MediaAppUSA

ചന്ദ്രഗിരിയുടെ വന്യത (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 2: മിനി വിശ്വനാഥന്‍)

Published on 23 December, 2019
ചന്ദ്രഗിരിയുടെ വന്യത (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 2: മിനി വിശ്വനാഥന്‍)
അങ്ങനെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം നേപ്പാള്‍ എന്ന മനോഹര തീരത്തേക്കുള്ള നാല് ദിവസത്തെ യാത്ര ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. നാല് ദിവസം കൊണ്ട് അവിടത്തെ ചെറിയ ഒരു ഭാഗം കാഴ്ചകള്‍ മാത്രമെ കാണാന്‍ പറ്റൂ എന്നറിയാതെയല്ല, പുസ്തക പ്രകാശനത്തിന് മുമ്പ് നാട്ടിലെത്തേണ്ടതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവെക്കാനും പറ്റില്ല. അത് കൊണ്ട് തന്നെ ലുംബിനിയും, പൊഖ്‌റയും കാണുന്നത് മറ്റൊരവസരത്തിലേക്ക് മാറ്റി വെച്ചു. സരിതാന്റിയുടെ ശിഷ്യത്വം സ്വീകരിച്ച് ട്രെക്കിങ്ങിന് ഹിമാലയന്‍ ബേസ് ക്യാമ്പ് വരെ പോവുമെന്ന് പറഞ്ഞ് ശ്രീക്കുട്ടി സ്വയം സമാധാനിച്ചു.

യാത്ര തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് എയര്‍ ടിക്കറ്റുകളും താമസസ്ഥലവും ബുക്ക് ചെയ്യലായിരുന്നു അടുത്ത പണി. ഞങ്ങള്‍ മീഡിയം ബഡ്ജറ്റ് യാത്രയും താമസ സ്ഥലങ്ങളുമായിരുന്നു തിരഞ്ഞെടുത്തത്. ജൂലായി ഒന്‍പതാം തീയ്യതി വൈകീട്ട് മൂന്ന് മണിക്ക് ഷാര്‍ജയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയര്‍ അറേബ്യന്‍ ഫ്‌ലൈറ്റില്‍ ഞങ്ങളും ബാംഗ്ലൂര്‍  കാഠ്മണ്ഡു റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ അഞ്ച് അമ്പതിന്റെ ഫ്‌ലൈറ്റില്‍ അവരും ടിക്കറ്റ് ബുക്ക് ചെയ്തു. റൂം ബുക്ക് ചെയ്യുന്ന പണി വിനിത ഏറ്റെടുത്തു. തമ്മല്‍ മാര്‍ക്കറ്റിനടുത്ത് "മൈല്‍സ്‌റ്റോണ്‍" ഹോട്ടലില്‍ മൂന്ന് ദിവസത്തേക്കും ഹിമാലയന്‍ വ്യു കാണാനായി നാഗര്‍കോട്ട് വ്യൂ പോയിന്റില്‍ "പീസ്ഫുള്‍" കോട്ടേജില്‍ ഒരു ദിവസത്തെക്കുള്ള മുറിയും ഓണ്‍ലൈനായി ബുക്ക് ചെയ്തു. കാഠ്മണ്ടു എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ സ്വീകരിച്ച് കാഴ്ചകള്‍ കാണിച്ച് തന്ന് എയര്‍പോര്‍ട്ടില്‍ തിരിച്ച് ഡ്രോപ്പ് ചെയ്യാനുമുള്ള ഏര്‍പ്പാടുകള്‍ സരിത എല്പിച്ച ട്രാവല്‍ ഗൈഡ് നേരത്തെ തന്നെ ചെയ്തു കഴിഞ്ഞിരുന്നു. അങ്ങിനെ യാത്രയുടെ മുന്നൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി.

വീടിനടുത്തുള്ള ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം സന്ദര്‍ശകയാവാന്‍ കാരണം അവിടെ ജോലി ചെയ്യുന്ന ചിരിക്കുമ്പോള്‍ കണ്ണുകള്‍ അടഞ്ഞ് പോവുന്ന നേപ്പാളിപ്പെണ്‍കുട്ടി ആയിരുന്നു. ഒട്ടും തിടുക്കം കൂടാതെ പരാതിയൊന്നും പറയാതെ കരുണയോടെ തലമുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുമ്പോള്‍ ഹിമാലയത്തിന്റെ താഴ്വാരത്തില്‍ ചാഞ്ഞു കിടക്കുന്ന തന്റെ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും അവള്‍ നേപ്പാളി കലര്‍ന്ന ഹിന്ദിയില്‍ പറഞ്ഞു കൊണ്ടേയിരിക്കും. അവള്‍ പറയുന്നത് കേട്ട് കണ്ണടച്ച് കിടക്കുമ്പോള്‍ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ നിന്ന് ആരോ മൃദുസ്വരത്തില്‍ ഹൃദയമന്ത്രങ്ങങ്ങള്‍ ചൊല്ലി ശാന്തയാക്കുന്നത് പോലെ തോന്നും. തണുത്ത മഞ്ഞ്കാറ്റ് ചുറ്റുപാടും വീശുന്നത് പോലെയും. അവളുടെ നാട്ടിലേക്ക് എന്നെ സ്‌നേഹത്തോടെ സ്വാഗതം ചെയ്തു. ഭൂകമ്പവും രാജകുടുംബത്തിലുണ്ടായ ദുരന്തവും ഒരു പോലെ അവളുടെ നാടിനെ ബാധിച്ചിട്ടുണ്ടെന്ന് സങ്കടപ്പെട്ടു. കമ്പിളിക്കുപ്പായങ്ങളും കൗതുകവസ്തുക്കളും വില്‍ക്കുന്ന ചെറുകടകളാണ് അവള്‍ താമസിക്കുന്ന തെരുവിന്റെ മുഖ്യ വരുമാന ഉപാധി. സ്ത്രീകള്‍ ആണ് ജോലിയില്‍ മിടുക്കര്‍. പുരുഷന്‍മാര്‍ പലപ്പോഴും സ്വപ്ന ലോകത്തെ രാജാക്കന്‍മാരാണ് എന്ന് അവള്‍ ചിരിച്ച് കൊണ്ട് പരാതി പറഞ്ഞു. അവള്‍ക്കും പ്രതീക്ഷകള്‍ ഉണ്ട്. ഇവിടെ നിന്നുണ്ടാക്കിയ പണം കൊണ്ട് നാട്ടില്‍ ചെറിയ ബിസിനസ് തുടങ്ങണം. ചേച്ചിമാരുടെ ഫോണ്‍ നമ്പര്‍ തന്ന് എന്താവശ്യമുണ്ടെങ്കിലും അവര്‍ സഹായിക്കുമെന്ന് പറഞ്ഞ് അവള്‍ സ്‌നേഹം ഉറപ്പിച്ചു.

രാജ്യത്തിന്റെ ഏഴുപത്തഞ്ച് ശതമാനത്തോളം പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടത് കാരണമാവണം മലകളുടെ താഴ്വരയില്‍ എന്നര്‍ത്ഥം വരുന്ന 'നേപാലയ' എന്ന സംസ്കൃത വാക്കില്‍ നിന്നാണ് നേപ്പാള്‍ എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.. ഇവിടത്തെ രാജാവായിരുന്ന ഭൂമിഗുപ്തന്റെ ഗുരു 'നേ' എന്നു പേരുള്ള മഹര്‍ഷിയായിരുന്നു. ആ പേരും സംരക്ഷിക്കുക എന്നര്‍ത്ഥമുള്ള 'പാല' എന്ന വാക്കും കൂട്ടിച്ചേര്‍ത്താണ് നേപ്പാള്‍ ആയതെന്ന് മറ്റൊരു കഥയും കേള്‍ക്കാനായി. പുണ്യഭൂമി, ഗോപാലകരുടെ നാട് എന്നിവയും നേപ്പാള്‍ എന്ന പേരിന് കാരണമായി പറയുന്നുണ്ട്.

ഇടുങ്ങിയകണ്ണുകളും ചപ്പിയമൂക്കും വെള്ളി കെട്ടിയ പല്ലുകളുമുള്ള ധീരതയുടെ പര്യായ പദം കൂടിയായ ഗൂര്‍ഖകളുടെ നാടായ നേപ്പാളിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തില്‍ ഗൂര്‍ഖകള്‍ക്ക് പ്രമുഖമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അവരുടെ ശരീരത്തിന്റെ ഭാഗം തന്നെയായ 'കുക്രി' എന്ന് പേരുള്ള വളഞ്ഞ കത്തി ഉറയില്‍ നിന്നൂരിയാല്‍ ശത്രുവിന്റെ ചോര കണ്ടേ തിരിച്ച് ഉറയില്‍ കയറൂ എന്നാണ് വിശ്വാസം.

നേപ്പാള്‍ ജനത കടന്നു പോയ സംഘര്‍ഷങ്ങളെക്കുറിച്ച് മനസ്സിലാവണമെങ്കില്‍ അവരുടെ ചരിത്രം അറിയണം. ധാരാളം യുദ്ധങ്ങളിലൂടെയും വെട്ടിപ്പിടിക്കലുകളിലൂടെയും കടന്നു പോയ ചെറു രാജ്യമാണ് നേപ്പാള്‍. നവീന ശിലായുഗ കാലം മുതല്‍ ജനവാസ യോഗ്യമായിരുന്നു ഈ നാട് എന്ന് ചരിത്രം പറയുന്നു. പലതരം ഭരണകൂടങ്ങളുടെ ഭരണത്തിലൂടെ കടന്നുപോയി ഒടുവില്‍ 2008 ഡിസംബര്‍ 8 ന് സ്വതന്ത്ര മതേതര ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്ക് ആയി മാറി. അതോടെ ദീര്‍ഘകാലമായി അവിടെ നിലനിന്നിരുന്ന രാജഭരണത്തിന് അന്ത്യമായി.നേപ്പാളിലെ ജനങ്ങള്‍ രാജാവിന് ദൈവത്തിന്റെ സ്ഥാനം തന്നെയായിരുന്നു നല്‍കിയിരുന്നത്.
പശുപതിനാഥക്ഷേത്രത്തില്‍ ഗര്‍ഭഗൃഹത്തിലെ ദേവപ്രതിഷ്ഠ പോലെ പുറത്ത് രാജാക്കന്‍മാരുടെ വിഗ്രഹങ്ങളും അരാധനാമൂര്‍ത്തികളായതിന് കാരണം മറ്റൊന്നല്ല. പുതിയ സാഹചര്യങ്ങളുമായി അവരിപ്പോഴും പൊരുത്തപ്പെട്ടു വരുന്നേയുള്ളൂ...

നമ്മളറിയുന്ന നേപ്പാള്‍ ശ്രീബുദ്ധന്റെ നാടാണ്.

സിദ്ധാര്‍ത്ഥ ഗൗതമനെന്ന യുവരാജാവിന്റെ ജന്മനാട്.

ഇപ്പോഴും നേപ്പാള്‍ ജനതയോടൊപ്പം നമ്മളും സ്‌നേഹിക്കുന്ന ഗൗതമ ബുദ്ധന്റെ നാട് .

നേപ്പാള്‍ വിശേഷങ്ങള്‍ തുടരും ...

ചന്ദ്രഗിരിയുടെ വന്യതയും സ്വയംഭൂനാഥിലെ മങ്കിടെമ്പിളും മുതലങ്ങോട്ട് ഓരോ ദൃശ്യവിസ്മയങ്ങളും വിശദമായി നമുക്ക് ഒരുമിച്ച് കാണാം.....ചന്ദ്രഗിരിയുടെ വന്യത (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 2: മിനി വിശ്വനാഥന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക