പൗരത്വ ഭേദഗതി: 'സൗവര്‍ണ്ണ പ്രതിപക്ഷം' സത്യം പറയണം! (വിജയ് .സി. എച്ച്)

Published on 16 December, 2019
പൗരത്വ ഭേദഗതി:  'സൗവര്‍ണ്ണ പ്രതിപക്ഷം' സത്യം പറയണം! (വിജയ് .സി. എച്ച്)
ലോകസാഹിത്യത്തില്‍ മലയാളിയുടെ ബ്രാന്‍ഡ് അംബാസഡറാണ് കവി സച്ചിദാനന്ദനെന്ന് നിരൂപകനൊരാള്‍ വിശേഷിപ്പിച്ചത് ഓര്‍മ്മയിലെത്തുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ 2011-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സച്ചി സാറിനു നഷ്ടപ്പെട്ടപ്പോള്‍, ആധുനിക കവിതയെന്തെന്ന് ലോകം മനസ്സിലാക്കി വരുന്നതേയുള്ളുവെന്നാണ് ഒരു വിദേശ മെഗസീന്‍ എഡിറ്റോറിയല്‍ എഴുതിയത്!

ലോക കാവ്യപഥത്തില്‍തന്നെ പുത്തന്‍ പാതകള്‍ വെട്ടിത്തെളിയിക്കുന്നൊരാള്‍ക്ക്, തന്റെ രാജ്യത്തിനും ബൃഹത്തായ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. അതിനാലായിരിക്കാം രാജ്യമിന്ന് ഭരിക്കുന്നവരുടെ രാഷ്ട്രീയവും, മതപരവും, സാമൂഹികവുമായ ഹ്രസ്വദൃഷ്ടിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുന്നത്. മാര്‍ഗ്ഗദര്‍ശകനാവാന്‍ കഴിയുന്നൊരാള്‍ക്ക്, സര്‍ഗ്ഗാത്മകമായ വിമര്‍ശനം ഏറെ നിസ്സാരം!

പഴക്കംകൊണ്ടു രാജ്യത്തിന്റെ പൈതൃകമായിത്തീര്‍ന്ന പലതും പുതിയ, പുതിയ നിയമ നിര്‍മ്മിതിയിലൂടെ കാലഹരണപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഗതിയില്‍, 'ഒടുവില്‍ ഞാനൊറ്റയാകുന്നു' എന്ന ഖണ്ഡകാവ്യമെഴുതിയ കവി പലതും തുറന്നടിക്കുന്നു:

?? ഒരു പ്രത്യേക മതസ്തരോടുമാത്രം വിവേചനം പുലര്‍ത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചു (Citizenship Amendment Bill) താങ്കളുടെ അഭിപ്രായമെന്താണ്?

?? ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഒരു മറയുമില്ലാത്ത ബാഹ്യരൂപമാണ് ലോക്സഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍! മറ്റെന്ത് അനുവദിച്ചാലും പൗരത്വറജിസ്റ്ററില്‍ മുസ്ലീംങ്ങളെ കയറ്റില്ലെന്നുതന്നെ! മറ്റാരെ ഉള്‍പ്പെടുത്തിയാലും മുസ്ലീംങ്ങള്‍ വേണ്ടെന്ന്!

ഇത് ഇന്ത്യയുടെ മതേതരത്വ ഭരണഘടനയുടെ പ്രത്യക്ഷ ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്കുമേലുള്ള കടന്നാക്രമണമാണ്. കാരണം, പൗരത്വത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്. മതപരമോ, ജാതീയമോ, ലിംഗപരമോ, സാമുദായികമോ ആയ ഒരു വിവേചനവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല.

അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്കും, സിഖുകാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, ജൈനര്‍ക്കും, ബുദ്ധര്‍ക്കും, പാര്‍സികള്‍ക്കും അനുവദിക്കുന്ന ഒരു ആനുകൂല്യം, മുസ്ലീംങ്ങള്‍ക്കു മാത്രം നിഷേധിക്കുന്നത് വിദ്വേഷപരമാണ്. അവരുടെ മാതൃരാജ്യങ്ങളില്‍ അവര്‍ മത ന്യൂനപക്ഷങ്ങളായാലും ഭൂരിപക്ഷങ്ങളായാലും, അഭയാര്‍ത്ഥികളായാണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്. ഏതൊരു അഭയാര്‍ത്ഥിയുടെയും വേദന ഒന്നുതന്നെയാണ്.

പലര്‍ക്കും പൗരത്വം നിഷേധിക്കുന്നു. അസമിലെ 104 വയസ്സുള്ള ഒരാളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുന്നു. ഇതു കരിനിയമമാണ്.

പൗരത്വം തെളിയിക്കാന്‍ പലരോടും ആവശ്യപ്പെടുന്നുണ്ട്. മുത്തച്ഛനും മുതുമുത്തച്ഛനും ഒരിടത്ത് ജീവിച്ചിരുന്നവരാണെന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു. ആര്‍ക്കെങ്കിലും കഴിയുമോ ഈ വക രേഖകള്‍ ഹാജരാക്കാന്‍?

കാലങ്ങളായി ഉണ്ടാക്കിയെടുത്തതാണ് നമ്മുടെ മതേതരത്വം. എന്നാല്‍, ഈ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ മതനിരപേക്ഷ ഇടങ്ങള്‍ ചുരുങ്ങുന്നു!

?? 1975-ലെ അടിയന്തിരാവസ്ഥയെക്കാള്‍ ഭീഷണമായ വെല്ലുവിളിയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് സച്ചി സാര്‍ ഈയിടക്കു പറഞ്ഞിരുന്നു. രാജ്യമൊട്ടാകെ ആയിരക്കണക്കിനു പ്രതിപക്ഷ നേതാക്കള്‍ ആ അടിയന്തിരാവസ്ഥയില്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ജയപ്രകാശ് നാരായണ്‍ മുതല്‍ എകെജി വരെയുള്ളവരെ തുറുങ്കിലടച്ചു. പ്രമാദമായ 'രാജന്‍ സംഭവം' ഉള്‍പ്പെടെയുള്ളത് നടന്ന കാലം. അങ്ങിനെയുള്ള ഒരവസ്ഥ ഇപ്പോള്‍ നിലവിലുണ്ടോ?

?? 1975-ലെ അടിയന്തിരാവസ്ഥയുടെ പ്രത്യേകത, അത് പ്രഖ്യാപിച്ചതായിരുന്നു എന്നുള്ളതാണ്. ഭരണഘടനയിലുള്ള ഒരു വ്യവസ്ഥയുടെ ദുരുപയോഗമായിരുന്നു അത്. ഒരു കവിത എഴുതിയതിന് എന്നെയും അറസ്റ്റു ചെയ്തിരുന്നു!

ഇന്നത്തെ അടിയന്തിരാവസ്ഥ മറ്റൊരു രീതിയിലാണ്. ഭൂരിപക്ഷമുള്ളതുകൊണ്ടല്ല, ചെയ്യപ്പെട്ട വോട്ടില്‍ ഭൂരിപക്ഷം കിട്ടിയെന്നതിനാല്‍, ആ ജനവിധി ഉപയോഗിച്ചു രാജ്യത്ത് ഭീതി സൃഷ്ടിക്കുന്നുവെന്നതാണ് ഇന്നുകാണുന്ന അടിയന്തിരാവസ്ഥ!

കാശ്മീര്‍ സംഭവം മാത്രം മതി രാജ്യത്ത് അടിയന്തിരാവസ്ഥയാണെന്നു പറയാന്‍! അനേകം തവണ സുപ്രീം കോടതി ആവര്‍ത്തിച്ചു പിന്താങ്ങിയിട്ടുള്ളതാണ് ആര്‍ട്ടിക്ക്ള്‍-370 എന്ന വകുപ്പ്. ജമ്മു-കാശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉണ്ടാക്കിയ വ്യവസ്ഥയാണത്. അത് കാറ്റില്‍ പറത്തിയില്ലേ!

അതേ സമയത്ത് നാഗാലാന്‍ഡില്‍ പഴയ നിയമം ഇപ്പോഴും നിലനില്‍ക്കുന്നു! അവര്‍ക്ക് സ്വന്തം കൊടി മുതല്‍ ആര്‍മി വരെ അനുവദിക്കുന്നു. ഒരേ സമയത്ത് ഒരേ രാജ്യത്ത് രണ്ടിടത്ത് രണ്ടു രീതിയില്‍ നിയമങ്ങള്‍ നടപ്പാക്കുന്നു. പല തരത്തിലുള്ള സമീപനങ്ങള്‍ പല ജനതകളോട് അനുഷ്ടിക്കുന്നത് അതിനു പുറകില്‍ മതപരമായ അജണ്ടകള്‍ ഉള്ളതുകൊണ്ടാണ്.

കൂടാതെ, UAPA-യില്‍ [Unlawful Activities (Prevention) Act] കൊണ്ടുവന്നിട്ടുള്ള ഭേദഗതി അനുസരിച്ചു ഏതു വ്യക്തിയെയും തീവ്രവാദിയായി പ്രഖ്യാപിക്കാം. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ആരെയും തീവ്രവാദിയെന്നു വിളിച്ചു ജീവിതകാലം മുഴുവന്‍ തുറുങ്കിലടക്കാം!

മറ്റൊന്നാണ് Right to Know നിയമത്തില്‍ വെള്ളം ചേര്‍ത്തത്. മുന്നെ ഡിഫന്‍സ് രഹസ്യങ്ങള്‍ മാത്രമാണ് നമുക്ക് അറിയാന്‍ കഴിയാത്തതായി ഉണ്ടായിരുന്നത്. ഇപ്പോള്‍ പലതും Right to Information Act-നു പുറത്തു നിര്‍ത്തിയിരിക്കുന്നു.

ബുദ്ധിജീവികളും എഴുത്തുകാരും കൊല്ലപ്പെടുന്നു, ഒരാശയത്തില്‍ വിശ്വസിച്ചതിനാല്‍ കൊല്ലപ്പെടുന്നു, ബീഫിന്റെ പേരിലും കൊല്ലപ്പെടുന്നു! പൗരസ്വാതന്ത്ര്യങ്ങള്‍ ഒന്നൊന്നായി ഹനിക്കപ്പെടുന്നതിന് നാം സാക്ഷികളാകുന്നു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ഇതിനെല്ലാം എതിരെ ഒരു നേഷണല്‍ മൂവ്‌മെന്റുതന്നെ നയിക്കുമായിരുന്നു!

ഏതു നിലയില്‍ നോക്കിയാലും അടിയന്തിരാവസ്ഥക്കു സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഭീഷണമായ വെല്ലുവിളികള്‍. ദിനം പ്രതി ഈ അവസ്ഥ കൂടുതല്‍ മോശമാവാനേ സാധ്യതയുള്ളൂ. കവികള്‍ എല്ലാം അല്‍പം മുന്‍കൂട്ടി കാണുന്നവരുമാണ്! അതിനാല്‍, ഞാന്‍ പറഞ്ഞ ഒരുവാക്കും പിന്‍വലിക്കുന്നില്ല, പൂര്‍ണ്ണമായും അതില്‍ വിശ്വസിക്കുന്നു!

?? കലാകാരന് സാമൂഹിക പ്രതിബദ്ധതയുണ്ട്. എന്നാല്‍, ചുറ്റുമുള്ള സംഘര്‍ഷങ്ങള്‍ അയാളെ പൂര്‍ണ്ണമായും ഗ്രഹിച്ചാല്‍, അവനൊരു ഏക്റ്റിവിസ്റ്റായി മാറുന്നു! ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കുകയെന്ന one-point പരിപാടിയിലേക്ക് എഴുത്തുകാരുടെ സര്‍ഗ്ഗഭാവന ചുരുങ്ങിയിരിക്കുന്നുവെന്ന നിരീക്ഷണത്തില്‍ എത്രകണ്ട് ശരിയുണ്ട്?

?? ഈ നിരീക്ഷണം അത്ര ശരിയല്ല. എന്നാല്‍, ഇങ്ങിനെ സംഭവിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍. ജീവിതത്തെ അര്‍ത്ഥശൂന്യമാക്കുന്നൊരു പ്രത്യയശാസ്ത്രമാണ് ഫാഷിസം. മനുഷ്യരെ അടിമകളാക്കുന്നൊരു ഐഡിയോളജി. എന്നിരുന്നാലും, കലാകാരന്മാരില്‍ പോലും ചെറിയൊരു വിഭാഗം മാത്രമേ ഫാഷിസത്തിനെതിരെ ഉറക്കെ സംസാരിക്കുന്നുള്ളൂ. കലാകാരന്മാര്‍ക്ക് സര്‍ക്കാരില്‍നിന്നു സാധിക്കാന്‍ പല ആവശ്യങ്ങളുമുണ്ട്. പലരും മൗനം പാലിക്കുന്നത് നിര്‍ഭാഗ്യവശാല്‍ അതുകൊണ്ടാണ്.

യഥാര്‍ത്ഥത്തില്‍, ഫാഷിസത്തെ എതിര്‍ക്കുകയെന്നത് കലാകാരന്റെ മൗലികമായ ധര്‍മ്മമാണ്. എന്നാല്‍, എല്ലാവരും ഏക്റ്റിവിസ്റ്റുകളാവണമെന്നു ഞാന്‍ പറയില്ല. പക്ഷെ, തങ്ങളുടെ കലയിലൂടെ അവര്‍ക്ക് ഫാഷിസത്തെ എതിര്‍ക്കാന്‍ കഴിയും. കാരണം, കലയുടെ പ്രാഥമികമായ ധര്‍മ്മങ്ങളിലൊന്ന് അധികാരത്തോടു സത്യം പറയുക എന്നതാണ്! നിര്‍ഭയമായി സത്യം പറഞ്ഞില്ലെങ്കില്‍ അവന്‍ കലാകാരല്ലാതായിത്തീരും. അതിനാല്‍, കലാകാരന്റെയും എഴുത്തുകാരന്റെയും ധര്‍മ്മം സദാ പ്രതിപക്ഷത്താണ്! സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് അവരുടെ വിഷയം. ഏതു പാര്‍ട്ടി അധികാരത്തിലിരുന്നാലും, he must always talk the truth with the power! കവികളെ 'സൗവര്‍ണ്ണ പ്രതിപക്ഷം' (Golden Opposition) എന്നു വൈലോപ്പിള്ളി വിശേഷിപ്പിച്ചത് അതുകൊണ്ടാണ്!

?? കലാകാരന്മാര്‍ ഏറ്റവും ശക്തിയായി പ്രതികരിച്ചത് പ്രധാനമന്ത്രി മോദിയുടെ ആദ്യത്തെ അഞ്ചു വര്‍ഷങ്ങളിലായിരുന്നു. എന്നാല്‍, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദിയെ വീണ്ടും ഭരണത്തില്‍ അവരോധിക്കുകയാണുണ്ടായത്. ഇതു സൂചിപ്പിക്കുന്നത് കലാകാരന്മാര്‍ക്ക് സാധാരണക്കാരില്‍ സ്വാധീനമില്ലെന്നല്ലേ?

?? കവിതയും സാഹിത്യവുമെല്ലാം ന്യൂനപക്ഷ കലകളാണ്. അവക്ക് സിനിമയോ തെരുവു നാടകമോ പോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. കലാകാരന്മാര്‍ക്കു ചെയ്യാന്‍ കഴിയുന്നത് അതിനാല്‍ വളരെ പരിമിതമായ കാര്യങ്ങളാണ്. സാമൂഹ്യ മാറ്റങ്ങള്‍ നയിച്ചിട്ടുള്ളത് എന്നും സമൂഹ നായകന്മാരാണ്. കലാകാരന്മാര്‍ക്ക് അതിന്റെ ചെറിയൊരു ഭാഗമാവാനേ കഴിയൂ.

മോദിയുടെ ആദ്യത്തെ അഞ്ചു വര്‍ഷം സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നതില്‍ സംശയമില്ല. ജനങ്ങള്‍ സത്യം അറിയാതിരുന്നതുകൊണ്ടാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്. അവസാനം, പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ബാലാകോട്ട് വ്യോമാക്രമണവും മോദിയുടെ രക്ഷക്കെത്തുകയും ചെയ്തു. രാജ്യത്തിനു ഇപ്പോള്‍ വേണ്ടത് ശക്തമായൊരു നേതൃത്വമാണെന്ന് ഉത്തരേന്ത്യയിലെ കോര്‍പ്പറേറ്റ് പത്രങ്ങള്‍ എഴുതിയത് സാധാരണക്കാര്‍ വിശ്വസിച്ചു, മോദിയെ വീണ്ടും ഭരണത്തില്‍ അവരോധിച്ചു.

?? പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്തും അംഗത്വങ്ങള്‍ രാജിവെച്ചുകൊണ്ടുമുള്ള പ്രതിഷേധങ്ങളുടെ മുനയൊടിഞ്ഞിരിക്കുന്നു. എടുത്തെയ്യാന്‍ കലാകാരന്മാരുടെ ആവനാഴിയില്‍ ഇനി എന്ത് അസ്ത്രമാണ് അവശേഷിക്കുന്നത്?

?? മുനയൊടിഞ്ഞിട്ടില്ല! തൊണ്ണൂറു സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്നുള്ളൊരു ശക്തിയേറിയ പ്രതിഷേധ വേദികയാണത്. ഞാനും അംഗമായിട്ടുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായി ഇപ്പോഴും നടക്കുന്നു. അധികാരികള്‍ എത്രകണ്ട് ഇതിനെ ഭയപ്പെടുന്നുവെന്നത് അടൂര്‍ സംഭവത്തില്‍ വ്യക്തമായതുമാണ്. കേന്ദ്ര സര്‍ക്കാറിന് ഓര്‍ക്കാന്‍ താല്‍പര്യമില്ലാത്തൊരു ദുഃസ്വപ്നമാണ് അംഗീകാരങ്ങള്‍ തിരിച്ചുകൊടുത്തു നടത്തിയ ചരിത്രപരമായ ആ പ്രതിഷേധം. മുനയൊടിഞ്ഞുവെന്നു പറഞ്ഞുകൂടാ, അതിന്റെ impact ഇപ്പോഴും തുടരുന്നു!

അസ്ത്രങ്ങള്‍ ഇനിയുമെത്രയോ ബാക്കിയുണ്ട്! സ്വാതന്ത്യ്രസമര കാലം മുതല്‍ നാം പ്രയോഗിച്ചു വിജയംകണ്ട പ്രതിഷേധ മുറകള്‍ എത്രയെത്ര! ആവശ്യം വരുമ്പോള്‍ എടുത്തു പ്രയോഗിക്കും!

?? കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് മുതലായ എഴുത്തുകാര്‍ ബഹുസ്വരതക്ക് എതിരെയുള്ളവരാല്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍, തങ്ങളുടെ കൃതികള്‍ പാഠ്യപദ്ധതികളില്‍നിന്നു പിന്‍വലിക്കുക മുതലായ കൂടുതല്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലേക്ക് രാജ്യത്തെ സാഹിത്യകാരന്മാര്‍ എന്തുകൊണ്ടു നീങ്ങിയില്ല?

?? അതു പിന്‍വലിച്ചാല്‍ ആ സ്‌പൈസുകൂടി ഞങ്ങള്‍ക്കു നഷ്ടപ്പെടും. പ്രതിലോമശക്തികള്‍ തങ്ങളുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കാന്‍ പുസ്തകവും ചരിത്രവുമൊക്കെ മാറ്റി എഴുതുന്ന കാലമാണിത്. പ്രതിഷേധ സ്വഭാവമുള്ള, ഒരു പ്രേം ചന്ദിന്റെ കൃതിയോ മറ്റോ, ഇപ്പോഴുള്ള പാഠ്യപദ്ധതികളില്‍നിന്നു പിന്‍വലിച്ചാല്‍ എല്ലാം അവരുടേതായി മാറും!

ഗിരീഷ് കര്‍ണാടിന്റെ ഒരു നാടകം പഠിക്കണം, അല്ലെങ്കില്‍, അനന്ത മൂര്‍ത്തിയുടെ ഒരു നോവല്‍ പഠിക്കണം എന്നുണ്ടെങ്കില്‍ അതെങ്കിലും തുടരട്ടെ! ഓരോ തന്ത്രം സ്വീകരിക്കുമ്പോഴും അതിന്റെ പ്രത്യാഘാതം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

?? ഉത്തരേന്ത്യയിലെ അതിക്രമങ്ങള്‍ക്കെതിരെ സദാ ശബ്ദമുയര്‍ത്തുന്നവര്‍, സമാനമായ കേരളത്തിലെ സംഭവങ്ങള്‍ക്കു പ്രതിഷേധിക്കുന്നത് നാമമാത്രമായാണെന്ന വിമര്‍ശനത്തെ സച്ചി സാര്‍ എങ്ങിനെ നേരിടുന്നു?

?? എഴുത്തുകാര്‍ രാവിലെ മുതല്‍ ഇരുട്ടുംവരെ പ്രതിഷേധിച്ചുകൊണ്ടിരുന്നാല്‍ അവര്‍ക്ക് എഴുതാന്‍ എപ്പോഴാണ് സമയം കിട്ടുക?

ഇത് എന്നോടുള്ള വ്യക്തിപരമായ ചോദ്യമാണെങ്കില്‍ പറയുന്നു, എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കെതിരെയും പ്രതികരിച്ചിട്ടുള്ള ഒരാളാണ് ഞാന്‍!

ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, പ്രതിഷേധിച്ചു ഞാന്‍ കവിത എഴുതിയിട്ടുണ്ട്. അഭിമന്യുവിനെ വധിച്ചതിലും പ്രതിഷേധ കവിതയുണ്ട്! മധുവിന്റെ വധത്തെക്കുറിച്ചു കവിതയുണ്ട്; കവിത മാത്രമല്ല പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പെരിയയിലെ ഇരട്ട കൊലപാതകത്തെക്കുറിച്ച് ഗൗരവമായൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പ്രളയബാധിതര്‍ക്കു നഷ്ടപരിഹാരം ലഭിക്കാത്തതിനെക്കുറിച്ചുപോലും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.

എല്ലാവരെക്കുറിച്ചും ഞാന്‍ പറയില്ല, ഞാന്‍ പ്രതികരിക്കാറുണ്ടെന്നുമാത്രം പറയുന്നു.

?? എഴുത്തുകാരെല്ലാം ഇടതുപക്ഷമോ? ആണെങ്കില്‍ അത് എന്തുകൊണ്ടാണ്?

?? എഴുത്തുകാരെല്ലാം പ്രതിപക്ഷമാണ്, ഇടതുപക്ഷമാണെന്നു ഞാന്‍ പറയില്ല! കാരണം, ഇടതുപക്ഷം അധികാരത്തില്‍വന്ന് അവര്‍ ഏകാധിപതികളായി മാറിയാല്‍, അപ്പോഴും എഴുത്തുകാര്‍ ആ ഭരണത്തിനെതിരായിരിക്കും.

പ്രത്യക്ഷത്തില്‍ ഇടതുപക്ഷമാണെന്നു തോന്നുന്ന ഒരു പാര്‍ട്ടി, പ്രവര്‍ത്തനത്തില്‍ ഇടതുപക്ഷമായിക്കൊള്ളണമെന്നില്ല.

ഏതു വ്യവസ്ഥിതിയിലും ആ വ്യവസ്ഥിതിയുടെ സ്വാതന്ത്യ്ര നിഷേധങ്ങള്‍ക്കും, ജന പീഡനങ്ങള്‍ക്കും എതിരായി നില്‍ക്കുന്നവരാണ് എഴുത്തുകാര്‍. സ്റ്റാലിന്റെ കാലം മുതല്‍ എഴുത്തുകാരെല്ലാം പ്രതിപക്ഷത്താണ്. അതാണ് ചരിത്രം.

പ്രതിപക്ഷമാവുക വഴി ഇതാണ് ഇടതുപക്ഷമെന്ന് ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് എഴുത്തുകാര്‍! രാഷ്ട്രീയ വ്യവഹാരത്തില്‍ ഉണ്ടായി വന്നൊരു സമീപനമാണിത്.
പൗരത്വ ഭേദഗതി:  'സൗവര്‍ണ്ണ പ്രതിപക്ഷം' സത്യം പറയണം! (വിജയ് .സി. എച്ച്)പൗരത്വ ഭേദഗതി:  'സൗവര്‍ണ്ണ പ്രതിപക്ഷം' സത്യം പറയണം! (വിജയ് .സി. എച്ച്)പൗരത്വ ഭേദഗതി:  'സൗവര്‍ണ്ണ പ്രതിപക്ഷം' സത്യം പറയണം! (വിജയ് .സി. എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക