Image

വീണ്ടും മഴ (സുധീര്‍ പണിക്കവീട്ടില്‍)

Published on 01 February, 2020
വീണ്ടും മഴ (സുധീര്‍ പണിക്കവീട്ടില്‍)
വൃശ്ചികക്കാറ്റില്‍ കന്യാമേഘങ്ങളുടുക്കുന്ന
ദാവുണി മൂളിപ്പാട്ടും പാടിക്കൊണ്ടുലയവേ
തുലാവര്‍ഷ നീര്‍ത്തുള്ളികള്‍ വറ്റാതെ കിടന്നൊരു
മാനത്ത് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ തെളിയവെ
കമ്പിളി തുന്നുമിളം വെയിലിന്‍ പട്ടും ചുറ്റി
പകലിന്‍ മുഖത്തേതോ വിസ്മയം പരക്കവേ
മൗനമാം നിമിഷങ്ങള്‍ ഉറക്കം തൂങ്ങും-നീല
വാനത്തിന്‍ നിഴല്‍ പറ്റി ആലസ്യം ശയിക്കവെ
സ്വര്‍ഗ്ഗമൊരല്‍പ്പം  മാത്ര ഭൂമിയില്‍ തങ്ങാനായി-
ട്ടാദ്യത്തെ ചുവടു വച്ചടുക്കാന്‍ തുടങ്ങവേ
ഭൂമിതന്‍ നിശ്വാസത്തിന്‍ മുഗ്ദ്ധ ഭാവങ്ങള്‍ മാറി
ആവിലമായി മേഘപാളികളോരോന്നായി
ബാഷ്പബിന്ദുക്കള്‍ വഹിച്ചെത്തിയ കാറും കോളും
ദാവുണി തുമ്പൊന്നുലച്ചുറക്കെ ഗര്‍ജ്ജിച്ചുപോയ്
നാണത്താല്‍ മേഘാംഗനമാരപ്പോള്‍-കരം
രണ്ടും മാറോടടുപ്പിച്ച്് മറയാന്‍ തുടങ്ങവേ
കെട്ടഴിഞ്ഞൂര്‍ന്നു മുടിക്കെട്ടപ്പോള്‍ നിതംബത്തില്‍
മാരിക്കാര്‍ വീണ്ടും മാനം കവര്‍ന്നു, കറുപ്പിച്ചു
ഇറ്റിറ്റു നീര്‍ത്തുള്ളികള്‍ തുവര്‍ത്തും മുമ്പേ
കോതിയൊതുക്കി മിനുക്കിയ വാര്‍മുടിക്കെട്ടില്‍ നിന്നും.

Join WhatsApp News
ജോർജ് പുത്തൻകുരിശ് 2020-02-02 08:40:08
വൃശ്ചിക കാറ്റിനെ കൊണ്ട് കവി മൂളി പാട്ട് പഠിപ്പിക്കുമ്പോൾ , കഴിഞ്ഞകാലങ്ങളും കോളേജ് ക്യാംമ്പസും ഓർമ്മയിൽ വരുന്നു . ഒരു സുന്ദരി അരികിലൂടെ നടന്നു പോകുമ്പോൾ നാം ചിലപ്പോൾ അറിയാതെ, മൂളിയെന്നിരിക്കും (എന്തോ പിടികിട്ടിയപോലെ ചിലപ്പോൾ ഭാര്യ ചോദിക്കും എന്താണ് നിങ്ങൾ മൂളുന്നെതെന്ന് ) . സുധീർന്റെ ഭാവന ചിറകു വിടർത്തിയപ്പോൾ ഒരു മനോഹരമായ കാല്പനിക കവിത പിറന്നു വീണിരിക്കുന്നു . സുന്ദരിയായ സ്ത്രീ ഇത് വായിക്കുമ്പോൾ അത് അവരെ കുറിച്ചാണോ എന്ന് തോന്നുന്നെന്നെങ്കിൽ അത്ഭുതപ്പെടാനില്ല. ഭാവനാ സമ്പന്നനായ ഒരു കവിക്ക് മാത്രമെ 'ഇതോ അതോ' (സുന്ദരിയായ സ്ത്രീയെയാണോ അതോ പ്രകൃതിയെ കുറിച്ചോ ) എന്ന് തോന്നുമാറ് ഇതുപോലെ കവിത കുറിയ്ക്കാൻ കഴയു . അഭിനന്ദനം
The Lover & Nature 2020-02-02 09:45:26
അതേ! ഇടിയും മിന്നലും ഇല്ലാത്ത മേഘങ്ങളും മഴയും എന്നും എനിക്കും ഹരം പകരുന്നു. മഴയുടെ ചൂട് പ്രണയിനിയുടെ ആലിഗനം പോലെ. മഴയുടെ ചൂട് നീർ തുള്ളികൾ ദേഹത്ത് പതിക്കുമ്പോൾ രതിയുടെ ചുംബനം പോലെ. അല്പം ടൈക്കീല കൂടി ഉള്ളിൽ ഉണ്ടെങ്കിൽ സായാന്ന മഴയിൽ നിർത്തം ചെയ്യാം. ഓരോ മഴ തുള്ളിയും കാമ ബാണങ്ങൾ എന്ന് തോന്നും. ഇ ഭൂമിയിൽ സ്വർഗം അനുഭവിക്കാൻ അനേകം വസ്തുക്കൾ ഇ സ്വർഗ ഭൂമിയിൽ തന്നെ ഉണ്ട്, അതിൽ ഒന്നാണ് മഴ. ഇ സ്വർഗ്ഗ ഭൂമിയിൽ മാത്രമേ കാമുക വികാരങ്ങൾ ഉള്ളു. അതിനാൽ ആവോളം മുത്തി കുടിക്കുക ആനന്ദത്തിൻ്റെ മധു, മഴ തുള്ളിയിലെ ഉൻമാദം. Keep your thoughts & imagination vibrant & filled with Love, Love for humanity and everything in this Earth. Then you too can enjoy the glory in everything, in every little & insignificant in Nature & can get inspired to write poems like this & enjoy your Life.- andrew * For Nature; nothing is insignificant- everything is a Glory for her.
Sudhir Panikkaveetil 2020-02-02 16:33:30
ജോർജ്/ആൻഡ്രൂസ് - പ്രിയരേ നന്ദി. സൗഹൃദത്തിന്റെ പുതുമഴ, വീണ്ടും മഴ പെയ്തു. കമന്റ് എഴുതാൻ ഇഷ്ടമില്ലാത്ത ഒരാൾ ചോദിച്ചു ആധുനിക കവിതകൾക്കല്ലേ ഇപ്പോൾ പ്രസക്തി. എന്താണ് ആധുനിക കവിതയും കാൽപ്പനിക കവിതകളും തമ്മിൽ വ്യത്യാസം. എന്റെ അഭിപ്രായം ഇങ്ങനെ ആധുനിക കവി അയാളുടെ ആശയങ്ങൾ വായനക്കാരനിൽ നിർബന്ധപൂർവം അയാൾക്ക് മനസിലാകുന്നുണ്ടോ എന്നാലോചിക്കാതെ ഏൽപ്പിക്കയാണ്. കാൽപ്പനിക കവി അയാളുടെയും വായനക്കാരന്റെയും ഒരേ വികാരം പങ്കിടുന്നു. ഒരിക്കൽ കൂടി നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക