ഓസ്‌ട്രേലിയയില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥി

Published on 28 December, 2019
 ഓസ്‌ട്രേലിയയില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥി

ഹൊബാര്‍ട്ട് / അങ്കമാലി: ഓസ്‌ട്രേലിയയിലെ പ്ലസ്ടു ( ഗ്രേഡ് പന്ത്രണ്ട്) പരീക്ഷ ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാര്‍ഥി ചരിത്രമെഴുതി. അങ്കമാലി സ്വദേശി ചാള്‍സ് ജിബിയാണ് സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്.

ദി അസസ്‌മെന്റ് ബോര്‍ഡ് ഇന്‍ ടാസ്മാനിയ (TASC) ആണ് പരീക്ഷ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ടാസ്മാനിയയിലെ നോര്‍ത്ത് ഹൊബാര്‍ട് എലിസബത്ത് കോളേജിലായിരുന്നു ചാള്‍സ് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 99.95 ശതമാനം എന്ന സര്‍വകാല റിക്കാര്‍ഡ് മാര്‍ക്കോടു കൂടിയാണ് ചാള്‍സ് ഒന്നാം റാങ്കില്‍ എത്തിയത്.

അങ്കമാലി കരയാംപറംബ് പുതുശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാള്‍സിന്റെ മാതാപിതാക്കള്‍. ഗ്ലെനോര്‍ക്കി സെന്റ് ഡൊമിനിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്ക ഏക സഹോദരിയാണ്. ഇതിനോടകം തന്നെ കായിക രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചാള്‍സ് ഹൊബാര്‍ട്ടിലെ വിവിധ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്ലബുകളിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്‍ ബൗളര്‍ കൂടിയാണ്. ടാസ്മാനിയയിലെ സ്‌കൂള്‍ വിദ്യാഭ്യസം പൊതുവെ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണ് വിലയിരുത്തല്‍. നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയും മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയിലെ മുന്തിയ യൂണിവേഴ്‌സിറ്റികളില്‍ നിന്നും നിരവധി വാഗ്ദാനങ്ങള്‍ ഈ മലയാളി വിദ്യാര്‍ഥിയെ തേടി വന്നു കഴിഞ്ഞു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക