അമ്മയെന്ന സത്യം അഥവാ എന്നും മദേഴ്‌സ്‌ ഡേ (മീനു എലിസബത്ത്‌)

മീനു എലിസബത്ത്‌ Published on 12 May, 2012
അമ്മയെന്ന സത്യം അഥവാ എന്നും മദേഴ്‌സ്‌ ഡേ (മീനു എലിസബത്ത്‌)
ഭൂമിയില്‍ അമ്മയോളം വരില്ല ഒന്നും. അമ്മ എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരേയും മനസില്‍ ഓടിയെത്തുന്നത്‌ അവരവരുടെ അമ്മയുടെ മുഖമാണ്‌. സ്വന്തം അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മറ്റനേകം അമ്മമാരുടെ മുഖവും ഇതുപോലെ തെളിയും. അമ്മയെക്കുറിച്ച്‌ പറഞ്ഞാല്‍ ആര്‍ക്കാണ്‌ മതിയാവുക. അങ്ങനെയാണ്‌ എന്റെ അമ്മയുടെ ഓര്‍മ്മകളിലേക്ക്‌ ഞാനും മല്ലെ നടന്നെത്തുന്നത്‌. അമ്മയെന്ന സത്യത്തെ അറിഞ്ഞതുമുതലുള്ള എല്ലാ നിമിഷങ്ങളും പല ചിത്രങ്ങളായി മനസ്സില്‍ നിറഞ്ഞു കിടക്കുമ്പോള്‍ ഉള്ളുരുകി, കണ്ണ്‌ നിറഞ്ഞ്‌ അറിയാതെ തന്നെ `എന്റെ അമ്മേ..' എന്നൊന്ന്‌ വിളിച്ചുപോകും. കാരണം എന്റെ അമ്മ ഇപ്പോള്‍ എന്റെ കൂടെ ഇല്ല. എനിക്കെല്ലാ കാലവും ജീവിക്കാനുള്ള സ്‌നേഹവും സമ്മാനിച്ച്‌ അമ്മ എന്നെ വിട്ടുപോയിട്ട്‌ ഏകദേശം മൂന്നുവര്‍ഷം ആകുന്നു.

അതെ, അമ്മയില്ലാത്ത മൂന്നാമത്തെ മദേഴ്‌സ്‌ ഡേ ആണിത്‌.

അമേരിക്കയില്‍ വന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മദേഴ്‌സ്‌ ഡേ ആഘോഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ലായിരുന്നു. എല്ലാം കാണാനും പഠിക്കാനും കുറെ വര്‍ഷങ്ങള്‍ എടുക്കുമല്ലോ? അമേരിക്കക്കാരുടെ ആഘോഷങ്ങള്‍ ഞങ്ങള്‍ മാറിനിന്ന്‌ നിരീക്ഷിച്ചിരുന്നു. അന്നും ഏപ്രില്‍ ആദ്യവാരം തന്നെ, കടകളില്‍ തിരക്ക്‌ തുടങ്ങും. അമ്മമാരുടെ ദിവസത്തിന്റെ കച്ചവടപ്പരസ്യങ്ങള്‍ പ്രത്യേക്ഷപ്പെടും. അമ്മയെ പൂ കൊണ്ട്‌ മൂടൂ എന്ന്‌ പൂക്കടക്കാരും, അമ്മയ്‌ക്ക്‌ വജ്രവും സ്വര്‍ണ്ണവും വാങ്ങിക്കൊടുക്കൂ എന്ന്‌ സ്വര്‍ണ്ണക്കടക്കാരും, അമ്മയെ ഞങ്ങളുടെ തുണിയുടുപ്പിക്കൂ എന്ന്‌ തുണിക്കടക്കാരും വിളിച്ചുകൂവാന്‍ തുടങ്ങും. നിങ്ങളുടെ അമ്മ വൃദ്ധയാണോ, എങ്കില്‍ ഞങ്ങളുടെ കടയില്‍ പഞ്ഞിപോലെ കനംകുറഞ്ഞ ശവപ്പെട്ടി ഒന്ന്‌ ഓര്‍ഡര്‍ ചെയ്‌തുവെയ്‌ക്ക്‌ എന്ന്‌ ശവപ്പെട്ടി കച്ചവടക്കാരനും, ഏറ്റവും നല്ല ശവമടക്ക്‌ കൊടുക്കുവാന്‍ ഇപ്പോഴെ ഒരു നറുക്കെടുപ്പില്‍ ചേര്‌ എന്ന്‌ ഫ്യൂണറല്‍ ഹോംകാരനും വരെ പരസ്യമായി തന്നെ നമ്മെ ഉത്‌ബോധിപ്പിക്കും. അമ്മയ്‌ക്ക്‌ ഇതു വാങ്ങിക്കൊടുക്ക്‌, അതു വാങ്ങിക്കൊടുക്ക്‌... അമ്മയെ റാണിയും രാജാവുമാക്കൂ, അമ്മയെ കപ്പലില്‍ കയറ്റൂ, പാരീസിന്‌ ടൂര്‍ വിടൂ....എന്നിങ്ങനെയുള്ള പരസ്യവാചകങ്ങളുമായി പത്രങ്ങളും മാസികകളും പുറത്തിറങ്ങും. ചാനലുകളില്‍ പ്രശസ്‌തരും അവരുടെ അമ്മമാരും ഇരുപത്തിനാല്‌ മണിക്കൂറും ഊഞ്ഞാലാടും. ഒരിക്കലും അമ്മമാരെ തിരിഞ്ഞുപോലും നോക്കാത്ത ചില അമേരിക്കക്കാര്‍ അന്നെങ്കിലും അമ്മമാര്‍ക്ക്‌ പൂവും പുഷ്‌പവും സമ്മാനിക്കും. കാര്‍ഡ്‌ അയയ്‌ക്കും. മലയാളിപ്പള്ളികളില്‍ ഞായറാഴ്‌ച
അച്ചന്‍മാര്‍ എല്ലാ അമ്മമാര്‍ക്കും അവരവരുടെ കുഞ്ഞുങ്ങളെകൊണ്ട്‌ പൂച്ചെണ്ടുകള്‍ സമ്മാനിപ്പിക്കും. മാതൃത്വത്തെക്കുറിച്ച്‌ നല്ല നല്ല പ്രസംഗങ്ങള്‍ നടത്തും. അമ്മമാരോട്‌ ആജീവനാന്തം കടപ്പാടുള്ളവര്‍ ആയിരിക്കണമെന്ന്‌ കുട്ടികളെ ഓര്‍മ്മിപ്പിക്കും. നാട്ടില്‍ നിന്നും ആയിടെ വന്നിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ ഇതെല്ലാം അത്ഭുതത്തോടെ നോക്കിക്കാണും. കൊള്ളാമല്ലോ ഈ മദേഴ്‌സ്‌ ഡേ.....!!!

പഠനത്തിനും മറ്റുമായി അമ്മയില്‍നിന്നകന്ന്‌ നില്‍ക്കേണ്ടിവരുമ്പോഴാണ്‌ അമ്മയുടെ സാന്നിധ്യത്തിന്റെ വില ഞാന്‍ കൂടുതല്‍ അറിഞ്ഞത്‌. അങ്ങനെ ഞാനും മദേഴ്‌സ്‌ ഡേ ആഘോഷിക്കാന്‍ തുടങ്ങി. വെള്ളക്കാരികളായ കൂട്ടുകാര്‍ അവരവരുടെ അമ്മമാര്‍ക്ക്‌ കാര്‍ഡും പൂക്കളും വാങ്ങുന്നത്‌ കണ്ട്‌ ഞാനും അത്‌ പഠിച്ചു. കഴിയുമെങ്കില്‍ ആ സമയത്ത്‌ വീട്ടില്‍ വന്ന്‌ അമ്മയോടൊത്ത്‌ ആ ദിവസം ചിലവഴിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഒരുമിച്ച്‌ മാളുകളിലും ഇന്ത്യന്‍ തുണിക്കടകളും കറങ്ങി. മദേഴ്‌സ്‌ ഡേയ്‌ക്ക്‌ അമ്മക്കായി എന്ന്‌ പറഞ്ഞു പോകുന്ന ഷോപ്പിംഗ്‌ ട്രിപ്പുകളില്‍ എല്ലാം അമ്മ ഏനിക്കു സമ്മാങ്ങള്‍ വാങ്ങി തരുകയായിരുന്നു പതിവ്‌. അമ്മയുടെ ഊഴം വരുമ്പോള്‍. `എനിക്കെന്നതിനാ ഇപ്പം..ഇതൊക്കെ, എനിക്കെന്നും മദേഴ്‌സ്‌ഡേ അല്ലെ' എന്ന പതിവ്‌ പല്ലവിയാവും മറുപടി. അന്നു അമ്മ പറഞ്ഞ ആ വാക്കുകളുടെ ആഴം അളക്കാനുള്ള ശേഷി ഒന്നും എന്റെ കൗമാര ഹൃദയത്തിനു ഉണ്ടായിരുന്നില്ലല്ലോ?

അതെ, അമ്മമാര്‍ക്ക്‌ എന്നും മദേഴ്‌സ്‌ഡേ തന്നെയാണ്‌ എന്ന്‌ അമ്മ പറഞ്ഞതിന്റെ അര്‍ഥം എനിക്ക്‌ മനസിലായത്‌ ഞാനും ഒരമ്മയായത്തിനു ശേഷം ആണ്‌. സ്വന്തം കുഞ്ഞിന്റെ ആദ്യത്തെ നിലവിളി കേള്‍ക്കുന്ന ആ മുഹൂര്‍ത്തം മുതല്‍ ഏതൊരു സ്‌ത്രീയും ല്‍ ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളുടെയും അമ്മയായി മാറും. ആ നിലവിളി അവളിലെ പെണ്‍കുട്ടിയെ, സ്‌ത്രീയെ, വേറെ ആരോ ആക്കി മാറ്റും. അവള്‍ അമ്മയായി പുനര്‍ജ്ജനിക്കുകയാണ്‌. ഒരു കുഞ്ഞിന്റെ ജനനം ഒരമ്മയുടെ ജനനം കൂടെയാണ്‌. ഒന്‍പതു മാസത്തെ ഭാരവും താങ്ങി, പ്രസവവേദനയുടെ അടിപ്പിണറുകള്‍ ഏല്‍പ്പിക്കുന്ന ആഘാതവും പേറി , പേടിയോടും നാണത്തോടും അതിലേറെ ഉത്‌കണ്‌ഠയോടും ആശുപത്രിയുടെ പടി ചവിട്ടി കയറിപ്പോയവളല്ല, പിന്നിട്‌ തിരികെ വരുന്ന സ്‌ത്രീ. നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ചിരിക്കുന്ന പ്‌ളാനല്‍ തുണിപ്പോതിക്കെട്ടില്‍ തുടിക്കുന്ന കുഞ്ഞു പ്രാണന്‍ അവളെ ഒരു ദിവസം കൊണ്ട്‌ മാറ്റിയിരിക്കും. ആ തങ്കക്കുടത്തിനെ എത്ര കണ്ടാലും അവള്‍ക്കു കൊതിയും മതിയും വരില്ല. അന്നു വരെ അന്ന്യ കുഞ്ഞുങ്ങളുടെ മലമൂത്ര വിസര്‍ജ്ജനം കണ്ടു മനം പുരട്ടിയിരുന്നവള്‍ക്ക്‌ ഇന്ന്‌ അതൊന്നും പ്രശനമേ അല്ല. ഏതു കുഞ്ഞിന്റെ കരച്ചിലും അവളിലെ അമ്മയെ അസ്വസ്‌തയാക്കും. നിറഞ്ഞ വാത്സല്യത്തല്‍ അവളുടെ പാല്‍ക്കുടങ്ങള്‍ ചിലപ്പോള്‍ തനിയെ ചുരത്തപ്പെടും. ആ കരച്ചില്‍ അവളുടെ ഉള്‍ത്തടം നീറ്റും. മൃഗങ്ങളുടെ കുഞ്ഞുങ്ങളോട്‌ പോലും അവള്‍ അന്നുവരെ ഉള്ളതിന്റെ ഇരട്ടി സ്‌നേഹം കാണിച്ചു തുടങ്ങും. ഹൃദയം കൊണ്ടും ശരീരം കൊണ്ട്‌ അവള്‍ തികഞ്ഞ അമ്മയായി കഴിഞ്ഞിരിക്കുന്നു. എല്ലാം പ്രകൃതിയുടെ മായാജാലങ്ങള്‍ മാത്രം. അതങ്ങനെ തന്നെയാണ്‌. എങ്കിലും, പ്രസവിച്ചു എന്നത്‌ കൊണ്ട്‌ മാത്രം ഒരു സ്‌ത്രീയും അമ്മയവുന്നില്ല. മക്കളെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വളര്‍ത്തുന്നവലാണ്‌ യാഥാര്‍ഥ അമ്മ.

ഞങ്ങള്‍ അമ്മമാര്‍ക്ക്‌ എന്നും മദേഴ്‌സ്‌ഡേ തന്നെ. ഒരു ദിവസം ഓരോ അമ്മയും ഏതെല്ലാം വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മിക്കവാറും പേര്‍ ജോലിയും വീടും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ ആയസാപ്പെടുന്നു. തങ്ങളെ പോലെ ഒരു രണ്ടു മൂന്നു പേര്‍ കൂടി ഈ ജോലികള്‍ക്കെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ അവള്‍ ചിന്തിച്ച്‌ പോകുന്നു. ഇങ്ങനെ എല്ലാം ആണെങ്കിലും ഓരോ സ്‌ത്രീയിലും അമ്മയെന്ന ഭാവം ഭൂമി പോലെ പരന്നു കിടക്കുന്നു. ഒരമ്മയുടെ സ്‌നേഹത്തിനും സഹനത്തിനും വിലയിടനാവില്ല. ഗര്‍ഭപാത്രം എന്ന മഹാപ്രപഞ്ചം സ്‌ത്രീക്ക്‌ നല്‍കിയ സൃഷ്‌ടാവ്‌ കൂടുതല്‍ സഹന ശക്തിയും അവള്‍ക്കു തന്നെ കൃത്യമായി നല്‍കിയിരുന്നു. അങ്ങനെ ഓരോ അമ്മയുടേയും ജീവിതം മക്കള്‍ക്കുവേണ്ടി ഉഴിഞ്ഞു വെയ്‌ക്കുമ്പോള്‍ അവരെ ആഘോഷിക്കാന്‍ ഒരു ദിവസം ഉള്ളത്‌ തീര്‍ച്ചയായും നല്ലത്‌ തന്നെ. മെയ്‌ രണ്ടാം വാരത്തിലെ ആദ്യത്തെ ഞായറാഴ്‌ച അമ്മമാരുടെ ദിനമായി നമ്മുടെ കുടിയേറ്റ നാട്ടില്‍ കൊണ്ടാടപ്പെടുമ്പോള്‍ നാം എന്തിനു മാറി നില്‍ക്കണം. അമ്മമാരുള്ളവര്‍ തീര്‍ച്ചയായും അവരെ ആഘോഷിക്കുക, അന്നു അവര്‍ക്ക്‌ വേണ്ടി ആ ദിവസം മാറ്റി വെയ്‌ക്കുക. അമ്മാര്‍ കൂടെയില്ലാത്തവര്‍ തീര്‍ച്ചയായും അവരെ വിളിക്കാന്‍ മറക്കരുതേ. അമ്മമാര്‍ നഷ്ട്‌ടപ്പെട്ടവര്‍ തങ്ങളുടെ ഓര്‍മകള്‍ക്ക്‌ നിറം കൊടുത്തു ആ ദിവ്യപ്രഭാവത്തിന്‌ മുന്നില്‍ ഹൃദയം കൊണ്ട്‌ നമസ്‌ക്കരിക്കുക. മനസ്‌ കൊണ്ട്‌ അവര്‍ക്ക്‌ നന്ദി പറയുക.

എന്റെ പോന്നമ്മെ, നീ എവിടെയോ ഇരുന്നു എന്റെയീ ഈ വാക്കുകളെ ഒരു ചെറു പുഞ്ചിരിയോടെ ഒപ്പിയെടുക്കുന്നുണ്ടാവും!. നീയില്ലാതെ ഇതെന്റെ മൂന്നാമത്തെ മദേഴ്‌സ്‌ഡേ ആണ്‌...ഞാന്‍ ഇല്ലാതെ നിനക്കും.

ഹാപ്പി മദേഴ്‌സ്‌ഡേ മോനമ്മെ!!!!!
അമ്മയെന്ന സത്യം അഥവാ എന്നും മദേഴ്‌സ്‌ ഡേ (മീനു എലിസബത്ത്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക