MediaAppUSA

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 63: ജയന്‍ വര്‍ഗീസ്)

Published on 18 January, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 63: ജയന്‍ വര്‍ഗീസ്)
പ്ലിമത് മില്‍സിലെ കട്ടിങ് റൂം ഡയറക്ടറായിരുന്ന മിസ്റ്റര്‍ ജോണ്‍ റിട്ടയര്‍മെന്റ് എടുക്കുകയാണ്. ഞങ്ങള്‍ ജോലിക്കാരോട് പിതൃ നിര്‍വിശേഷമായ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും ആരോടും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. തന്റെ സ്വര്‍ണ്ണപ്പല്ല് പുറത്തുകാട്ടിയുള്ള അദ്ദേഹത്തിന്‍റെ ചിരി വളരെ ആകര്‍ഷകമായിരുന്നു. കഠിനമായി അദ്ധ്വാനിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ മലയാളികളോട് അദ്ദേഹത്തിന് പൊതുവേ ഒരു മമതയുണ്ടായിരുന്നു. ഞങ്ങള്‍ മലയാളികള്‍ സംസാരിക്കുന്‌പോള്‍ അദ്ദേഹത്തെ ' അപ്പച്ചാ ' എന്നാണ് സംബോധന ചെയ്തിരുന്നത്. അര്‍ഥം ആരോ പറഞ്ഞു കൊടുത്തിട്ടോ എന്തോ ആ വിളി അദ്ദേഹത്തിനും ഇഷ്ടമായിരുന്നു. ഓരോ വിളിയുടെയും അവസാനം ചിരിച്ചു കൊണ്ട് അദ്ദേഹം ' ആപാച്ചാ ' എന്ന് ആവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. ചെറിയ ഒരു സമ്മാനമൊക്കെ കൊടുത്ത് അദ്ദേഹത്തെ ഞങ്ങള്‍ യാത്രയാക്കി.

ക്യൂബന്‍ കുടിയേറ്റക്കാരനായ ഹെക്ടര്‍ എന്നയാളാണ് പിന്നീട് വന്നത്. തന്റെ നാല് ഭാര്യമാരുടെയും അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ മേശപ്പുറത്തു പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ആളുടെ ഇരിപ്പ്. കേള്‍ക്കാന്‍ തയാറാണെങ്കില്‍ ഭാര്യമാരുടെ സെക്ഷ്വല്‍ പ്രകടനങ്ങളുടെ വീര കഥകള്‍ ആരുമായും പറഞ്ഞു രസിക്കുന്നത് ഹെക്ടറുടെ വലിയ വിനോദമായിരുന്നു. കൂട്ടത്തില്‍ പ്രായം കുറഞ്ഞവളും, ഇപ്പോഴത്തെ ഭാര്യയുമായ കൊളംബിയക്കാരിയുടെ പല പോസിലുള്ള കുറെ ചിത്രങ്ങള്‍ എപ്പോഴും പുറത്തെടുത്തു നോക്കിക്കൊണ്ടേയിരിക്കും.

ജോലിക്കാരോട് യാതൊരു കരുണയുമില്ലാത്ത മനുഷ്യനായിരുന്നു ഹെക്ടര്‍. പ്രൊഡക്ഷന്‍ കുത്തനെ കൂട്ടാം എന്ന വാഗ്ദാനം കൊടുത്തു കൊണ്ടാണത്രേ അദ്ദേഹം ജോലി ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ ജോലിക്കാരുടെ പിറകില്‍ നിന്ന് മാറുകയില്ല. കഴിഞ്ഞയാഴ്ചത്തെ പ്രൊഡക്ഷന്‍ ആറായിരം ഡസന്‍ ആയിരുന്നുവെന്നും, അതില്‍ അലന്‍ ( ഉടമ ) തൃപ്തനല്ലെന്നും, ഈയാഴ്ച ഏഴായിരം ഡസന്‍ എങ്കിലും കൊടുക്കണമെന്നും ഒക്കെ ജോലിക്കാരുടെ പിറകേ നടന്ന്  ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.

ഹെക്ടറുടെ രീതി ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്നറിയില്ല, അധികം വൈകാതെ നിക്കി ജോലിയുപേക്ഷിച്ചു പോയി. പിന്നെ ഡയറക്ടര്‍ കം സൂപ്പര്‍വൈസര്‍ എന്ന നിലയിലായി ഹെക്ടറുടെ പ്രവര്‍ത്തനങ്ങള്‍. ആരെങ്കിലും പരസ്പരം സംസാരിക്കുന്നതു കണ്ടാല്‍പ്പോലും ഹെക്ടര്‍ അവിടെ ഓടിയെത്തി അത് തടയും. അല്ലെങ്കില്‍ ഇന്റര്‍ കോമിലൂടെ ഉറക്കെ പേര് വിളിച്ചു കൊണ്ട് സംസാരം ' നിര്‍ത്തി ജോലി ചെയ്യ് ' എന്ന് വിളിച്ചു പറയും. ഇയാളുടെ ഇടപെടല്‍ പലര്‍ക്കും വളരെ മുഷിച്ചിലുണ്ടാക്കി. ഈസ്റ്റ് ആഫ്രിക്കക്കാരനായ കാബാ എന്ന യുവാവ് ഇതിന്റെ പേരില്‍ ഹെക്ടറോട് ഇടയുകയും പോലീസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്‌തെങ്കിലും, ഹെക്ടര്‍ തന്റെ ശീലങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒരു ദിവസം ഉച്ചയോടടുത്ത നേരത്ത് ഗ്യാസ് സ്‌റ്റേഷനില്‍  നിന്ന് എനിക്കൊരു ഫോണ്‍ കാള്‍ വന്നു. ഏരിയാ മാനേജര്‍ ' ഡയാന ' ക്ക് ഉടന്‍ എന്നെ കാണണം.
എന്നാണ് അറിയിപ്പ്. നാല്‍പ്പതു വയസുള്ള ഒരു ഗ്രീക്ക് വനിതയാണ് ഡയാന. ഒതുങ്ങിയ ശരീരപ്രകൃതി. ഏരിയാ മാനേജരുമായി നേരിട്ട് ബന്ധപ്പെടേണ്ട കാര്യം സാധാരണയായി എനിക്കില്ല. അതിന് നമുക്ക് സ്‌റ്റേഷന്‍ മാനേജരുണ്ട്.

അപ്പനമ്മമാരെ കൂട്ടിക്കൊണ്ടു വരാനായി പോകുന്‌പോള്‍ ഒരു മാസത്തെ അവധി വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ അനുവദിക്കാന്‍ തനിക്കാവില്ലെന്നും, ഒരു മാസം വേണമെങ്കില്‍ ഏരിയാ മാനേജരെ കാണണമെന്നും മാനേജര്‍ പറഞ്ഞിരുന്നു. ഫോണില്‍ വിളിച്ച് ഞാന്‍ അവരോട്  ഈ റിക്വസ്റ്റ് വച്ചിരുന്നു. ഇനി അക്കാര്യം പറയാനാകുമോ എന്ന് ആദ്യം സംശയിച്ചു. അതോ കഴിഞ്ഞ രാത്രിയിലെ സ്‌റ്റേഷന്‍ ഓപ്പറേഷനില്‍ കാര്യമായ പിഴവുകള്‍ വല്ലതും പറ്റിയിട്ടുണ്ടാവുമോ എന്നും സംശയിച്ചു.

ഹെക്ടറോട് അനുവാദം വാങ്ങിച്ച് ഓടിപ്പിടഞ്ഞ് ഞാന്‍ ഗ്യാസ് സ്‌റ്റേഷനില്‍ എത്തി. ക്യാബിനു പുറത്ത് സ്‌റ്റേഷന്‍ ഫ്‌ലോറില്‍ ഒരു സിഗരറ്റും പുകച്ചു നില്‍ക്കുന്നുണ്ട് ഡയാന. സാധാരണ ഗതിയില്‍ ആ ഏരിയായില്‍ പുകവലി പാടില്ലാത്തതാണെന്ന് ഏവര്‍ക്കുമറിയാം. എന്നെ കണ്ടതേ ആള്‍ ഒന്ന് കുഴഞ്ഞു തിരിഞ്ഞു. ഒരുവിധം നല്ല പൂസിലാണ് നില്‍പ്പ് എന്ന് കണ്ടാല്‍ത്തന്നെ അറിയാം. എന്നെ ചൂണ്ടി ' നിനക്ക് ഒരു മാസം വെക്കേഷന്‍ വേണം അല്ലേ ? ' തന്നിരിക്കുന്നു.' എന്ന് പറഞ്ഞു. ഞാന്‍ താങ്ക്‌സ് പറഞ്ഞു നില്‍ക്കുന്‌പോള്‍ ' നിനക്ക് ഒന്നല്ല, രണ്ടു മാസം വേണമെങ്കിലും ഞാന്‍ തരും ' എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി ഒരു പ്രത്യേക തരത്തില്‍  കണ്ണിറുക്കി കാണിച്ചു. വീണ്ടും ഞാന്‍ താങ്ക്‌സ് പറഞ്ഞു.

എന്നോട് ചേര്‍ന്ന് നിന്നുകൊണ്ട് എന്റെ തോളിലൂടെ കൈയിട്ടു കൊണ്ടായി പിന്നത്തെ സംസാരം. മദ്യത്തിന്റെ മണം കാര്യമായി തന്നെ ഞാനും ശ്വസിച്ചു. ' വേറെയെന്താ നിനക്ക് വേണ്ടത് ? എന്ത് വേണേലും ഞാന്‍ നിനക്ക് തരും ' എന്ന് പറഞ്ഞ് എന്നെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ്. ' എനിക്കൊന്നും വേണ്ട ' എന്ന് പറഞ്ഞ് ഞാന്‍ അകലാന്‍ ശ്രമിക്കുന്‌പോള്‍ അവള്‍ സമ്മതിക്കുന്നില്ല. ' അത് പറ്റില്ല. നീ ഇപ്പോള്‍ത്തന്നെ എന്റെ അപ്പാര്‍ട്‌മെന്റിലേക്കു വരണം.എനിക്ക് നിന്നെ വേണം ' എന്ന് പറഞ്ഞു കൊണ്ട് അവര്‍ എന്റെ കവിളില്‍ ചുംബിച്ചു. തീപ്പൊള്ളല്‍ ഏറ്റ പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത്. ഞാന്‍ പിടഞ്ഞു മാറി. ' എന്റെ കൂടെ വരൂ  പ്ലീസ് ' എന്നത് ഒരു യാചനയുടെ സ്വരമായിരുന്നു. അടുത്ത ' പ്ലീസ് ' ല്‍ പകുതി കരച്ചില്‍ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. ' സോറി എനിക്കൊന്നും വേണ്ട ' എന്ന് പറഞ്ഞു ഞാന്‍ കാറില്‍ കയറുന്‌പോള്‍, മറ്റൊരു സിഗററ്റിന് തീ പിടിപ്പിച്ചു കൊണ്ട് ഹതാശയായ ആ ഗ്രീക്ക് യുവതി എന്നെത്തന്നെ നോക്കി അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ഒരു വല്ലാത്ത അസ്വസ്ഥതയാണ് എനിക്ക് അനുഭവപ്പെട്ടത്. വണ്ടിയുടെ  നിയന്ത്രണം പലപ്പോഴും പാളിപ്പോകുന്നതായി തോന്നി. ഒരു വിധത്തില്‍ കന്പനിയിലെത്തി ജോലി തുടരുന്‌പോഴും അകാരണമായ ഒരു ഭയം എന്നെ വേട്ടയാടുകയായിരുന്നു.

ഗ്യാസ് സ്‌റ്റേഷന്‍ വളപ്പിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ ഒരു വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരുന്നു. സോഡ,  കാന്‍ഡി, മറ്റ് അത്യാവശ്യ വസ്തുക്കള്‍ എന്നിവയൊക്കെ പൊതുജനങ്ങള്‍ക്ക് പണം ഇട്ടുകൊടുത്താല്‍ കിട്ടുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് അത്. രണ്ടു പ്രധാന സ്ട്രീറ്റുകള്‍ ക്രോസ് ചെയ്യുന്ന ഒരിടമായതിനാല്‍ ധാരാളം കസ്റ്റമേഴ്‌സ് വെന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചിരുന്നു. ആ മെഷീനുമായോ, അതിലെ കളക്ഷനുമായോ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാര്‍ക്ക് ബന്ധമില്ല. ഗ്യാസ് കന്പനിയും, വെന്‍ഡിങ് കന്പനിയും തമ്മിലുള്ള ഏതോ കോണ്‍ട്രാക്ടിന്റെ അടിസ്ഥാനത്തില്‍  ആണ് ആ ബിസിനസ്സ് പ്രവര്‍ത്തിച്ചിരുന്നത്.

ഒരു രാത്രിയില്‍ ആ മെഷീന്‍ പൊളിച്ച് ആരോ അതിലെ പണം എടുത്തു കൊണ്ട് പോയി. വളരെ പെട്ടെന്ന് പൊളിക്കാവുന്ന തരത്തിലല്ല അതിന്റെ നിര്‍മ്മാണം എന്നതിനാല്‍ ശക്തമായ എന്തെങ്കിലും ഉപകരണം അത് പൊളിക്കാനായി ഉപയോഗിച്ചിരിക്കണം. ഞാന്‍ ജോലി ചെയ്തിരുന്ന രാത്രിയില്‍ ആണോ അത് സംഭവിച്ചത് എന്ന് എനിക്ക് നിശ്ചയമില്ല. എങ്കിലും മിക്ക രാത്രികളിലും ഞാനാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ അതിന്റെ പേരിലുള്ള ചോദ്യങ്ങള്‍ എന്റെ നേര്‍ക്കാണ് വന്നത്. പോലീസ് വന്നു എന്നെ ചോദ്യം ചെയ്തു. വെന്‍ഡിങ് മെഷീന്‍ സ്ഥിതി ചെയ്യുന്ന ഇടം കാബിനില്‍ നിന്ന് വളരെ വളഞ്ഞു നിന്ന് നോക്കിയാല്‍ മാത്രമേ കാണാനാവുകയുള്ളു എന്നും, അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് സാധാരണയായി നോക്കാറില്ലെന്നും ഞാന്‍ പറഞ്ഞു. അവിടെ നിന്നുള്ള യാതൊരു  ശബ്ദവും കേള്‍ക്കുകയുണ്ടായില്ല എന്ന എന്റെ മൊഴി പോലീസ് അത്രക്കങ്ങു വിശ്വസിച്ചതായി തോന്നിയില്ല. ഒരു പക്ഷെ, ഞാന്‍ ഇരുന്നുറങ്ങുകയായിരുന്ന ഏതെങ്കിലും സമയത്താവും ഇത് സംഭവിച്ചിരിക്കുക എന്ന് എനിക്ക് തോന്നിയെങ്കിലും അത് പുറത്തു പറയാന്‍ പറ്റാത്ത ഒരവസ്ഥയില്‍ ആയിരുന്നുവല്ലോ ഞാന്‍ ?

അടുത്ത ദിവസം ജോലിക്കു ചെല്ലുന്‌പോള്‍ ഡയാന അവിടെയുണ്ട്. സാധാരണ കാണാറുള്ള ആളേയല്ല. മുഖത്ത് കനം തൂങ്ങി നില്‍ക്കുന്ന പേടിപ്പെടുത്തുന്ന ഗൗരവ ഭാവം. എനിക്ക് ഷിഫ്റ്റ് കൈമാറി മറ്റെയാള്‍ പോയിട്ടും ഡയാന പോകുന്നില്ല. തുടര്‍ന്ന് പോലീസ് ചോദിച്ച അതേ ചോദ്യങ്ങള്‍ പോലീസ് മുറയില്‍ തന്നെ എന്നോട് ചോദിക്കുകയും, എന്റെ ഉത്തരങ്ങള്‍ നുണയാണെന്ന് പറഞ്ഞു കൊണ്ട് ' മെഷീനില്‍ നിന്നുള്ള പണം മോഷണത്തിന് നീയാണ്  ഉത്തരവാദി ' എന്ന നിലയില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കും കുറച്ചു ദേഷ്യമൊക്കെ വന്നു.

തുടര്‍ന്ന് ശബ്ദമുയര്‍ത്തിയാണ് ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചത്. ഏതോ ഒരു ഫാറം എന്നെ കാണിച്ചിട്ട് അതില്‍ ഒപ്പിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അത് സാധ്യമല്ലെന്ന് ഞാന്‍  പറഞ്ഞു. എന്റെ കൃത്യവിലോപം കൊണ്ടാണ് ഈ സംഭവം ഉണ്ടായത് എന്നുള്ള ഒരു ഏറ്റുപറച്ചില്‍ ആയിരുന്നു ഫാറം. ( അങ്ങിനെ ഒരു ഫാറം വരുമെന്നും, അതില്‍ ഒപ്പിട്ടു കൊടുക്കരുതെന്നും, എന്റെ സുഹൃത്തായ സ്‌റ്റേഷന്‍ മാനേജര്‍ എന്നോട് മുന്നമേ പറഞ്ഞിരുന്നു. ) ഡയാന ശരിക്കും ദേഷ്യപ്പെട്ടു. ' നാളെ ഈ സ്‌റ്റേഷനില്‍ നീ ഉണ്ടാവില്ല ' എന്ന് ഭീഷണിപ്പെടുത്തിയിട്ട് അവര്‍ പോയി.

ഡയാന എന്നെ ഫയര്‍ ചെയ്യും എന്ന് തന്നെ എനിക്ക് ബോധ്യപ്പെട്ടു. കൃത്യമായ ഒരു കാരണമുണ്ടായിരുന്നെങ്കില്‍ അത് ഓക്കേ ആയിരുന്നു എന്ന് ഞാനോര്‍ത്തു. ഇത് എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു കാര്യത്തിലാണ് എന്നെ ഫയര്‍ ചെയ്യാന്‍ പോകുന്നത് എന്നതില്‍ ഞാന്‍ ഏറെ വേദനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വരുമാനം ഒരു മൃതസഞ്ജീവനി തന്നെയാണ്. ഇനി എന്ത് ചെയ്‌യും എന്ന മനോവ്യഥയില്‍ ഒരു നിമിഷം ഞാന്‍ കിടുകിടുത്തു പോയി.

പെട്ടെന്ന് വെളിച്ചത്തിന്റെ ഒരു വെള്ളി വീചി എന്റെ മനസിലേക്ക് വന്നു. ' നാളെ ഈ സ്‌റ്റേഷനില്‍ നീ ഉണ്ടാവില്ല ' എന്ന് പറഞ്ഞിട്ടാണല്ലോ അവര്‍ പോയത് ? അതിനര്‍ത്ഥം നാളേക്ക് മുന്‍പ് അവര്‍ എന്നെ കൊന്നു കളയും എന്ന് കൂടി ആവാമല്ലോ ? അത് ദൈവീകമായ ഒരു പിടിവള്ളി ആണെന്ന് എനിക്ക് തോന്നി. ചാത്തമറ്റം സ്കൂളില്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും കൂടി എനിക്കെതിരെ തിരിഞ്ഞ് എന്നെ ജയിലില്‍ കയറ്റാന്‍ പദ്ധതിയിട്ടപ്പോളാണല്ലോ റോസി ടീച്ചറിന്റെ ' കുട്ടിയെ പിടിച്ചു കെട്ടിയ ' തമാശ '  പിടിവള്ളിയായി എനിക്ക് കിട്ടിയതും,  അതില്‍ പിടിച്ചു തൂങ്ങി ഞാന്‍ രക്ഷപ്പെട്ടതും എന്ന് ഞാനോര്‍ത്തു.

പിന്നെ താമസിച്ചില്ല. ഒരു കടലാസ് എടുത്ത് ന്യൂ യോര്‍ക്കിലെ റീജിയണല്‍ മാനേജര്‍ക്ക് അഡ്രസ് ചെയ്തുകൊണ്ട് ഒരു പരാതി എഴുതിത്തുടങ്ങി. പരാതിയില്‍, പാതിരാ കഴിഞ്ഞ നേരത്ത് ഏരിയാ മാനേജരായ സ്ത്രീ രാത്രിയില്‍ ഒറ്റക്ക് വന്ന്  ' നാളെ നീ ഈ സ്‌റ്റേഷനില്‍ ഉണ്ടാവില്ല ' എന്ന് ഭീഷണിപ്പെടുത്തിയിട്ട് പോയിയെന്നും, അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ അവര്‍ക്ക് എന്നോട് വ്യക്തി വൈരാഗ്യം ഉണ്ടാവാന്‍ ഇടയുണ്ടെന്നും, ഈ സാഹചര്യത്തില്‍ മരണ ഭയം മൂലം രാത്രിയില്‍ ഒറ്റക്ക് ജോലി ചെയ്യാന്‍ പേടിയുണ്ടെന്നും, മാനേജുമെന്റില്‍ നിന്ന് എന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നുമായിരുന്നു പരാതി.

ഗ്യാസ് സ്‌റ്റേഷനില്‍ നിന്ന് കന്പനിയില്‍ പോകുന്ന വഴിയരികിലാണ് മെയിന്‍ പോസ്റ്റ് ഓഫീസ്. പോസ്റ്റ് ഓഫീസിലെ ക്വിക് സര്‍വീസ് മെയില്‍ ബോക്‌സില്‍ തന്നെ എന്‍വലോപ്  നിക്ഷേപിച്ചിട്ടാണ് അന്ന് കന്പനിയില്‍ എത്തി ജോലിക്കു കയറിയത്.

ഒരു ദിവസം കൂടി കഴിഞ്ഞതോടെ ആ പരാതി ഉണ്ടാക്കിയ വിക്രമങ്ങള്‍ ചില്ലറയല്ല. രാത്രി ഷിഫ്റ്റില്‍ ഞാന്‍ ജോലി ചെയ്യുന്‌പോള്‍ എവിടുന്നൊക്കെയോ എനിക്ക് വിളികള്‍ വരികയാണ്. റീജിയണല്‍ ഓഫിസില്‍ നിന്ന് മാത്രമല്ലാ, ഡയറക്ടറുടെ ഓഫിസില്‍ നിന്നും, ഏരിയാ ഓഫീസില്‍ നിന്നും, ഹ്യുമന്‍ റിസോര്‍സില്‍ നിന്നും, ഏതൊക്കെയോ ലോയേഴ്‌സിന്റെ ഓഫീസില്‍ നിന്നുമൊക്കെ എന്നെ വിളിക്കുകയാണ്. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം പതിനൊന്നു മുതല്‍ ഏഴു വരെയുള്ള ഷിഫ്റ്റിലാണ് ഞാന്‍ ഉള്ളത് എന്നതിനാല്‍ ഇക്കണ്ട മനുഷ്യരൊക്കെ ഉറങ്ങാതെ എഴുന്നേറ്റിരുന്ന് ആ സമയത്താണ് എന്നെ വിളിച്ചു കൊണ്ടിരുന്നതും, നമ്മുടെ നാടന്‍ ഭാഷയില്‍ എന്നില്‍ നിന്ന് ' മൊഴി ' എടുത്തു കൊണ്ടിരുന്നതും എന്നുള്ളതാണ്.

നമ്മുടെ ഡയാനയെ ആ ഭാഗത്തേക്കെങ്ങും പിന്നീട് കണ്ടതേയില്ല. പതിവിന്‍ പടിയുള്ള നമ്മുടെ റൊട്ടീന്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പരാതിന്മേലുള്ള അന്വേഷണത്തിന് ആസ് സൂണ്‍ ആസ് പോസിബിള്‍ റീജിയണല്‍ മാനേജര്‍ നേരിട്ടെത്തുമെന്ന് അറിയിപ്പ് കിട്ടി. ഏരിയാ മാനേജരുടെ ജോലി തെറിക്കും എന്ന് ഗ്യാസ് സ്‌റ്റേഷനിലെ സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞു കേട്ടപ്പോള്‍ മുതല്‍ നമ്മുടെ മനസ്സില്‍ സഹതാപവും, കുറ്റ ബോധവും വളരാന്‍ തുടങ്ങി.

നാട്ടില്‍ പോയി വരാനായി കന്പനിയില്‍ നിന്ന് എനിക്കും ഭാര്യക്കും ഒരു മാസത്തെ അവധി അനുവദിച്ചു തന്നു. അതില്‍ രണ്ടാഴ്ച ശന്പളം കിട്ടും. അടുത്ത രണ്ടാഴ്ച ശന്പളം ഇല്ലാതെയും. ഗ്യാസ് സ്‌റ്റേഷനില്‍ നിന്ന്  നിയമ പ്രകാരമുള്ള രണ്ടാഴ്ച തരാമെന്നും. താമസിച്ചു വന്നാലും തിരിച്ചു വരുന്‌പോള്‍ ജോലി താരാണെന്നും മാനേജര്‍ പറഞ്ഞു. ഇതിനിടയില്‍ റീജിയണല്‍ മാനേജര്‍ അന്വേഷണത്തിനായി സ്‌റ്റേഷനില്‍ വന്നു. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊള്ളാമെന്നും, ഞാന്‍ ജോലി ചെയ്യുന്ന ഷിഫ്റ്റില്‍ ഏരിയാ മാനേജര്‍ വരികയാണെങ്കില്‍ വാതില്‍ തുറക്കേണ്ടതില്ലെന്നും, എന്റെ മേലുള്ള അധികാരങ്ങള്‍ മേലില്‍ അവര്‍ക്ക് ഉണ്ടായിരിക്കുകയില്ലെന്നും അറിയിച്ചു. 

എന്റെ ഉള്ളില്‍ സഹതാപം ആളിക്കത്താന്‍ തുടങ്ങി. വേറൊരുത്തന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പരിപാടിയാണല്ലോ ഞാന്‍ ചെയ്യുന്നത് എന്നോര്‍ത്ത് ഞാന്‍ സ്വയം വേദനിച്ചു. എന്റെ ഷിഫ്റ്റില്‍ അവരുടെ ഇടപെടല്‍ ഉണ്ടാവുകയില്ലെങ്കില്‍ പിന്നെ എനിക്ക് അവരുടെ മേല്‍ പരാതിയില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങിനെയാണെങ്കില്‍ അത് എഴുതിക്കൊടുക്കാന്‍ പറഞ്ഞു കൊണ്ട് റീജിയണല്‍ മാനേജര്‍ ഒരു ഫാറം തന്ന് അതില്‍ ഒപ്പിട്ടു വാങ്ങി. അവരുടെ പേരില്‍ ഞാന്‍ ഉന്നയിച്ച പരാതി പിന്‍വലിക്കുന്ന നടപടിയായിരുന്നു അത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക