം കണ്ട എനിക്ക് അഹങ്കാരമില്ല, എന്നാല്‍ പലതിലും പരാജയപ്പെട്ടവര്‍ക്ക് എന്നോട് അസൂയ തോന്നിയിരുന്നു!

എന്റെ കൃതികളിലൂടെ ഞാന്‍ വ്യക്തമാക്കുന്ന തത്ത്വങ്ങള്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തു കാണിക്കുന്നു. നല്ലൊരു മകനായി, സഹോദരനായി, ഭര്‍ത്താവായി, അച്ഛനായി, സുഹൃത്തായി ജീവിച്ചു കാണിക്കുന്നു. എന്റെ പിന്നാലെ വന്ന ഏല്ലാ പാട്ടെഴുത്തുകാരും എന്റെ അനിയന്‍മാരാണ്. ഹരിനാരായണനായാലും, റഫീക്കായാലും, ശരത്തായാലും ഞാനവരെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.

അമ്മയെക്കുറിച്ച് പാട്ടെഴുതിയിട്ടുണ്ട്, കവിത എഴുതിയിട്ടുണ്ട്. ദൈവമായി കണ്ടു, ഞാന്‍ അമ്മയെ. നെറ്റിയില്‍ കാണുന്ന ചന്ദനക്കുറി എന്റെ അമ്മയാണ്. കുളി കഴിഞ്ഞാല്‍ അമ്മ എനിക്കു ചന്ദനം തൊട്ടു തരുമായിരുന്നു. ഇന്ന് ഞാന്‍ ചന്ദനം തൊട്ടാല്‍, എന്റെ അമ്മ എന്റെ കൂടയുണ്ടെന്നുള്ള വിശ്വാസമാണെനിക്ക്!

സാറിന്റെ ചില മനോഹരമായ പ്രയോഗങ്ങളെക്കുറിച്ചു ഈ വര്‍ഷത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാര ജേതാവും, ഗോദയിലെ ഏറ്റവും ഇളംതലമുറക്കാരനുമായ ഹരിനാരാ
ണനുമായി ഈയിടെ ഞാന്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. 'താരകരൂപിണി' എന്ന സാറിന്റെ സംബോധനയായിരുന്നു സംവാദം kick off ചെയ്തത്. ഇനിയുമില്ലേ ഇതുപോലുള്ള സുന്ദര പദങ്ങള്‍?

താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും...
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും എഴിലംപാലപ്പൂവായിരിക്കും...
'ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു' (1973) എന്ന പടത്തില്‍ ഞാനെഴുതിയ ഗാനമാണിത്. ശരിയാണ്, 'താരകരൂപിണീ...' എന്ന വിളി ശ്രോതാക്കള്‍ക്കിടയില്‍ ഒരു വലിയ sensation ആയിരുന്നു!

മറ്റൊന്നാണ്, 'താരകേശ്വരീ'. 'പട്ടാഭിഷേക'ത്തിലെപാട്ട്.
'താരകേശ്വരീ, തങ്കവിഗ്രഹം നീ...
എന്റെ മനസ്സാം താമരമലരിന്‍
പുഞ്ചിരിയായ മഹാലക്ഷ്മി നീ...'

നക്ഷത്രംതന്നെ എന്റെ കാമുകിയായി താഴെ ഇറങ്ങി വരുകയാണ് -- എന്റെ സങ്കല്‍പ്പമാണ്! കാരണം, എന്റെ ലോകം ഈ പ്രപഞ്ചമാണ്.

ഞാന്‍ നില്‍ക്കുന്നത് ഒരു ചെറിയ ലോകത്താണെങ്കിലും, ഈ മഹാപ്രപഞ്ചമാണ് എന്റെ വിഷയം!

'മാനത്തുനിന്നൊരു നക്ഷത്രം വീണു...
മണ്ണില്‍ വന്നപ്പോള്‍ കന്യകയായി...'

'അന്വേഷണം' എന്ന സിനിമയില്‍, എന്റെ ഏറെ ഹിറ്റായി മാറിയ ഒരു ഗാനമാണിത്.

പിന്നെ, 'ലോട്ടറി ടിക്കറ്റ്' എന്ന സിനിമയിലെ...
'മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാധകനാണോ -- ഈ ആരാധകനാണോ...'

ഈ ഗാനത്തില്‍, 'അനുകന്‍' എന്നൊരു പദം വരുന്നുണ്ട്. പലരുമത് അനുജനെന്ന് തെറ്റിപ്പാടുന്നു.

'അനുരാഗ മധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും...'

'അനുകന്‍' എന്നാല്‍, കാമുകനാണ്. പലര്‍ക്കും ഈ പദം ആദ്യം കേള്‍ക്കുന്ന അനുഭവമായിരുന്നു! അനുകനെന്ന് ഞാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ!

അതുപോലെ,
'എട്ടങ്ങാടിക്കു വ്യഞ്ജനം വാങ്ങി വന്നു ധനുമാസം
ചിറ്റോളങ്ങളും കീര്‍ത്തനം പാടുന്ന പൊന്നും ധനുമാസം...'

എട്ടങ്ങാടിയെന്നാല്‍, തിരുവാതിരക്കു വീട്ടിലുണ്ടാക്കുന്ന ഒരു പുഴുക്കാണ്. കാച്ചില്‍, കൂര്‍ക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചേമ്പ് എന്നിവ ചേര്‍ത്തു പാകം ചെയ്യുന്നത്.

മറ്റൊന്ന്,
'മലയാളഭാഷ തന്‍ മാദക ഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു.
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു.
പുഴ നെയ്യും ഞൊറിമുണ്ടാല്‍...'

ഒരു ഗാനത്തില്‍ 'കട്ടിയാവ്' എന്നും വരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അത് ഭഗവതിയെ ഉടുപ്പിക്കുന്ന ചുവന്ന പട്ടാണ്.

'കട്ടിയാവു ഞൊറിഞ്ഞുടുത്തു
കവിളില്‍ നാണച്ചോപ്പണിഞ്ഞു...'

സന്ധ്യ കട്ടിയാവ് ഞൊറിഞ്ഞുടുത്തു നില്‍ക്കുകയാണ്...

കട്ടിയാവ് അറിയുന്നവര്‍ ഇന്നു വിരളം! പുളിയിലക്കര മുണ്ട് എന്താണെന്ന് ഇന്നത്തെ ചെറുപ്പക്കാര്‍ക്കറിയുമോ? ഞൊറിമുണ്ട് ഇന്ന് എവിടെ? മുണ്ടും നേര്യേതും വേണ്ടെന്നുവെച്ചിട്ട് കാലമെത്രയായി! ഇന്നു പഞ്ചാബികളുടെ ചൂരിദാറുമതി നമുക്ക്!

കേരളം... കേരളം... കേളികൊട്ടുയരുന്ന കേരളം...
കേളീ കദംബം പൂക്കും കേരളം...
കേര കേളീ സദനമാമെന്‍ കേരളം...
അപ്പോള്‍, കേളികൊട്ട് എന്താണ്? സന്ധ്യക്കു മുന്നെ, അന്നു രാത്രി കഥകളിയുണ്ടെന്ന് ജനങ്ങളെ അറിയിക്കുന്നതിനുള്ള മേളം! ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, എല്ലാമുണ്ടാകും...

എന്റെ രചനകളില്‍ ഉടനീളം കാണാമിങ്ങിനെ. എന്റേതായ വിധം കണ്ടെത്തുകയെന്നതായിരുന്നു എന്റെ ലക്ഷ്യം!

നിര്‍ഭാഗ്യവശാല്‍, ഇന്നു നമ്മുടെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത് political contamination ആണ്. അതുകൊണ്ട് നമുക്ക് നമ്മുടേതായ പലതും അന്യമായിക്കൊണ്ടിരിക്കുന്നു.

മലയാളിയെപ്പോലെ സ്വന്തം സംസ്‌കാരത്തെ പാടെ ഉപേക്ഷിക്കുന്ന മറ്റൊരു ജനവിഭാഗം ഈ ലോകത്തുതന്നെയില്ല. നമ്മുടെ സംസ്‌കൃതി നാശം നേരിടുമ്പോള്‍ എന്റെ ഗാനങ്ങള്‍ അതില്‍ ചിലതൊക്കെ സംരക്ഷിക്കട്ടെ! 
ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്) ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്) ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്) ശ്രീകുമാരന്‍ തമ്പി: പൂവിളി പൂവിളി പൊന്നോണമായി...(വിജയ് സി. എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക