MediaAppUSA

പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)

Published on 15 November, 2019
പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)
ഞാന്‍ സമ്മതിക്കുന്നു.എ കാന്‍ഡില്‍ ഷുഡ് നോട് ബി പുട് അണ്ടര്‍ എ കാനപി--വിളക്കു കത്തിച്ച് പറയുടെ കീഴില്‍ വയ്ക്കരുത്, ആ പ്രകാശം എല്ലാവര്‍ക്കും കിട്ടണം എന്ന് ബൈബിള്‍ പറയുന്നു. കല്‍ക്കത്ത റിപ്പണ്‍ സ്ട്രീറ്റിലെ മദര്‍ ഹൗസില്‍ വച്ച് മദര്‍ തെരേസ എന്നോടും ഒപ്പമുണ്ടായിരുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനോടും ഇങ്ങനെ പറഞ്ഞത് 1986 ഫെബ്രുവരി ഒന്നിനാണ്. ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് തലേന്നാള്‍. സല്‍പ്രവര്‍ത്തികള്‍ ചെയ്താല്‍ അത് ലോകത്തിനൊട്ടാകെ പ്രചോദനം നല്‍കണം.

ടാന്‍സാനിയയില്‍ കിളിമഞ്ചാരോ പര്‍വത നിരകളുടെ നിഴലില്‍ മസായി നാടോടികളുടെ ഇടയില്‍ നോട്ടര്‍ഡാമിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സേവനം കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ലെന്നു വാദിച്ച മലയാളി സിസ്റ്റര്‍ മേരി രശ്മിയെ എതിരിടാന്‍ മദര്‍ തെരേസയെ കൂട്ടുപിടിക്കേണ്ടി വന്നത് അങ്ങനെയാണ്. സിസ്റ്റര്‍ സമ്മതിച്ചു. ന്യൂയോര്‍ക്കില്‍ യുഎന്‍ സന്ദര്‍ശനവേളയില്‍ സിസ്റ്റര്‍ മേരി രശ്മി എന്നെ വിളിച്ചു, വിവരങ്ങള്‍ പങ്കിട്ടു, ചിത്രങ്ങള്‍ അയച്ചു തന്നു.

പാലാക്കടുത്ത് പൂവരണി പാറേക്കാട്ട് മറ്റപ്പള്ളി തോമസിന്റെയും ത്രേസ്യാമ്മയുടെയും പതിനൊന്നു മക്കളില്‍ അഞ്ചാമത്തെയാളാണ് ഓമന എന്ന സിസ്റ്റര്‍ മേരി രശ്മി. എസ്എസ്എല്‍സി കഴിഞ്ഞു റോം ആസ്ഥാനമായ ഫ്രഞ്ച് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സ് ഓഫ് നോട്ടര്‍ഡാമില്‍ ചേരാന്‍ പാറ്റ്‌നക്കു പോയി. അമ്മയുടെ ജ്യേഷ്ടത്തിയുടെ മകള്‍ സിസ്റ്റര്‍ കരുണ അവിടെ ഉണ്ടായിരുന്നതാണ് ഒരു കാരണം. നിര്‍മല നികേതനില്‍ പഠിച്ചു ബോംബെ യുണിവേഴ്‌സിറ്റിയില്‍ നിന്ന് സാമുഹ്യ സേവനത്തില്‍ മാസ്റ്റേഴ്‌സും ((എംഎസ്ബ്ലിയു) എടുത്തു.

ജാര്‍ഖണ്ഡ് സംസ്ഥാനരൂപവല്‍ക്കരണത്തിലേക്കു നയിച്ച ആദിവാസി സമരത്തിന് നേതൃത്വം നല്‍കിയതും നോട്ടര്‍ഡാമിലെ എംഎസ്ഡബ്ലിയൂക്കാരിയായ ഒരു സിസ്റ്റര്‍ ആയിരുന്നു--കുട്ടനാട്ടില്‍ നിന്ന് റാഞ്ചിക്കു പോയ സിസ്റ്റര്‍ ജോസ്ന. ബിഹാറിലെ സിംഗ്ഭും ജില്ലയില്‍ കാട്ടില്‍ അവരോടൊപ്പം കഴിഞ്ഞ ശേഷം ഞാന്‍ മനോരമയില്‍ എഴുതിയ സചിത്ര പരമ്പരക്ക് മലയാളത്തിലെ ആദ്യത്തെ സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ലഭിച്ചു എന്നതും ചരിത്രം. ഇതൊന്നും സിസ്റ്റര്‍ രശ്മിയെ പഠിപ്പിച്ചെടുക്കാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല. അല്ലാതെ തന്നെ സിസ്റ്റര്‍ സ്‌നേഹവാത്സല്യങ്ങളുടെ നിറകുടമെന്നു തിരിച്ചറിഞ്ഞു.

ഇന്ത്യയിലെ നീണ്ട സാമൂഹ്യ സേവനത്തിന്റെ അനുഭവ പരിജ്ഞാനവുമായി സിസ്റ്റര്‍ രശ്മി(65) പോയത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറേക്കരയില്‍ ഈസ്റ്റ് ആഫ്രിക്കയിലെ ടാന്‍സാനിയ യിലേക്കാണ് കേരളത്തിന്റെ പടിഞ്ഞാറ് ഭൂമധ്യരേഖയില്‍ നിന്ന് ഒരേ അകലത്തിലാണ് കേരളവും ടാന്‍സാനിയയും. വടക്കും തെക്കുമാണെന്നു മാത്രം. തലസ്ഥാനമായ ദാര്‍ എ സലാം തുറമുഖ പട്ടണത്തില്‍ ഒരുകാലത്ത് ധാരാളം മലയാളികള്‍ ജോലിചെയ്തിരുന്നു. കിഴക്കു കടല്‍, പടിഞ്ഞാറ് കോംഗോ, വടക്കു കെനിയ, തെക്കു മൊസാംബിക്ക്. ബ്രിട്ടനില്‍ നിന്ന് 1961ല്‍ സ്വാതന്ത്ര്യം നേടി. ആഫിക്കന്‍ ഗാന്ധി എന്നറിയപ്പെട്ട ജൂലിയസ് നിരേറെ പ്രസിഡന്റ് ആയി.

രാജസ്ഥാനികളെപ്പോലെ വര്‍ണഭംഗിയുള്ള കുപ്പായങ്ങളും മൂക്കുത്തിയും തോടയും പളുങ്കു മാലകളും അണിയുന്ന മസായികള്‍ കെനിയയിലും ടാന്‍സാനിയയിലും 28 ലക്ഷം വീതമുണ്ട്. ടാന്‍സാനിയയിലെ ആകെ ജനം 5.8 കോടി. 'മാ' എന്ന പ്രാകൃതഭാഷ സംസാരിക്കുന്ന അവര്‍ കൃഷിയും ആടുമാടു മേയ് ക്കലുമായി കഴിയുന്നു. ഔദ്യോഗിക ഭാഷകളായ സ്വഹിലിയും ഇംഗ്ലീഷും സംസാരിക്കുന്നവര്‍ പുതിയ തലമുറയില്‍ ധാരാളം. ദാര്‍ എസ് സലാമിനു 625 കി.മീ. വടക്കുള്ള അരുഷ പട്ടണം കിളിമഞ്ചാരോകൊടുമുടി കയറാന്‍ വരുന്നവരെല്ലാം തമ്പടിക്കുന്ന കേന്ദ്രമാണ്.

അരുഷയില്‍ 2003ല്‍ സിന്ധുക്കാ വിമന്‍സ് സെന്റര്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. മസായിവര്‍ഗക്കാരനായ ഫാ. കാര്‍ഡുനി വികാരിയായി വന്നപ്പോള്‍ മുതല്‍ കേട്ടുതുടങ്ങി 188 കിമീ തെക്കു സിമന്‍ജിറോയില്‍ മസായി കുടുംബങ്ങള്‍ നേരിടുന്ന കഷ്ടപ്പാടുകളെക്കുറിച്ച്. സിസ്റ്റര്‍ രശ്മിയും കൂട്ടരും പലവുരു അവിടം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

കറണ്ടും വെള്ളവുമില്ലാത്ത ഊഷരഭൂമിയാണ് സിമന്‍ജിറോ. കന്നുകാലികളെ ദൂരെയുള്ള മലകളില്‍ മേയാന്‍ വിടും. സ്ത്രീകളെ അടിമകളായാണ് പുരുഷന്മാര്‍ കണക്കാക്കുക. എഴുതാനോ വായിക്കാനോ അറിയില്ല. കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും ചിന്തയില്ല. അതിനു യാതൊരു സൗകര്യവും ഇല്ലാത്തതാണ് പ്രധാന കാരണം. കൊച്ചുകുട്ടികള്‍ക്കായി ഒരു സൗജന്യ കുടിപ്പള്ളിക്കൂടം (പ്രീസ്‌കൂള്‍) ആദ്യമായി തുറന്നു. മരത്തണലില്‍ മണ്ണിലിരുന്നു വിരല്‍ കൊണ്ട് നിലത്തെഴുതിയായിരുന്നു പഠിത്തം.

സ്ത്രീകളെ സംഘടിപ്പിക്കാനിരുന്നു അതിലും വിഷമം. അവര്‍ വായ് തുറക്കാന്‍ പാടില്ലെന്നാണ് വയ്പ്പ്. ദൂരെനിന്നു വെള്ളവും വിറകും ചുമന്നു കൊണ്ട് വരണം. ആടുമാടുകളെ നോക്കണം. ബോമയില്‍ (പുല്‍ കുടിലുകള്‍) ഭക്ഷണം ഉണ്ടാക്കണം. കുട്ടികളെ മുലയൂട്ടി വളര്‍ത്തണം. ഇതിലൊന്നിനും നിന്നുകൊടുക്കാതെ കാട്ടു വിഭവങ്ങള്‍ ശേഖരിക്കാനോ മദ്യം സേവിക്കാനോ പോകും പോകും ആണുങ്ങള്‍. നാടോടികളായി കഴിഞ്ഞിരുന്ന മസായികള്‍ അടുത്ത കാലത്തായി വീടുകള്‍ കെട്ടി എവിടെങ്കിലും സ്ഥിരമായി പാര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ആദ്യം സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപികരിച്ചു. ഓരോന്നിലും പത്തും പതിനഞ്ചും പേര്‍. അങ്ങിനെ പതിനഞ്ചു സംഘങ്ങള്‍ ആയി. കൈത്തൊഴിലുകള്‍ ചെയ്യാന്‍--കൊട്ട, വട്ടി, പളുങ്കു മാല, തുകല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വില്‍ക്കാനുമായി അവര്‍ക്കു നിശ്ചിത തുക കടമായി നല്‍കി. ഓരോ ഗ്രൂപ്പും പ്രതിവാരം ചെറിയൊരു തുക തിരികെ അടക്കണം. അടവ് തീര്‍ന്നാല്‍ അത്രയും തുക വീണ്ടും എടുക്കാം.

ഇത്തവണ എക്കണോമിക്‌സിന് നൊബേല്‍ സമ്മാനം ലഭിച്ച അഭിജിത് ബാനര്‍ജിയും ഭാര്യ ദഫ്ളോയും രാജസ്ഥാനിലെ ഉദയപ്പൂരിലെ ഗ്രാമങ്ങളില്‍ പരീക്ഷിച്ച വികസന മന്ത്രം ഓര്‍ക്കണം.രോഗപ്രതിരോധ കുത്തിവയ്പ്പിനു കുട്ടികളെ കിട്ടാതായപ്പോള്‍ കുട്ടി ഒന്നിന് ഒരുകിലോ പയര്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. മൂന്നുമാസത്തിനുള്ളില്‍ കുട്ടികളുടെ എണ്ണം ആറേഴു മടങ്ങായി വര്‍ധ്ധിച്ചു.

അതേവികസന തന്ത്രമാണ് സിസ്റ്റര്‍ രശ്മിയും പരീക്ഷിച്ചു വിജയിച്ചത്. നന്നായി നടക്കുന്ന ഓരോ സംഘത്തിനും ഓരോ ആടിനെ സമ്മാനമായി നല്‍കി. സംഘങ്ങള്‍ സ്വയം ആടിനെ വാങ്ങി വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കി. മൂന്നു മാസം കൊണ്ട് 265 ആടുകളെ വിതരണം ചെയ്ത ആഹ്ലാദത്തിലാണ് സിസ്റ്റര്‍. സിമന്‍ജിറോയിലെ പ്രീ, പ്രൈമറി സ്‌കൂളുകള്‍ വലുതായി. കുട്ടികള്‍ക്ക് ചെരിപ്പും യൂണിഫോമും ഉച്ചഭക്ഷണവുമായി. ബോര്‍ഡിങ്ങും ആരംഭിച്ചു. ലോക വനിതാദിനം ആഘോഷിക്കാന്‍ അ രുഷയില്‍ നിന്ന് മറ്റു സിസ്റ്റര്‍മാരും പ്രാദേശിക ഭരണാധിപന്മാരും പാര്‍ലമെന്റ് അംഗങ്ങളും എത്തി.

എങ്കിലും ഇനിയും ഒരുപാടു ദൂരം പോകാനുണ്ട്. സ്‌കൂള്‍ അങ്കണത്തിനു മേല്‍ക്കൂര വേണം. അവിടെയാണ് പൊതുയോഗങ്ങള്‍ കൂടുക. ഒരു മഴവെള്ള സംഭരണി കൂടി വേണം. ബോര്‍ഡിങ് ഹൗസില്‍ സൗകര്യം കൂട്ടണം. ഗ്രാമ കേന്ദ്രത്തില്‍ നിന്ന് സ്‌കൂളിലേക്ക് വഴിയുണ്ടാക്കണം. വികസനക്കാര്യത്തില്‍ കേരളത്തല്‍ നിന്ന് നൂറു കാതം പിന്നിലാണ് മസായിഗ്രാമങ്ങള്‍ എന്ന് സിസ്റ്റര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വിളിച്ചറിയിച്ചു.

യുഎന്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യുനാനിമ എന്ന ആഗോള സംഘടനയുടെ ക്ഷണപ്രകാരം ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പഠിക്കാനുള്ള പരിപാടിക്കാണ് സിസ്റ്റര്‍ രശ്മി ന്യൂയോര്‍ക്കില്‍ എത്തിയത്. നോട്ടര്‍ഡാമിലെ സിസ്റ്റേഴ്സിനെപ്പോലെ ഇരുപതു ആഗോള സന്യാസിനി സമൂഹങ്ങള്‍ക്കു യുനാനിമയില്‍ അക്രഡിറ്റേഷന്‍ ഉണ്ട്. ഒരുപാട് എന്‍ജിഒകള്‍ക്കും. ആഗോള താപനം, സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങള്‍, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയവയെ യുഎന്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നു കണ്ടും കേട്ടും പഠിക്കാന്‍ കഴിഞ്ഞു.

യുഎന്നിലെ ഗവേഷണപഠനത്തിന് ശേഷം യുഎസില്‍ പടര്‍ന്നു പന്തലിച്ച സ്വന്തം കോണ്‍ഗ്രിഗേഷന്റെ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. എസ്എന്‍ഡി സഹോദരിമാര്‍ക്കു എല്ലായിടത്തും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ആരറിഞ്ഞു സിമന്‍ജിറോയില്‍ സിസ്റ്റര്‍ രശ്മി നടത്തുന്ന പ്രി/പ്രൈമറിസ്‌കൂളുകളിലെ മസായി കുട്ടികളില്‍ ആരെങ്കിലും ഭാവിയില്‍ ടാന്‍സാനിയയുടെ ഭരണാധികാരിയോ യുഎന്‍ സെക്രട്ടറി ജനറല്‍ തന്നെയോ ആകില്ലെന്ന്!

സിസ്റ്ററിന്റെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഫ്‌ലോറിഡയിലെ ജാക്‌സന്‍വില്ലിലുള്ള സഹോദരന്‍ മാത്യുവിന്റെയും മേരിയുടെയും കൂടെ ഏതാനും നാളുകള്‍ കഴിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ആഫ്രിക്കന്‍ റിഫ്ട് വാലിയിലെ ടാന്‍സാനിയന്‍ കുഗ്രാമങ്ങളില്‍ലേക്കു മടങ്ങും.

സിസ്റ്ററിന്റെ കൂടപ്പിറപ്പുകളില്‍ ജോസും ഫിലോമിനയും തൊടുപുഴയില്‍. ജോര്‍ജും സെലിനും 32 വര്‍ഷം ദുബൈയില്‍ കഴിഞ്ഞ ശേഷം പാലായില്‍. ടോമിയും മോളിയും ഡല്‍ഹിയില്‍. നിന്ന് മടങ്ങി നാട്ടില്‍. ടോമി ഡല്‍ഹി സെന്റ് സേവിയേഴ്സില്‍ മാത്‌സ് അദ്ധ്യാപകന്‍ ആയിരുന്നു. സിസ്റ്റര്‍ രശ്മിയുടെ ഇളയ സഹോദരി ലിസിയും കുര്യനും കെനിയയില്‍ തുടങ്ങി മുതല്‍ ഇന്‍ഡോനേഷ്യ വരെ ജോലി ചെയ്തശേഷം എറണാകുളത്ത്. ഡോ.സെബാസ്ത്യനും അലിദയും ഇംഗ്ലണ്ടിലെ ലിങ്കണില്‍. ആന്റിച്ചനും ജീനയും ഇളയ സഹോദരി ജോമോളും പൂവരണി തറവാട്ടില്‍. ജെയ്സണും സാലിയും റോയിയും പേളിയും ദുബൈയില്‍. ബ്രോസിസ് (ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്‌സ്) എന്ന വാട്‌സ്ആപ് ഗ്രൂപ്പും അവര്‍ക്കുണ്ട്.

ഒരു ആഗോള കുടുംബമാണ് സിസ്റ്റര്‍ രശ്മിയുടേത്. നോട്ടര്‍ഡാമിലെ സിസ്റ്റര്‍ഴ്സിനെപ്പോലെ എല്ലാ ഭൂഖണ്ഡങ്ങളിലും സ്വന്തം ആളുണ്ട്. കൂടപ്പിറപ്പുകളുടെ പന്ത്രണ്ടു മക്കള്‍ ലോകമൊട്ടാകെ വിന്യസിച്ചിരിക്കുന്നു-- രശ്മി ജോര്‍ജ് (നാഷ്വില്‍), ജോബിന്‍ (അറ്റ്‌ലാന്റ), ജിബിന്‍ (ന്യൂഓര്‍ലീന്‍സ്), ടിജു (പോര്‍ട് ലാന്‍ഡ്), ടിനു (ടെക്‌സാസ്), സന്തോഷ് (ജോഹന്നാസ്ബര്‍ഗ്}, ആശ (ഓസ്ലോ), രമ്യ (ന്യൂസിലാന്‍ഡ്), സഞ്ജു, സാല്‍വി (ദുബായ്), സൗമ്യ (അയര്‍ലന്‍ഡ്), തോമസ് (ഓസ്ട്രേലിയ) എന്നിങ്ങനെ. വസുധൈവ കുടുംബഗം, ലോകാ സമസ്‌തോ സുഖിനോ ഭവന്തു!
പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)പാലായില്‍ നിന്ന് പാറ്റ്‌ന വഴി ടാന്‍സാനിയ: മസായികളുടെയിടയില്‍ തങ്കസൂര്യോദയം (കുര്യന്‍ പാമ്പാടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക