-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 66: ജയന്‍ വര്‍ഗീസ്)

Published

on

പ്ലിമത് മില്‍സില്‍ പൊരിഞ്ഞ ബിസിനസ് നടക്കുന്ന കാലമായിരുന്നു അത്. ചെയ്തു തീര്‍ക്കാന്‍ പറ്റാത്തിടത്തോളം ഓര്‍ഡറുകള്‍. രാത്രി പത്തു മണി വരെ ഓവര്‍ ടൈം ചെയ്യാനുള്ള സൗകര്യം. എല്ലാവരെയും എന്ന പോലെ മലയാളികളും ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തുകയും, ചെറിയ ശന്പളക്കാരാണെങ്കിലും, തീരെ മോശമല്ലാത്ത ഒരു തുക ആഴ്ചതോറും സന്പാദിക്കുവാനും  സാധിച്ചു.

എന്റെ ശന്പളം മണിക്കൂറിന് ഒന്‍പത് ഡോളറായി വര്‍ധിപ്പിച്ചു തന്നു. എല്ലാ ജോലിക്കാര്‍ക്കും ആനുപാതികമായ വര്‍ധനവുണ്ടായി. കന്പനിയുടെ ഉടമകളായ മിസ്റ്റര്‍ അലനും, മിസ്സിസ് ജോവാന്‍ അലനും ജോലിക്കാരോട് വളരെ സ്‌നേഹത്തിലാണ് ഇടപെട്ടിരുന്നത്. സ്വന്തമായി ഫിഷിങ് ബോട്ട് ഉണ്ടായിരുന്ന അലന്‍ ഇടക്കിടെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ട് വരികയും, അവയെ കഷണങ്ങളാക്കി ജോലിക്കാര്‍ക്ക് സൗജന്യമായി വീതിച്ചു കൊടുക്കുകയും ചെയ്തിരുന്നു. രണ്ടുമൂന്നു തവണ ഞങ്ങള്‍ക്കും കിലോ കണക്കിനുള്ള മീന്‍ കഷണങ്ങള്‍ കിട്ടിയിരുന്നു.

ഹെക്ടറുടെ പെര്‍ഫോമന്‍സ് മിസ്റ്റര്‍ അലന് ഇഷ്ടപ്പെടുന്നില്ല എന്ന സംസാരം എങ്ങനെയോ പുറത്തു വന്നു. ഒരു വലിയ അളവിലുള്ള ഉല്‍പ്പാദനം ഓഫര്‍ ചെയ്തു കൊണ്ടാണ് ഹെക്ടര്‍ ജോലിക്കു കയറിയതെന്നും, എത്ര ശ്രമിച്ചിട്ടും ഹെക്ടര്‍ക്ക് തന്റെ ടാര്‍ഗറ്റ് തികയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും, അതാണ് അഭിപ്രായ വ്യത്യാസത്തിനുള്ള കാരണമെന്നും പറച്ചില്‍ ഉണ്ടായി. ഇത് മൂലം ആയിരിക്കണം, ജോലിക്കാരോടുള്ള ഹെക്ടറുടെ സമീപനം കൂടുതല്‍ കാര്‍ക്കശ്യവും, ചിലപ്പോഴെങ്കിലും ക്രൂരവും ആയിത്തീര്‍ന്നു.

ഒരു ദിവസം പുറത്തു നിന്നുള്ള ഏതോ കണ്‍സ്ട്രക്ക്ഷന്‍ കന്പനിയുടെ ആളുകള്‍ വന്ന് ഞങ്ങളുടെ തൊഴിലിടമായ അഞ്ചാം ഫ്‌ലോറിന്റെ തറ അറുത്തു മുറിക്കുവാന്‍ തുടങ്ങി. അവിടെ പുതുതായി ഒരു എലിവേറ്റര്‍ സ്ഥാപിക്കുകയാണ് ഉദ്ദേശം. ശക്തിയേറിയ ഹെവി ഡ്യൂട്ടി മെഷീന്‍ ഉപയോഗിച്ച് സിമന്റു തറ അറുക്കുന്‌പോള്‍ ' കുമുകുമാ '  പൊടി ഉയരുകയാണ് അവിടെ. ഈ വര്‍ക്ക് സൈറ്റിനോട് ചേര്‍ന്നുള്ള ഒരു സ്‌പ്രെഡിങ് ടേബിളില്‍ ഫെര്‍ണാണ്ടോ എന്ന സ്പാനിഷ് യുവാവ് സ്‌പ്രെഡിങ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പൊടിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു തുണി തലവഴി താഴോട്ടിട്ടു മൂടി പുതച്ചു കൊണ്ടാണ് അയാള്‍ ജോലി തുടരുന്നത്.

അതിന്റെ അടുത്തു തന്നെയുള്ള ഒരു ടേബിളില്‍ ഒരു സ്‌പ്രെഡ് കട്ടിങ്ങിനു തയാറായി കിടപ്പുണ്ട്. അത് അത്യാവശ്യമുള്ളതാനെന്നും, ഇപ്പോള്‍ തന്നെ കട്ടിങ് ആരംഭിക്കണമെന്നും ഹെക്ടര്‍ എന്നോട് ആജ്ഞാപിച്ചു. ഇങ്ങനെ പൊടി ഉയരുന്ന ഒരിടത്ത് ശ്രദ്ധയോടെ ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്നും, അവര്‍ പണി നിര്‍ത്തുന്ന ഒഴിവിന് അത് കട്ട് ചെയ്‌യാമെന്നും ഞാന്‍ ഹെക്ടറെ അറിയിച്ചു. ' അതോന്നും പറ്റില്ലാ, ഇപ്പോള്‍ത്തന്നെ നീ അവിടെ പോയി കട്ട് ചെയ്‌യണമെന്നും, നിന്നെപ്പോലെയുള്ള ഫെര്‍ണാണ്ടോ അവിടെ നിന്നാണല്ലോ സ്‌പ്രെഡ് ചെയ്യുന്നത് ' എന്നും ഹെക്ടര്‍ സ്വരമുയര്‍ത്തി പറഞ്ഞു. ' ഫെര്‍ണാണ്ടോ ചെയ്യുന്നത് അവന്റെ സ്വാതന്ത്ര്യം, പക്ഷെ, എനിക്ക് അവിടെ നിന്ന് ഇപ്പോള്‍ പണിചെയ്യാന്‍ പറ്റില്ല ' എന്നി ഞാന്‍ തീര്‍ത്ത് പറഞ്ഞു.

ഒരു മേലുദ്യോഗസ്ഥന്റെ എല്ലാ ശൗര്യത്തോടെയും, എന്റെ അടുത്തേക്ക് ഓടി വന്ന ഹെക്ടര്‍ എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് : " ഞാന്‍ ഡയറക്ടറാണ്, ഇത് എന്റെ ഓര്‍ഡറാണ്, ഇത് നീ അനുസരിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ നിന്നെ ഞാന്‍ ഫയര്‍ ചെയ്‌യും, വേണോ ? വേണോ ? "ഹെക്ടര്‍ എന്നോടടുക്കുകയാണ് .....

എന്തായാലും ജോലി പോകും എന്ന് ഏകദേശം ഉറപ്പായി. പെട്ടെന്ന് അജ്ഞാതമായ ആ മിന്നല്‍പ്പിണര്‍ പെരുവിരലില്‍ നിന്ന് നെറുകും തല വരെ അഗ്‌നി പ്രളയം പോലെ ഇരച്ചു കയറുന്നതു ഞാനറിഞ്ഞു.  ( ചാത്തമറ്റം സ്കൂളിലും, ഗ്യാസ് സ്‌റ്റേഷനിലും വച്ചുണ്ടായ പ്രതിസന്ധികളില്‍ എന്നെ പ്രചോദിപ്പിച്ച അതേ മിന്നല്‍പ്പിണര്‍.) പിന്നെ സംസാരിച്ചത് ഞാന്‍ തന്നെ ആയിരുന്നുവോ എന്ന് എനിക്ക് പോലും നിശ്ചയമില്ല. " ആ പൊടിയിലേക്ക് നിര്‍ബന്ധിച്ചു നീയെന്നെ ജോലി ചെയ്യാനയച്ചാല്‍ ഇപ്പോള്‍ ഞാന്‍ പൊലീസിനെ വിളിക്കും  കാണണോ ? കാണണോ നിനക്ക് ? " എന്റെ ചൂണ്ടു വിരല്‍ ഹെക്ടറുടെ നേരെയും  ഉയര്‍ന്നു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം തുറിച്ചു നോക്കി നിന്നു. പിന്നെ ഹെക്ടറുടെ ചൂണ്ടുവിരല്‍ താഴുന്നത് ഞാന്‍ കണ്ടു. " വാര്‍ഗീസ്, ഐ ഡോണ്ട് വാണ്ട് ആര്‍ഗ്ഗ് വിത്ത് യു " എന്ന് പിറു പിറുത്തു കൊണ്ട് ഹെക്ടര്‍ തിരിച്ചു പോയി സീറ്റിലിരുന്നു. പോകും വഴി ഫെര്‍ണാണ്ടോയോട് ' നിര്‍ത്തിക്കോ, നിര്‍ത്തിക്കോ ' എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് അയാളെ മോചിപ്പിച്ചു ഹെക്ടര്‍.

ഈ  സംഭവത്തിനു ശേഷം അധികം വൈകാതെ ഹെക്ടര്‍ ജോലിയുപേക്ഷിച്ചു ക്യൂബയിലേക്ക് മടങ്ങി. കൊളംബിയന്‍ സുന്ദരിയായ തന്റെ നാലാം ഭാര്യയോടൊത്ത് ഇനിയുള്ള കാലം ജീവിതം എന്‍ജോയ് ചെയ്യുകയാണ് ലക്ഷ്യമെന്നും, തന്നോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് പറഞ്ഞു കൊണ്ടുമാണ് ഹെക്ടര്‍ മടങ്ങിയത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ഇടച്ചില്‍ ഉണ്ടായതായി പോലും അദ്ദേഹം ഭാവിക്കുകയോ, അതിന്റെ പേരില്‍ ഒരു നീരസം പ്രകടിപ്പിക്കുകയോ  ചെയ്യാതെയാണ് അദ്ദേഹം യാത്രയായത്.

പിന്നീട് കട്ടിങ് റൂമിന്റെ ചുമതലക്കാരനായി വന്നത് ട്രിനിഡാഡ് കാരനായ ' റയാന്‍ ' എന്ന യുവാവായിരുന്നു. ഇന്ത്യന്‍ നിറവും മുഖവുമുള്ള ഇയാള്‍ വലിയ ഗൗരവക്കാരന്‍ ആയിട്ടാണ് ആക്ട് ചെയ്തിരുന്നത്. ജോലിക്കാര്‍ ഗുഡ്‌മോര്‍ണിങ് പറഞ്ഞാല്‍ പോലും തിരിച്ചു പറയാന്‍ വലിയ മടി. ഇപ്പോഴും മേശപ്പുറത്ത് സൂക്ഷിക്കുന്ന ഒരു ബൈനോക്കുലറിലൂടെ ആണ് ഇയാള്‍ ഓരോരുത്തരെയും വീക്ഷിച്ചിരുന്നത്. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മൈക്കിലൂടെ വിളിച്ചു പറയുന്ന ഒരു രീതിയാണ് ഇയാള്‍ അനുവര്‍ത്തിച്ചത്. ഇത് മറ്റു ഫ്‌ലോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടി കേള്‍ക്കാം എന്നുള്ളത് തികച്ചും അപമാനകരമാണ് എന്നതൊന്നും അയാള്‍ കണക്കാക്കിയതേയില്ല. താന്‍ യജമാനനും, ജോലിക്കാര്‍ അടിമകളും ആണെന്നുള്ള ഒരു മനോഭാവമാണ് ഇയാള്‍ പുലര്‍ത്തിയിരുന്നത്. ഒരു സ്ഥാനം കിട്ടിയാല്‍ പൊതുവേ ഇന്ത്യക്കാരന്‍ പ്രകടിപ്പിക്കുന്ന ഈയൊരു രീതി തന്നെ ഇയാളും പിന്തുടര്‍ന്നു. ട്രിനിഡാഡിലെ കാപ്പിത്തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി ഏതോ ബ്രിട്ടീഷ് കന്പനി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു ശരാശരി ഇന്ത്യക്കാരന്റെ സന്തതി പരന്പരയില്‍ ഉള്‍പ്പെട്ട ഒരാളായിരിക്കണം ഇയാള്‍ എന്നത് സ്വന്തം പ്രവര്‍ത്തിയിലൂടെ തന്നെ ഇയാള്‍ തെളിയിക്കുകയായിരുന്നു.

നാലാം ഫ്‌ലോറില്‍ ജോലി ചെയ്‌യുന്ന സ്പാനിഷ് കാരിയായ ഒരു യുവതിയെ റയാന് ഗേള്‍ ഫ്രണ്ടായി ഒത്തു കിട്ടി. സ്പാനിഷ് യുവതിക്ക് ഇംഗ്ലീഷ് അത്ര വശമില്ലാത്തത് പോലെ റയാന് സ്പാനിഷും വശമുണ്ടായിരുന്നില്ല. ഒഴിവ് സമയങ്ങളിലെല്ലാം കാമുകി കാമുക സവിധത്തിലെത്തുകയും, ആശയങ്ങള്‍ പങ്കു വയ്ക്കാനാകാതെ വീര്‍പ്പു മുട്ടുകയും ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കട്ടിങ് റൂമില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള ' മാനുവല്‍ ' എന്ന യുവാവിനെയാണ് റയാന്‍ ദ്വിഭാഷിയായി വിളിച്ചിരുന്നത്.

സ്പാനിഷ് കാമുകി എത്തുന്ന അവസരങ്ങളില്‍ മാനുവലിന് ട്രാന്‍സലേഷന്‍ മാത്രമായി ജോലി. ഈ വലിയ സഹായത്തിനുള്ള പ്രത്യുപകാരമായി മാനുവലിനെ കട്ടിങ് പഠിപ്പിക്കാന്‍ റയാന്‍ തീരുമാനിച്ചു. കട്ടിങ് പഠിപ്പിക്കാനായി നിയോഗിച്ചത് എന്നെയായിരുന്നു. എനിക്കറിയാവുന്ന തരത്തില്‍ എല്ലാ കട്ടിങ് ടെക്‌നിക്കുകളും ഞാന്‍ മാനുവലിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. ഇത് മനസിലാക്കിയ മലയാളി ആയ സഹ കട്ടര്‍  എന്നെ വിലക്കി. എല്ലാം പഠിപ്പിച്ചാല്‍ അവന്‍ നമ്മുടെ തലക്കു മുകളില്‍ വരുമെന്നും അത് കൊണ്ട് എല്ലാം പഠിപ്പിക്കരുതെന്നുമായിരുന്നു കക്ഷിയുടെ ഉപദേശം. ഇത് വക വയ്ക്കാതെ ഞാന്‍ എല്ലാക്കാര്യങ്ങളും മാനുവലിനെ പഠിപ്പിക്കുകയും, ഫിലിപ്പ് പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.

കട്ടിങ് പഠിച്ചു കഴിഞ്ഞതോടെ മെയിന്‍ കട്ടറായി മാനുവലിനെ റയാന്‍ നിയമിച്ചു. കട്ടിങ് സംബന്ധമായ എല്ലാ കാര്യങ്ങളും മാനുവലിന്റെ അറിവോടെയും, നിര്‍ദ്ദേശങ്ങളോടെയും വേണമെന്ന് റയാന്‍ നിഷ്കര്‍ഷിച്ചു. അങ്ങിനെ ഞാന്‍ തന്നെ പഠിപ്പിച്ചെടുത്ത മാനുവലിന്റെ കീഴില്‍ ഞങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും മനസ്സില്‍ തോന്നിയ ദേഷ്യമൊക്കെ ഉള്ളിലൊതുക്കി ജോലി ചെയ്യുന്‌പോള്‍ ' ഇത് അമേരിക്കയാണ്, ഇന്ത്യയല്ലാ ' എന്ന് അകത്തു നിന്നാരോ പറയുന്നതായി തോന്നിയിരുന്നു.

റയാന്റെ ഇടപെടല്‍ കൂടുതല്‍ മോശമായി അനുഭവപ്പെട്ടു തുടങ്ങി. ബൈനോക്കുലറിലൂടെ നോക്കിയിട്ടാണ് ഓരോരുത്തരെയും വിലയിരുത്തിയിരുന്നത്. എന്നിട്ട് മൈക്കിലൂടെ പേര് വിളിച്ചു ശകാരിക്കുവാനും അയാള്‍ മടിച്ചില്ല. ഇത് മറ്റു ഫ്‌ലോറുകളില്‍ ജോലി ചെയ്യുന്നവര്‍ കൂടി കേള്‍ക്കുന്നുണ്ട് എന്നതാണ് ഏറ്റവും സങ്കടകരമായി തോന്നിയിരുന്നത്. മിക്കവരുടെയും ബന്ധുക്കളും, കുടുംബങ്ങളുമെല്ലാം മറ്റു ഫ്‌ലോറുകളില്‍ ജോലി ചെയ്തിരുന്നു എന്നതാണ് ഏറെ അപമാനകരം.

ഇതിനെതിരെ മാനേജ് മെന്റിന് ഒരു പരാതി കൊടുക്കാം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. ഹെക്ടറുടെ ആജ്ഞകള്‍ പരസ്യമായി നിരാകരിച്ചതിന്റെ ഒരു ഇമേജ് മറ്റു ജോലിക്കാര്‍ക്കിടയില്‍ എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ മനസിലാക്കിയത്, ഈ നിര്‍ദ്ദേശത്തെ മിക്ക ജോലിക്കാരും പരസ്യമായി പിന്തുണച്ചതോടെയാണ്. ഒരു മലയാളി മാത്രം വിട്ടു നിന്നു. ' അമേരിക്കയില്‍ വന്നതു സമരം ചെയ്യാനല്ലെന്നും, അലന്‍ പറഞ്ഞു വിട്ടാല്‍ വേറെ പോകാന്‍ ഇടമില്ലെ ' ന്നും അയാള്‍ പറഞ്ഞു. എന്തും വരട്ടെ എന്ന നിലപാടില്‍ മറ്റുള്ളവര്‍ ഉറച്ചു നില്‍ക്കുകയും, റിയാന്റെ അപമാനകരമായ ഇടപെടലുകള്‍ അക്കമിട്ടു നിരത്തിയും അതില്‍ നിന്ന് ഉളവാകുന്ന മാനസികാവസ്ഥയില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്നും, കാണിച്ചു ഞാന്‍ തയാറാക്കിയ പരാതിയില്‍ മാനുവല്‍ ഉള്‍പ്പടെയുള്ള പതിനാലു പേരില്‍ നിന്ന് ഒരു മലയാളി ഒഴിച്ചുള്ള  പതിമ്മൂന്നു പേരും ഒപ്പിടുകയും, ഞാന്‍ തന്നെ അത് അലന്റെ കയ്യില്‍ നേരിട്ട് കൊടുക്കുകയും ചെയ്തു.

ഈ വാര്‍ത്ത മറ്റു ഫ്‌ലോറുകളിലും കാട്ടുതീ പോലെ പടര്‍ന്നു. മുന്‍കോപിയായ അലന്‍ ഇതൊന്നും പരിഗണിക്കാന്‍ പോകുന്നില്ലെന്നും,  പരാതിയില്‍ ഒപ്പിട്ടവര്‍ ഇതിന്റെ പേരില്‍ പുറത്തു പോവുകയാവും ഉണ്ടാവുക എന്നും  മലയാളികള്‍ ഉള്‍പ്പടെ എല്ലാവരും വിശകലനം നടത്തിയപ്പോള്‍ ഞാനുള്‍പ്പടെ എല്ലാവരും ശരിക്കും ഒന്ന് കിടുങ്ങി. അന്ന് യാതൊരു നടപടിയും ഉണ്ടാവാതിരുന്നപ്പോള്‍ അടുത്ത ദിവസം കൂട്ട ഫയറിംഗ് ആവും നടക്കാന്‍ പോകുന്നതെന്ന് എല്ലാവരും ഭയന്നു.

പിറ്റേ ദിവസം രാവിലെ ജോലിക്കു കയറുന്നതിന് മുന്‍പ് എല്ലാവരെയും അലന്‍ തന്റെ ചേംബറിലേക്കു വിളിപ്പിച്ചു. ജോലിക്കു കയറുന്നതിന് മുന്‍പ് പറഞ്ഞു വിടാനാവും എന്ന പേടിയോടെയാണ് എല്ലാവരും ചെന്നത്. അവിടെ എത്തിയപ്പോള്‍ റയാന്‍ നേരത്തെ അവിടെയുണ്ട്. നല്ല ഗൗരവത്തില്‍ ഇരിക്കുന്നു. മുന്‍ കോപിയെന്നു കരുതിയിരുന്ന അലന്‍ വളരെ ശാന്തനായി തന്റെ ചെയറിലേക്ക് വന്നു. വളരെ ശാന്തനായി പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു : " ഞാനീ ബിസിനസ് നടത്തുന്നത് എനിക്ക് ജീവിക്കാനാണ്. നിങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്കും ജീവിക്കാം. പരസ്പരം സഹകരിച്ചു കൊണ്ട് കന്പനിയുടെ ഉല്‍പ്പാദനം കൂട്ടുകയാണ് എനിക്ക് വേണ്ടത്. ഇതിനു താല്പര്യമില്ലാത്തവര്‍ക്ക് ഇപ്പോള്‍ വിട്ടു പോകാം. ഇവിടെ നില്‍ക്കാനുദ്ദേശിക്കുന്നവര്‍ പരസ്പര ബഹുമാനത്തോടെ ജോലി ചെയ്യുകയും, തങ്ങളുടെ ചുമതലകള്‍ മാന്യമായി നിറവേറ്റുകയും വേണം. " എനി ക്വസ്ട്യന്‍സ്? " എന്ന് ചോദിച്ചു കൊണ്ട് അലന്‍ ഓരോരുത്തരെയും വിരല്‍ ചൂണ്ടി. ആരും ഒന്നും പറഞ്ഞില്ല. " ഫൈന്‍. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി തുടരാം " എന്ന് പറഞ്ഞുകൊണ്ട് അലന്‍ എഴുന്നേറ്റു പോയി.

ഇതിനു ശേഷം റയാന്‍ വളരെ മര്യാദയോടെ പെരുമാറാന്‍ തുടങ്ങി. ജോലിക്കാരെ ' സാര്‍ ' എന്ന് സംബോധന ചെയ്യുവാനും, സംസാരത്തില്‍ ധാരാളം ' പ്ലീസ് ' ചേര്‍ക്കുവാനും ഒക്കെ ആരംഭിച്ചു.

നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്പനി അലന്‍ ജൊവാന്‍ ദന്പതികള്‍ മറ്റൊരു മാനേജുമെന്റിനു വിറ്റു. പുതിയ മാനേജ് മെന്റ് ജോലിക്കാരെ മാറ്റുന്നില്ലെന്നും, കൂടുതല്‍ മെച്ചപ്പെട്ട മെഡിക്കല്‍ കവറേജ് നടപ്പാക്കുമെന്നും ഒക്കെ വാഗ്ദാനങ്ങള്‍ വന്നു. ജോലിക്കാര്‍ക്ക് ഒരു ടീ പാര്‍ട്ടിയൊക്കെ കൊടുത്ത് നല്ല വാക്കുകള്‍ പറഞ്ഞ് അലനും, ജോവാനും പടിയിറങ്ങി. ആറു മാസം കൂടി വലിയ കുഴപ്പമില്ലാതെ കന്പനി ഓടി. അത് കഴിഞ്ഞപ്പോള്‍ പണിയില്ല. ഘട്ടം ഘട്ടമായി ഓവര്‍ ടൈം നിന്നു. പതിനായിരം ഡസന്‍ വരെ എത്തിനിന്ന കട്ടിങ് റൂം ഉല്‍പ്പാദനം കുറഞ്ഞിട്ട് എല്ലാവര്‍ക്കും ചെയ്യാന്‍ വേണ്ടത്ര പണിയില്ലാത്ത അവസ്ഥ വന്നു. നാലാം ഫ്‌ലോറില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളില്‍ പകുതിപ്പേര്‍ക്കും ലേയോഫ് കിട്ടി. അക്കൂട്ടത്തില്‍ ഭാര്യയുടെയും, ചേച്ചിയുടേയും ഉള്‍പ്പടെ മിക്ക മലയാളികള്‍ക്കും ജോലി നഷ്ടപ്പെട്ടു.

നാലഞ്ചു പേരെ കട്ടിങ് റൂമില്‍ നിന്ന് വിട്ടു. ഇനി എപ്പോഴാണ് ഞങ്ങളുടെ ഊഴം  എന്ന അനിശ്ചിതത്വത്തില്‍ ദിവസങ്ങള്‍ ഇഴഞ്ഞു. പെട്ടെന്ന് മറ്റൊരു ജോലി കണ്ടു പിടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മേരിക്കുട്ടിയുടെ തയ്യല്‍ കുഴപ്പമില്ലാതെ പോകുന്നുണ്ട്. ആ കൂടെ സാരികള്‍ വില്‍ക്കുന്ന ഒരു ബിസിനസ് കൂടി ആയാലോ എന്ന ചിന്ത വന്നു. ഇപ്പോള്‍ താഴത്തെ നിലയില്‍ ഒരു തമിഴ് പാസ്റ്ററും കുടുംബവും താമസമുണ്ട്. അവര്‍ മാറുന്ന മുറക്ക് ബിസിനസ് താഴോട്ടു മാറ്റാം. മനസ് കൊണ്ട് ഇഷ്ടമില്ലാത്ത ഒരു കൂട്ടരായിരുന്നു അവര്‍. വൃദ്ധനായ ഒരു പാസ്റ്ററും ഭാര്യയും, മകള്‍ എന്ന് അവര്‍ പറയുന്ന നാല്പതു കാരിയായ ഒരു സ്ത്രീയും ആയിരുന്നു താമസക്കാര്‍.

ഞങ്ങള്‍ പാവങ്ങളാണ് സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് വൃദ്ധദന്പതികള്‍ വാടകക്കാരായി വന്നത്. ആകാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തു കൊണ്ടാണ് അവരെ ഞങ്ങള്‍ സ്വീകരിച്ചത്. മുന്‍ വാടകയേക്കാള്‍ ചെറിയൊരു തുക അവര്‍ക്ക് ഇളച്ചു കൊടുത്തു. ഞങ്ങളുടെതായി ഉണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ അവര്‍ക്കു ഉപയോഗിക്കാന്‍ കൊടുത്തു. ഞങ്ങളുടെ വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചു. അവരുടേതായി കൊണ്ട് വന്ന ഒരു പഴയ സോഫാ വാതിലിലൂടെ കടക്കാഞ്ഞിട്ട് ഞാന്‍ തന്നെ അതഴിച്ചു കഷണങ്ങളാക്കിയിട്ട് അകത്തു കൊണ്ട് വന്ന് പൂര്‍വ സ്ഥിതിയില്‍ ആക്കിക്കൊടുത്തു. ( ഒരു മുഴുവന്‍ ദിവസവും ഇതിനു പണിയേണ്ടി വന്നു. ) പുതിയതായി ഒന്നും തന്നെ വാങ്ങാതെ അവര്‍ക്ക് താമസം തുടങ്ങുവാന്‍ സാധിച്ചു.

താമസം തുടങ്ങിയ അന്ന് തന്നെ ആദ്യത്തെ കല്ലുകടി ഉണ്ടായി. എന്റെ ഭാര്യ ഞങ്ങളുടെ അടുക്കളയില്‍ വച്ച് ചിരവയില്‍ തേങ്ങാ ചുരണ്ടുകയായിരുന്നു. സ്വാഭാവികമായും ചിരട്ടയും ചുരവയുമായി കുറെ ശബ്ദം ഉണ്ടാക്കിയിരുന്നു. അവരുടെ മകള്‍ എന്ന് പറയുന്ന സ്ത്രീ ചാടിക്കയറി മുകളില്‍ വന്നിട്ട് "സ്‌റ്റോപ്പ് ദി ഫക്കിങ് നോയിസ് " എന്ന് അലറി. തുടര്‍ന്ന് തന്റെ വൃദ്ധരായ പേരന്റസ് ഹൃദയ രോഗികളാണെന്നും, ഈ ശബ്ദം അവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കുമെന്നും, താനിപ്പോള്‍ത്തന്നെ പോലീസിനെ വിളിക്കാന്‍ പോവുകയാണെന്നും യുവതി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

എനിക്ക് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. അവര്‍ക്കു വേണ്ടി നമ്മള്‍ ചെയ്ത ഉപകാരങ്ങളൊക്കെ കട്ടപ്പൊഹ. എത്ര നിയന്ത്രിച്ചിട്ടും അടക്കാനാവാതെ " വിളിക്കെടി പോലീസിനെ, വിളിക്കെടീ " എന്നാക്രോശിച്ചു കൊണ്ട് ഞാനവളുടെ നേരെ കൈയോങ്ങിക്കൊണ്ട് ഓടിയടുത്തെങ്കിലും അവര്‍ താഴോട്ട് ഓടിക്കളഞ്ഞു. ഭാഗ്യം! ഒന്നും സംഭവിച്ചില്ല. ഇന്ത്യന്‍ രീതി തലക്ക് പിടിച്ചു വട്ടായ ഞാന്‍ അവരുടെ ദേഹത്ത് തൊട്ടു പോയിരുന്നെങ്കില്‍ അമേരിക്കന്‍ ജയിലില്‍ അകപ്പെട്ട് ഇന്നും ഗോതന്പുണ്ട ( ഇവിടെ ഗോതന്പുണ്ടയാണോ ആവോ ? )  തിന്നുകയായിരുന്നിരിക്കണം.?

വാഷിങ് മെഷീനില്‍ കഴുകാനായി വെളിയില്‍ നിന്ന് കെട്ടുകളായി തുണി വരുന്നുണ്ടെന്നും, ഞങ്ങള്‍ ജോലി കഴിഞ്ഞു എത്തുന്നതിനു മുന്‍പ് കഴുകിക്കൊണ്ടു പോകുന്നുണ്ടെന്നും അറിവ് കിട്ടി. അന്വേഷണത്തില്‍ ഇവരുടെ മകനും, മരുമകളും ഡോക്ടര്‍മാരാണെന്നും., അവരുടെ വീട്ടിലെ തുണികളാണ് ഇവിടെ കഴുകാനെത്തുന്നതെന്നും മനസിലായി. ഞങ്ങളുടെ െ്രെഡവെയില്‍ ഇട്ട് ഇടക്കിടെ വ്യത്യസ്തങ്ങളായ കാറുകള്‍ കഴുകാറുണ്ടെന്നും, അത് മക്കള്‍ ഡോക്ടര്‍മാരുടെ കാറുകളാവാമെന്നും മനസിലാക്കി.

എല്ലാം ഉള്ളിലൊതുക്കി മിണ്ടാതെ കഴിയുന്‌പോളാണ് മറ്റൊരു വലിയ സംഭവം നടക്കുന്നത്. ശ്രീലങ്കയില്‍ നിന്നും ഇവരുടെ മകളും ഭര്‍ത്താവും മൂന്നു മുതിര്‍ന്ന കുട്ടികളും കൂടി വന്ന് ഇവരോടൊപ്പം താമസമാക്കുന്നു. അവിടെ വലിയ നിലയില്‍ ജീവിച്ചവരാണെന്ന് വേഷവും ഭാവവും കൊണ്ട് മനസിലാക്കാം. . ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളുമായി വലിയൊരു കൂട്ടം സന്ദര്‍ശകര്‍ ദിവസവും വന്നു പോകുന്നു. വലിയ തീറ്റക്കുടി പാര്‍ട്ടികള്‍, ഒച്ച, ബഹളം, സംഗീതം. ആകെക്കൂടി ഒരു പ്രത്യേകാവസ്ഥ. നമ്മുടെ വീട് ഒരു മദിരാശി ചന്തയായി  മാറി. ഒരു രണ്ടു മാസം കൂടി  കഴിഞ്ഞിട്ടാണ് ഇവര്‍ മറ്റെങ്ങോട്ടോ മാറിയത്. അവര്‍ വന്നപ്പോളും, പോയപ്പോളും ' വന്നു, പോയി ' എന്നീ രണ്ടു വാക്കുകള്‍ മാത്രമേ പാസ്റ്റര്‍ എന്നോട് പറഞ്ഞുള്ളു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More