Image

പൗരത്വ ബില്‍ ഹിന്ദുക്കള്ക്കും പാര ആകും (വെള്ളാശേരി ജോസഫ്)

Published on 15 December, 2019
 പൗരത്വ ബില്‍ ഹിന്ദുക്കള്ക്കും പാര ആകും (വെള്ളാശേരി ജോസഫ്)
ഇന്ത്യന്‍ മുസ്ലീങ്ങളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു; പൗരത്വ ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണ് എന്നൊക്കയാണ് ആരോപണം. ബി.ജെ.പി. -യും, സംഘ പരിവാര്‍ സംഘടനകളും മുസ്ലീം വിരോധം കത്തിച്ചുനിര്‍ത്തി ഹിന്ദു ഏകീകരണം ഉണ്ടാക്കാനും ശ്രമിക്കുന്നു.

പക്ഷെ വാസ്തമെന്താണ്? ഈ പൗരത്വ ബില്‍ ഏറ്റവും വലിയ പാരയാകാന്‍ പോകുന്നത് ഇന്‍ഡ്യാ മഹാരാജ്യത്തെ ഹിന്ദുക്കള്‍ക്ക് തന്നെയാണ്. 'റീജനല്‍ ഇമ്പാലന്‍സ്' ഉണ്ടാക്കി ബംഗാളിലും, ആസാമിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ പൗരത്വ ബില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ പൗരത്വ ബില്ലിനെ എതിര്‍ക്കാനുള്ള കാരണവും അതാണ്. ഇത് കേവലം ഹിന്ദു Vs മുസ്ലീം പ്രശ്‌നമല്ല എന്ന് മനസ്സിലാക്കണമെങ്കില്‍ വസ്തുതകള്‍ കുറച്ച് ആഴത്തില്‍ പഠിക്കണം എന്ന് മാത്രം.

നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റിയില്‍ (നെഹു) പഠിച്ച ഇതെഴുതുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞിട്ടുള്ളത് അവിടെ ബംഗാളികള്‍ക്കെതിരെ അക്രമം ഉണ്ടാവുന്നത് സര്‍വ സാധാരണം ആയിരുന്നു എന്നാണ്. ഒരിക്കല്‍ ഷില്ലോങ്ങിലൂടെ നടന്ന മലയാളികളായ അവര്‍ 3 പേരെ തദ്ദേശീയര്‍ തടഞ്ഞു നിര്‍ത്തി. അവരുടെ ഡിമാന്‍ഡ് ആണ് രസകരം: അവര്‍ക്ക് ഒന്ന് 'കൈകാര്യം ചെയ്യാന്‍' ഒരു ബംഗാളിയെ കിട്ടണം! ജനസംഖ്യ കൂടിയ പശ്ചിമ ബംഗാള്‍ മൊത്തം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച പ്രശ്‌നമാണിത്. ബംഗാളികള്‍ കൂട്ടത്തോടെ മേഘാലയം, ത്രിപുര, ഒറീസ - തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അനേകം വര്‍ഷങ്ങളായി കുടിയേറിക്കൊണ്ടിരിക്കയാണ്. 2011-ലെ സെന്‍സസ് പ്രകാരം ത്രിപുരയില്‍ ബംഗാളി സംസാരിക്കുന്നവര്‍ 70 ശതമാനത്തോളമാണ്; കൃത്യമായി പറഞ്ഞാല്‍, 63.43%. അവിടെ ലോക്കല്‍ ഭാഷയായ ത്രിപുരി സംസാരിക്കുന്നവര്‍ 30 ശതമാനമായി ചുരുങ്ങി; കൃത്യമായി പറഞ്ഞാല്‍, 25.88%.

കൊളോണിയല്‍ കാലത്തു നിന്ന് തുടങ്ങിയ ഈ 'ഇന്റ്റര്‍ സ്റ്റെയ്റ്റ് മൈഗ്രെഷന്‍' പല വംശീയ പ്രശ്‌നങ്ങള്‍ ആസാമിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്. ബംഗാളികള്‍ മാത്രമല്ലാ കുടിയേറ്റക്കാര്‍; കുടിയേറ്റകാരായി ബര്‍മീസ് ജനതയുണ്ട്; ടിബറ്റന്‍ ജനതയുമുണ്ട്.

1970-കളില്‍ ബംഗ്‌ളാദേശിന് വേണ്ടി നടന്ന സമരമാണ് കുടിയേറ്റത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചത്. അന്നുതൊട്ട് 2019 വരെ ഈ ഏകദേശം 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്‌ളാദേശില്‍ നിന്ന് എത്ര പേര്‍ കുടിയേറി എന്നു ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഒരു ഉത്തരവും ഇല്ലാ. 2000 കിലോമീറ്ററുകളോളം നീളുന്ന അതിര്‍ത്തിയില്‍ കൃത്യമായ ഒരു പരിശോധനയും പലപ്പോഴും ഇല്ലായിരുന്നു. 1970-കളില്‍ പാക്കിസ്ഥാന്‍ പട്ടാളമാകട്ടെ, ഭീകരമായ അടിച്ചമര്‍ത്തല്‍ ആണ് ഇന്നത്തെ ബംഗ്ലാദേശില്‍ നടത്തിയത്. ഏകദേശം 2 ലക്ഷത്തോളം സ്ത്രീകള്‍ അന്നവിടെ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ഒരു ഏകദേശ കണക്ക്.

ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലും, ദാരിദ്ര്യവും, അസമത്വവും എല്ലാം ചേര്‍ന്ന് ഈ 50 വര്‍ഷ കാലയളവില്‍ രണ്ടര കോടി അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ട്രേയ്ഡ് യൂണിയന്‍ ഗുണ്ടായിസം ഒരുകാലത്ത് വ്യവസായവല്‍ക്കരണത്തില്‍ മുമ്പന്തിയിലായിരുന്ന പശ്ചിമ ബംഗാളിലെ അനേകം ഫാക്റ്ററികള്‍ പൂട്ടിച്ചു. ചുരുക്കം പറഞ്ഞാല്‍ ഇവിടെ യഥാര്‍ത്ഥ വില്ലന്‍ തൊഴിലില്ലായ്മയും, ദാരിദ്ര്യവും, അസമത്വവും, അടിച്ചമര്‍ത്തലും ഒക്കെയാണ്.

പശ്ചിമ ബംഗാള്‍, ആസാം, ഒറീസ, ബീഹാര്‍ - ഈ സംസ്ഥാനങ്ങളില്‍ നിന്നൊക്കെയുള്ള പാവപ്പെട്ടവര്‍ തൊഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു; ശാരീരിക അധ്വാനവും, 'റിസ്‌ക്കും' വേണ്ട പല തൊഴിലുകളിലും ഇവര്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. പല 'ഇന്‍ഡസ്ട്രിയല്‍ ട്രാജഡികളിലും' കൊല്ലപ്പെട്ടവര്‍ ഇവിടുന്നുള്ളവര്‍ തന്നെ. ഈയിടെ ഒരു ഡല്‍ഹി പ്ലാസ്റ്റിക്ക് ഫാക്റ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ട 40-ലേറെ പേര്‍ ബീഹാര്‍-ബംഗാള്‍ സ്വദേശികള്‍ ആയിരുന്നല്ലോ. 1984 ഡിസംബര്‍ 2-ന് ഉണ്ടായ 'ഭോപ്പാല്‍ ഗ്യാസ് ട്രാജഡി' - യില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലാകട്ടെ, ഭോപ്പാലിലെ 'ഒറിയ ബസ്തിയില്‍' നിന്നുള്ളവരായിരുന്നു.

ഈ ദാരിദ്ര്യം നേരിടാന്‍ രാഷ്ട്രീയകാര്‍ക്ക് താല്‍പര്യമില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു പകരം അവര്‍ വംശീയ പ്രശ്‌നം കുത്തിപൊക്കി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. വംശീയ പ്രശ്‌നവും നല്ലതുപോലെ പല സ്ഥലങ്ങളിലും ഉണ്ട്. ആസാമില്‍, 1991 സെന്‍സസ് പ്രകാരം ആസാംകാര്‍ 58 ശതമാനവും, ബംഗാളികള്‍ 22 ശതമാനവും ആയിരുന്നു. 2011 സെന്‍സസ് പ്രകാരം ആസാംകാര്‍ 48 ശതമാനം ആയി ചുരുങ്ങി; ബംഗാളികള്‍ ഈ 10 വര്‍ഷത്തെ കാലയളവില്‍ 8 ശതമാനം വര്‍ധിച്ച് 30 ശതമാനമായി മാറി. ആസാമിലെ 'ബറാക്' മേഖല ബംഗാളി ഹിന്ദുക്കള്‍ക്ക് മേല്‍കൈ ഉള്ളതായി മാറി. ഇവിടെ ആസാമീസ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കപെടുന്നില്ല. ആസാമിലെ മൊത്തമുള്ള 32 ജില്ലകളില്‍, 26 ജില്ലകളിലും ഈ വംശീയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ബംഗാളികള്‍ക്കെതിരെ ആസാമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ പ്രാദേശിക വികാരം ഉള്ളപ്പോള്‍, പശ്ചിമ ബംഗാളിലെ സ്ഥിതി എപ്രകാരമാണ്? ബംഗാളികളെ പോലെ ഭാഷാ പ്രേമം ഉള്ളവര്‍ ഇന്ത്യയില്‍ തന്നെ ചുരുക്കമാണ്. പക്ഷെ മധ്യ വര്‍ഗത്തിന്റ്റെ ഈ ഭാഷാ പ്രേമത്തിനപ്പുറമാണ് സാമ്പത്തിക അസന്തുലിവസ്ഥ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.

ബംഗാളിനെ ഇന്നത്തെ രീതിയില്‍ ദരിദ്രമാക്കിയതിന് പലരും കുറ്റപ്പെടുത്തുന്നത് ബംഗ്‌ളാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ്. ഡൊമിനിക്ക് ലാപ്പിയറിന്റ്റെ പ്രശസ്തമായ 'സിറ്റി ഓഫ് ജോയ്' ആ ദാരിദ്ര്യം വളരെ 'ഗ്രാഫിക്കായി' കാണിക്കുന്നും ഉണ്ടല്ലോ. രക്തം വിറ്റും, മരണശേഷം തങ്ങളുടെ എല്ലുകള്‍ വിറ്റും പെണ്‍മക്കളുടെ വിവാഹം നടത്താന്‍ യത്‌നിക്കുന്ന പിതാക്കന്‍മാര്‍; സ്വന്തം സഹോദരങ്ങളുടെ വിശപ്പടക്കാന്‍ ഭിക്ഷ യാചിക്കുകയും, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സഹോദരിമാര്‍ - ബെസ്റ്റ് സെല്ലറായി മാറിയ 'സിറ്റി ഓഫ് ജോയ്' - ഇതൊക്കെ നന്നായി പറയുന്നുണ്ട്. പിന്നീട് 'സിറ്റി ഓഫ് ജോയ്' സിനിമയാക്കാനായി ഷൂട്ടിംഗ് നടന്നപ്പോള്‍ അനേകം കല്‍ക്കട്ടാക്കാര്‍ പ്രതിഷേധിച്ചു - തങ്ങളുടെ പ്രിയപ്പെട്ട നഗരത്തെ ഡൊമിനിക്ക് ലാപ്പിയര്‍ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞുകൊണ്ട്. പക്ഷെ 'സിറ്റി ഓഫ് ജോയ്' - യില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതകളല്ലെന്ന് അവരാരും പറയാനും ധൈര്യപെട്ടില്ല!

ഇത്തരം ദാരിദ്ര്യവും, വംശീയ പ്രശ്‌നങ്ങളും വോട്ടാക്കി മാറ്റാന്‍ യത്‌നിക്കുന്നതിന് പിന്നില്‍ ബി.ജെ.പി.-ക്കും, സംഘ പരിവാറുകാര്‍ക്കും 'അഖണ്ഡ ഭാരതത്തെ' കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാത്രമല്ല കാരണം. സമ്പദ് വ്യവസ്ഥയുടെ അവസ്ഥ ഈയിടെ വളരെ ആശങ്കാജനകമായി കഴിഞ്ഞു. 'പെര്‍ഫോമന്‍സ് അസസ്മെന്റ്റ്' എന്നുപറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പലര്‍ക്കും നോട്ടീസ് നല്‍കികഴിഞ്ഞു. ചിലര്‍ക്കൊക്കെ 'കമ്പള്‍സറി റിട്ടയര്‍മെന്റ്റും' കൊടുത്തുകഴിഞ്ഞു. ബി.എസ്.എന്‍.എല്ലില്‍ എഴുപത്തിനായിരത്തോളം പേരാണ് 'വോളന്റ്ററി റിട്ടയര്‍മെന്റ്റിന്' അപേക്ഷിച്ചിരിക്കുന്നത്. അവരില്‍ മിക്കവരും സ്വമനസാലെ ചെയ്തിരിക്കുന്ന പരിപാടി അല്ലിത്. ജോലി പോകും എന്ന് പേടിച്ചാണ് റിട്ടയര്‍മെന്റ്റിന് അപേക്ഷിച്ചിരിക്കുന്നത്. ഓട്ടോമൊബൈല്‍ സെക്റ്ററില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 2019-ലെ കണക്കനുസരിച്ച് മുന്‍ വര്‍ഷത്തേക്കാള്‍ വ്യവസായികോല്‍പാദനം 3.8 ശതമാനം ഇടിഞ്ഞു. ഫാക്ടറി ഉല്‍പ്പാദനം, ഖനനം, വൈദ്യുതോല്‍പ്പാദനം - ഈ മേഖലകളില്‍ കനത്ത ഇടിവാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള 'സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്' തന്നെ പറയുന്നത്. 28 വ്യവസായ മേഖലകളില്‍ 18 എണ്ണത്തിനും ഇടിവാണ്.

വിലകയറ്റതോത് 3 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തികഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ഉള്ളി വില 100 കടന്നുകഴിഞ്ഞു. ഭക്ഷ്യോല്‍പാദന മേഖലയില്‍ 10 ശതമാനത്തിലേറെ വര്‍ധന ആണിപ്പോള്‍. ഉപഭോക്തൃ വില സൂചിക 2016-ല്‍ 6.07 ശതമാനത്തില്‍ എത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ സമ്പദ് വ്യവസ്ഥയിലുള്ളപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഈ പൗരത്വ ബില്‍ അല്ലാതെ മറ്റെന്താണ് വഴി? മറ്റ് വഴികളുണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ അതാണ് ശരിക്കുള്ള സംഭവം.

ഏറ്റവും പരിഹാസ്യമായ വാദം ആര്‍.എസ്.എസ്. വിഭാവനം ചെയ്യുന്ന 'അഖണ്ഡ ഭാരതത്തിലെ' ഹിന്ദുക്കളെ മുഴുവന്‍ ഈ പൗരത്വ ബില്‍ ഉദ്ധരിക്കും എന്നു പറയുന്നതാണ്. അടിസ്ഥാനപരമായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കെതിരാണീ പൗരത്വ ബില്‍. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 - നോ, അതിന് മുമ്പോ ഇന്ത്യയില്‍ കുടിയേറിയ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും മുസ്ലീം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന ഒരു ഭേദഗതി മുസ്ലീങ്ങള്‍ക്ക് മാത്രം എതിര് എന്ന നിലയിലാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍.

പക്ഷെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ അവസരങ്ങളും ഈ പൗരത്വ ബില്‍ സമ്മാനിക്കും. മുടിഞ്ഞ അഴിമതിയുള്ള പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും, ബംഗ്‌ളാദേശിലും ഹിന്ദുവാണെന്ന് കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

സംവരണം ഉള്ള ഇന്ത്യയില്‍ വ്യാജമായി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നത് കൂടി ഈ പൗരത്വ ബില്ലിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ കുറെ നാള്‍ മുമ്പ് 17,000 പേരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെല്ലാം പിരിച്ചു വിടല്‍ ഭീഷണിയിലായിരുന്നു. പത്രങ്ങളിലെല്ലാം വന്ന വാര്‍ത്തയാണിത്. പത്തും, ഇരുപതും വര്‍ഷം സര്‍വീസ് ഉള്ളവരായിരുന്നു ഇവരില്‍ പലരും. ഡെപ്യുട്ടി സെക്രട്ടറി തൊട്ടു പ്യൂണ്‍ വരെ ഈ 17,000 പേരില്‍ ഉണ്ടായിരുന്നു. ആധാര്‍ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. ചിലപ്പോള്‍ വ്യാജമായി ആധാര്‍ കാര്‍ഡ് വരെ ഇവിടെ ഉണ്ടാക്കിയെന്നിരിക്കും.

മഹാരാഷ്ട്രയില്‍ നടന്നത് ഇംഗ്‌ളീഷില്‍ പറയുന്ന 'ടിപ്പ് ഓഫ് ദി ഐസ്‌ബെര്‍ഗ്' ആണെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നുന്നത്. അഴിമതി സര്‍വ വ്യാപിയായ ഇന്‍ഡ്യാ മഹാരാജ്യത്ത് ഒരു ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. സര്‍ക്കാര്‍ ജോലിക്ക് സെക്യൂരിറ്റിയും, ഗ്‌ളാമറും ഒക്കെ ഉള്ളത് കൊണ്ട് പണം മുടക്കി ജാതി സര്‍ട്ടിഫിക്കറ്റും, സര്‍ക്കാര്‍ ജോലിയും സ്വന്തമാക്കാന്‍ അനേകം പേര്‍ തയാറാകും. ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയാണെങ്കില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റ്റേയും, വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റ്റേയും പേരില്‍ അനേകം പേര്‍ നമ്മുടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിരിച്ചയക്കപ്പെടും.

ഇതുപോലെ തന്നെ 'ഹിന്ദു' എന്ന് അവകാശപ്പെട്ട് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ 'ലെജിറ്റിമസിയും' ഉണ്ടാക്കികൊടുക്കാന്‍ പോകുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണിപ്പോള്‍ തോന്നുന്നത്. ചുരുക്കം പറഞ്ഞാല്‍ ഈ ഇന്‍ഡ്യാ മഹാരാജ്യത്തെ ഹിന്ദുക്കള്‍ക്ക് തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പൗരത്വ ബില്‍ ഏറ്റവും വലിയ പാരയാകാന്‍ പോകുന്നത്.
Join WhatsApp News
RSS propaganda 2019-12-16 10:02:50
ആർ.എസ.എസ. കാരന്റെ പതിവ് പ്രചാരണം താഴെ. ഹിന്ദുവിന് മാത്രം രാ ജ്യമില്ല. മറ്റുള്ളവർക്ക് ഉണ്ട്. ഉണ്ട്?
ഇന്ത്യൻ ക്രിസ്ത്യാനിയുടെയോ, മുസ്ലിമിന്റെയോ അച്ഛന്റെ രാജ്യമല്ല വിദേശങ്ങളിലുള്ളത്. എന്നാൽ ഇന്ത്യ ഞങ്ങളുടെയും തന്തമാരുടെ അവകാശഭൂമിയാണ്. ഇവിടെ പൗര്ത്വം തെളിയിക്കാൻ പറയാൻ നീയാരാ? 
-----------
ഹര്‍ത്താലും ബന്ദുമൊക്കെ നടത്താന്‍ പോകുന്ന മധുര മനോഹര കേരളത്തിലെ പ്രിയപ്പെട്ട ഹിന്ദുക്കളെ, ആട്ടിയോടിക്കപ്പെട്ടാല്‍ കയറിക്കൂടാന്‍ ക്രിസ്ത്യാനിയ്ക്ക് നൂറുകണക്കിന് കൃസ്ത്യന്‍ രാജ്യങ്ങളുണ്ട്. മുസല്‍മാന് അന്‍പതോളം മുസ്ലിം രാജ്യങ്ങളുണ്ട്. പത്തോളം ബുദ്ധ രാജ്യങ്ങളുണ്ട്, ഒരു ജൂത രാജ്യമുണ്ട്. ഹിന്ദുവിനോ...........? അതുകൊണ്ട്, സ്വന്തം ഭാവിയെ ഓര്‍ത്തെങ്കിലും കമ്യുണിസ്റ്റ് തെമ്മാടികള്‍ക്കൊപ്പം ചേര്‍ന്ന് ഈ രാജ്യത്തെ നശിപ്പിക്കുന്ന ഏര്‍പ്പാടില്‍ നിന്നും പിന്തിരിയണം. മിനിമം എന്താണ് NRC അഥവാ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന് മനസിലാക്കാനുള്ള സമയമെങ്കിലും കണ്ടെത്തണം. ഹിന്ദുവായി ജനിച്ചതിന്റെ പേരില്‍ മുസ്ലിം രാജ്യങ്ങളായ പാക്കിസ്ഥാനില്‍ നിന്നും, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കൊടിയ പീഡനങ്ങള്‍ക്കിരയായി, ആട്ടിയോടിക്കപ്പെട്ട, സ്വന്തം ശരീരം പോലും മുറിയന്മാര്‍ കൊത്തിപ്പറച്ചപ്പോള്‍....ഒടുവില്‍ ജീവനുവേണ്ടി പിടഞ്ഞിവിടെയെത്തിയ ഹിന്ദു കുടുംബങ്ങള്‍ക്കും, അവരോടൊപ്പം സിഖ്, പാര്‍സി, ജൈന, ക്രൈസ്തവ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്ലാണിത്. അതിനെ ഇന്നിന്റെ ആവേശത്തില്‍ മതിമറന്ന് തുരങ്കം വെയ്ക്കാന്‍ ശ്രമിക്കരുത്. ഇനി, തൊട്ടടുത്ത വീട്ടിലെ റഹീമിന്റെ ഗതിയോര്‍ത്താണ് ആവലാതി എങ്കില്‍, ദാ കേട്ടോളൂ. ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മുസല്‍മാനോടും പൗരത്വം തെളിയിക്കാന്‍ ബില്ല് ആവശ്യപ്പെടുന്നില്ല. അതിര്‍ത്തി വഴി നുഴഞ്ഞു കയറി നാടാകെ കലാപം സൃഷ്ടിക്കുന്ന....ജിഷയുടേതടക്കം കൊലപാതകം നടത്തിയ...കഞ്ചാവും മദ്യവും.. കള്ളക്കടത്തും...തീവ്രവാദവും അങ്ങനെ സകലമാന തെമ്മാടിത്തരവും നടത്തി ഇവിടെ കഴിഞ്ഞു കൂടുന്ന ബംഗ്ലാദേശി പൗരന്മാരുണ്ട്. അങ്ങിനെയുള്ള നുഴഞ്ഞു കയറ്റക്കാരെ ഈ ബില്ലിന്‍ പ്രകാരം നാടുകടത്തും. അത്രയേ ഉള്ളൂ. ഇനിയും നിങ്ങടെ അയല്‍പക്കത്തുള്ള റഹീമിനും, കമ്യുണിസ്റ്റ് കുത്തിത്തിരുപ്പില്‍ വീണ മുസല്‍മാന്മാര്‍ക്കു മനസ്സിലായില്ലെങ്കില്‍ അവോരോട് ചോദിയ്ക്ക്, കടലു വഴി നുഴഞ്ഞു കയറിയാല്‍, അതിര്‍ത്തി വഴി വേലി ചാടിയെത്തിയാല്‍ പൗരത്വം കൊടുക്കുന്ന ഏതെങ്കിലും മുസ്ലിം രാജ്യമുണ്ടോ എന്ന്? പൗരത്വം പോയിട്ട് ചാട്ടവാറിനടിയായിരിക്കും എന്ന് ഉത്തരം കിട്ടും. ജിഹാദി ഗ്രൂപ്പിന്റെ പടുകുഴിയില്‍ പെട്ട് സ്വന്തം അസ്ഥിത്വം പണയം വെക്കരുത് എന്ന് സ്‌നേഹത്തോടെ പറഞ്ഞു കൊടുക്കണം. സ്വന്തം മതവിഭാഗക്കാര്‍ അന്‍പതു ശതമാനം തികഞ്ഞാല്‍, അല്ലെങ്കില്‍ പെറ്റുപെരുകിയാല്‍...ആ രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കിയ ചരിത്രമാണവര്‍ക്ക്. ആളെണ്ണം പറഞ്ഞ് മതത്തിന്റെ പേരില്‍ ഇന്ത്യ വിഭജിച്ചവരാണവര്‍. അവരുടെയും കമ്യുണിസ്റ്റ് കളുടെയും ചതിക്കുഴിയില്‍ പെടാതെ സൂക്ഷിക്കണം.
josecheripuram 2019-12-17 08:38:51
History shows that in every country when a certain group become majority they tries to root out the minority by civil war.This will of course divide the country&reverse progress.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക