MediaAppUSA

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 58: ജയന്‍ വര്‍ഗീസ്)

Published on 29 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 58: ജയന്‍ വര്‍ഗീസ്)
വീണ്ടും അമേരിക്കയില്‍. ഒരാഴ്ചത്തേക്ക് നാടിനെക്കുറിച്ചുള്ള സ്മരണകളില്‍ മനസ്സില്‍ ഒരു നൊന്പരക്കാറ്റു വീശിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ അമേരിക്കന്‍ ജീവിത തിരക്കുകളില്‍ ദിനരാത്രങ്ങള്‍ ഒഴുകിത്തുടങ്ങി. പ്ലിമത് മില്‍സിലെ പകല്‍ ജീവിത കാഴ്ചകളില്‍ അലിഞ്ഞും, ഗ്യാസ് സ്‌റ്റേഷനിലെ രാത്രി ജീവിത വ്‌സമയങ്ങളില്‍ ഇഴഞ്ഞും കാലമൊഴുകിക്കൊണ്ടേയിരുന്നു.

പ്ലിമത്ത് മില്‍സിന് പൊരിഞ്ഞ ബിസ്സിനസ് ആണ് കിട്ടിക്കൊണ്ടിരുന്നത്. എത്ര പണിതാലും തീരാത്ത അത്ര ഓര്‍ഡറുകള്‍. രാതി പത്തുമണി വരെയൊക്കെ എല്ലാ ദിവസവും കന്പനി പ്രവര്‍ത്തിച്ചു തുടങ്ങി. അതായത് ആവശ്യമുള്ളവര്‍ക്ക് അഞ്ച്  അഞ്ചര മണിക്കൂര്‍ വരെ ഓവര്‍ ടൈം ഉണ്ടാവും. പത്തു മണി വരെ ജോലി കഴിഞ്ഞു വന്നിട്ടാണ് ഗ്യാസ് സ്‌റ്റേഷനില്‍ പോകുന്നത്. ഇടക്ക് ഒന്ന് കുളിച്ച് ആഹാരം കഴിക്കാനുള്ള സമയം പോലും കഷ്ടിയാണ്. എങ്കിലും ഈ ഷെഡ്യൂളില്‍ ഒരു മടുപ്പു തോന്നിയിരുന്നില്ല എന്ന് മാത്രമല്ലാ, ആവശ്യത്തിന് പണം കിട്ടുന്നുണ്ടല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നു. നാട്ടില്‍പ്പോക്കും വിവാഹവും, അതിനോടനുബന്ധിച്ചുണ്ടായ കട ബാധ്യതകളും ഒക്കെക്കൂടി ആവുന്നത്ര കൂടുതല്‍ ജോലി ചെയ്യേണ്ടതായ ഒരു സാഹചര്യവും നിലവില്‍ ഉണ്ടായിരുന്നുവല്ലോ ?

അമേരിക്ക ഓപ്പര്‍ട്യൂണിറ്റികളുടെ നാടാണ് എന്ന് പറഞ്ഞു കേള്‍ക്കുകയും,  വായിച്ചറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത് ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകളോടെ വലിയ വലിയ നിലകളില്‍ ജോലിയിലിരിക്കുന്നവരെ സംബന്ധിച്ച് ശരിയുമാണ്. അത്യാവശ്യം ഒരു  രെജിസ്‌റ്റേര്‍ഡ് നഴ്‌സിന്റെ സര്‍ട്ടിഫിക്കേറ്റ് എങ്കിലും കയ്യിലുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരു ആയിരം ഡോളറെങ്കിലും ബാങ്കിലെത്തുവാനും, അത് കൊണ്ട് ഒരു വിധം ഭംഗിയായി ജീവിച്ചു പോകുവാനും സാധ്യമാകും. എന്നാല്‍ മണിക്കൂറിന് അഞ്ചും, ആറും ഡോളറിനൊക്കെ ജോലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്  വാടകയും, മറ്റ്  അത്യാവശ്യ ചിലവുകളും കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവാറില്ല എന്നത് കൊണ്ടാണ് ഞങ്ങളൊക്കെ രണ്ടു ജോലികള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നതും, കിട്ടാവുന്ന അത്ര ഓവര്‍ ടൈമുകള്‍ ഉപയോഗപ്പെടുത്തുന്നതും.

കൂടുതല്‍ജോലി ചെയ്യുന്നത് കൊണ്ട് യാതൊരു ശാരീരിക അസ്വാസ്ഥ്യങ്ങളും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഉണ്ടായിരുന്ന ഏക പ്രശ്‌നം ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്നത് മാത്രമായിരുന്നു. വീക്കെന്‍ഡുകളില്‍ പകലുറക്കം കൊണ്ട് കുറെയൊക്കെ പ്രശ്‌ന പരിഹാരം നേടിയിരുന്നെങ്കിലും, വീക് ഡേയ്‌സുകളില്‍ അതിനുള്ള ഒരു സമയം കിട്ടിയിരുന്നില്ല. ഇതിന് ശരീരം തന്നെ ഒരു പരിഹാരം കണ്ടു പിടിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. ( നാട്ടിലായിരുന്നപ്പോള്‍ ദീര്‍ഘമായ ബസ് യാത്രകളില്‍ അറിയാതെ ഉറങ്ങിപ്പോവുക എന്നത് എന്റെ ഒരു ശീലമായിരുന്നു. പലപ്പോഴും ഇരിക്കാന്‍ ഇടം കിട്ടിയിരുന്നില്ല എന്നത് കൊണ്ട് മുകളിലെ കന്പിയില്‍ പിടിച്ചു തൂങ്ങി നിന്ന് കൊണ്ട് തന്നെ സുഖമായി ഉറങ്ങാന്‍ എനിക്ക് സാധിച്ചിരുന്നു. )

പതിനൊന്നു മുതല്‍ ഏഴു വരെയുള്ള ഷിഫ്റ്റിലാണ് ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നത്. രാത്രി ഒരു രണ്ടു മണി ഒക്കെ കഴിഞ്ഞാല്‍പ്പിന്നെ തിരക്ക് ഒട്ടുമുണ്ടാവില്ല. അപ്പോള്‍ ഇരുന്നു കൊണ്ടുള്ള ഉറക്കം ഒരു ശീലമായിത്തീര്‍ന്നു. പൊക്കമുള്ള ഒരു കറങ്ങുന്ന കസേരയാണ് ഗ്യാസ് സ്‌റ്റേഷനില്‍ ഉള്ളത്. അതില്‍ ഇരുന്നു കറങ്ങിക്കൊണ്ട് ക്യാബിനില്‍ ഉള്ള മിക്കതിലും  കൈയെത്തുന്ന രീതിയിലാണ് സംവിധാനം. ഈ കസേരയുടെ മുന്നിലുള്ള ഫുട് റെസ്റ്റില്‍ കാലുറപ്പിച്ചു കൊണ്ട് ബാക് പോര്‍ഷന്‍ അല്‍പ്പം പിന്നോട്ട് തള്ളിയിരുന്നാല്‍ ഒരു നാല്പത്തഞ്ച് ഡിഗ്രി ചരിഞ്ഞു കിടക്കുന്നതിന്റെ ഒരു സുഖം കിട്ടും. കന്പിയില്‍ തൂങ്ങി നിന്ന് ഉറങ്ങി ശീലിച്ചിട്ടുള്ള എനിക്ക് ഇത് തന്നെ പരമ സുഖം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ കസ്റ്റമേഴ്‌സ് വന്നത് അറിയാതെ പോയിട്ടുണ്ട്. അങ്ങിനെയുള്ള അവസരങ്ങളില്‍ അവര്‍ തന്നെ ഗ്‌ളാസ് ഭിത്തിയില്‍ ഇടിച്ചു ബഹളമുണ്ടാക്കിക്കൊള്ളും. പെട്ടെന്ന് ഉണരുന്‌പോള്‍ കുറച്ചു പുളിച്ച തെറിയായിരിക്കും നമ്മളെ സ്വാഗതം ചെയ്യുകയെങ്കിലും, സൗമ്യമായ ഒരു ' സോറി ' കൊണ്ട് സോള്‍വ് ചെയ്യാവുന്നതേയുള്ളൂ പ്രശ്‌നം.

കഠിനമായ അദ്ധ്വാനം കൊണ്ടും, കരുതിയിയുള്ള ചെലവ് നിയന്ത്രണം കൊണ്ടും കടങ്ങളെല്ലാം ഒരു വിധം വീട്ടിയെടുത്തു. അത്യാവശ്യം വീട്ടുചിലവിനുള്ള വരുമാനം മേരിക്കുട്ടിയുടെ തയ്യലില്‍ നിന്ന് ലഭിച്ചിരുന്നു. എല്‍ദോസിന്റെ പേപ്പര്‍ റൗട്ടില്‍ നിന്നുള്ള കൊച്ചു വരുമാനം അവന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നെങ്കിലും, അതില്‍ തൊടാതെ കാര്യങ്ങള്‍ നടത്തിയെടുക്കുവാനാണ് ഞങ്ങള്‍ എന്നും ശ്രമിച്ചിരുന്നത്. പുത്തന്‍ മിത്!സുബിഷി കാറില്‍ ഗ്യാസ് സ്‌റ്റേഷനില്‍ ജോലിക്കെത്തുന്ന ഞാന്‍ നല്ല സാന്പത്തിക ശേഷിയുള്ള ആളാണെന്നാണ് പാക്കിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ പിള്ളേര്‍ ധരിച്ചു വച്ചിരുന്നത്.

ഗ്യാസ് സ്‌റ്റേഷനില്‍ വച്ചുണ്ടായ മറ്റൊരനുഭവം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. എന്റെ ആദ്യകാല ഗ്യാസ് സ്‌റ്റേഷന്‍ രാവുകള്‍ക്ക് അതി മനോഹരമായ സൗഹൃദ ചായങ്ങള്‍ സമ്മാനിച്ച ആ സുന്ദരിപ്പെണ്ണ് ആരുടെയോ വാനില്‍ കയറിപ്പോയി നഷ്ടപ്പെട്ടതിനും ശേഷം കുറേക്കാലം കൂടി കഴിഞ്ഞാണ് ഇത് സംഭവിച്ചത്. രാത്രി രണ്ടു മണി കഴിഞ്ഞ ഒരു നേരം. ഒരു മുപ്പതു കാരന്‍ വെളുത്ത യുവാവ് ആടിയാടി ക്യാബിനു മുന്നിലെത്തി. ' ഒരു മള്‍ബറോ ' എന്ന് പറഞ്ഞു കൊണ്ട് ഒരു അഞ്ചു ഡോളര്‍ നോട്ട് ഡ്രോവറില്‍ ഇട്ടു. ഞാന്‍ ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് ഡ്രോവറിലേക്കു ഇട്ടതും, അതെടുത്തു കൊണ്ട് അയാള്‍ നടന്നു തുടങ്ങി. അയാള്‍ക്ക് രണ്ടര ഡോളര്‍ ബാക്കി കൊടുക്കാനുണ്ട്. ' സാര്‍, സാര്‍, ' എന്ന് ഞാന്‍ വിളിച്ചെങ്കിലും അയാള്‍ ശ്രദ്ധിക്കുന്നതേയില്ല. ഗ്യാസ് സ്‌റ്റേഷനില്‍ മൈക്ക് ഉണ്ട്. റിസീവര്‍ എന്റെ മുന്നില്‍ തന്നെയുണ്ട്. അതിലൂടെ അയാളെ വിളിക്കാം എന്നോര്‍ത്ത് ഞാന്‍ റിസീവറില്‍ വായ ചേര്‍ക്കുന്നു. അപ്പോഴേക്കും അയാള്‍ അന്‍പതടി അകലെയെത്തിയിരിക്കുന്നു.

പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ചിന്ത. എന്തിന് ഞാനയാളെ മൈക്കിലൂടെ തിരിച്ചു വിളിക്കണം ? എന്തിന് ഇത്ര കഷ്ടപ്പെട്ട് ഞാനയാളെ ബാക്കി കെട്ടിയേല്പിക്കണം ? അയാള്‍ ബാക്കി വാങ്ങാതെ പോയത് എന്റെ കുറ്റമാണോ ? ഈ രണ്ടര ഡോളര്‍ എന്റെ പോക്കറ്റില്‍ വീണാല്‍ എന്താണ് കുഴപ്പം ? ഞാന്‍ പിടിച്ചു പറിച്ചതു ഒന്നുമല്ലല്ലോ ? ഇത് എനിക്ക് അവകാശപ്പെട്ടത് തന്നെ.

ഇത്രയും ചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ടും, അതിനുള്ള ഉത്തരങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടും, രണ്ടര ഡോളര്‍ ചുമ്മാ പോക്കറ്റിലായ സന്തോഷത്തോടെ ഞാനിരുന്നു. തിരക്ക് തീരെയില്ലാതെയായി. പരിസരത്ത് എങ്ങും ആരുമില്ല. അല്പം പിന്നിലേക്കു ചാരി ഞാന്‍ മയക്കത്തിലേക്ക് വീഴുകയാണ്. പെട്ടെന്ന് അപ്പന്റെ മുഖം മനസ്സില്‍ തെളിഞ്ഞു. ഞങ്ങള്‍ മക്കളോട് പൊതുവായി അപ്പന്‍ പറയാറുണ്ടായിരുന്ന ഒരു വാചകം മനസ്സിലേക്കോടിയെത്തി. " മക്കളെ, മണ്ണെണ്ണ വാങ്ങിയാല്‍ കത്തണം " എന്നായിരുന്നു ആ വാചകം. നമ്മള്‍ സന്പാദിക്കുന്ന പണം തികച്ചും സത്യ സന്ധമായി വേണം ഉണ്ടാക്കേണ്ടതെന്നും, അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന പണം കൊടുത്ത് മണ്ണെണ്ണ വാങ്ങിയാല്‍ അതു ശരിയാം വണ്ണം കത്തുകയില്ലെന്നും ഉള്ള ധാര്‍മ്മിക തത്വ ശാസ്ത്രമാണ് അപ്പന്‍ ഈ വാചകത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.

കഠിനമായ  കുറ്റ ബോധത്തിന്റെ കുടുക്കില്‍ അകപ്പെട്ട് ഞാന്‍ ഉഴറി. എന്റെ മനസ്സ് സൃഷ്ടിച്ചെടുത്ത കോടതിയില്‍ ഒരു കുറ്റവാളിയെ പോലെ ഞാന്‍ നിന്നു. അവ്യക്തങ്ങളായ എന്റെ ഉത്തരങ്ങളില്‍ തൃപ്തിപ്പെടാതെ കോടതി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. അന്യന്റെ മുതല്‍ അര്‍ഹതയില്ലാതെ കൈക്കലാക്കിയ നിന്റെ നീതി ബോധം എന്താണ് ? നിനക്ക് വേണമായിരുന്നെങ്കില്‍ ആ മനുഷ്യനെ മൈക്കിലൂടെ വിളിക്കാമായിരുന്നു ? ഈ അപഹരിച്ച രണ്ടര ഡോളര്‍ കൊണ്ടാണോ നീയിനി രക്ഷപ്പെടാന്‍ പോകുന്നത് ?
ഒരു പാല്‍ചായ കുടിക്കാന്‍ ആഗ്രഹിച്ചിട്ട് നടക്കാതെ വെട്ടുകല്‍പ്പൊടി കലക്കിയടിച്ചു കുടിച്ച അവസ്ഥയെക്കാള്‍ എത്രയോ ഉയരത്തിലാണ് ഇന്ന് നീ ? ആ അവസ്ഥയില്‍ പോലും നീ ഇത്രയും തരം താണിരുന്നില്ലല്ലോ ? എന്തായാലും നീ ചെയ്തത് ശരിയായില്ല, ശരിയായില്ല, ശരിയായില്ല.

അല്‍പ്പ നേരമെങ്കിലും ഉറങ്ങാന്‍ കഴിയുമായിരുന്ന ആ മണിക്കൂറുകളില്‍ അകത്തു പുകയുന്ന അഗ്‌നിയില്‍ ഉരുകുകയായിരുന്നു ഞാന്‍. ഒരു വിധത്തില്‍ നേരം വെളുപ്പിച്ചുവെന്ന് പറഞ്ഞാല്‍ മതി. ഏഴു മണിക്ക് പകരക്കാരനെ ഏല്‍പ്പിച്ചു സ്ഥലം വിടുന്‌പോഴും എന്റെ മനസ്സ് തിളക്കുകയായിരുന്നു. ഏഴരക്ക് കന്പനിയില്‍ ജോലിക്കു കയറേണ്ടതാണ്. നല്ല വേഗതയില്‍ പോയാല്‍ മാത്രമേ അത് സാധിക്കുകയുള്ളു. ഒരു പ്രശ്‌നവുമില്ലാതെ െ്രെഡവ് ചെയ്തിരുന്ന എനിക്ക് വണ്ടി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ആടിയാടി  അകലങ്ങളിലേക്ക് നടന്നു പോയ ആ വെളുത്ത യുവാവായിരുന്നു മനസ്സില്‍.

ഇക്കണക്കിന് കന്പനിയില്‍ ചെന്നാലും ജോലി ചെയ്യാന്‍  കഴിയുമോ എന്നായിരുന്നു എന്റെ ചിന്ത. ആലോചനയില്ലാതെ സംഭവിച്ചു പോയ ഈ അപരാധത്തിന് മാപ്പു പറഞ്ഞു കൊണ്ട് രണ്ടര ഡോളര്‍ തിരിച്ചു കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ ആരാണയാള്‍ ? എവിടെയാണ് അയാള്‍ ഉള്ളത് ? ഉത്തരം കിട്ടാതെ ഉഴറിയ എന്റെ മനസ്സ് തന്നെ അതിനൊരു പരിഹാരം നിര്‍ദ്ദേശിച്ചു തന്നു : അനര്‍ഹമായ ഒരു മുതല്‍ കയ്യില്‍ ഇരിക്കുന്നത് കൊണ്ടാണ് ഈ അസ്വസ്ഥത. അതുപേക്ഷിച്ചാല്‍ ഒരു പക്ഷെ രക്ഷപെടാന്‍ സാധിച്ചേക്കും എന്നായിരുന്നു ആ നിര്‍ദ്ദേശം. പിന്നെ ഒന്നും നോക്കിയില്ല;  രണ്ടര ഡോളറിനു പകരം മൂന്ന് ഒറ്റ ഡോളര്‍ നോട്ടുകള്‍ ഞാന്‍ കയ്യിലെടുത്തു. പ്ലിമത് മില്‍സ് സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സ്ട്രീറ്റില്‍ ഒരിടത്ത് എത്തിയപ്പോള്‍ കാറിന്റെ വിന്‍ഡോ ഗ്‌ളാസ് താഴ്ത്തി ആ മൂന്നു നോട്ടുകള്‍ കാറ്റില്‍ പറത്തിക്കളഞ്ഞു. പറന്നു വീഴുന്ന നോട്ടുകള്‍ ഒരു കറുത്ത യുവതിയും, അവളുടെ അഞ്ചു വയസു തോന്നിക്കുന്ന മകനും കൂടി അത്ഭുതത്തോടെ കൈക്കലാക്കുന്നത് കണ്ടു കൊണ്ട് ഞാന്‍ കാറോടിച്ചു പോയി.

ഇക്കാര്യത്തില്‍ ഇതായിരുന്നോ ശരിയായ പരിഹാരം എന്നൊന്നും എനിക്ക് ഇന്നുമറിയില്ല. എങ്കിലും ആ നോട്ടുകള്‍ പറത്തിക്കളഞ്ഞ ശേഷം അസ്വസ്ഥകരമായ ഒരു വിമ്മിഷ്ടം മനസ്സില്‍ നിന്ന് ഊര്‍ന്നിറങ്ങി പോയതായി എനിക്കനുഭവപ്പെട്ടു. അത് കൊണ്ട് തന്നെ ഒരു സാധാരണ ദിവസം പോലെത്തന്നെ കട്ടിങ് റൂം ജോലികളില്‍ മുഴുകുവാന്‍ എനിക്ക് സാധിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക