ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)

വിജയ്.സി.എച്ച് Published on 20 February, 2020
ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)
അതിജീവനം അതിര്‍ത്തികളാല്‍ അസഹ്യമായിക്കൊണ്ടിരിക്കുന്ന കാലത്തിതാ, ആഗോള സൗഖ്യസന്ദേശം ഒരാള്‍ ഓടക്കുഴലില്‍ ഊതുന്നു! എല്ലാദേശങ്ങളിലെയും എല്ലാതരം സംഗീതങ്ങള്‍ക്കും ഒരുപോലെ വഴങ്ങുന്ന ലോകത്തെ ഏക സംഗീതോപകരണമാണ് പുല്ലാംകുഴലെങ്കില്‍, അതു വാദനം ചെയ്തു അതിര്‍ത്തികള്‍ക്കതീതമായി സകല മനസ്സുകളേയും സമന്വയിപ്പിക്കാന്‍ ഒരു 'സംഗീത മഹായാന'ത്തിനു തുടക്കമിട്ടിരിക്കുന്നത് മുരളി നാരായണന്‍!

മേള കാരണവര്‍ പെരുവനം കുട്ടന്‍ മാരാര്‍ ഭദ്രദീപം തെളിയിച്ചാരംഭിച്ച സംഗീത മഹായാനത്തിന്റെ ആദ്യപാദം അവസാനിച്ചത്, വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥിന്റെ പ്രയാണോപചാര പ്രസംഗത്തോടുകൂടിയായിരുന്നു. പ്രിയ മാതാവില്‍നിന്ന് ഏറ്റുവാങ്ങിയ പുല്ലാംകുഴല്‍ മുരളി തുടര്‍ച്ചയായി വായിച്ചത്, നീണ്ട 108 മണിക്കൂര്‍ നേരം! ഊണും ഉറക്കവുമില്ലാതെ തേക്കിന്‍കാട് മൈതാനത്ത് മുരളിക്കു കൂട്ടിരുന്നത് ആവേശത്തിരയില്‍ ആറാടിയ ആയിരങ്ങള്‍!

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്
വൈശാഖന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ടി. എന്‍. പ്രതാപന്‍ എം. പി, കേരികാച്ചറിസ്റ്റ് ജയരാജ് വാര്യര്‍, സംസ്ഥാന ഹ്യൂമന്‍! റൈറ്റ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ ഡോക്ടര്‍ ബോബി ചെമ്മണൂര്‍, കവികള്‍ സി. രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രസിദ്ധ നര്‍ത്തകിമാര്‍ അനുപമ മോഹന്‍, ഗീതാ പത്മകുമാര്‍, തൃശ്ശൂര്‍! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് മുതലായവരുടെ നിറസാന്നിദ്ധ്യം ഈ സംഗീത മഹായാനത്തെ ശരിക്കുമൊരു ഗിന്നസ് സംഭവമാക്കി.

ബ്രിട്ടീഷുകാരി കാതറിന്‍ ബ്രൂക്ക് 27 മണിക്കൂറും, 37 മിനിറ്റും, 32 സെക്കന്റും ഫ്‌ലൂട്ടുവായിച്ചു നേടിയ ഗിന്നസ് റെക്കോര്‍ഡ് ഇനിയൊരു പഴങ്കഥയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം സാംസ്‌കാരിക തലസ്ഥാനം ശ്രവിച്ചത് നിലക്കാത്ത കരഘോഷങ്ങള്‍ക്കിടയിലായിരുന്നു!

കാതറിന്‍ 2012ല്‍ സ്ഥാപിച്ച റെക്കാര്‍ഡ്, 2016ല്‍ മുരളി ഭേദിച്ചിരുന്നു. 2018ല്‍, കാതറിന്‍ മുരളിയെ വീണ്ടും പിന്നിലാക്കി. ആ റെക്കോര്‍ഡാണ് മുരളിയിപ്പോള്‍ തകര്‍ത്തത്! മുരളി സ്ഥാപിച്ച പുതിയ ലോകറെക്കോര്‍ഡ് ഒരുപാടു മുന്നിലായതിനാല്‍, പെട്ടെന്നാര്‍ക്കും ഭഞ്ജിക്കാന്‍ കഴിയില്ലെന്നാണ് പൊതുധാരണ.

എന്നാല്‍, സംഗീതം മത്സരിക്കാനുള്ളതല്ലെന്ന് മുരളി അടിയുറച്ചു വിശ്വസിക്കുന്നു. തന്റെ ജന്മനാടായ തളിക്കുളത്തു വെച്ചു 2016ല്‍ അരങ്ങേറിയ മുരളിയുടെ പ്രഥമ ഗിന്നിസ് പ്രകടനം അതിനാല്‍ അഭ്യുദയകാംക്ഷികളുടെയും സംഘാടകരുടേയും അഭിപ്രായങ്ങള്‍ മാനിച്ചായിരുന്നുവെന്ന് മുരളി അസന്ദിഗ്ദ്ധമായി പറയുന്നു. ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ എന്തെങ്കിലുമൊരു വരവ് ആ വിജയത്താല്‍ ഉണ്ടാകുമെന്നതായിരുന്നു പ്രതീക്ഷ.

ഇപ്പോള്‍ നടത്തിയ 108 മണിക്കൂര്‍ നീണ്ട മാരത്തന്‍ വേണു ആലാപനത്തിന് കാതറിനെ പിന്നിലാക്കുകയെന്ന ഉദ്ദേശ്യമേ ഇല്ലായിരുന്നുവെന്ന് ഈ ലേഖകന്റെ ഒരു അന്വേഷണത്തിനു പ്രതികരിച്ചുകൊണ്ടു മുരളി വ്യക്തമാക്കി.

ആഗോള മാനവസൗഹാര്‍ദ്ദത്തിന് തന്നെക്കൊണ്ടാവുന്നതു ചെയ്യുകയെന്ന നിശ്ചയത്തിലുറച്ചുകൊണ്ട്, 2018ല്‍ നടത്താനുദ്ദേശിച്ച ഈ സംഗീത മഹായാനം, കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ മാറ്റിവെക്കുകയായിരുന്നു. ആ വിളംബ കാലത്താണ് കാതറിന്‍ മുരളിയുടെ ആദ്യ റെക്കോര്‍ഡ് ഭേദിച്ചത്.

എന്നിട്ടുകൂടി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്
ലണ്ടനിലേക്ക് ഇക്കുറി അയച്ച അപേക്ഷയില്‍, കാതറിന്റെ റെക്കോര്‍ഡ് അതുപോലെ നിലനിര്‍ത്തി, തനിക്കു പുതിയൊരു എന്‍ട്രി നല്‍കണമെന്നാണ് മുരളി അഭ്യര്‍ത്ഥിച്ചത്. കാതറിന്‍ പാശ്ചാത്യസംഗീതം മാത്രം ഓടക്കുഴലിലെടുക്കുമ്പോള്‍, മുരളി എല്ലാ വിഭാഗങ്ങളും അനായാസേന കൈകാര്യം ചെയ്യുന്നുണ്ടല്ലൊ.

കുഞ്ഞുന്നാളിലേ പിതാവിനെ നഷ്ടമായ മുരളിയേയും സഹോദരിയേയും മാതാവ് തങ്കമ്മ വളര്‍ത്തിക്കൊണ്ടുവന്നത് കൂലിവേല ചെയ്തും, അയല്‍ക്കാരുടെ അടുക്കളപ്പണിയെടുത്തുമാണെന്നു തുറന്നുപറയുന്നൊരാള്‍, കേവലമായ കിടമത്സര ചിന്തകള്‍ക്ക് അതീതനല്ലെങ്കിലേ അതിശയിക്കേണ്ടൂ! മുരളി, ഈ ഭൂമിയിലെ സമസ്തരുടെയും സമാധാനത്തിനുവേണ്ടി മുരളി മീട്ടുന്നവന്‍!

നിരാലംബരായവര്‍ക്ക് അഭയമായി വൃദ്ധസദനവും, ശരീരം തളര്‍ന്നവര്‍ക്ക് പുനരധിവാസവുമുള്‍പ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയായ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവരക്തമായ സുമയാണ് ഈ ഗിന്നസ് ചരിത്രങ്ങള്‍ക്കു പിന്നിലെ പ്രചോദനസ്രോതസ്സെന്ന് മുരളി വെളിപ്പെടുത്തി.

ഏതു നിമിഷവും തന്റെ ശ്വാസം നിലക്കാമെന്നറിയാമെങ്കിലും, സധൈര്യം രണഭൂവിലേക്കു പോകുന്നൊരു സൈനികന്റെ ആത്മവിശ്വാസമാണ് ദുഷ്‌കരമായ 108 മണിക്കൂര്‍ താണ്ടാന്‍ വേദിയില്‍ കയറിയ ആ കലാകാരനില്‍ സുമ ദര്‍ശിച്ചത്!

ഈയിടെയാണ്, മുരളിയുടെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ പുല്ലാംകുഴല്‍ വായനക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ഒരാള്‍ ഗുരുവായൂരും, മറ്റൊരാള്‍ ബെംഗളുരുവിലും. ശ്വാസകോശങ്ങള്‍ക്ക് അനുഭവപ്പെട്ട ഓവര്‍ സ്‌െ്രെടനാണ് കാരണമെന്നായിരുന്നു രണ്ടു പേരുടെയും മെഡിക്കല്‍ റിപ്പോര്‍ട്ട്‌സ്.

ഉള്ള് വിങ്ങിപ്പൊട്ടിയിരുന്നുവെങ്കിലും, ഏറ്റെടുത്ത ദൗത്യം ഏട്ടന്‍ പൂര്‍ത്തീകരിക്കുമെന്നതില്‍ സുമക്കൊരു സംശയവുമില്ലായിരുന്നു!

അഗതികള്‍ക്കും, അതിദരിദ്രര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച തന്റെ പിറക്കാത്ത സഹോദരി സുമയുടെ പാദങ്ങളില്‍, ഇതൊരു നേട്ടമാണെങ്കില്‍ അത്, മുരളി അര്‍പ്പിക്കുന്നു!

മുരളിയുടെ വേണുവില്‍നിന്ന് കര്‍ണ്ണാട്ടിക്കും, ഹിന്ദുസ്ഥാനിയും, പാശ്ചാത്യനും, സര്‍വ്വദേശ ഫോകുകളും ഒരുപോലെ ഒഴുകിവന്നു! നിരോഷ്ട, ബൗളി, ആഭേരി മുതലായ അത്യുല്‍!കൃഷ്ട രാഗങ്ങളും, ശങ്കരാഭരണം, കല്യാണി, മോഹനം മുതലായ ജനകീയ രാഗങ്ങളുമുള്‍പ്പെടെ ഇരുനൂറ്റിയമ്പതില്‍പരം രാഗങ്ങളും, ആയിരത്തില്‍പരം കൃതികളും, മുന്നൂറോളം പ്രശസ്ത സിനിമാ ഗാനങ്ങളും ആരേയും വിസ്മയിപ്പിക്കുന്നവയായിരുന്നു!

അനുപമ മോഹന്‍, ഗീതാ പത്മകുമാര്‍ മുതലായ പതിനഞ്ചു പ്രശസ്ത കലാകാരികള്‍ ഭരതനാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും വേദി തകര്‍ത്താടിയപ്പോള്‍, മുരളിയുടെ പുല്ലാംകുഴല്‍ പിഴവൊട്ടുമില്ലാതെ ചുവടുകള്‍ക്കനുസൃതമായ നാദബ്രഹ്മം തീര്‍ത്തു. ഇടകലര്‍ന്നെത്തിയ പാശ്ചാത്യനാടോടി അവതരണങ്ങളിലും മുരളിയുടെ സ്വാധീനമാണു ഏറെ തെളിഞ്ഞുനിന്നത്.

കുസൃതി നിറഞ്ഞ ഭാവങ്ങളും ശരീരഭാഷയുമായ് നൃത്തമാടി മനുഷ്യമനസ്സുകള്‍ കീഴടക്കി, ഈയിടെ നവമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഇളംപെണ്‍കുട്ടി വൈഷ്ണവക്ക് മുരളി മുളന്തണ്ട് ഊതിയത് പ്രേക്ഷകര്‍ക്ക് വേറിട്ടൊരു അനുഭവമായി!

നാദസ്വരം, വീണ, മിഴാവ്, തിമില, ഉടുക്ക്, മരം മുതലായ നാടന്‍ ഉപകരണങ്ങള്‍ക്കും, വയലിന്‍, വെസ്‌റ്റേണ്‍ ഫ്‌ലൂട്ട്, റിതം പേഡ്, സെക്‌സഫോണ്‍ തുടങ്ങിയ വിദേശ വാദ്യോപകരണങ്ങള്‍ക്കും ഓടക്കുഴല്‍ ചേരുംപടി അകമ്പടി നിന്നു.

ഏഴു തുളകളുള്ള ചെറിയ കുഴലും (ഫോക്), ഒമ്പതു തുളകളുള്ള ഇടത്തരം കുഴലും (കര്‍ണ്ണാട്ടിക്), ഏഴു തുളകളുള്ള ബാംസുരി എന്ന വലിയ കുഴലും (ഹിന്ദുസ്ഥാനി), സ്റ്റീലില്‍ നിര്‍മ്മിക്കുന്ന വെസ്‌റ്റേണ്‍ ഫ്‌ളൂട്ടും (പാശ്ചാത്യം) മുരളിക്കു പ്രിയപ്പെട്ടവ. സംഗീതമനുസരിച്ചു, ഉദ്ദേശിക്കുന്ന മൂഡ് ആലാപനത്തില്‍ കൊണ്ടുവരാന്‍, ഈ നാലു തരത്തില്‍പ്പെട്ട ഉപകരണങ്ങളും മാറിമാറി മുരളി ഉപയോഗിച്ചിരുന്നു.

മണിക്കൂറില്‍ അഞ്ചു മിനിറ്റ് വിശ്രമം എന്ന ഗിന്നസ് അധികൃതരുടെ വ്യവസ്ഥയില്‍ വിട്ടുവീഴ്ചയുള്ളത്, കൂടുതല്‍ മണിക്കൂറുകള്‍ ബ്രേക്ക് ഇല്ലാതെ ആലപിച്ചാല്‍ അത്രയും അഞ്ചു മിനിറ്റുകള്‍ ചേര്‍ത്ത സമയം ഒരുമിച്ച് വിശ്രമിക്കാം എന്നുള്ളതില്‍ മാത്രമാണ്. മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി പാടിയാല്‍, 15 മിനിറ്റു നേരം ബ്രേക്ക് എടുക്കാമെന്ന്. ഭക്ഷണവും, പ്രാഥമിക കര്‍മ്മങ്ങളും, ഉറക്കവുമെല്ലാം ഇപ്പറഞ്ഞ വിശ്രമവേളയില്‍ മാത്രം!

അക്കങ്ങള്‍ ഡിസ്പ്‌ളെ ചെയ്യുന്ന ക്‌ളോക്കു സഹിതം 108 മണിക്കൂര്‍ നേരമുള്ള പ്രകടന വേദിയുടെ വിഡിയോ ആര്‍ക്കൈവ്, യാതൊരു വിധ തടസ്സമോ എഡിറ്റിങ്ങോ ഇല്ലാതെയുള്ളതാണ്, അംഗീകാരത്തിനുള്ള ആധാരം.

മുരളിയുടെ ആലാപനം നൂറ്റിയെട്ടാമത്തെ മണിക്കൂറിലേക്കു എത്തിക്കൊണ്ടിരുന്ന നിമിഷങ്ങളില്‍, ആനന്ദക്കണ്ണീര്‍ ഒഴുക്കിനില്‍ക്കുന്ന അദ്ദേഹത്തിന്റെ പത്‌നി ശെല്‍വത്തിന്റെയും, മക്കള്‍ ഭവപ്രിയയുടെയും, ദേവപ്രിയയുടെയും, ശിവപ്രിയയുടെയും ദൃശ്യം, അതു ശ്രദ്ധയില്‍പ്പെട്ട സകലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ലോകചരിത്രം കുറിച്ച ആ ശ്വാസം നിലച്ചില്ലല്ലൊ!

മദ്ധ്യകാല യൂറോപ്പിലെ നാടോടിക്കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന മാന്ത്രിക കുഴലൂത്തുകാരനാവാനാണ് മുരളിക്കിഷ്ടം. എലികള്‍ ഹെമലിന്‍ നഗരത്തിലെ പൊതുജീവിതം ദുസ്സഹമാക്കിയപ്പോള്‍, അവയെ തന്റെ മനോഹര മുരളീനാദത്തില്‍ മയക്കി കടലിലേക്കു നയിച്ച് ജനങ്ങളെ രക്ഷിക്കുന്ന 'പൈഡ് പൈപ്പര്‍' ആയിത്തീരാന്‍! മനുഷ്യമനസ്സിലെ വിഴിപ്പുകളാണ് ഈ മൂഷികന്മാര്‍. സകല തിന്മകളെയും വിദൂരതയിലേക്ക് അകറ്റി മനുഷ്യനെ ശുദ്ധീകരിക്കാനുള്ള ശക്തി 'മായാമുരളി'ക്കുണ്ട്!

താന്‍ കൊളുത്തിയ സംഗീത മഹായാനത്തിന്റെ നാളം കേരളത്തിലൊ ഭാരതത്തിലൊ മാത്രമല്ല, ഈ ഭൂമികയിലെ സകല രാജ്യങ്ങളിലും വെളിച്ചം വീശണം. ഈ ലോകത്തുനിന്ന് എല്ലാ അശാന്തികളും നീങ്ങി, മാനവസൗഹാര്‍ദ്ദം എവിടെയും പുലരട്ടെ!
ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)ആഗോള സൗഖ്യസന്ദേശം ഓടക്കുഴലില്‍ (വിജയ്.സി.എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക