Image

മാര്‍ഗ്ഗദര്‍ശനത്തിന്റെ ദീപനാളങ്ങള്‍ (പുസ്‌തക പരിചയം)

സുധീര്‍ പണിക്കവീട്ടില്‍ Published on 07 May, 2012
മാര്‍ഗ്ഗദര്‍ശനത്തിന്റെ ദീപനാളങ്ങള്‍ (പുസ്‌തക പരിചയം)
(ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ `മൂല്യമാലിക' എന്ന കൃതിയെക്കുറിച്ച്‌)

പ്രശസ്‌ത കവയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ മൂല്യമാലിക ഇ-മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ വായിച്ചിട്ടുണ്ട്‌. പുനര്‍വായനയിലൂടെ ഇത്തരം പുസ്‌തകങ്ങള്‍ കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നു. ധാരാളം കവിതകളും, ലേഖനങ്ങളും, തര്‍ജിമകളുമൊക്കെ ചെയ്‌തിട്ടുള്ള ഈ കവയിത്രിയുടെ രചനാ ലക്ഷ്യം സമൂഹത്തിന്റെ നന്മയിലാണ്‌. മനുഷ്യ മനസ്സുകളെ നല്ല പാന്ഥാവിലൂടെ നയിക്കും വിധം മൂല്യാധിഷ്‌ഠിതമായ ആദര്‍ശങ്ങള്‍ അവര്‍ കലാപരമായി അവതരിപ്പിക്കുന്നു. 110 ശ്ശോകങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്‌തകമാണ്‌ മൂല്യമാലിക. ഓരോ ശ്ശോകങ്ങളും ഓരോ പ്രബോധനങ്ങളാണു. മനുഷ്യരെ കര്‍മ്മോന്മുഖരാക്കി അവര്‍ക്ക്‌ ലക്ഷ്യസ്‌ഥാനങ്ങളില്‍ എത്താനുള്ള ആത്മധൈര്യവും അറിവും പ്രദാനം ചെയ്യുന്ന സുഭാഷിതങ്ങളാണിതിന്റെ ഉള്ളടക്കം. ഓരോ ദിവസവും ശുഭ പ്രതീക്ഷയോടെ ആരംഭിക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും സാധിക്കുംവിധം ലളിതമായി വിവരിക്കുന്ന വിജ്‌ഞാനശകലങ്ങള്‍. ഇതിലെ ഓരോ ശ്ശോകങ്ങളും കവയിത്രി തനിക്ക്‌ ചുറ്റുമുള്ള ലോകത്തിന്റെ, അതില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ അതില്‍ നിന്നും ആര്‍ജ്‌ജിച്ചെടുത്ത അറിവില്‍ നിന്നും നിരൂപിച്ചതാണ്‌. അതു കൊണ്ട്‌ പ്രതിദിനം ഇതു ആര്‍ക്കും വായിക്കാം. അവരുടെ ജീവിത വ്യാപാരങ്ങളിലെ ലാഭ-നഷ്‌ട കണക്കുകള്‍ എങ്ങനെ സൂക്ഷിക്കാമെന്ന്‌ മനസ്സിലാക്കാം.

വിശാലമായ ഈ ഭൂമിയില്‍ ഓരോ മനുഷ്യനും അവന്റെ ജീവിത യാത്രക്കായ്‌ തിരഞ്ഞെടുക്കാന്‍ അനവധി മാര്‍ഗ്ഗങ്ങളുണ്ട്‌. പലര്‍ക്കും മഹാന്മാരുടെ കാലടികള്‍ പിന്തുടര്‍ന്ന്‌ അവരെ പോലെ ജീവിത വിജയം നേടാനായിരിക്കും ആഗ്രഹം. എന്നാല്‍ അങ്ങനെ ശ്രമിക്കുന്നവര്‍ എല്ലാവരും മഹാന്മാരാകുന്നില്ല. കാരണം അദ്ധ്വാനം കൊണ്ട്‌ പണവും പദവിയും നേടാമെന്നല്ലാതെ മഹത്വം കിട്ടണമെന്നില്ല. അതിനു ആദര്‍ശനിഷ്‌ഠമായ ജീവിതം നയിക്കണം. റോബെര്‍ട്ട്‌ ഫ്രോസ്‌റ്റിന്റെ ഒരു കവിതയില്‍ കവി രണ്ടുദിശയിലേക്ക്‌ പോകുന്ന വഴി കണ്ടു ഏതെടുക്കണമെന്ന ചിന്തയിലാണ്ട്‌ നില്‍ക്കുന്നതായി കാണുന്നുണ്ട്‌. മാര്‍ഗ്ഗദര്‍ശനങ്ങള്‍ ജീവിതത്തില്‍ അനുപേക്ഷണീയമാണ്‌.

മൂല്യമാലികയിലെ സൂക്‌തങ്ങള്‍ ഒരു വ്യക്‌തിയെ ആത്മീയമായി ഉണര്‍ത്താനും ഉയര്‍ത്താനും സഹായിക്കുന്നവയാണ്‌. ഇപ്പോള്‍ പുസ്‌തക വിപണിയില്‍ ധാരാളം പുസ്‌തകങ്ങള്‍ ഇറങ്ങുന്നുണ്ട്‌. അവയെല്ലാം നിങ്ങള്‍ക്ക്‌ ജീവിതവിജയം അല്ലെങ്കില്‍ ജീവിത സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നവയാണു. എന്നാല്‍ ശ്രീമതി ശങ്കരത്തില്‍ ഭൗതികമായ നേട്ടങ്ങള്‍ മനുഷ്യര്‍ക്ക്‌ പ്രദാനം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല ഇവ തയ്യാറാക്കിയിട്ടുള്ളത്‌. അതെ സമയം ഇവ ശ്രദ്ധാപൂര്‍വ്വം ഗ്രഹിക്കുകയും അതനുസരിച്ച്‌ ജീവിതം നയിക്കുകയും ചെയ്യുമ്പോള്‍ ആത്മീയാനന്ദത്തിനൊപ്പം ഭൗതിക നേട്ടങ്ങളും ലഭിക്കുന്നു. പണവും പ്രതാപങ്ങളും ക്ഷണികമാണ്‌. ശാന്തിയും സമാധാനവും ശാശ്വതമായി നില കൊള്ളുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക്‌ വിലയിടിയാതെ അവ കാത്ത്‌ രക്ഷിക്കേണ്ടതായിട്ടുണ്ട്‌. അതിനുള്ള ആഹ്വാനങ്ങളാണീ പുസ്‌തകത്തില്‍ വായനക്കാരന്‍ കേള്‍ക്കുന്നത്‌. എത്രയോ ലളിതവും, വിശ്വസനീയവുമായിട്ടാണ്‌ ഓരോ ആശയങ്ങളും അവതരിപ്പിച്ചിരിക്കുന്നത്‌. മേല്‍ പറഞ്ഞ പുസ്‌തകങ്ങളിലെ ചെപ്പടി വിദ്യകള്‍ ഒന്നും ഇതിലില്ല. ഇവയൊന്നും മനുഷ്യ മനസ്സുകളിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്ന ഉപദേശങ്ങളല്ല. ദിശാബോധം നല്‍കുന്ന ദീപ നാളങ്ങളാണ്‌. ഈ 110 ശ്ശോകങ്ങളില്‍ നന്മയുടെ വഴിയിലേക്ക്‌ തിരിയാന്‍ വേണ്ട പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ നല്‍കി വളര്‍ത്തണമെന്ന്‌ (ശ്ശോകം 16) തുടങ്ങി മനുഷ്യ ജീവിതം ഒരു മണ്‍പാത്രമാണ്‌ അതു സൂക്ഷിച്ചില്ലെങ്കില്‍ `തകര്‍ച്ചയെന്നത്‌ ദൃഢം' എന്നു വരെ പറയുന്നു. ഇങ്ങനെയൊക്കെ എഴുതുമ്പോഴും വായനക്കാരോട്‌ സ്വയം ചിന്തിക്കുക എന്ന സ്വാതന്ത്ര്യം ഉപയോഗിക്കണമെന്ന സൂചനയും നല്‍കുന്നുണ്ട്‌. മനുഷ്യ വാഹനത്തിന്റെ ഇന്ധനമാണു ആലോചന, അതില്‍ മായം കലരുകില്‍ വണ്ടിയോട്ടമനിശ്‌ചിതം. (ശ്ശോകം 84) പക്ഷെ ആ ചിന്തകള്‍ ഉദ്ദേശ്യശുദ്ധിയുള്ളവയായിരിക്കണം, നമുക്കും മറ്റുള്ളവര്‍ക്കും ക്ഷേമം ഉണ്ടാക്കുന്നവയായിരിക്കണം.

മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനേക്കാള്‍ മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്‌. ഓരോ തെറ്റായ പ്രവ്രുത്തിയും ജീവിതത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകളെപ്പറ്റി അതെങ്ങനെ ഒഴിവാക്കാമെന്നുള്ള വഴികളെപ്പറ്റി നമുക്ക്‌ ചുറ്റും കാണുന്ന ജീവിത ചിത്രങ്ങളിലൂടെ വിവരിക്കുന്നു. ഓരോ വ്യക്‌തിയും ജീവിതത്തില്‍ പാലിക്കേണ്ട നിഷ്‌ഠകള്‍, അനുഷ്‌ഠിക്കേണ്ട കര്‍ത്തവ്യങ്ങള്‍ എങ്ങനെയാകണമെന്നും പല ശ്ശോകങ്ങളിലും വ്യക്‌തമാക്കുന്നുണ്ട്‌. ഈ ലോകം മുഴുവന്‍ നേടിയിട്ടും ഒരാള്‍ അയാളുടെ ആത്മാവു നഷ്‌ടപ്പെടുത്തിയാല്‍ എന്തു ഫലം എന്നു ബൈബിള്‍ പറയുന്നു. മനുഷ്യനിലെ നന്മയുടെ ഉറവ വറ്റുമ്പോള്‍ അവന്‍ തിന്മയുടെ വഴിക്ക്‌ നീങ്ങുന്നു. അതു ചിലപ്പോല്‍ അവന്‍ പോലും അറിയുന്നില്ല. മൂല്യമാലിക പോലുള്ള പുസ്‌തകങ്ങള്‍ സമൂഹത്തെ മൂല്യച്യുതികളില്‍ ആണ്ടു പോകാതെ രക്ഷിക്കാന്‍ സഹായിക്കും. എഴുത്തുക്കാര്‍ക്ക്‌ സമൂഹത്തോടു പ്രതിബദ്ധതയുണ്ട്‌. ശ്രീമതി ശങ്കരത്തിനെപോലെയുള്ള എഴുത്തുകാര്‍ അതു ഒരനുഷ്‌ഠാനം പോലെ കരുതുന്നു. ശ്രീമതി ശങ്കരത്തിലിനു അഭിനന്ദനങ്ങള്‍.

**********************

മാര്‍ഗ്ഗദര്‍ശനത്തിന്റെ ദീപനാളങ്ങള്‍ (പുസ്‌തക പരിചയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക