വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)

വിജയ് സി. എച്ച് Published on 14 January, 2020
വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)
ഒരു കൊച്ചു കടയാണ് ജോണ്‍സന്റേത്. പക്ഷെ, മലയാളത്തില്‍ അച്ചടിച്ചിറങ്ങുന്ന സകല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ കിട്ടും. ഇവിടയേ കിട്ടൂ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി!

ദിനപത്രങ്ങളും, വാരികകളും, ദ്വൈവാരികകളും, മാസികകളും, ദ്വൈമാസികകളും, െ്രെതമാസികകളും, വാര്‍ഷിക പതിപ്പുകളും ഇടതൂര്‍ന്നു തോരണം ചാര്‍ത്തുന്ന ഈ പെട്ടിക്കടക്കുള്ളില്‍ ജോണ്‍സനും കൂടിയുണ്ടെന്ന് അറിയണമെങ്കില്‍ സൂക്ഷിച്ചു നോക്കണം!

ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഈ കൊച്ചു സ്റ്റാളിനകത്തുള്ളു. കാലുകളൊന്നു മാറ്റിച്ചവിട്ടാന്‍പോലും അതിനകത്തൊരു പഴുതില്ല. പാദങ്ങള്‍ വെക്കാനുള്ള സ്ഥലമൊഴിച്ചു ബാക്കിയുള്ള ഇടത്തത്രയും പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ കുമിഞ്ഞു കിടക്കുകയാണ്!

പത്തിരുപതു റോഡുകള്‍ വന്നുചേരുന്ന തൃശ്ശൂരിലെ സ്വരാജ് റൗണ്ടില്‍ ഏറ്റവും പ്രസിദ്ധമായതാണ് എം. ഒ. റോഡ്. തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണ്ണവിസ്മയം എന്നറിയപ്പെടുന്ന കുടമാറ്റം അരങ്ങേറുന്ന തെക്കെ ഗോപുര നടയിലെത്തുന്നതാണ് ഈ പാത. ചരിത്ര സ്മാരകമായ കോര്‍പ്പറേഷന്‍ കെട്ടിടവും, മുനിസിപ്പല്‍ ബസ്സ്റ്റാന്റും, പേരുകേട്ട തുണിക്കടകളും സ്വര്‍ണ്ണക്കടകളുമെല്ലാം വിശാലമായ ഈ തെരുവില്‍. രാമവര്‍മ്മ തമ്പുരാന്‍ സ്റ്റാച്ച്യു കഴിഞ്ഞയുടനെ, പി. ഒ. റോഡ് തുടങ്ങുന്ന ആ കണ്ണായ സ്ഥലത്ത്, ജോണ്‍സന്റെ ബുക്കുകട, ശരിക്കുമൊരു ബ്യൂട്ടിസ്‌പോട്ട്!

സിറ്റിയിലേക്കുവരുന്നവര്‍ പറയും, ജോണ്‍സന്റെ കടക്കുമുന്നില്‍ വൈറ്റുചെയ്യാമെന്ന്. ഒരു വാരിക വാങ്ങി വായിച്ചു നില്‍ക്കുന്നതിനിടയില്‍, തൊട്ടടുത്ത സ്റ്റാന്റില്‍ ബസ്സിറങ്ങി പ്രതീക്ഷിക്കുന്ന ആള്‍ ഇങ്ങെത്തും! കൊള്ളാം, 1932ല്‍ പണിതീര്‍ത്ത, ചൈമിങ് ക്ലോക്ക് ടിക്ടിക് അടിക്കുന്ന, കോര്‍പ്പറേഷന്‍ ടവറിനേക്കാളും വലിയ ലാന്‍ഡ് മാര്‍ക്ക് തൃശ്ശൂര്‍ നഗരത്തില്‍ നാലു സ്‌ക്വയര്‍ ഫീറ്റ് ഭൂമിയില്‍ നിലകൊള്ളുന്ന ജോണ്‍സന്റെ കട!

തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ സകല നഗരങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങള്‍ ലഭിക്കുന്ന പെട്ടിക്കടകള്‍ സര്‍വ്വത്ര. മുക്കിലും മൂലയിലും! ചിലത് സമകാലികങ്ങള്‍!ക്കുവേണ്ടി മാത്രം. ചിലതില്‍ അവക്കൊപ്പം ചില്ലറ മറ്റു സാധനങ്ങളും കാണും. എന്തുകൊണ്ടു ജോണ്‍സന്റെ കട? ഈ ചോദ്യത്തിനുത്തരം നല്‍കുമ്പോഴാണ് ജോണ്‍സണ്‍ ഉള്ളില്‍തട്ടി ആവേശം കൊള്ളുന്നത്!

പല സമാന സ്റ്റാളുകളിലും മുന്‍നിര പത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് വിപണനം ചെയ്യുന്നത്. ചില 'വിപുലമായ' പെട്ടിക്കടകളില്‍ ഏറ്റവും പ്രചാരമുള്ള പത്തെണ്ണം വരെ കാണും. എന്നാല്‍, ജോണ്‍സന്റെ കടയില്‍, മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും വരുന്നതുള്‍പ്പെടെ, 22 മലയാളം ദിനപത്രങ്ങള്‍ ലഭ്യമാണ്! ഇംഗ്‌ളീഷിലുള്ളതും, ഹിന്ദിയിലുള്ളതും, തമിഴിലുള്ളതും ചേര്‍ത്തു 12 എണ്ണം വേറെ.

ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ മാത്രമായിരിക്കും ഇവയില്‍ ചിലത് അന്വേഷിച്ചു ഒരു ഉപഭോക്താവ് വരുന്നത്. പക്ഷെ, ആ സാധനം കടയിലില്ലെന്നു പറയുന്നത് തന്റെ ഒരു 'പ്രൊഫഷണല്‍ ഫെയില്യര്‍' ആയി ജോണ്‍സണ്‍ കാണുന്നു! അതിനാല്‍, ദിവസേന 100ല്‍ പരം കോപ്പികള്‍ വിറ്റഴിയുന്നൊരു മുന്‍നിര പത്രത്തിനും, മാസത്തില്‍ ഒരു കോപ്പി മാത്രം ചിലവുള്ള ഇരുപത്തിരണ്ടാം സ്ഥാനത്തെ പത്രത്തിനും ജോണ്‍സന്റെ കടയില്‍ ഒരേ പ്രാധാന്യം!

ഒരു പത്രത്തിന്റെ വിലയുടെ 17% സ്റ്റാള്‍ കോപ്പി കമ്മീഷനായി ജോണ്‍സനു ലഭിക്കുന്നു. എല്ലാ പത്രങ്ങളും ചേര്‍ത്ത് ദിവസേന 'തരക്കേടില്ലാത്ത'ത്ര സ്റ്റാള്‍ കോപ്പികള്‍ വില്‍ക്കുന്ന ജോണ്‍സന് ഇരുപത്തിരണ്ടാമനേയും ഇരുപത്തിയൊന്നാമനേയും ഉള്‍ക്കൊള്ളാന്‍ യാതൊരു നൊമ്പരവുമില്ല. മാത്രവുമല്ല, ടോപ്10ഇല്‍ വരാത്ത പത്രങ്ങളെ കൂടുതല്‍ ഡിസ്‌പ്ലെ ചെയ്തും, കസ്റ്റമേഴ്‌സിനോടു പറഞ്ഞു ശ്രദ്ധയില്‍ പെടുത്തിയും സര്‍കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ സഹൃദയന്‍ ശ്രമിക്കുന്നു.

നിത്യവാടകയായ 630 രൂപ കൊടുത്തു കഴിഞ്ഞാലും, തന്റെയും, വൈകുന്നേരം കടയിലിരിക്കുന്ന സഹോദരന്‍ പോള്‍സന്റെയും കുടുംബങ്ങള്‍ക്കു കഴിയാനുള്ള വരുമാനം ഇതില്‍നിന്നു ലഭിക്കുന്നുണ്ടല്ലൊ. ജോണ്‍സണ്‍ സന്തുഷ്ടനാണ്! വലിയ മോഹങ്ങളൊന്നുമില്ല. ഈ കടക്കാരന്റെ സമീപനം കമേഷ്യലല്ല, പ്രൊഫഷനലാണ്!

ദിനപത്രങ്ങള്‍ക്കൊപ്പം, 18 വാരികകളും, 38 ദ്വൈവാരികകളും, 47 മാസികകളും, മലയാളത്തില്‍ ഇറങ്ങുന്ന മുഴുവന്‍ ദ്വൈമാസികകളും, െ്രെതമാസികകളും, ഓണപ്പതിപ്പുകളും, വാര്‍ഷിക പതിപ്പുകളും, ഇയര്‍ ബുക്കുകളും, കൂടാതെ അമ്പതില്‍പരം ഇംഗ്‌ളീഷ് മാഗസിനുകളും പതിവായി വിപണനം ചെയ്യുന്നുവെന്നതാണ് ജോണ്‍സനെ ശരിക്കുമൊരു വേറിട്ട വിജ്ഞാന വ്യാപാരിയാക്കുന്നത്! എന്തുകൊണ്ടു ദൂരദിക്കില്‍ നിന്നുപോലും ജോണ്‍സന്റെ കട അന്വേഷിച്ചു വായനക്കാരെത്തുന്നുവെന്നതിന് ഉത്തരമിതാണ്. ഉപഭോക്താക്കള്‍ക്കറിയാം അവര്‍ക്കാവശ്യമുള്ള സാധനം ഇവിടെ വന്നാല്‍ ഉറപ്പായും കിട്ടുമെന്ന്!

ഓരോ ലക്കവും ഇരുനൂറോളം പ്രതികള്‍ വില്‍ക്കപ്പെടുന്ന ദ്വൈവാരികകളും, മാസികകളുമുണ്ട് ഈ കടയില്‍. എന്നാല്‍, വില്‍പ്പനയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചല്ല ജോണ്‍സണ്‍ തന്റെ കടയിലെത്തുന്ന 'അച്ചടിച്ച അറിവുകള്‍'ക്കു കൊടുക്കുന്ന സ്ഥാനം. പ്രചാരവും വൈജ്ഞാനികതയും ആനുപാതികമാവണമെന്നില്ല എന്ന നിയതിക്കു അടിവരയിടുകയാണ് ജോണ്‍സനിവിടെ! തന്റെ കടയിലേക്കു പ്രസിദ്ധീകരങ്ങള്‍ എത്തിച്ചുതരുന്ന വിതരണക്കാര്‍ക്ക് ഇല്ലാതെപോയൊരു തിരിച്ചറിവാണിതെന്ന് ജോണ്‍സണ്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു.

കൊല്ലത്തുനിന്നും, തിരുവനന്തപുരത്തുനിന്നും, എറണാകുളത്തുനിന്നും, കോഴിക്കോടുനിന്നും പ്രസാധകര്‍ നേരിട്ടയച്ചുകൊടുക്കുന്ന പ്രസിദ്ധീകരണങ്ങളും ജോണ്‍സന്റെ കടയിലുണ്ട്. പക്ഷെ, പോസ്റ്റലായി എത്തുന്നതിനാല്‍ ഇവയുടെ പരിമിതമായ പ്രതികള്‍ മാത്രമേ ലഭിക്കുന്നുള്ളു. ഇക്കാരണത്താല്‍ ഈ ഗണത്തില്‍പ്പെടുന്ന മാസികകള്‍
വിറ്റഴിയുന്നത് ചൂടപ്പം പോലെയാണ്!

ജോണ്‍സന്റെ കട അറിയുന്നവരും സന്ദര്‍ശിക്കുന്നവരും കേരളത്തില്‍ ഒട്ടനവധി! എന്നിരുന്നാലും, ജോണ്‍സന് ഏറെ ഇഷ്ടം തോന്നുന്ന പതിവുകാരന്‍ പന്ന്യന്‍ രവീന്ദ്രനാണ്. അദ്ദേഹം തൃശ്ശൂരെത്തിയാല്‍ ആദ്യം സന്ദര്‍ശിക്കുക ജോണ്‍സന്റെ കടയാണ്. മന്ത്രിമാരും ലോകസഭനിയമസഭ അംഗങ്ങളും മുന്‍ അംഗങ്ങളും ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കളും, സാഹിത്യചലചിത്ര മേഖലകളിലെ സെലബ്രിറ്റികളും കാര്‍ അല്‍പ്പം ദൂരെ നിര്‍ത്തി, െ്രെഡവറെ വിട്ടു മെഗസീനുകളും പത്രങ്ങളും വാങ്ങിപ്പിക്കുമ്പോള്‍, 'പന്ന്യന്‍ സാര്‍ നടന്നുവന്ന് എന്നോടു രണ്ടു വര്‍ത്തമാനവും പറഞ്ഞു' സാധനം നേരിട്ടു വാങ്ങുന്നത് ജൊണ്‍സനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു!

തന്റെ പാര്‍ട്ടി പത്രത്തിന്റെ ഒരു കോപ്പിയും, പിന്നെ വേറെ കുറെ പത്രങ്ങളും മാഗസീനുകളും അദ്ദേഹത്തിനു വേണം. ഓരോ പ്രാവശ്യവും വേറെവേറെ പത്രങ്ങളും മാസികകളുമാണ് അദ്ദേഹം ആവശ്യപ്പെടുക. ഇതുവരെ 'പന്ന്യന്‍ സാര്‍' ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നത്
ജോണ്‍സന് എന്തെന്നില്ലാത്ത ആനന്ദം നല്‍കുന്നു. സാമാന്യമായൊരു സംതൃപ്തിക്കപ്പുറം ഇതൊരു ഇച്ഛാപൂര്‍!ത്തിയും കൂടിയാണ് ഈ 'ചെറിയ' കടക്കാരന്!

നിത്യവും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചു ചാലക്കുടിയില്‍നിന്നെത്തുന്ന ഗിരിയാണ് ജോണ്‍സന്റെ കടയിലെത്തുന്ന ഏറ്റവും ശ്രദ്ധാലുവായ വായനക്കാരന്‍. അദ്ദേഹത്തിന് ഇംഗ്‌ളീഷിലുള്ള രണ്ടെണ്ണമുള്‍പ്പെടെ 12 പത്രങ്ങള്‍ വേണം. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറല്ല. അതിനാല്‍, കട തുറന്നു പത്രക്കെട്ടുകള്‍ അഴിച്ചയുടനെ ഗിരിക്കുള്ളത് എടുത്തു മാറ്റിവെക്കും. ഓരോ ദിവസത്തേയും വായനയുടെ 'റിവ്യൂ' പിറ്റേദിവസം ഗിരി പത്രം വാങ്ങാന്‍ വരുമ്പോള്‍ ജോണ്‍സനു കൊടുക്കും. ഓരോ പത്രത്തിലുമുള്ള വസ്തുതാ പിഴവുകളും ആവര്‍ത്തനങ്ങളും മുതല്‍ അക്ഷരതെറ്റുകള്‍ വരെയുള്ള സകല പിശകുകളും അങ്ങിനെ ജോണ്‍സണ്‍ അറിയുന്നു. ഇത് വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന തന്റെ 'വില്‍പ്പന ചരക്കു'കളുടെ ശരിയായ ഗുണനിലവാരമറിയാന്‍ ഈ 'പ്രൊഫഷണല്‍' പത്ര കച്ചവടക്കാരനെ സഹായിക്കുകയും ചെയ്യുന്നു!

ഒരിക്കല്‍ ഒരു കൂടിയ കൂട്ടരുടെ ഇയര്‍ ബുക്ക് 60 പേജ് വായിച്ചു തീര്‍ന്നപ്പോള്‍, അതില്‍ 20 തെറ്റുകള്‍ ഗിരി കണ്ടുപിടിച്ചു. ആകസ്മികക്ഷോഭം അനുഭവപ്പെട്ട ജോണ്‍സണ്‍, വിവരം ഉടനടി പ്രസാധകരെ അറിയിച്ചു. ഗിരിയുടെ കണ്ടെത്തലുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ട പ്രസാധകര്‍ ജോണ്‍സന്റെ കസ്റ്റമറെ പത്രമാപ്പീസിലേക്കു വിളിപ്പിച്ചു പ്രശംസിച്ചു!

തന്നെക്കാള്‍ ബുദ്ധിമാനായിരിക്കും തന്റെ വായനക്കാരനെന്നു ഒരു നല്ല പത്രലേഖകന്‍ കരുതണമെന്നു പറയുന്നത് ഇതുകൊണ്ടാണ്! ആയിരം വായനക്കാരില്‍ ഒരു 'ഗിരി'യെങ്കിലും ഉണ്ടാകില്ലേ?

ആ സംഭവത്തിനു ശേഷം, പുതിയ ഇയര്‍ ബുക്ക് ഇറങ്ങിയാല്‍ ഫസ്റ്റ്‌റീഡര്‍ഫീഡ്‌ബേക്ക് അറിയാന്‍ അവര്‍ ബന്ധപ്പെടുന്നത് ഗിരിയെയാണ്! ചാലക്കുടിക്കാരനെ പെട്ടെന്നു കിട്ടിയില്ലെങ്കില്‍ ജോണ്‍സനെ വിളിച്ചു ഓര്‍മ്മപ്പെടുത്തും. അവര്‍ക്കറിയാം ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തേയും പരമ പ്രധാനവുമായ ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നത് വിപണനം ചെയ്യുന്നവരാണെന്ന്!

ഇറങ്ങിയാലുടനെ സര്‍!വ്വ ഓണപ്പതിപ്പുകളും വായിച്ചു, മേന്മ അധികമുള്ളതിന്റെ കൂടുതല്‍ കോപ്പികള്‍ സ്‌റ്റോക്കു ചെയ്യാന്‍ ജോണ്‍സനോട് അഭിപ്രായപ്പെടുന്നതും ഗിരിയാണ്. തീവ്ര വായനക്കാരനായ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു വരുത്തിയ അധികക്കോപ്പികള്‍ ഞൊടിയിടയില്‍ വിറ്റുതീര്‍ന്ന ചരിത്രമേ ഇതുവരെയുള്ളു!

ഏതെങ്കിലുമൊരു പിര്യോഡിക്കല്‍ ആദ്യമായി വിപണിയില്‍ എത്തുമ്പോള്‍ അതിന്റെ ഒരു കോപ്പി വാങ്ങി ഷോകെയ്‌സില്‍ വെക്കുന്ന വിന്‍സെന്റും, ഒരു പ്രത്യേക വാരികയുടെ ഓരോ ലക്കത്തിന്റെയും ഒരു കോപ്പി വാങ്ങി ഭദ്രമായി വീട്ടില്‍ സൂക്ഷിക്കുന്ന ബി.എസ്.എന്‍.എല്‍ ഓഫീസറും, ഒരു ദ്വൈവാരിക വില കൊടുത്തു വങ്ങി വേറെ മൂന്നു ദ്വൈവാരികള്‍ സൗജന്യമായി മറിച്ചു നോക്കാന്‍ അനുവാദം ചോദിക്കുന്ന ചെറുപ്പക്കാരനും ജോണ്‍സന്റെ മറ്റു ചില സവിശേഷ സന്ദര്‍ശകരാണ്.

സര്‍കുലേഷന്‍ കുറഞ്ഞതിനാല്‍ നിലവിലുള്ളതു നിര്‍ത്തുന്നതും, ഏറെ പ്രതീക്ഷയോടെ നൂതനമായ അച്ചടിസംരംഭങ്ങള്‍ തുടങ്ങുന്നതും ഇന്നിന്റെ രീതിയായതിനാല്‍, ജോണ്‍സനെ കണ്ടു പുതിയതെത്തിയോയെന്നു ചോദിക്കാന്‍ വിന്‍സെന്റിനു നിത്യേനെയെന്നോണം വരേണ്ടിവരുന്നു!

ജോണ്‍സന്റെ അപ്പച്ചന്‍, തട്ടില്‍ തെക്കുമ്പത്ത് അന്തോണി എഴുപതു വര്‍ഷം മുന്നെ ആരംഭിച്ച ഈ എളിയ സ്ഥാപനം, നഗരത്തില്‍ പെട്ടെന്നു പച്ചപിടിച്ചതുകണ്ട ഒരു വലിയ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍, അന്തോണിച്ചേട്ടനോട് ഒരിക്കല്‍ 'എന്തുണ്ടാക്കി' എന്നു ചോദിച്ചു. മറുപടിയായി, 'ആറെണ്ണത്തിനെ' എന്ന് അന്തോണിച്ചേട്ടന്‍ കളിവാക്കായ് പറഞ്ഞത്, ആ ലേഖകനുള്‍പ്പെടെ, അവിടെയുണ്ടായിരുന്ന സകലരേയും ചിരിപ്പിച്ചുകളഞ്ഞു!

പിറ്റേ ദിവസത്തെ പത്രത്തില്‍, ഷേഡു ചെയ്ത ബോക്‌സില്‍, നടന്ന സംഭവം വള്ളിപുള്ളി വ്യത്യാസമില്ലാതെ അന്തോണിച്ചേട്ടന്റെ ഫോട്ടോ സഹിതം പ്രത്യക്ഷപ്പെട്ടപ്പോള്‍ (1982), ജോണ്‍സന്റെ അപ്പച്ചനെയും അദ്ദേഹത്തിന്റെ 'സമകാലിക പെട്ടിക്കടയും' അറിയാത്തവരായി ആരുമില്ലെന്നായി! ആ 'തമാശ' അച്ചടിച്ചുവന്ന പത്രം, 'ആറെണ്ണത്തില്‍' ഇളയവനായ ജോണ്‍സണ്‍ അപ്പച്ചന്റെ ഓര്‍മ്മക്കായി ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു!

കുഞ്ഞുമൊയ്ദീന്‍ ഹാജിയാണ് അന്തോണിച്ചേട്ടന് ഈ കട നില്‍ക്കുന്ന സ്ഥലം പണ്ട് അനുവദിച്ചത്. ഹാജിയുടെ മകന്‍ പി. കെ ആരിഫിനെ അന്തോണിച്ചേട്ടന്റെ മകന്‍, തന്റെ അപ്പച്ചനു തുല്യം ഇന്നു ബഹുമാനിക്കുന്നത്, അദ്ദേഹം സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായതുകൊണ്ടല്ല, മറിച്ച്, 'ആരിഫ് ഇക്ക' താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആയതുകൊണ്ടാണെന്നു ജോണ്‍സണ്‍ നെഞ്ചില്‍ കൈവച്ചു പറയുന്നു.

ആരിഫ് ഇക്കക്കു ശത്രുക്കളില്ല. ആ പാത അതുപോലെ പിന്‍തുടരുന്നതിനാല്‍, സകലരും ജോണ്‍സന്റെ മിത്രങ്ങള്‍! ഇതാണ് ചെറിയ ഈ വിജ്ഞാന വ്യാപാരിയുടെ വലിയ വിജയമന്ത്രം!

ഒമ്പതാം ക്ലാസില്‍വെച്ചു സ്‌കൂള്‍ പുസ്തകങ്ങളോടു വിടചൊല്ലി ആനുകാലികങ്ങളോടു കൂട്ടുകൂടിയ ജോണ്‍സണ്‍, തകര ഷീറ്റ് മേഞ്ഞ ഈ ഇത്തിരി സ്റ്റാളില്‍ വിജയകരമായി പിന്നിട്ടത് നീണ്ട മുപ്പത്തിയഞ്ചു വിജ്ഞാനവില്‍പ്പന വര്‍ഷങ്ങള്‍!

വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)വില്‍ക്കാനുണ്ട് അക്ഷരാമൃതം! (വിജയ് സി. എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക