Image

ലിജോ ജോസ് പല്ലിശ്ശേരി: ആള് വേറെ ലെവലാ! (വിജയ്.സി.എച്ച്)

Published on 22 January, 2020
ലിജോ ജോസ് പല്ലിശ്ശേരി: ആള്  വേറെ ലെവലാ! (വിജയ്.സി.എച്ച്)
 തിരുവനന്തപുരത്തു സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFK-2019) 64 രാജ്യങ്ങളില്‍നിന്നെത്തിയ 92 ഫീച്ചര്‍ ഫിലീംസ് മത്സരത്തിനുണ്ടായിരുന്ന ലോക സിനിമാവിഭാഗത്തില്‍, ഏറ്റവും മികച്ച ജനപ്രിയ പടമായി തിരഞ്ഞെടുത്തത് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ട്' ആയിരുന്നു. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു ലിജോ അര്‍ഹനാവുകയും ചെയ്തു.

നവംബറില്‍ ഗോവയില്‍ നടന്ന രാജ്യാന്തര ചലചിത്രമേളയില്‍ (IFFI-2019) ചരിത്രം കുറിച്ചുകൊണ്ട് ജല്ലിക്കെട്ടിലൂടെ രണ്ടാം തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ നേടിയിരുന്നതിനാല്‍, തിരുവനന്തപുരത്ത് വിജയം ആവര്‍ത്തിക്കുമെന്ന് പൊതുവെ പ്രതീക്ഷയുണ്ടായിരുന്നു. IFFI-2018-ല്‍, 'ഈ.മ.യൗ' ലിജോക്ക് മികച്ച സംവിധായകനുള്ള സമ്മാനം ഗോവയില്‍ നേടിക്കൊടുത്തിരുന്നു.

2019-ലെ സിനിമകള്‍ക്കുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ ഇനിയും വരാനിരിക്കെ, ലിജോ അംഗീകാര മഴയില്‍ ഇതിനകം തന്നെ കുളിച്ചു നില്‍ക്കുകയാണ്!

ഒരു പോത്ത് ഓടുന്നത് ഇത്രയും വലിയയൊരു അന്തര്‍ദേശീയ സംഭവമാണോയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, ഈ ചോദ്യം വിദേശ നഗരങ്ങളില്‍ പോയിതന്നെ ചോദിക്കേണ്ടിവരും!

കാരണം, ജല്ലിക്കെട്ട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് ഗോവയിലും തിരുവനന്തപുരത്തും മാത്രമല്ലല്ലൊ! ലോകപ്രശസ്തമായ ടോറോണ്ടോ ഫെസ്റ്റിലും (കാനഡ), ബ്രിട്ടീഷ് ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ലണ്ടന്‍ ഫെസ്റ്റിലും, ദക്ഷിണ കൊറിയയിലെ ബുസാന്‍ ഫെസ്റ്റിലും ഈ 'പോത്തിന്റെയോട്ടം' കണിശക്കാരായ സകല സിനിമാനിരൂപകര്‍ക്കും ബോധിച്ചിരിക്കുന്നു. ജല്ലിക്കെട്ട് മികച്ച ചലചിത്രം, ലിജോ മികച്ച സംവിധായകന്‍!

ഒക്‌റ്റോബറില്‍ റിലീസ് ചെയ്തു, ഇതുവരെ 25 കോടി രൂപ സമാഹരിച്ച ഈ പടത്തിന് ആകെ വന്ന നിര്‍മ്മാണച്ചിലവ് നാലുകോടി മാത്രം! എന്നാല്‍, കാലന്‍ വര്‍ക്കിയുടെ കശാപ്പുശാലയില്‍നിന്ന് ജീവനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പാവം പോത്ത്, മാറ്റിമറിച്ചത് ലിജോയുടെ ജീവിതം തന്നെയായിരുന്നു!

'ഈ.മ.യൗ' ചെയ്തതിനു 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി ലിജോ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നുവെങ്കിലും, ജല്ലിക്കെട്ടോടെ ലിജോ സൂപ്പര്‍ സംവിധായകന്‍ പദവിയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു! 'നായക'നും, 'സിറ്റി ഓഫ് ഗോഡും', 'ആമേനും', 'ഡബിള്‍ ബാരലും', 'അങ്കമാലി ഡയറി'യുമൊക്ക പഴയ കഥകള്‍!

ആട്ടേ, മമ്മുട്ടിയുടേയും മോഹന്‍ലാലിന്റെയും പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന ഇക്കാലത്ത്, പോത്തിനെ പ്രധാന കഥാപാത്രമാക്കി ഒരു പടം ചെയ്യാന്‍ ലിജോക്ക് എങ്ങിനെ ധൈര്യം വന്നു?

'ഇരുളിന്റെ മറവില്‍ ഒളിക്കുന്ന പോത്തുതന്നെയാണ് ഹരീഷിന്റെ 'മാവോയിസ്റ്റ്'ലെ പ്രധാന കഥാപാത്രം. പക്ഷെ, ലളിതമായൊരു ചെറുകഥയാണത്. കഥകള്‍ ചലചിത്രമാക്കുമ്പോള്‍ കൂടുതല്‍ സംഭവബഹുലമാകണം. ഓടുന്നതു പോത്താണെങ്കിലും, അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളെയാണ് തുറന്നു കാട്ടുന്നത്,' ലിജോ സിനിമയുടെ വിജയ കാരണം പറഞ്ഞു തുടങ്ങി.

'മീശ'യെഴുതി, കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018-ലെ പുരസ്‌കാരം നേടിയ എസ്. ഹരീഷിന്റെയാണ്, ഇപ്പോഴും പല തിയേറ്ററുകളിലും ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന ജല്ലിക്കെട്ടിന്റെ മൂലകഥ.

കശാപ്പുകാരനില്‍നിന്നു ഓടി രക്ഷപ്പെടുന്നൊരു പോത്ത് ഹരീഷിന്റെ വീടു പരിസരത്തുണ്ടാക്കിയ പ്രശ്‌നങ്ങളാണ് മൗലികമായി അദ്ദേഹത്തിന്റെ ചെറുകഥയിലുള്ളത്.

'എന്നാല്‍, ദൃശ്യാവിഷ്‌കാരമാകുമ്പോള്‍, മനുഷ്യരെ ബന്ധപ്പെടുത്തിക്കൊണ്ട് അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു,' ലിജോ വ്യക്തമാക്കി.

'രാത്രിയില്‍ നാട്ടില്‍ നടക്കുന്നത് എന്തൊക്കെയാണെന്നും, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ പെടുന്നില്ലെങ്കില്‍ മനുഷ്യന്‍ എങ്ങിനെയെന്നും ചിത്രീകരിക്കാന്‍ കഴിഞ്ഞു. പകല്‍ വെളിച്ചത്തില്‍ കാണാന്‍ കഴിയാത്ത അവന്റെ യഥാര്‍ത്ഥ രൂപം.'

'ചുരുക്കിപ്പറഞ്ഞാല്‍, പോത്തിന്റെ രാത്രിയോട്ടം പല പരമാര്‍ത്ഥങ്ങളും ദൃശ്യവല്‍ക്കരിക്കാനുള്ള ഒരു പശ്ചാത്തലമൊരുക്കിത്തന്നു. ഒരു പ്രതിസന്ധിഘട്ടത്തിലൂടെ ഗ്രാമം കടന്നു പോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും, ആഭാസ ചിന്തകളെയും, ചില്ലറ പ്രണയയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തു വരാന്‍ സഹായിക്കുകയാണു ചെയ്യുന്നത്! നാട്ടിലെ അശാന്തി ദുഷ്ടചിന്തകള്‍ക്ക് വളം വെക്കുകയാണ്!' ലിജോ വിവരിച്ചു.

ഇതുതന്നെയല്ലേ, ജല്ലിക്കെട്ടിന്റെ ആഗോള പ്രസക്തി?
സൂര്യന്‍ പാതിരക്കുദിച്ചാല്‍ കാണാവുന്നതും, കലങ്ങിയ വെള്ളത്തിലെ മീന്‍പിടിത്തവും!

'അതെ,' ലിജോ ശരിവച്ചു.

ഇന്ത്യയിലെ മാത്രമല്ല, ഏറെ കര്‍ക്കശക്കാരായ വിദേശ സിനിമാ നിരൂപകര്‍പോലും ജല്ലിക്കെട്ടില്‍ ദര്‍ശിച്ചത് ഈ സാര്‍വ്വലൗകിക സന്ദേശമാണ്!

സെപ്റ്റംബര്‍ എട്ടിനാണ് ടോറോണ്ടോ ഫെസ്റ്റില്‍ ജല്ലിക്കെട്ടിന്റെ World Premiere (പ്രഥമപ്രദര്‍ശനം) നടന്നത്. അതിനു ശേഷം, നാലു മാസത്തിനുള്ളില്‍ നാലു രാജ്യാന്തര ചലചിത്രോത്സവങ്ങളില്‍കൂടി ജല്ലിക്കെട്ട് വിജയക്കൊടി പാറിച്ചെങ്കില്‍, അതിന്റെ സംവിധായകന് തന്റെ ജോലി ഏറെ ഹൃദ്യസ്ഥമാണെന്നു പറയേണ്ടിയിരിക്കുന്നു!

അതേ സമയം, ലോകനിലവാരവും, ലോകരുടെ സ്വാഭാവികമായ പ്രവണതകളുമാണ് ലിജോയുടെ തൊഴിലിനെ ജനകീയമാക്കുന്നത്. പ്രതിഫലമായി ഒന്നുംവാങ്ങാതെ 'സൂപ്പര്‍സ്റ്റാര്‍' റോളില്‍ 'ജീവിച്ച' പോത്ത് ഒരു നിമിത്തം മാത്രം! അഭിനയിക്കാന്‍, പോത്തിന് അങ്ങിനെയൊന്ന് അറിയുകയേയില്ലായിരുന്നല്ലൊ!

'സിനിമകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുളള ഒരാളാണു ഞാന്‍. വൈവിധ്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തന രീതി,' ലിജോ തന്റെ അഭിരുചി പങ്കിട്ടു.

ഇപ്പറഞ്ഞത് വളരെ ശരി. അദ്ദേഹത്തിന്റെ ഏഴു പടങ്ങളും വ്യത്യസ്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നുമാത്രമല്ല, സമീപനത്തിലും അപ്രതീക്ഷമായ പുതുമയുണ്ട്. പക്ഷെ, ഇതു സാഹസമല്ലേ? റിസ്‌ക് ഫേക്ടര്‍ മുന്നില്‍ കാണേണ്ടിയിരിക്കുന്നു...

'ശരിയാണ്, എന്റെ 'ഡബ്ള്‍ ബാരല്‍' സാമ്പത്തികമായി വലിയ വിജയമായിരുന്നില്ല. അത് പരീക്ഷണാര്‍ത്ഥം ഞാന്‍ സംവിധാനം ചെയ്‌തൊരു സിനിമയായിരുന്നു. എന്റെ തന്നെയായിരുന്നു തിരക്കഥ. പൃഥ്വിരാജും , ഇന്ദ്രജിത്തും, ആസിഫ് അലിയുമെല്ലാം ഉണ്ടായിരുന്നു. പരാജയം ഏറ്റെടുക്കേണ്ടിവന്നു,' ലിജോ സങ്കോജമില്ലാതെ സമ്മതിച്ചു.

ആ നിലയില്‍ നോക്കിയാല്‍, ജല്ലിക്കെട്ടല്ലെ അതിലും വലിയ പരീക്ഷണം? കേന്ദ്രകഥാപാത്രവുമായി നിരവധി ചര്‍ച്ചകളിലൂടെയല്ലേ ഒരു പടം നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍, നായകനായ പോത്തിനോട് എന്തു വേദമാണ് ഓതുക?

'നല്ല നിരീക്ഷണം! മിണ്ടാപ്രാണിയായ കഥാപാത്രത്തെ വെച്ചു പടം ഷൂട്ടു ചെയ്തതിന്റെ എല്ലാ ക്രെഡിറ്റും ഞാന്‍ ഗിരീഷിനു കൊടുക്കുന്നു (ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍).'

'ഇത്രയും ഭാരമുള്ള കേമറയും ചുമന്ന് പുള്ളിക്കാരന്‍ പോത്തിന്റെ പുറകെ ഓടുകയായിരുന്നു. മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ള ഊടുവഴികളിലൂടെയും, പൊന്തക്കാട്ടിലൂടെയുമല്ലേ പോത്ത് ഓടുന്നത്,' ലിജോ വിശദീകരിച്ചു.

ചുമ്മാതല്ലല്ലൊ, സ്വന്തം ജീവന്‍ രക്ഷിക്കാനെല്ലേ പൊത്തിന്റെ ഈ നെട്ടോട്ടം! അതെങ്ങോട്ടുമോടും...

'എക്‌സാക്റ്റിലി, ഉയരങ്ങളില്‍ കയറിനിന്നും, കിണറില്‍ ഇറങ്ങി നിന്നും ഷൂട്ട് ഉണ്ടായിരുന്നു! അതും, രാത്രിയില്‍! ഗിരി ഒരു അപകടത്തിലും പെടുകയുണ്ടായി.'

ഇന്‍ക്രെഡിബ്ള്‍ എന്നൊക്കെ പറയാം! ജല്ലിക്കെട്ട് പോലെ ഒരു പടം മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്ന് നിസ്സംശയം പറയാം. ഒരു മൃഗമാണ് പ്രധാന കഥാപാത്രം എന്നതുമാത്രമല്ല, വിസ്മയങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഒരു പരമ്പര തന്നെയാണ് ലിജോയുടെ ഏഴാമത്തെ പടത്തില്‍ ചുരുളഴിയുന്നത്!

ജല്ലിക്കെട്ട് ലിജോക്ക് നേടിക്കൊടുത്തിരിക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ ലോകപ്രശസ്തിയും, സത്യന്‍ അന്തിക്കാടിന്റെ പ്രാദേശിക സ്വീകാര്യതയുമാണ്! ഒരു സിനിമ ജനപ്രിയമാകാന്‍ വേണ്ടതെന്തെന്ന പ്രിയദര്‍ശന്റെ പരിജ്ഞാനവും, കാലാമൂല്യമെന്തെന്ന ഭരതന്റെ തിരിച്ചറിവും കൂടിയായപ്പോള്‍, ജന്മംകൊണ്ട സംവിധായകനാണ് ലിജോ!

എന്നാല്‍, ഈ നാലു സവിശേഷതകളും ഒരുമിച്ചു നേടാനുള്ള യോഗം അടൂരിനോ, അന്തിക്കാടിനോ, പ്രിയനോ, ഭരതനോ ഉണ്ടായില്ല. തന്റെ മുന്നില്‍ നടന്നവരുടെ ഉല്‍കൃഷ്ടതകള്‍ സ്വായത്തമാക്കിക്കൊണ്ട്, ലിജോ വ്യത്യസ്തനായിത്തന്നെ നിലകൊള്ളുന്നു.

'ഈ വിശേഷണങ്ങള്‍ക്കൊക്കെ ഞാന്‍ അര്‍ഹനാണോയെന്ന് എനിക്കറിയില്ല,' ഒരു നീണ്ട ചിരിക്കൊടുവില്‍ ലിജോ കൂട്ടിച്ചേര്‍ത്തു.

ശരി, പഴയ തലമുറയും പുതിയ തലമുറയും ഒന്നടങ്കം ലിജോ സിനിമകളെ ഇഷ്ടപ്പെടുന്നുവെന്നത് ശരിയല്ലേ?

'എന്റെ സിനിമകളെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിക്കുന്നു എന്നാണെന്റെ വിശ്വാസം. എന്റെ ഭാവനയില്‍ രണ്ടുതരം സിനിമകളേയുള്ളൂ -- നല്ലതും, ചീത്തയും! നല്ല പടങ്ങള്‍ എല്ലാവരും കാണുന്നു. പുതിയ തലമുറയും പഴയ തലമുറയും. അങ്ങിനെയുള്ള സിനിമകള്‍ ഉണ്ടാവാനാണ് ഞാന്‍ പ്രയത്‌നിക്കുന്നത്,' അദ്ദേഹം നിരൂപിച്ചു.

'ബാംഗ്ലൂര്‍ ഡെയ്‌സും', 'കുമ്പളങ്ങി നൈറ്റ്‌സും', 'തണ്ണിമത്തന്‍ ദിനങ്ങളും' അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത്, ഒരു 'പടവലങ്ങ' പടമായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക! പക്ഷെ, ഡെയ്‌സും, നൈറ്റ്‌സും, ദിനങ്ങളും ഒരുമിച്ചു നേടിയതിനേക്കാളേറെ പണവും പ്രശസ്തിയും ഒരു പോത്തിനെക്കൊണ്ടു നേടിയെടുത്ത ലിജോയെ എങ്ങിനെ വിശേഷിപ്പിക്കും?

പുതുതലമുറയുടെ ഹരമാണ് ലിജോ. ന്യൂജെന്‍ ചങ്കുകള്‍ പതിവായി പറയുന്നൊരു വാക്യമെടുത്തു പ്രയോഗിച്ചാലോ -- ലിജോ, വേറെ ലെവലാ!

ലിജോ ജോസ് പല്ലിശ്ശേരി: ആള്  വേറെ ലെവലാ! (വിജയ്.സി.എച്ച്)   ലിജോ ജോസ് പല്ലിശ്ശേരി: ആള്  വേറെ ലെവലാ! (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക