അമ്മയ്‌ക്കായി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 12 May, 2012
അമ്മയ്‌ക്കായി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
`അമ്മ`തന്‍ മധുമൃദുചുംബനാലസ്യത്തിലായ്‌
അമ്മടിത്തട്ടില്‍ ചായ്‌കെ ലോകം നിന്‍ കാല്‍ക്കീഴിലായ്‌
വിശ്വമാതാവിന്‍ ദിവ്യരൂപമാണമ്മയെന്നും
വിശ്വത്തിന്നമൃതത്രേ മാതൃസംശുദ്ധ ദുഗ്‌ദ്ധം!

രാവിപ്പോള്‍ മറഞ്ഞിടും പ്രഭാതം വിടര്‍ന്നിടും
നോവുന്ന മനസ്സുമായ്‌ നിദ്രയറ്റൊരു പൈതല്‍
ഞെട്ടിക്കരയുന്നുണ്‌ട്‌ പുലമ്പുന്നിടയ്‌ക്കിടെ
ഞെട്ടിപ്പിടഞ്ഞെണീറ്റമ്മയെത്തവേ കാണ്‍മതോ
ചോരിവായ്‌ കോട്ടിത്തേങ്ങുന്നമ്മയെങ്ങും പോകല്ലേ?,
നീറുന്നാ തളിര്‍ചിത്തം അമ്മയിട്ടിട്ടു പോകില്‍!

കണ്ണീരിന്‍ തടങ്ങളായ്‌ നേത്രങ്ങള്‍, വിതുമ്പലില്‍,
ഉണ്ണിതന്‍ നോട്ടത്തിലാ മാതാവും തേങ്ങിപ്പോയി !
നേരം വെളുത്താലമ്മ യെന്നെ യിട്ടിട്ടു പോകും
ആരും നോക്കണ്‌ടായെന്നെ അമ്മ മതിയെനിക്കു്‌,
ഭൂതലസ്വര്‍ക്ഷത്തിലെ ദൈവമാണവനമ്മ,
എന്തൊരാഹ്ലാദമവനമ്മതന്‍ സാമീപ്യമോ!
അമ്മിഞ്ഞപ്പാലിന്‍രുചി യക്കുഞ്ഞിനറിയില്ല
അമ്മതന്‍ താരാട്ടിന്റെ രാഗവുമറിയില്ല,
കുപ്പിപ്പാല്‍ നല്‍കീ വായില്‍ `പാസിഫയര്‍?തിരുകീ
റേഡിയോപ്പാട്ടു കേള്‍പ്പി, ച്ചൊറ്റക്കു കളിക്കാനായ്‌്‌,
ചുറ്റിലും നിരത്തിയിട്ടൊട്ടേറെ കളിപ്പാട്ടം,
ചുറ്റുവട്ടത്തെങ്ങുംതന്നമ്മമാത്രം കാണില്ല,
കൊഞ്ചിയടുക്കുമ്പോഴോ കൊഞ്ചിക്കാന്‍ നേരമില്ല,
കുഞ്ഞിനെക്കൊടുക്കണം, ജോലിക്കു പോണം വേഗം
പെറ്റമ്മക്കൊക്കില്ലല്ലോ ആയിരം പോറ്റമ്മമാര്‍ !
എത്ര മാസ്‌മരികമാ ദ്വ്യക്ഷരമന്ത്രധ്വനി!
ജന്മജന്മാന്തരങ്ങള്‍ കോര്‍ത്തിണക്കിടും ബന്ധം
ജന്മമൃതീബന്ധുര ബാന്ധവശക്തപാശം !

ജീവിതോഷസില്‍ ദിവ്യരശ്‌മിയായ്‌ വിരിഞ്ഞോരാ-
പൂവിതള്‍ കേണു മാണ്‌ടു തളര്‍ന്നു മാഴ്‌കുന്നുവോ?
ജോലിക്കു പോയോരമ്മ ജോലി ചെയ്യുവാനാവാ-
താലസ്യമാര്‍ന്നു തന്റെ പൈതലെയോര്‍ത്തു തേങ്ങി,
ലോകമമ്മയ്‌ക്കു ചുറ്റും തന്‍കുഞ്ഞു മാത്രമായി
വാത്സല്യം തുളുമ്പുന്നമൃതകുംഭമായ്‌ ചിത്തം,
പിഞ്ചിളം പൈതലിനെയോര്‍ക്കവേ വക്ഷസ്സിലെ
പാല്‍ക്കുടം ചുരന്നഥ മാറിടം നനയ്‌ക്കുന്നോ !
നൊന്തു നീറുന്നൂ മനം, ജീവിതം മുന്നില്‍നില്‍ക്കേ
പിന്തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോകേണ്‌ടയോ?
ജീവിത നെട്ടോട്ടത്തിലെന്തൊക്കെ സഹിക്കണം !
ഭാവി പൂരിതമാക്കാനെന്തെല്ലാം ത്യജിക്കണം !

കൈകളുയര്‍ത്തിയമ്മേ പുണര്‍ന്നു കേഴും പിഞ്ചു
പൈതലേ വാരിപ്പുണര്‍ന്നുമ്മകൊണ്‌ടഭിഷേചി ?
ച്ചര്‍ത്ഥനാമന്തങ്ങളാലനുഗ്രഹവര്‍ഷങ്ങ -
ളാവോളം പിഞ്ചുമൗലീലര്‍പ്പിച്ചതോര്‍ക്കുന്നവന്‍ !

ഇന്നവന്‍ വളര്‍ന്നൊരു യുവാവായ്‌ അച്ഛനായി
ഇന്നവനോര്‍ക്കുന്നുതന്നമ്മതന്‍ ത്യാഗാഗ്നിയെ
ഇന്നമ്മയ്‌ക്കെല്ലാറ്റിനും വേണ്‌ടപോല്‍ നേരമുണ്‌ട്‌
ഇങ്ങിനി വരില്ലല്ലോ പോയ കാലങ്ങള്‍ വീണ്‌ടും !
അന്നുതന്‍ കുരുന്നിനു നല്‍കാനാവാത്ത സ്‌നേഹം
ഇന്നുതന്‍ പേരക്കുഞ്ഞില്‍ക്കൂടി താന്‍ കടം വീട്ടെ,,
മതേഴ്‌സ്‌ഡേ ഗിഫ്‌റ്റായി തന്‍മകനാശ്ലേഷിക്കെ
മാതൃസാമീപ്യാര്‍ത്ഥിയാം പൈതലിന്നെനിക്കവന്‍ !
സ്‌നേഹവും സമൃദ്ധിയും തൂക്കിനോക്കുന്നതാകില്‍
ഏതിനാണേറെ തൂക്കം ചിന്തിതം അമ്മമാരേ.!

ദുഗ്‌ദ്ധം = പാല്‍

Happy Mothers Day to all loving mothers!!എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Yohannan.elcy@gmail.com
അമ്മയ്‌ക്കായി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക