Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ - 61: ജയന്‍ വര്‍ഗീസ്)

Published on 10 January, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ - 61: ജയന്‍ വര്‍ഗീസ്)
ഞങ്ങള്‍ ഒരു വീടിനു കോണ്‍ട്രാക്ട് ചെയ്തു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും ഇടയില്‍ പടര്‍ന്നത്. സ്വാഭാവികമായും ആളുകളെ അത്ഭുതപ്പെടുത്തിയ ഒരു വാര്‍ത്ത ആയിരുന്നു അത്. മിനിമം വേതനത്തിന് ജോലിചെയ്യുന്ന ഞങ്ങള്‍ നാട്ടില്‍ പോയി മകളുടെ വിവാഹം നടത്തി വന്നിട്ട് രണ്ടു വര്‍ഷം ആയിട്ടേയുള്ളു. അതിന്റെ പേരില്‍ കുറെ കടം നിലവില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു. ആ ഞങ്ങളെങ്ങനെ ഇപ്പോള്‍ ഒരു വീട് വാങ്ങിക്കും എന്ന് ചിന്തിച്ചവര്‍ തികഞ്ഞ യാഥാര്‍ഥ്യ ബോധം ഉള്ളവര്‍ തന്നെ ആയിരുന്നിരിക്കണം.

ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിച്ചിരിക്കണം എന്നത് ഒരു സാമാന്യ മര്യാദ മാത്രമാണല്ലോ ? ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് വന്നു സംരക്ഷിച്ചവരോട് ഇത് പറഞ്ഞില്ലെങ്കില്‍ അത് നന്ദികേട് കൂടി ആയിരിക്കുമല്ലോ ? അത് കൊണ്ട് തന്നെ ബന്ധുക്കള്‍ എല്ലാവരോടും വിവരം പറഞ്ഞു. അതില്‍ വളരെ വേണ്ടപ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് അന്ന് ഒരു ബിസിനസ് നടത്തുകയാണ്. ബിസിനസ് സ്ഥലത്തെത്തി അവരോടു വിവരം പറഞ്ഞു. ഇത് കേട്ടതേ കൂടുതല്‍ ബന്ധമുള്ളയാള്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിയുടെ കാരണം തിരക്കിയ മറ്റേയാളോട്, ' ഇത് പോലെ വീട് വാങ്ങിയ മറ്റൊരു മിനിമം പേ ജോലിക്കാരായ കുടുംബത്തിന്റെ കാര്യമോര്‍ത്തു ചിരിച്ചു പോയതാണെ' ന്ന് സമാധാനം. ' ആ കുടുംബത്തിന് എന്ത് പറ്റി 'എന്ന മറ്റേയാളുടെ അടുത്ത ചോദ്യത്തിന് ചിരിച്ചു കുഴഞ്ഞ് അവസാനം മറുപടി വന്നു : " ഒടുക്കം വീട് ബാങ്ക് കൊണ്ട് പോയി "

ഇതെല്ലാം കേട്ടപ്പോള്‍ അകത്ത് വിഷമം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല. സന്തോഷം ഭാവിച്ചു തിരിച്ചു പോരുന്‌പോള്‍ ആ  കുടുംബത്തേപ്പോലെ ആണല്ലോ നമ്മുടെ നിലയും എന്ന തിരിച്ചറിവായിരുന്നു മനസ്സില്‍. മകന്റെ പത്ര വിതരണത്തില്‍ നിന്നുള്ള സന്പാദ്യമായി ഒരു നാലായിരം ഡോളര്‍ ബാങ്കിലുണ്ട്. ഞങ്ങളുടെ അക്കൗണ്ടില്‍ ഒരു പതിനായിരം ഉണ്ടെങ്കിലും ക്രെഡിറ്റു കാര്‍ഡില്‍ നിന്നുള്ള കടം വീട്ടി തീര്‍ന്നിട്ടില്ല. അത് പിന്നെ മിനിമം പേയ്‌മെന്റ് എന്ന നിലയില്‍ ഒരു ചെറിയ തുക മാസം തോറും അടച്ചാല്‍ മതി. പലിശയായി ഒരു നല്ല തുക നഷ്ടപ്പെടും എന്നേയുള്ളു. വിലയുടെ ഇരുപതു ശതമാനം വരുന്ന തുക ഡൌണ്‍ പേയ്‌മെന്റായി ബാങ്കില്‍ അടക്കുകയാണെങ്കില്‍ പലിശ കുറച്ചു ലോണ്‍ കിട്ടും. പത്തു ശതമാനം അടച്ചാലും ലോണ്‍ കിട്ടുമെങ്കിലും, കൂടിയ നിരക്കിലാവും ബാങ്കുകള്‍ പലിശ ചുമത്തുക. മാത്രമല്ലാ, ' മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് പ്രീമിയം  ' എന്ന പേരില്‍ മറ്റൊരു നൂറു ഡോളര്‍ കൂടി മാസം തോറും ബാങ്കിന് കൊടുക്കണം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പത്തുശതമാനം ഡൌണ്‍ പേയ്‌മെന്റ് അടക്കാനുള്ള തുക പോലും ഞങ്ങളുടെ കൈയില്‍ തികച്ചില്ല. ഏതൊരു പ്രോപ്പര്‍ട്ടി ഇടപാടിലും ക്‌ളോസിങ് കോസ്റ്റ് എന്നൊരു ഒഴിവാക്കാനാകാത്ത ചെലവ് കൂടിയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പതിനായിരത്തില്‍ താഴെ വരും. എങ്ങനെ കണക്കു കൂട്ടിയാലും ഒരു നാലായിരം ഡോളറിന്റെ കുറവുണ്ട്. ആവശ്യം മനസ്സിലാക്കിയ  മേരിക്കുട്ടിയുടെ രണ്ടു സഹോദരന്മാര്‍ രണ്ടായിരം ഡോളര്‍ വീതം വായ്പ തന്നു സഹായിച്ചു. അങ്ങിനെ ഒക്കെക്കൂടി വീട് സ്വന്തം പേരില്‍ എഴുതി വാങ്ങിക്കുന്ന ' ക്‌ളോസിങ് ' എന്ന ചരിത്ര മുഹൂര്‍ത്തത്തിന് തീയതി നിശ്ചയിച്ചു.

സണ്ണിയുടെ അളിയന്മാര്‍ വന്നു തുടങ്ങി. പറഞ്ഞിരിക്കുന്ന അവധിക്ക് ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. അത് കൊണ്ട് തന്നെ ക്‌ളോസിങ്ങിന് മുന്‍പ് നമ്മുടെ വീട് തുറന്നു തരാമെന്ന്  സമ്മതിച്ചു കൊണ്ട് റോസ്‌മേരി താക്കോല്‍ ഞങ്ങളെ ഏല്‍പ്പിച്ചു. ( ഞങ്ങളുടെ ഇടപെടലുകളിലെ വിശ്വസ്തതയും, സത്യ സന്ധതയും ഒരു വെള്ളക്കാരിയായ റോസ്‌മേരി തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം,അസാധാരണമായ ഈ നടപടിക്ക് അവര്‍ തയാറായത് എന്ന് കരുതുന്നു. ) ഞങ്ങള്‍ അകത്തു കയറി വീടൊക്കെ അടിച്ചു തൂത്തും, തുടച്ചു വൃത്തിയാക്കിയും ഒക്കെ പണിയുകയാണ്. സില്‍വസ്ട്രി അമ്മാമ്മ കുറെ പട്ടികളെ വളര്‍ത്തിയിരുന്നത് കൊണ്ട് പട്ടിച്ചൊക്കും, ( മണം ) പട്ടിപ്പൂടയും ഒക്കെയായി ഒരു നല്ല ക്‌ളീനിങ് തന്നെ വീടിനു ആവശ്യവുമായിരുന്നു.

ഞങ്ങള്‍ ക്‌ളീനിംഗില്‍ മുഴുകിയിരിക്കുന്‌പോള്‍ വാതില്‍ക്കല്‍ ഒരു തേങ്ങിക്കരച്ചില്‍ കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കുന്‌പോള്‍ നമ്മുടെ ആലീസാണ്. ഈ ആലീസാണ് പ്ലിമത് മില്‍സില്‍ ജോലി സാധ്യത ഉണ്ടെന്നു പറഞ്ഞ് സാമുവല്‍  തോമസിന്റെ നന്പറും തന്ന് എന്നെ അങ്ങോട്ടയച്ചത്. ആലീസ് കരയുന്നത് എന്തിനാണെന്ന് മനസിലായില്ല. ആലീസിനെ അകത്തു വിളിച്ചു കാര്യം തിരക്കിയപ്പോളാണ് അറിയുന്നത്, ഈ വീടിന് ഓഫര്‍ കൊടുത്ത മറ്റേ കക്ഷി ആലീസും കുടുംബവും ആയിരുന്നെന്ന്. രണ്ടാം ഓഫറില്‍ അവര്‍ ആയിരവും, ഞങ്ങള്‍ രണ്ടായിരവും കൂട്ടി പറഞ്ഞത് കൊണ്ടാണ് വീട് ഞങ്ങള്‍ക്ക് കിട്ടിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആലീസ് സംസാരിച്ചത്. ഞങ്ങള്‍ പിന്മാറിക്കൊണ്ട് ആലീസിന് വീട് വിട്ടു കൊടുക്കാമോ എന്നറിയാനാണ് ആലീസ് വന്നത്. കേട്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും, ഞങ്ങളുടെ അവസ്ഥ വിശദീകരിച്ചപ്പോള്‍ വളരെ സങ്കടത്തോടെ ആലീസ് തിരിച്ചു പോയി.

വീടെല്ലാം വൃത്തിയാക്കി ഉണ്ടായിരുന്ന ഫര്‍ണീച്ചറും ഒക്കെ കൊണ്ടുവന്നിട്ട് കഴിഞ്ഞതിനു ശേഷമാണ് നിശ്ചിത ദിവസം ക്‌ളോസിങ് നടത്തിയത്. ക്‌ളോസിങ് ദിവസമായ ആഗസ്റ്റ് പതിമ്മൂന്നാം തീയതി മകന്റെ  പതിനാറാം ജന്മ ദിനത്തില്‍, അമേരിക്കന്‍  മണ്ണിലെ സ്വന്തം വീടിന്റെ മേല്‍ക്കൂരക്കടിയിലേക്കു താമസം മാറ്റിക്കൊണ്ട് ദൈവ കൃപയുടെ മറ്റൊരു തണല്‍ ആസ്വദിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ക്‌ളോസിങ്ങിനെത്തിയ റോസ് മേരിക്കും, ഞങ്ങളുടെ ലോയര്‍ ആയി എത്തിയ കാതറീന്‍ എന്ന അമേരിക്കന്‍ വനിതക്കും കൊടുക്കുവാനായി ' മേസീസില്‍ ' നിന്ന്  അല്‍പ്പം വില കൂടിയ ഓരോ പെര്‍ഫ്യൂമുകള്‍ ഞാന്‍ നേരത്തേ വാങ്ങി വച്ചിരുന്നു. അത് ഏറ്റു വാങ്ങുന്‌പോള്‍ ആ അമേരിക്കന്‍ വനിതകളുടെ മുഖങ്ങളില്‍ എരിഞ്ഞടങ്ങിയ ആശ്ചര്യത്തിന്റെ പൂത്തിരികള്‍ എനിക്ക് കാണാമായിരുന്നു. ഒരു വേള, അവരുടെ കരിയറില്‍ ആദ്യമായിട്ടാവും ഒരു ഇന്ത്യന്‍ കസ്റ്റമറില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം അവര്‍ക്ക്  അനുഭവേദ്യമായിട്ടുണ്ടാവുക. സണ്ണിയുടെ പെങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്ന അവധിയായ പതിനഞ്ചാം തീയതിക്ക് രണ്ടു ദിവസം മുന്‍പ് വീടൊഴിഞ്ഞു കൊടുത്ത് കൊണ്ട് വാക്കു പാലിക്കുവാനും ഞങ്ങള്‍ക്കായി.

ഞങ്ങള്‍ക്ക് ഇരുപതു ശതമാനം ഡൌണ്‍ പേയ്‌മെന്റ് ഇടാന്‍ കഴിയാഞ്ഞതിനാല്‍ ഉയര്‍ന്ന പലിശക്കാണ് ബാങ്ക് ലോണ്‍ അനുവദിച്ചത്. എട്ടേമുക്കാല്‍ ശതമാശനം പലിശ. കൂട്ടത്തില്‍ പി. എം. ഐ. എന്ന പേരിലുള്ള മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സിന്റെ ഒരു നൂറു ഡോളര്‍. ഒക്കെക്കൂടി ജീവിതച്ചിലവ് മുന്പത്തേതിനേക്കാള്‍ ഇരട്ടിയിലും അധികമായി. ജോലിസ്ഥലങ്ങളില്‍ കിട്ടാവുന്നിടത്തോളം ഓവര്‍ ടൈമുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  ഞങ്ങള്‍ ഈ പ്രതിസന്ധി മറികടന്നത്. പേപ്പര്‍ റൗട്ടും, സ്കൂളും കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ' ബര്‍ഗര്‍ കിങ് ' എന്ന സ്ഥാപനത്തില്‍ ഒരു പാര്‍ട് ടൈം ജോലികൂടി ചെയ്തു കൊണ്ട് മകനും ഞങ്ങളോടൊപ്പം നിന്നു.

വീട്ടില്‍ താമസിച്ചു കൊണ്ട് വീട് നന്നാക്കിയെടുക്കുക എന്ന രീതിയാണ്  ഞങ്ങള്‍ സ്വീകരിച്ചത്. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ നാട്ടില്‍ വച്ചേ എനിക്ക് കുറച്ചൊക്കെ പരിചയവും, കഴിവും ഉണ്ടായിരുന്നത് കൊണ്ട് അതില്‍ പലതും ഇവിടെയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. നമുക്ക് ചെയ്യാന്‍ കഴിയാത്തത് പണം മുടക്കി പ്രൊഫഷനലുകളെക്കൊണ്ട് ചെയ്‌യിച്ചു. വീടും, പരിസരവും വൃത്തിയായിരുന്നാല്‍ തന്നെ അതില്‍ താമസിക്കുന്നവരുടെ മാനസികവും, ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും എന്ന് ബഹുമാന്യനായ വര്‍മ്മാജിയില്‍ നിന്ന് ഞാന്‍ പഠിച്ചിരുന്നു.

പുത്തന്‍ പെയിന്റും, പുത്തന്‍ കാര്‍പ്പറ്റുമൊക്കെയായി ഒരു പുത്തന്‍ വീട്ടില്‍ എന്ന പോലെ ഞങ്ങള്‍ താമസിക്കുന്‌പോള്‍ ഈ വീട് വാങ്ങണമെന്നാശിക്കുകയും, അത് സാധിക്കാതെ തേങ്ങിക്കരയുകയും ചെയ്യുന്ന ആലീസിന്റെ ചിത്രം ഒരു വേദനയായി മനസ്സില്‍ നിന്നു. പിന്നീടുള്ള എന്റെ ചിന്തകളില്‍ അവര്‍ക്കു കൂടി ഒരു വീട് കണ്ടു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ പച്ച പിടിച്ചു നിന്നു. അങ്ങിനെയാണ് ഞങ്ങളുടെ വീടിന്റെ നേരേ എതിര്‍ വശത്തുള്ള 103  റൂസ്‌വെല്‍റ്റ് അവന്യൂ എന്ന വീട് ഞാന്‍ കണ്ടെത്തുന്നതും, ഉടമസ്ഥനോട് സംസാരിച്ചു വിലയൊക്കെ അറിഞ്ഞതിനു ശഷം ജെയിംസിനെ ബന്ധപ്പെടുത്തി എല്ലാക്കാര്യങ്ങളിലും സഹകരിച്ചു കൊണ്ട് അവരെക്കൊണ്ട് ആ വീട് വാങ്ങിപ്പിക്കുന്നതും, ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ വളരെ സ്‌നേഹത്തോടെ വര്‍ഷങ്ങളോളം ഞങ്ങള്‍ കഴിഞ്ഞു കൂടിയതും.

ഞങ്ങളുടെ വീടിനു ഒരു ബേസ്‌മെന്റ് ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ ?പട്ടികളോടൊപ്പം ഒറ്റക്ക് കഴിഞ്ഞിരുന്ന സില്‍വസ് ട്രി അമ്മാമ്മക്ക് ബേസ്‌മെന്റ് ഒരാവശ്യമേ അല്ലായിരുന്നു. അത് കൊണ്ട് തന്നെ അത് ഫിനിഷ് ചെയ്യുന്നതിനൊന്നും അമ്മാമ്മ ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും സമ്മര്‍ കിച്ചന്‍ എന്ന പേരില്‍ ഒരു കിച്ചന്‍ അമ്മാമ്മ നിര്‍മ്മിച്ചിരുന്നു. ബാക്കി ഭാഗങ്ങള്‍ മുഴുവന്‍ ഒരു വലിയ സ്‌റ്റോറേജ് ആയിട്ടാണ് അമ്മാമ്മ ഉപയോഗിച്ചിരുന്നത്. ഈ സ്‌റ്റോറേജില്‍ നിറയെ സാധനങ്ങള്‍ കുത്തി നിറച്ചു വച്ചിരിക്കുകയായിരുന്നു അമ്മാമ്മ. ഏതോ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന അമ്മാമ്മ അവിടുന്നുള്ള സാധനങ്ങള്‍ ഉള്‍പ്പടെ വലിയൊരു ശേഖരത്തിന്റെ ഉടമയായിരുന്നു. എന്തെങ്കിലും സാധനം വാങ്ങണമെന്നുദ്ദേശിച്ചാല്‍ കടയില്‍ പോകുന്നതിനു മുന്‍പ് സ്‌റ്റോറേജില്‍ ഒന്ന് പരതിയാല്‍ മതി, ആ സാധനം അമ്മാമ്മ കരുതിയിട്ടുണ്ടാവും. മാര്‍ക്കറ്റ് വില അനുസരിച്ചാണെങ്കില്‍ ആയിരക്കണക്കിന് ഡോളറിന്റെ സാധനങ്ങളാണ് സ്‌റ്റോറേജില്‍ ഉണ്ടായിരുന്നത്. ( അമ്മാമ്മ ശേഖരിച്ചു വച്ചിരുന്ന പല തരത്തിലുള്ള ഗാര്‍ബേജ് ബാഗുകള്‍ ഇരുപത് വര്‍ഷങ്ങളോളം ഉപയോഗിച്ചിട്ടും തീര്‍ന്നിരുന്നില്ല. )മറ്റു സാധനങ്ങളുടെ കാര്യവും ഏതാണ്ട് ഇത് പോലെയൊക്കെ തന്നെ. വീട് വിറ്റ ലോയര്‍ ഇവ വാരിക്കളയുന്നതിനായി ഞങ്ങളെ ഏല്‍പ്പിക്കുന്‌പോള്‍ അതിനു കൂലിയായി നൂറു ഡോളറും രൊക്കം ഏല്‍പ്പിച്ചിരുന്നു എന്നതാണ് ഏറെ രസകരം.  ഇത്രയേറെ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്‌പോഴും അതൊന്നും ഉപയോഗിച്ച് തീരും വരെ താന്‍ ജീവിച്ചിരിക്കില്ല എന്ന് ചിന്തിക്കാന്‍ കഴിയാതെ പോയ ' മിസ് വിന്‍സെന്‍സാ സില്‍വസ്ട്രി ' എന്ന ഈ അമ്മാമ്മ, അനിശ്ചിതമായ ഭാവിയുടെ ആഴങ്ങളിലേക്ക് വ്യര്‍ത്ഥമായ ജീവിത സ്വപ്നങ്ങളുടെ വര്‍ണ്ണ വല വീശിയെറിയുന്ന മനുഷ്യാവസ്ഥയുടെ ഉത്തമ ഉദാഹരണമായിരുന്നു  എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഈ ബേസ്‌മെന്റില്‍ ഒരു ബാത് റൂം കൂടി ഉണ്ടാക്കി ഫിക്‌സ് ചെയ്‌തെടുത്താല്‍ അതും ഒരു വരുമാന സ്രോതസ് ആയേക്കും എന്ന തിരിച്ചറിവില്‍ അങ്ങിനെ ചെയ്‌തെടുത്തു. അക്കാലത്ത് പതിനായിരം  ഡോളര്‍ അതിനായി ഒരു അംഗീകൃത കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു. സാധനങ്ങള്‍ അധികവും ആറ്റിക്കിലേക്ക് മാറ്റി. കുറെയൊക്കെ സാധനങ്ങള്‍ ആവശ്യക്കാരായ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും കൈമാറി.

അപ്പനെയും, അമ്മയെയും അമേരിക്കയില്‍ കൊണ്ട് വരണം എന്ന്  വളരെക്കാലമായി ആശിച്ചിരുന്നു. ഇപ്പോള്‍ വീടും സൗകര്യങ്ങളും ഉള്ളത് കൊണ്ട് ഇപ്പോളാണ് ശരിയായ അവസരം എന്ന് തോന്നി. അപ്പനോടും, അമ്മയോടും  ചോദിച്ചപ്പോള്‍ വരാന്‍ താല്‍പര്യമുണ്ടെന്ന്  പറഞ്ഞതിനെത്തുടര്‍ന്ന് അവരെ കൊണ്ട് വരുന്നതിനുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാങ്കില്‍ ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ഉണ്ടെന്നു കാണിക്കുകയാണ് പ്രധാന കടന്പ. നമ്മുടെ കയ്യിലാണെങ്കില്‍ ഒന്നും ബാക്കിയില്ലെന്നു മാത്രമല്ലാ, കടവുമാണ്. നമ്മുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും പേരില്‍ നിന്ന് കുറച്ചു ഡോളര്‍ നമ്മുടെ അക്കൗണ്ടിലേക്ക് മാറ്റിയിടുവിച്ചാല്‍ മതി. ആവശ്യം കഴിയുന്‌പോള്‍ തിരിച്ചു മാറ്റുകയും ചെയ്യാം. പിന്നെ നാട്ടില്‍ പോയി വേണം അവരെ കൊണ്ട് വരാന്‍. എല്ലാറ്റിനുമായി നല്ലൊരു തുക ചിലവുണ്ട്. എങ്കിലും സാരമില്ല, അവരും അമേരിക്കയില്‍ വന്നു കാണട്ടെ എന്ന് ചിന്തിച്ച് അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി.

ഇങ്ങനെയിരിക്കുന്‌പോള്‍ എല്‍ദോസിന് മെച്ചപ്പെട്ട ഒരു ജോലി കിട്ടി. സ്കൂള്‍ കുട്ടികളെ അംഗീകൃത സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ജോലിക്കു അയക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമുണ്ട്. ഈ പദ്ധതിയിന്‍ പ്രകാരം താല്പര്യമുള്ള കുട്ടികളെ വിവിധ കന്പനികളില്‍ വിവിധ ജോലിക്കായി നിയമിക്കും. എല്‍ദോസിന് കിട്ടിയത് ജെ. പി. മോര്‍ഗന്‍ എന്ന അതി പ്രശസ്തമായ സാന്പത്തിക സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്‌മെന്റു വിഭാഗത്തില്‍ ഹെല്‍പ്പര്‍ ആയിട്ടുള്ള ജോലിയായിരുന്നു. കംപ്യൂട്ടര്‍ ബേസിഡ് ആയിട്ടുള്ള ഒരു ജോലിയായിരുന്നു അത്. പൊതുവെ ഐ. ടി. മേഖലയോട് അതീവ താല്‍പ്പര്യം ഉണ്ടായിരുന്ന അവന് ഈ ജോലി വളരെ ഇഷ്ടപ്പെടുകയും, കഠിനവും, സത്യസന്ധവുമായ ഇടപെടലുകള്‍ കൊണ്ട് മേലധികാരികളുടെ സ്‌നേഹവും വിശ്വാസവും  ചുരുങ്ങിയ കാലം കൊണ്ട് ആര്‍ജ്ജിക്കുവാനും അവനു കഴിഞ്ഞു.

മണിക്കൂറിനു പത്തു ഡോളറിലധികം പ്രതിഫലം ലഭിച്ചിരുന്ന ഈ ജോലിയില്‍ വീക്കെന്റുകള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ അവന് ചെയ്യാന്‍ കഴിയുന്ന ഏതു സമയത്തും ജോലി ചെയ്യുന്നതിനുള്ള പ്രത്യേക അനുവാദവും അവര്‍ അനുവദിച്ചു കൊടുത്തു. ഇത് മൂലം സ്കൂള്‍ സമയം കഴിഞ്ഞാല്‍ നേരെ മന്‍ഹാട്ടനിലുള്ള ഓഫീസിലേക്കും, രാത്രി വൈകി വീട്ടിലേക്കും എന്നതായി അവന്റെ ഷെഡ്യൂള്‍. ഇതോടെ പത്ര വിതരണത്തില്‍ നിന്നും അവന്‍ പിന്മാറുകയും, അവന്റെ കൂട്ടുകാരനായ മറ്റൊരു പയ്യന് ആ ജോലി ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക