അഭിനയമറിയാത്ത തിലകന്‍! (വിജയ് സി .എച്ച്)

Published on 06 October, 2019
അഭിനയമറിയാത്ത തിലകന്‍! (വിജയ് സി .എച്ച്)
ക്രൂരനായ കീരിക്കാടന്‍ ജൊസിന്‍റെ പ്രഹരമേറ്റ് ഭൂമിയില്‍ ശരീരം ഇടിച്ചു വീണ ആ പാവം പോലീസുകാരന് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ  തന്‍റെ മകന്‍ താന്‍ സല്യൂട്ട് ചെയ്യുന്ന ഒരു പോലീസ് സബ് ഇന്‍സ്‌പെക്റ്ററായി മാറണമെന്ന്. ആ മോഹം സഫലമാവാതെ പോയി. മാത്രവുമല്ല, തന്‍റെ മകന്‍ പ്രദേശത്തെ ഏറ്റവും കുപ്രസിദ്ധനായ ഒരു കുറ്റവാളിയാണെന്നു തന്‍റെ മേലാധികാരിയായ സബ് ഇന്‍സ്‌പെക്റ്റര്‍ക്കു റിപ്പോര്‍ട്ടു ചെയ്യേണ്ട ദുര്‍വിധിയും ആ പോലീസുകാരനുണ്ടായി!

സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' കണ്ടിറങ്ങിയപ്പോള്‍ (1989), 'കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരെ' കണ്ട് അല്‍പം സംസാരിച്ചില്ലെങ്കില്‍, തുടര്‍ന്നുള്ള നാളുകളില്‍ എനിക്ക് സുഖനിദ്ര ഉറപ്പില്ലെന്നു തോന്നി! ചിലര്‍ മനസ്സില്‍ കയറിയാല്‍, അവരെ അവിടെ നിന്നിറക്കാന്‍ അവര്‍ക്കുമാത്രമേ കഴിയൂ!

അന്വേഷണത്തില്‍ തിലകന്‍ ചേട്ടന്‍ കാസര്‍ഗോഡ് നടക്കുന്ന ഒരു ഫിലിം സെറ്റില്‍ ആണെന്ന് അറിഞ്ഞു. ചിത്രീകരണം ഒരു മാസമെങ്കിലും അവിടെത്തന്നെ ആയിരിക്കുമെന്നും. ഇത്രയും നീണ്ട കാത്തിരിപ്പോ? കഴിയില്ല, മംഗലാപുരം മെയില്‍ തന്നെ ശരണം!

ഉള്‍പ്രദേശത്തുള്ള ഒരു ലൊക്കേഷന്‍! ചോദിച്ചറിഞ്ഞ് അവിടെ എത്തി. സമയം ഉച്ച കഴിഞ്ഞിരുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടെ പല പ്രശസ്തരേയും അവിടെ കണ്ടുവെങ്കിലും, എനിക്ക് പഥ്യം തിലകന്‍ ചേട്ടന്‍ മാത്രമായിരുന്നു!

ഒരു കേറ്ററിംങ് കമ്പനിക്കാര്‍ വന്ന് സെറ്റിലുള്ളവര്‍ക്ക് ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്തു തിരിച്ചു പോയി. അന്ന് എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്ന ഷൂട്ട് ആയിരുന്നതിനാല്‍ ഭക്ഷണം തികഞ്ഞില്ലെന്ന് കേറ്ററിംങ് കൂട്ടരുടെ വാഹനത്തിനു ചുറ്റും കണ്ട ബഹളത്തില്‍നിന്നു മനസ്സിലായി.

ലഞ്ച് പൊതി എടുത്തില്ലേയെന്നു തിലകന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍, അങ്ങിനെ ഒരു ഓഫര്‍ എനിക്ക് ഉണ്ടായില്ലെന്നു പറയാതെ, വെളിയില്‍ പോയി കഴിച്ചോളാമെന്ന് ഞാന്‍ മറുപടി പറഞ്ഞു.

"അടുത്തൊന്നും റസ്‌റ്റോറന്‍റുകളില്ല. സിറ്റിയിലേക്കു പോകണം. ഒരു മണിക്കൂറിനുമേല്‍ യാത്രയുണ്ട്, ഇങ്ങോട്ടു വന്നപ്പോള്‍ ശ്രദ്ധിച്ചില്ലേ?" തിലകന്‍ ചേട്ടന്‍ വ്യാകുലപ്പെട്ടു.

ഒടുവില്‍ ഞാന്‍ തിലകന്‍ ചേട്ടന്‍റേയും, അദ്ദേഹത്തിന്‍റെ അപേക്ഷ മാനിച്ചു, എന്‍റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ഔട്ട്‌ഡോര്‍ യൂനിറ്റിലെ ഒരാളുടേയും, ഭക്ഷണ പൊതികള്‍ പങ്കിടാന്‍ നിശ്ചയിച്ചു. നിലത്തു വിരിച്ച ഒരു ടാര്‍പോളിന്‍ ഷീറ്റിലിരുന്നാണ് തിലകന്‍ ചേട്ടനും ഞാനും ഒരു പൊതിയില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്നത്.

ഞങ്ങള്‍ ഏറെ സ്‌നേഹത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ഊണു കഴിക്കുന്നതു ശ്രദ്ധിച്ച ഒരു പ്രസിദ്ധ നടന്‍ അടത്തുവന്ന് ഞാന്‍ തിലകന്‍ ചേട്ടന്‍റെ സുഹൃത്താണോയെന്നു ചോദിച്ചു. അതെയെന്നു തിലകന്‍ ചേട്ടന്‍ പ്രതികരിക്കുകയും ചെയ്തു.

"ഇത്, വിജയ്. ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. 1979 മുതല്‍ അറിയും," ആ അഭിനേതാവിന് തിലകന്‍ ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. ഇത്രയും കേട്ടപ്പോള്‍ അദ്ദേഹം നടന്നകന്നു.

ഏകദേശം ഒരു മണിക്കൂറു മുന്നെ മാത്രം ആദ്യമായി നേരില്‍കണ്ട എന്നെ ചിരകാല സുഹൃത്താക്കിയ തിലകന്‍ ചേട്ടനെ ഞാന്‍ ഒരു കുസൃതി ചിരിയോടെ നോക്കി.

"കേമ്പസ് ചലച്ചിത്രമായ 'ഉള്‍ക്കടല്‍' മുതല്‍ എന്‍റെ മിക്ക പടങ്ങളും വിജയ് കണ്ടിട്ടുണ്ടെന്നും, ഉള്‍ക്കടലിലെ ആ ചെറിയ റോള്‍ കണ്ടപ്പോള്‍തന്നെ ഞാന്‍ താങ്കളുടെ മനസ്സില്‍ കയറി ഇരിപ്പായെന്നും തൊട്ടുമുന്നെയല്ലേ വിജയ് പറഞ്ഞത്! നമ്മുടെ സൗഹൃദത്തിന്‍റെ ആ സീനിയോരിറ്റിയെ കുറിച്ചു തന്നെയല്ലേ ഞാനും അയാളോടു പറഞ്ഞുള്ളൂ!" തിലകന്‍ ചേട്ടന്‍ വിശദീകരിച്ചു.

"കെ. ജി. ജോര്‍ജിന്‍റെ 'ഉള്‍ക്കടല്‍' റിലീസായത് 1979ലാണ്," തിലകന്‍ ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. പിന്നെ ഞങ്ങള്‍ രണ്ടുപേരും കുറച്ചധികം നേരം ചിരിച്ചു.

സംശയമില്ലാതെ പറയാം, 'ഉള്‍ക്കടല്‍' തുറന്നിട്ട ആ ചിരിയുടെ ഉള്ളറകളില്‍നിന്ന് എനിക്കു അപ്രതീക്ഷിതമായി വീണുകിട്ടിയത് ഒരു ചിരകാല സുഹൃത്തിനെ തന്നെയാണ്!

"പിന്നെ, വിജയ് എന്‍റെ സുഹൃത്താണെന്നു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്."

"എന്താണ്?"

"അയാള്‍ ഇവിടെ വന്നു തിരക്കിയതിന്‍റെ യഥാര്‍ത്ഥ ഉദ്ദേശം, വിജയ് വല്ല മാസികയുടെ റിപ്പോര്‍ട്ടറൊ, പത്രക്കാരനോ മറ്റോ ആണോയെന്ന് അറിയാനാണ്."

"ആണെങ്കില്‍?"

"എന്നോടു സംസാരിച്ചതിനുശേഷം, താങ്കളെ അങ്ങോട്ടു വിടാന്‍ പറയും."

ഞാന്‍, ഔത്സുക്യത്തോടെ നോക്കിയപ്പോള്‍, തിലകന്‍ ചേട്ടന്‍ സംഗതി കൂടുതല്‍ സ്പഷ്ടമാക്കി: "നടന്നുകൊണ്ടിരിക്കുന്ന ഷൂട്ടില്‍ റോള്‍ ഇല്ലാത്തവര്‍ ചുമ്മാ ഇരിക്കുകയല്ലെ. ആ സമയത്ത് വിജയ് രണ്ടു ഫോട്ടോ എടുത്തു കൊണ്ടുപോയാല്‍, അത് എവിടെയെങ്കിലും അച്ചടിച്ചു വരും. താങ്കളുടെ ചിലവില്‍ കിട്ടുന്നൊരു പബ്ലിസിറ്റി അവരെന്തിനാ നഷ്ടപ്പെടുത്തുന്നത്?"

മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴിലിന്‍റെ ഭാഗമായി ഒരഭിമുഖത്തിന് അഭ്യര്‍ത്ഥിക്കുമ്പോള്‍, നൂറ്റിയൊന്ന് കാരണങ്ങള്‍ അണിനിരത്തി സ്വയം വലുതാവുന്നവരുടെ തനിരൂപമാണ് തിലകന്‍ ചേട്ടന്‍ 'വെട്ടിത്തുറന്നു' വരച്ചു കാണിച്ചത്!

"സൂപ്പര്‍സ്റ്റാര്‍ തന്‍റെ പരിവാരങ്ങളോടൊപ്പം ഇരിക്കുന്ന ഭാഗത്തേക്കു ആംഗ്യം കാണിച്ചു, തിലകന്‍ ചേട്ടന്‍ ശബ്ദമടക്കി പറഞ്ഞു: "മാവേലിയുടെ ഭരണം പ്രാബല്യത്തില്‍ വരുന്നത് ഷൂട്ടിങ് സെറ്റുകളിലാണ്. മാനുഷരെല്ലാരുമൊന്നുപോലെ... കണ്ടില്ലേ, എല്ലാവരും തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നത്!"

"എന്നാല്‍, ഞങ്ങള്‍ താമസിക്കുന്ന, സിറ്റിയിലെ സ്റ്റാര്‍ ഹോട്ടലില്‍ എത്തിയാല്‍ അവര്‍ക്കു സ്റ്റാര്‍ വാല്യു തിരിച്ചു കിട്ടുന്നു! കാരണം, വലിയവര്‍ക്കു താമസിക്കാന്‍ ഫേമിലി സ്യൂട്ടാണ്, ഞങ്ങള്‍ക്ക് സിങ്കിള്‍ റൂമും!"

താര വ്യവസ്ഥയാണ് മലയാള ചലചിത്ര വ്യവസായത്തിന്‍റെ പതനത്തിനു പ്രധാന കാരണമെന്ന് അവസരം കിട്ടിയ എല്ലാ വേദികളിലും അദ്ദേഹം തുറന്നു പറയാന്‍ തുടങ്ങുന്നതിനു മുമ്പുള്ളൊരു കാലഘട്ടത്തിലാണ് തിലകന്‍ ചേട്ടന്‍ ഇതെന്നോടു പറഞ്ഞതെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്  മറ്റു വിഷയങ്ങള്‍ സ്വാധീനിച്ചതല്ല ഈ അഭിപ്രായം, മറിച്ച്, ഇത് അദ്ദേഹത്തിന്‍റെ എന്നത്തേയും കാഴ്ചപ്പാടാണ്! വ്യക്തി താല്‍പര്യങ്ങളില്ലാത്ത വസ്തുനിഷ്ഠമായ നിലപാട്!

ഊണിനു ശേഷവും തുടര്‍ന്ന ഞങ്ങളുടെ സംവാദം, 'യവനിക'യും, 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്കും', 'നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും', 'പഞ്ചാഗ്‌നി'യും, 'മൂന്നാം പക്ക'വും കഴിഞ്ഞു വീണ്ടും ബോക്‌സോഫീസില്‍ ചരിത്ര വിജയം നേടിയ 'കിരീട'ത്തിലെത്തി.

"കിരീടത്തിന്‍റെ ക്ലൈമാക്‌സ് ഷൂട്ട്. പ്രതികാരാഗ്‌നിയില്‍ കത്തി ജ്വലിച്ചു, നേരിടുന്നവന്‍ ആരായാലും അവനെ കുത്തിക്കീറാന്‍ കത്തി വീശി അലറുന്ന സേതുമാധവന്‍! ജീവിതത്തിലെ തിക്താനുഭവങ്ങളാല്‍ സാമാന്യബോധം ചോര്‍ന്നുപോയ അക്രമാസക്തന്‍," തിലകന്‍ ചേട്ടന്‍റെ വിവരണം സിനിമയില്‍ കണ്ട ദൃശ്യത്തേക്കാള്‍ ശക്തിയേറിയത്!

"ഒരു പാട്ടിന്‍റെ ആലാപനത്തിലാണെങ്കില്‍, ആരോഹണം കഴിഞ്ഞു വശഴവ ുശരേവല്‍ എത്തിയാല്‍, അവരോഹണം പാടി താഴെ കൊണ്ടുവരാം. പക്ഷെ, കോപത്താല്‍ കൊടുംപിരികൊണ്ടു നില്‍ക്കുന്ന സേതുവിനെ എങ്ങിനെ താഴെ ഇറക്കും?"

"ആജ്ഞാപന സ്വരത്തില്‍ പറഞ്ഞപ്പോള്‍, അവന്‍ അച്ഛനു നേരെയും കത്തി ചൂണ്ടി! സംവിധായകനടുള്‍പ്പെടെ ആര്‍ക്കും ഒരു രൂപവുമില്ല ഈ പ്രത്യേക സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്. ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെക്കേണ്ട ഘട്ടത്തിലെത്തി!"

"അവസാനം, അല്‍പം ഒരാലോചനക്കു ശേഷം, ഞാന്‍ ആ ദൃശ്യം ചെയ്തു കാണിച്ചു കൊടുത്തു. കുറെ കാലം സ്‌റ്റേജിലും കയ്യില്‍ കുത്തിയതല്ലേ!"

"ഏതു പുത്രനും, ഏതു മനോനിലവാരത്തിലും, തന്‍റെ പിതാവിനോടു തോന്നുന്ന ഉള്ളിന്‍റെ ഉള്ളിലെ ആദരവ്... എടുത്തു പ്രയോഗിച്ചു, ഞാന്‍..."

"മോനേ, കത്തി താഴെ ഇടടാ..."

ശോകം വാത്സല്യത്തില്‍ പൊതിഞ്ഞ ദയനീയ സ്വരത്തില്‍ ഞാന്‍ വീണ്ടും മകനോടു കെഞ്ചി: "നിന്‍റെ അച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടടാ..."

"രോഷാവേശത്താല്‍ വിറകൊണ്ടു നില്‍ക്കുന്ന സേതുവിന്‍റെ ഭാവം മെല്ലെമെല്ലെ മാറാന്‍ തുടങ്ങി. കോപം കടിച്ചമര്‍ത്തി, സേതു അവസാനം കത്തി തറയിലെറിയുന്നു!"

മകനെക്കുറിച്ചുള്ള സകല സ്വപ്നങ്ങളും തകര്‍ന്ന് ഉള്ളുരുകി കണ്ണീര്‍ പൊഴിക്കുന്ന പിതാവിനെ നോക്കി വാവിട്ടുകരയുന്ന സേതുവിനെയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത്.

തിലകന്‍ ചേട്ടന്‍ ഒരു നടനേയല്ല എന്നതാണു ശരി. അദ്ദേഹം പകരക്കാരനില്ലാത്തൊരു പ്രതിഭയാണ്! അഭിനയിക്കാറേയില്ല, എല്ലാം ജീവിച്ചു കാണിച്ചു കൊടുക്കുകയാണ്!

എന്നാല്‍, നയതന്ത്രത്തിനു നാട്യമെന്ന ഒരു പര്യായവുമുണ്ടെങ്കില്‍, ശരിയാണ്, തിലകന്‍ ചേട്ടന്‍ ഒരു വന്‍ പരാജയമായിരുന്നു!

മികവുറ്റ വ്യക്തിത്വ വിശേഷങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍, വിദേശ ആനുകാലികങ്ങളില്‍ സാധാരണയായി കണ്ടുവരാറുള്ള 'യൃൗമേഹഹ്യ ളൃമിസ' എന്ന ആംഗലേയ ഉപവാക്യത്തിന്‍റെ അര്‍ത്ഥം 'മൃഗീയമായ വെട്ടിത്തുറന്നു പറയല്‍' എന്നാണെങ്കില്‍, തിലകന്‍ ചേട്ടന്‍ അങ്ങിനെയായിരുന്നുവെന്ന് ഞാനിവിടെ എഴുതട്ടെ!

ഈ സ്വാഭാവവിശേഷം കാപട്യം ഒട്ടുമില്ലാത്തവരുടെ പ്രകൃതമാണ്. എന്നാല്‍, ഇതു കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെകുറിച്ചു അവര്‍ ഒരിക്കലും ചിന്തിക്കാറേയില്ലെന്നുള്ളതാണ് കാവ്യനീതിയുടെ മറുപുറം!

നിര്‍ഭീതമായ അഭിപ്രായ പ്രകടനം പാശ്ചാത്യലോകത്ത് തികഞ്ഞൊരു യോഗ്യതയാണെങ്കില്‍, നമ്മുടെ നാട്ടില്‍ ഇതൊരു അപകടമായ അയോഗ്യതയാണ്. ഒരു പക്ഷെ, കേരളത്തില്‍ ഈ 'ദുസ്വഭാവത്തിന്‍റെ' ഏറ്റവും വലിയ ഇര തിലകന്‍ ചേട്ടന്‍ തന്നെ ആയിരുന്നിരിക്കണം. മരണം വരെ ഈ മഹാപ്രതിഭയെ അലട്ടിക്കൊണ്ടിരുന്നത് മറ്റൊന്നുമായിരുന്നില്ല എന്നത് ചരിത്രത്തിന്‍റെ ഭാഗമാണ്.

അരങ്ങത്തേയും അഭ്രപാളിയിലേയും അത്ഭുതങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച സമുന്നതനായൊരു കലാകാരന്‍, താര സംഘടനയില്‍നിന്നും വെള്ളിത്തിരയില്‍ നിന്നും പുറത്താക്കപ്പെട്ട്, ജീവിക്കാനായി നിത്യക്കൂലിക്ക് സീരിയലുകളില്‍ അഭിനയിക്കാന്‍ പോകേണ്ട സാഹചര്യമുണ്ടായത്, സിനിമാ ലോകത്ത് പതിവായി കാണുന്ന വിലകുറഞ്ഞ കാര്യങ്ങളില്‍ പങ്കുണ്ടായതുകൊണ്ടല്ല, നട്ടെല്ലു വളക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലാത്തതുകൊണ്ടു മാത്രമായിരുന്നു!

ഒമ്പത് സംസ്ഥാനതല അംഗീകാരങ്ങള്‍ക്കൊപ്പം, 'ഋതുഭേദ'ത്തിനും, 'ഏകാന്ത'ത്തിനും, 'ഉസ്താദ് ഹോട്ടലി'ലും ദേശീയ പുരസ്കാരങ്ങള്‍കൂടി നേടിയൊരു കലാകാരന്, ഒരു പത്മശ്രീ ജേതാവിന്, തന്‍റെ ജീവിത സായാഹ്നത്തിലുണ്ടായ ഈ ദുഃരവസ്ഥ, നേരിനെ നെഞ്ചിലേറ്റുന്നവര്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്.

കപ്പിനും ചുണ്ടിനുമിടക്ക് തിലകന്‍ ചേട്ടനു പലതും നഷ്ടപ്പെട്ടു. എംടി രചിച്ച 'പെരുന്തച്ച'നിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള ഭരത് അവാര്‍ഡ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്, ജൂറി ചെയര്‍മാനായിരുന്ന അശോക് കുമാറിന്‍റെ വോട്ട് അമിതാഭ് ബച്ചനു ലഭിച്ചതുകൊണ്ടായിരുന്നു. അതിനു കാരണം മലയാളം തനിക്കു മനസ്സിലാവാത്തുകൊണ്ടാണെന്ന് 'ദാദ മുനി' തന്നെ ഈ ലേഖകന്‍റെ ചോദ്യത്തിന് ഉത്തരമായി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു! 1990ല്‍ അങ്ങിനെ, 'അഗ്‌നിപഥ്'ലെ ബച്ചന്‍റെ ശരാശരി അഭിനയം പെരുന്തച്ചന്‍റെ കറയറ്റ നാട്യ വൈഭവത്തെ അപ്രാമാണ്യമായി ഭജ്ഞിച്ചു!

അജയന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'പെരുന്തച്ചന്‍', മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ ഒരു ക്ലാസിക് ക്രിയേഷനാണ്!

കമല ഹാസന്‍ ബ്ലോക്ബസ്റ്റര്‍, 'നായകന്‍'
മത്സരത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ്, 1987ല്‍, തിലകന്‍ ചേട്ടന്‍റെ 'ഋതുഭേദ'ത്തിലെ അഭിനയം ദേശീയ തലത്തില്‍ ഒന്നാമതാവാതെ പോയത്.

എന്നാല്‍, രാജ്യത്തെ വ9താരങ്ങള്‍ക്കുപോലും തിലകന്‍ ചേട്ടനോട് മത്സരിച്ചുവേണമായിരുന്നു ശ്രേഷ്ഠ പദവിയിലെത്താന്‍ എന്ന യാഥാര്‍ത്ഥ്യമായിരുന്നു അദ്ദേഹത്തെ ശരിക്കുമൊരു ബഹുമുഖപ്രതിഭയാക്കിയത്!

അസന്ദിഗ്ദ്ധമായി ഇവിടെ എഴുതട്ടെ അവസാനമായി, അവഗണനകള്‍ക്കു അപ്രസക്തമാക്കാന്‍ കഴിയാത്തതാണ് ആ സ്വത്വം!

അഭിനയമറിയാത്ത തിലകന്‍! (വിജയ് സി .എച്ച്)അഭിനയമറിയാത്ത തിലകന്‍! (വിജയ് സി .എച്ച്)അഭിനയമറിയാത്ത തിലകന്‍! (വിജയ് സി .എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക