ഉച്ചത്തിലൊരു സൈലൻസർ! (വിജയ് .സി.എച്ച്)

Published on 05 January, 2020
ഉച്ചത്തിലൊരു സൈലൻസർ! (വിജയ് .സി.എച്ച്)
വിവാദങ്ങൾക്കൊടുവിൽ പ്രിയനന്ദൻ സംവിധാനം ചെയ്ത 'സൈലൻസർ‍' പ്രദർശനത്തിനൊരുങ്ങുന്നു!  ലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു 

പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ രചിച്ച ഇതേ പേരിലുള്ള ചെറുകഥയാണ് പടത്തിനാധാരം. പത്തു വർഷം മുന്നെ പ്രസിദ്ധീകരിച്ചതു മുതൽ ഈ കൃതിയുടെ സാർവ്വലൗകിക പ്രസക്തി ചിന്തിക്കുന്നവരുടെ സജീവ ചർച്ചയിലുള്ളതാണ്!

വാർധക്യത്താൽ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന നാട്ടിൻപുറത്തുകാരൻ ഈനാശുവിൻറെ ജീവിത വ്യഗ്രതകളും, അതിജീവനവുമാണ് കമല സുരയ്യ പുരസ്കാരം നേടിയ ഈ കഥ പറയുന്നത്.
സ്വാർത്ഥ ചിന്തകൾ ജന്മം നൽകിയ ന്യൂക്ലിയാർ കുടുംബ ഘടന കൊഴുത്തു പുഷ്ടിപ്പെടുന്ന ഇക്കാലത്ത്, ഈനാശു നൽകുന്നത് ആഗോള സാർവ്വത്രികമായൊരു സന്ദേശം!

"രണ്ടു segmented films ചേർത്താൽ, എൻറെ എട്ടാമതു സംവിധാന സംരംഭമാണ് 'സൈലൻസർ‍'. വയസ്സുകാലത്ത് തനിച്ചു കഴിയേണ്ടിവരുന്നത് ഇന്നിൻറെ യാഥാർത്ഥ്യമാണ്‌. മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ, കൂട്ടിന് ആരാരുമില്ലാതെ മുന്നോട്ടു പോകേണ്ടിവരുന്ന വൃദ്ധനായകൻ, തൻറെ മോട്ടോർസൈക്കിളിൻറെ സൈലൻസർ ഊരിവച്ചു, ഒച്ചയുണ്ടാക്കി സഞ്ചരിച്ചാണ് സമൂഹത്തോടു പ്രതിഷേധിക്കുന്നത്," പ്രിയനന്ദൻ തൻറെ പുതിയ പടത്തിൻറെ ഇതിവൃത്തം പങ്കുവെച്ചു.

എന്നാൽ, പ്രേക്ഷകരിൽ താൽപര്യവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ് ലാൽ ഈനാശുവായി എത്തുന്ന ഇതിലെ രംഗങ്ങളെന്നും, 'സൈലൻസർ' ജനം സ്വീകരിക്കുമെന്നും പ്രിയനന്ദൻ വിശ്വസിക്കുന്നു.

ഈ വെള്ളിത്താടിയുള്ളയാൾ വെറുമൊരു പ്രിയനന്ദനല്ല, മലയാള സിനിമയെ ഉയരങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്ന പായും പുലിയാണ്! ഇന്ത്യയിലെ ഏറ്റവും മികച്ച പടം 'പുലിജന്മം' സംവിധാനം ചെയ്തു, 2006-ൽ രാഷ്ട്രപതിയിൽ നിന്നും സുവർണ്ണ കമലം നേടിയ പ്രിയമുള്ള 'പുലി' നന്ദൻ!

തൻറെ കലാജീവിതത്തെക്കുറിച്ചും, സംവിധാന സപര്യയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു:

 ഒഴുക്കിനെതിരെ നീന്തിയ നവാഗതൻ

പണമില്ലാത്തതുകൊണ്ട് പ്രൈമറി സ്കൂളിൽ വച്ചുതന്നെ പഠിപ്പു നിർത്തി. പകരം, ചില്ലറ ജോലികൾ ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്.

ഇങ്ങിനെയുള്ളൊരാൾ സിനിമക്കാരനാവുന്നതിനെ നമ്മുടെ സമൂഹം എങ്ങിനെയായിരിക്കും നോക്കിക്കാണുക എന്നതറിയാൻ അധികം ആലോചിക്കണോ?

എന്നാൽ, ആ വ്യക്തിയുടെ പ്രഥമ സംരംഭം തന്നെ വൻ ചർച്ചക്കു വഴിയൊരുക്കുകയും, സംസ്ഥാന-ദേശീയ തലത്തിൽ ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ, അതെങ്ങിനെ സംഭവിച്ചുവെന്നറിയാൻ, ഇതേ സമൂഹത്തിന് ചെറുതായെങ്കിലും ചിന്തിക്കേണ്ടിവരും!

ഞാൻ സംവിധാനം ചെയ്ത ആദ്യപടത്തിൽ (നെയ്ത്തുകാരൻ), മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു! കൂടാതെ, മികച്ച നടനും, മികച്ച രണ്ടാമത്തെ നടിക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങളും.

ഒരു ഗ്രാമാന്തരീക്ഷത്തിൽ, ഒരു സാധാരണ വീട്ടിൽ ജനിച്ചുവളർന്നു, നാടകവും ഷോർട്ട് ഫിലിമും മറ്റുമായി നടന്നിരുന്ന ഒരാൾ ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചൊരു പടം സംവിധാനം ചെയ്യുമ്പോൾ, മറ്റാരേയുംപോലെ, എൻറെ നാട്ടുകാർക്കും എന്നെ വീണ്ടും കണ്ടെത്തേണ്ടിവരും!

ലഘുവായവനെ പെട്ടെന്ന് ഗുരുവായി സ്വീകരിക്കാൻ നമ്മുടെ സമൂഹത്തിനാകുമോ? ഋതുഭേദങ്ങളും കാലാവസ്ഥയിലെ വ്യതിയാനങ്ങളുംവരെ നാം സ്വീകരിക്കുന്നത് ഊഷ്മളമായല്ല. എന്നാൽ, ഒരു inertia ക്കുശേഷം നമ്മളതിനെ ഏറ്റെടുക്കുന്നു. ഏതു രാജ്യത്തും കാലത്തും, ഇതു മനുഷ്യസഹജമാണ്, സ്വാഭാവികമാണ്. വിമർശനങ്ങളെ വിശാലമായ കാഴ്ചപ്പാടോടുകൂടിത്തന്നെയാണ് ഞാൻ സ്വീകരിക്കുന്നത്.

 'നെയ്ത്തുകാരൻ'റെ കഥ

കേരളം കണ്ട ഏറ്റവും ജനപ്രിയ നായകന്മാരിലൊരാളായ ഇഎംഎസിനെ ഹൃദയത്തിലേറ്റി, അദ്ദേഹം മരിച്ചതിൻറെ അടുത്ത ദിവസംതന്നെ മരിക്കുന്ന അപ്പ മേസ്ത്രിയെന്ന ഒരു ശുദ്ധ മനുഷ്യ൯റെ വിഷാദമാണ് നെയ്ത്തുകാരൻറെ പ്രമേയം.

സഖാവിൻറെ ശവസംസ്കാരം പോലും കാണാൻ താൽപര്യമില്ലാതെ, ക്രിക്കറ്റിൽ വ്യാപൃതരായിരിക്കുന്ന തൻറെ കൊച്ചുമക്കളെ കാണാനിടവരുന്ന അയാൾക്ക്, ഒരുപക്ഷെ മരണം തന്നെയായിരിക്കാം കൂടുതൽ അഭികാമ്യം. 'നെയ്ത്തുകാരൻ' എന്ന എൻറെ ആദ്യത്തെ ഫീച്ചർ ഫിലീം ജനം സ്വീകരിച്ചു, കൂടെ എന്നേയും.

 'പുലിജന്മം' രണ്ടാമത്തേത്


മിത്തുകളും, പുരാവൃത്തങ്ങളും, യാഥാർത്ഥ്യങ്ങളും വേർതിരിക്കാനാവാതെ ഇഴുകിച്ചേരുന്ന അവസ്ഥയെക്കുറിച്ചാണ് 'പുലിജന്മം' പറയുന്നത്.
ഉത്തര കേരളത്തിലെ പുരാണകഥകളിൽ കാണുന്ന പ്രശസ്ത തെയ്യം കലാകാരനായ കാരി ഗുരുക്കളെ നാടകത്തിൽ അഭിനയിച്ചു പുനർജീവിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക്, തൻറെ യഥാർത്ഥ ജീവിതത്തിൽതന്നെ മിത്തിലെ കഥാനായകൻറെ അവസ്ഥ വരുന്നു!

ജനസേവനത്തിൽ ആനന്ദം കണ്ടെത്തുന്ന ആളാണ് പ്രകാശൻ, മുരളി അഭിനയിക്കുന്ന കഥാപാത്രം. കലാസാംസ്കാരിക കാര്യങ്ങളിൽ താൽപര്യമുള്ള പ്രകാശൻ, ‘പുലിജന്മം’ എന്ന നാടകം വേദിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. കാരി ഗുരുക്കളായി അഭിനയിക്കാൻ rehearsals ഉം ചെയ്യുന്നു.

രാജാവിൻറെ ചികിത്സക്കായി, പുലിവേഷം ധരിച്ച് പുലിയൂർകുന്നിൽ പോയി, പുലിയുടെ കുഞ്ചിരോമം കൊണ്ടുവന്നു ആടിത്തിമിർത്ത കാരി ഗുരുക്കൾക്ക് തൻറെ മനുഷ്യരൂപം തിരിച്ചുകിട്ടാതെ, സ്വത്വം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ സിനിമയുടെ അടിസ്ഥാനമായ നാടകത്തിലുള്ളത്.

എന്നാൽ, പ്രകാശൻ കാരി ഗുരുക്കളായി അഭിനയിക്കുന്ന, നാടകം അരങ്ങേറുന്നതിനുമുന്നെ പൊട്ടിപ്പുറപ്പെടുന്ന വർഗ്ഗീയ കലാപം എല്ലാത്തിനും വിനയാകുന്നു. നാടകം അരങ്ങേറുന്നില്ല. മാത്രവുമല്ല, നാടകത്തിൽ കാരി ഗുരുക്കളായി അഭിനയിക്കുന്ന പ്രകാശനും സമാനമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകേണ്ട നിലയും വരുന്നു.

തൻറെ നന്മയെ തിരിച്ചറിയാത്ത നാട്ടുകാരുടെ ഇടയിലും, ഇഷ്ടപ്പെട്ടവരുടെ മുന്നിലും നല്ലവനായ ഈ ചെറുപ്പക്കാരൻ അനിഷ്‌ടക്കാരനാകുന്നു. പ്രത്യാക്രമണം ഭയന്ന്, സ്നേഹിച്ച പെണ്ണുപോലും സ്ഥലം വിടാൻ പറയുന്നു.

 പല പാളികളുള്ള പടം

'പുലിജന്മ'ത്തിന് ദ്വിമാനമോ, ത്രിമാനമോ ആയ സ്വഭാവമുണ്ട്. ഒന്നിൽ കൂടുതൽ പാളികൾ ഒന്നിനുമേൽ ഒന്നായി അടുക്കി വെച്ചതുപോലെയാണ് ആ കഥ കെട്ടിപ്പടുത്തിരിക്കുന്നത്! ഇതിനെ 'layered film' എന്നു പറയുന്നു.

മാത്രവുമല്ല, ഇത് കാരി ഗുരുക്കളുടേയും, കാരി ഗുരുക്കളായി അഭിനയിക്കാൻ പോയ പ്രകാശൻറേയും മാത്രം കഥയല്ല, സമകാലിക സമുദായത്തിൽ നമ്മൾ നേർക്കുനേർ കാണുന്ന പലരുടേയും കഥയാണ്. ഇതിനൊരു പൊതുവായ മാനമുണ്ട്.

 'നെയ്ത്തുകാര'നും 'പുലിജന്മ'വും താരതമ്യം ചെയ്യുമ്പോൾ...

സംവിധാനം ചെയ്ത ആദ്യത്തെ രണ്ടു പടങ്ങളേയും കൂട്ടിയിണക്കുന്ന ചില ഘടകങ്ങളുണ്ട്. രണ്ടിൻറേയും പ്രമേയങ്ങൾ ഒരുപോലെ ശക്തമാണ്. എനിക്കു പറയാനുള്ള കാര്യം ഈ രണ്ടു സിനിമകളിലും ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ദൃശ്യഭംഗിയേക്കാൾ ഞാൻ ശ്രദ്ധിച്ചത്, തങ്ങളിൽനിന്നു മറഞ്ഞിരിക്കുന്ന സത്യം അന്വേഷിക്കാൻ സഹൃദയരായ പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നതിൽ, സംവിധായകൻ എന്ന നിലക്കു ഞാൻ വിജയിക്കണം എന്നുള്ളതിലായിരുന്നു.

സിനിമകളായി ഇറങ്ങുന്നതിനു മുന്നെത്തന്നെ, നെയ്ത്തുകാരനും പുലിജന്മവും, ജനം രണ്ടുകയ്യും നീട്ടി സ്വീകരിച്ച, സ്റ്റേജുകൾ കുറെ ഓടിയ, നാടകങ്ങളായിരുന്നു. ആ വ്യത്യാസം ഏതായാലും ഉണ്ടാകുമല്ലൊ.

 'സൂഫി പറഞ്ഞ കഥ'

കെ. പി. രാമനുണ്ണിയുടെ നോവൽ, 'സൂഫി പറഞ്ഞ കഥ', മൂന്നാമത്തെ പടത്തിനാധാരമാക്കാൻ എനിക്കു കാരണങ്ങളുണ്ട്. മുന്നെ ചെയ്ത പടങ്ങളായ നെയ്ത്തുകാരനെപ്പോലെയോ, പുലിജന്മത്തെപ്പൊലെയോ ഉള്ളൊരു ശക്തമായ സന്ദേശം, മറ്റൊരു രീതിയിൽ 'സൂഫി പറഞ്ഞ കഥ'യിലുമുണ്ട്.

നമുക്ക് സ്വന്തമായിരുന്ന മതമൈത്രിയുടെ പാരമ്പര്യമാണ് ഈ കഥയിലെ പ്രതിപാദ്യവിഷയം. ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നൊരു പ്രമേയമാണിത്.

വർധിച്ചുവരുന്ന മത തീവ്രവാദത്തിനെതിരെ എന്തെങ്കിലും പറയാൻ ശ്രമിക്കുകയാണ്. മനുഷ്യർ തമ്മിൽ തിരിച്ചറിയാനും അവരിൽ നന്മയുടെ ബീജാപാപം ചെയ്യാനും.

'സൂഫി പറഞ്ഞ കഥ' നാല് സംസ്ഥാന പുരസ്കാരങ്ങൾ നേടി!

 പാത മാറി സഞ്ചരിച്ചുവോ?

നാലാമത്തെ പടം, 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്നതിലെത്തുമ്പോൾ ഞാൻ പാത മാറി സഞ്ചരിച്ചെന്നു എനിക്കു തോന്നിയിട്ടില്ല. ഇതൊരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമാണ്. കലാമൂല്യം നഷ്ടപ്പെടാതെ ജനപ്രിയമായി എടുത്ത ഒരുപടം.

ആദ്യത്തേതാണെങ്കിലും, ശക്തമായതുതന്നെയാണ് മനോജ് എഴുതിയ തിരക്കഥ. ജനപ്രിയമായതിനാൽ സന്ദേശമില്ലെന്ന് അർത്ഥമുണ്ടോ?

നമ്മുടെ ആൾക്കാരുടെ ഇടയിൽ കാണുന്ന അമിത ഭക്തിയും, ആൾദൈവ ആരാധനയും, മദ്യപാനാസക്തിയുമൊക്കെയാണ് ഈ കഥയിൽ ഹാസ്യാത്മകമായി ചോദ്യം ചെയ്യപ്പെടുന്നത്.

സുമംഗലയായി അഭിനയിച്ച കാവ്യാ മാധവൻറെ താരമൂല്യം ഈ പടത്തിൻറെ വിജയത്തിന് സഹായിച്ചെന്നതു ശരിയാണ്. കാവ്യയുടെ മികച്ച ഒരു കഥാപാത്രമാണ് സുമംഗല. പ്രശസ്ത നടി എന്ന നിലയിൽ പ്രേക്ഷകർക്കു കാവ്യയോട് തോന്നുന്ന മതിപ്പ് ഈ ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കിയിട്ടുണ്ട്.

 'പാതിര കാലം' ഡോക്യുമെൻററി പോലെ

ലക്ഷങ്ങൾ മുടക്കി, കോടികൾ ഉണ്ടാക്കുന്ന പ്രോജക്റ്റുകളൊന്നും ഞാൻ ചെയ്യുന്നില്ലല്ലൊ! വിചിത്രകൽപനകൾ കുറയുമ്പോൾ സിനിമകൾ യാഥാർത്ഥ്യത്തോടടുത്ത്, ഡോക്യുമെൻററി പോലെയായേക്കാം! എല്ലാം കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന പടങ്ങളാണ്. ചിലവാക്കിയ പണം നിർമ്മാതാവിന് തിരിച്ചു കിട്ടണം. അത്രയേ ഉള്ളൂ!

ചില പടങ്ങൾക്ക് അഭിനേതാക്കൾപോലും അവർ അർഹിക്കുന്ന പ്രതിഫലം വാങ്ങാതെയാണ് എന്നോടു സഹകരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു പടങ്ങളിലും മുരളി ആയിരുന്നല്ലൊ പ്രധാന കഥാപാത്രം. നല്ല സിനിമകളുണ്ടാവണമെന്ന ഉദ്ദേശ്യത്തിൽ അദ്ദേഹം സഹകരിക്കുകയായിരുന്നു.

 ഇടതുപക്ഷ ചായ്‌വ്‌

ഞാൻ ഒരു പാർട്ടി മെംബറാണ്. എന്നാൽ, സൃഷ്ടിപരമായ കാര്യങ്ങളിൽ സ്വതന്ത്രമായിതന്നെയാണ് ചിന്തിക്കുന്നത്.
'പുലിജന്മം' പുറത്തിറങ്ങിയപ്പോൾ, പലരും എന്നോടു ചോദിച്ചിരുന്നു, ഞാനേത് പാർട്ടിക്കാരനാണെന്ന്! ഇങ്ങിനെയൊരു സംശയം എൻറെ ആദ്യത്തെ പടത്തിനു ശേഷം ആർക്കും തോന്നാത്തതുമാണ്!
ഉച്ചത്തിലൊരു സൈലൻസർ! (വിജയ് .സി.എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക