MediaAppUSA

എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)

Published on 12 December, 2019
എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)
മുന്നൂറിലേറെ സിനിമകളില്‍ അഭിനയിക്കുകയും ഒരേ വര്‍ഷം 44 ചിത്രങ്ങളില്‍ നായകനാവുകയും ചെയ്ത എംജി സോമന് ജന്മനാടായ തിരുമൂലപുരം ഗ്രാമവും അത് ഉള്‍പ്പെടുന്ന തിരുവല്ല മുനിസിപ്പാലിറ്റിയും വ്യാഴാഴ്ച്ച ഹര്‍ഷബാഷ്പത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

എംജിസോമന്‍ ഫൗണ്ടേഷന്റെയും ആസാദ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു . രാവിലെ സോമന്റെ വസതിയായ തിരുമൂലപുരം മണ്ണടി പറമ്പില്‍ ശ്രദ്ധാഞ്ജലി നടന്നത്. സ്മൃതിമണ്ഡപത്തിനു മുമ്പില്‍ ഭാര്യ സുജാത, ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ജോര്‍ജ് മാത്യു, സെക്രട്ടറി എസ് കൈലാസ്, റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് തങ്കമ്മ എബ്രഹാം തുടങ്ങിയവര്‍ പുഷ്പാഞ്ജലി നടത്തി.

സോമന്റെ മകള്‍ സിന്ധുവും മകനും നടനുമായ സജിയുടെ പത്‌നി ബിന്ദു സജിയും ഗ്രൂപ് കാപ്റ്റന്‍ (റിട്ട) ഗിരീഷ് ഗിരീഷ് കുമാറും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വൈകുന്നേരം വൈഎംസിഎ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ അധ്യക്ഷനും സംവിധായകനുമായ ബ്ലെസി അധ്യക്ഷത വഹിച്ചു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി മാത്യു ടി തോമസ് അനുസ്മരണ പ്രസംഗം നിവഹിച്ചു.

മുനിസിപ്പല്‍ ചെയര്‍ മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍, സെന്‍സര്‍ബോര്‍ഡ് അംഗം കൃഷ്ണപ്രസാദ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടി, അംവിധായകന്‍ ബാബു തിരുവല്ല, തങ്കമ്മ എബ്രഹാം, അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ.സലിം കാമ്പിശ്ശേരി തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തിരുവല്ല ഉപജില്ലാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകള്‍ക്കുള്ള എവറോളിങ് ട്രോഫികള്‍ സുജാത സോമന്‍ സമ്മാനിച്ചു.

1970 കളുടെ അന്ത്യത്തിലും 1980 കളുടെ തുടക്കത്തിലും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു സോമനെന്നു ബ്ലെസി അനുസ്മരിച്ചു .ഒരു നടന്‍ എന്ന നിലയില്‍ നിഷേധികളുടെ കാലഘട്ടത്തിന്റെ മുഖമുദ്ര ആയിരുന്നു സോമന്‍.തിരുവല്ലക്കാരാണെന്ന നിലയില്‍ താന്‍ എന്നെന്നും അഭിമാനിക്കുന്നതായി ബ്ലെസി പറഞ്ഞു.

ഓര്‍മയില്‍ എക്കാലവും ങ്ങി നില്‍ക്കുന്ന അരഡസന്‍ ചിത്രങ്ങള്‍കൊണ്ട് മലയാളത്തെ കീഴടക്കിയ ആളാണ് ബ്ലെസി. ബ്ലെസ്സിയുടെ തന്മാത്രക്കു ദേശിയ പുരസ്‌കാരവും കാഴ്ച്ച, പളുങ്കു, ഭ്രമരം, പ്രണയം തുടങ്ങിയവക്ക് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. നടനെന്നനിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശോഭിച്ചു.

മലയാളസിനിമയിലെ ക്ഷുഭിത യൗവനമായിരുന്നു എം.ജി.സോമന്‍. 1941 ഒക്ടോബര്‍ 28 ന് ജനനം. നിഷേധിയായ 'ഗായത്രി'യിലെ ബ്രാഹ്മണന്‍ രാജാമണി, പ്രതികാരത്തിന്റെ അഗ്‌നി ഹൃദയത്തില്‍ ആവഹിച്ച 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥന്‍ ഇതൊക്കെയായിരുന്നു സൗമ്യനായ പരുക്കന്റെ മറക്കാനാവാത്ത മുഖമുദ്രകള്‍ . നായകനായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെ സ്വഭാവനടനായും വില്ലനായും അഭിനയിച്ചു . മലയാളസിനിമയില്‍ നിറഞ്ഞു നിന്നു.തിരുമൂലപുരം മണ്ണടിപ്പറമ്പില്‍ ഗോവിന്ദപ്പണിക്കരുടെയുംകോന്നി കുടുക്കിലേത്തു പി കെ ഭവാനി അമ്മയുടേയും ഏകപുത്രനാണ് സോമന്‍. .

പ്രീഡിഗ്രിക്കു ശേഷം ഒന്‍പതു വര്‍ഷത്തോളം വ്യോമസേനയില്‍സേവനം ചെയ്തു. അതിനു മുന്‍പുതന്നെ 'മണ്‍തരികള്‍ ഗര്‍ജ്ജിക്കുന്നു' എന്നൊരു നാടകം അവതരിപ്പിക്കുകയുണ്ടായി.വ്യോമസേനയിലുള്ളപ്പോഴും ധാരാളം നാടകങ്ങള്‍ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു 1970ല്‍ തിരിച്ചെത്തിയ സോമന്‍ കൊല്ലം അമേച്ച്വര്‍ നാടക ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. 'ക്രൈ-302' എന്ന നാടകത്തിലെ അഭിനയത്തിന് വിക്രമന്‍നായര്‍ ട്രോഫി ലഭിച്ചു. ഭരത് ഗോപിക്കായിരുന്നു രണ്ടാം സ്ഥാനം. കൊട്ടാരക്കരയുടെ ജയശ്രീ തീയേറ്റഴ്‌സിലും കായംകുളം കേരളാ ആര്‍ട്സ് തീയേറ്ററിലും സഹകരിക്കുകയുണ്ടായി.
ദേശീയ അവാര്‍ഡ് നേടിയ പി.എന്‍ മേനോന്റെ 'ഗായത്രി' യില്‍ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് 1973 ല്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

'ചട്ടക്കാരി' സോമനെ നടനെന്ന നിലയില്‍ മുന്‍നിരയിലെത്തിച്ചു.പിന്നീട് മാന്യശ്രീ വിശ്വാമിത്രന്‍, ചുവന്നസന്ധ്യകള്‍, സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്നു.
മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച അപൂര്‍വ്വ ബഹുമതിയും സോമനാണ്.1978-ല്‍ 44 ചിത്രങ്ങളില്‍ നായകനായി. സ്വപ്നാടനത്തിലെയും ചുവന്ന സന്ധ്യകളിലെയും അഭിനയത്തെ മുന്‍നിര്‍ത്തി 1975-ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന അവാര്‍ഡും കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്റെയും ഫിലിം ഫാന്‍സ് അസോസിയേഷന്റെയും അവാര്‍ഡുകളും നേടി..

തുടര്‍ന്ന് രാസലീല, സര്‍വ്വേക്കല്ല്, അനുഭവം, പൊന്നി, പല്ലവി,തണല്‍ എന്നീ ചിത്രങ്ങള്‍. പല്ലവിയിലെയും തണലിലെയും അഭിനയത്തിന് 76-ല്‍ നല്ല നടനുള്ള സംസ്ഥാന ബഹുമതി.1991-ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത 'ഭൂമിക' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സോമനായിരുന്നു. അദ്ദേഹം ഏറ്റവും ഒടുവില്‍ അഭിനയിച്ച ലേലം എന്ന സിനിമയിലെ 'ആനക്കാട്ടില്‍ ഈപ്പച്ചന്‍' എന്ന കഥാപാത്രം ഓര്‍മ്മ യില്‍ അനശ്വരമായി.1997 ഡിസംബര്‍ 12ന് 56-ആം വയസില്‍ അന്തരിച്ചു.

അഭിനയ കാലത്ത് തന്നെ പത്‌നി സുജാതയുടെ ചുമതലയില്‍ ഭദ്രാ സ്പൈസസ് എന്ന പേരില്‍ കറിപൗഡറുകളുടെ നിര്‍മ്മാണവും വിതരണവും ആരംഭിച്ചിരുന്നു. സജി മകനും സിന്ധു മകളും. സജി, നടന്‍ സുകുമാരന്റെ മകന്‍ പ്രിഥ്വിരാജ് എന്നിവര്‍ തിലകം എന്ന സിനിമയില്‍ ഒന്നിച്ചാണ് അരങ്ങേറ്റം കുറിച്ചത്. സജി ഏതാനും ചിത്രങ്ങള്‍ കൊണ്ട് പിന്‍വാങ്ങിയപ്പോള്‍ പ്രിഥ്വി ഉയരങ്ങളിലേക്ക് കുതിച്ചു കയറി.

സോമന്‍: നിഷേധികളുടെ കാലഘട്ടത്തിലെ അനിഷേധ്യ നായകന്‍

എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)
കഷ്ടം തന്നെ 2019-12-13 09:17:19
ജീവിച്ചിരിക്കുന്നവർക്ക് യാതൊരു വിലയുമില്ല .  മരിച്ച തിരുമേനിമാരെയും സിനിമക്കാരെയും തലയിലേറ്റി നടക്കുന്ന ഞാനുൾപ്പെട്ട മലയാളികളോട് എനിക്ക് പുച്ഛം തോന്നുന്നു .  എന്നാണ് ഈ ഭ്രാന്ത് അവസാനിച്ച് നാം ഇരുപത്തി ഒന്നാം ന്യൂറ്റാണ്ടിലേക്ക് കടക്കുന്നത് ?  കഷ്ടം തന്നെ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക