-->

America

നാലുമണിച്ചായ (കഥ: സന റബ്‌സ്)

Published

on

കുട്ടികള്‍ എല്ലാവരും മുതിര്‍ന്നു വിവാഹം കഴിച്ചു പോയിരുന്നു.
ഇടയ്ക്ക്  അവര്‍ തിരികെ വരുമ്പോഴൊക്കെ  സ്വന്തം മുറിയടക്കം മക്കള്‍ക്ക്  വിട്ടുകൊടുത്തു അച്ഛനും അമ്മയും ഹാളില്‍ കിടന്നു.

അയാളുടെ നീണ്ട കൈ എടുത്തു തന്റെ തലയിണയാക്കാന്‍ ഒരുങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചു.
 'മൂന്ന് പേരില്‍ ഒരാള്‍ പോലും വന്നു അച്ഛനും അമ്മയും മുറിയില്‍ കിടന്നോ, ഞങ്ങള്‍ ഇവിടെ കിടന്നോളാം എന്ന് പറഞ്ഞില്ലാലോ.. നിന്നോട് പറഞ്ഞോ? "

"ഇല്ല... അവരൊക്കെ ചെറുപ്പമല്ലേ.. അവരാണോ ഹാളില്‍ കിടക്കേണ്ടത്..?"

 "ഹഹ.. വയസ്സായ നമുക്ക് ഹാളില്‍ കിടക്കാമെന്ന്... അല്ലേ...."

അമിതാഭ്  ബച്ചനും ഹേമമാലിനിയും അഭിനയിച്ച  സമാനമായ സീനുകള്‍ ഉള്ള ഹിന്ദി പടം അവളുടെ ഉള്ളില്‍ തെളിഞ്ഞു.
മക്കളോ അതിഥികളോ വന്നാല്‍ ഒട്ടുമിക്ക  വീടുകളിലും ഇതാണ് അവസ്ഥ!
അച്ഛനുമമ്മയും  ഹാളിലോ വീട്ടിലെ പൊതുവിടത്തിലോ കിടക്കയോ തലയിണയോ ഇല്ലാതെയോ മറ്റു അസൗകര്യത്തിലോ കിടക്കേണ്ടിവരും.

"ഞാനൊരു ചായ ചോദിച്ചിരുന്നു മോളോട്.... കിട്ടിയില്ല.... " അയാള്‍ പറഞ്ഞു.
"അവള്‍ മറന്നിരിക്കും... ഇപ്പോ വേണോ....?"
"വേണ്ട.... നീ കിടക്ക്.... "
അയാളുടെ നീട്ടിയ കൈകളിലേക്ക് അവള്‍ കിടന്നു.

 "ഞാന്‍ മരിച്ചുപോയാല്‍ നീ എന്ത് ചെയ്യും?" അയാളുടെ ഓര്‍ക്കാപ്പുറത്തുള്ള  ചോദ്യം അവളെ അന്ധാളിപ്പിക്കുകതന്നെ ചെയ്തു.

"വിഷമിപ്പിക്കാന്‍ ചോദിച്ചതല്ല പെണ്ണേ... നീ ഓര്‍ത്തു വെയ്ക്കണം... ഞാന്‍ ഇല്ലാതായാല്‍  ജീവിക്കാനുള്ള കഴിവ് വീണ്ടെടുക്കേണ്ട വഴികള്‍ ആലോചിച്ചു വെയ്ക്കണം..... മക്കള്‍ നമ്മെ  നോക്കണം എന്നില്ല... നോക്കുമായിരിക്കാം... ഒരുപക്ഷേ  മൂന്നുപേരുടെയും വീടുകളില്‍ മാറി മാറി താമസിക്കേണ്ടി വന്നേക്കാം.. അവരുടെ മക്കളെ നോക്കാന്‍  കാശ് കൊടുക്കാത്ത വേലക്കാരിയാവരുത് നീ.  ആരോഗ്യം ഉണ്ടാകുംവരെ റാണിയെപ്പോലെ ജീവിക്കണം."

 "എന്തിനാണ് ഇങ്ങനെ.... ഇപ്പൊ....  സംസാരിക്കുന്നത്"
അവളുടെ നനഞ്ഞ ശബ്ദം ഇടറിയിരുന്നു.

അയാള്‍ ആ കവിളുകളിലൂടെ ഒഴുകിയ തുള്ളികള്‍ തുടച്ചു.
"പറഞ്ഞല്ലോ സങ്കടപ്പെടാനല്ല  പറയുന്നതെന്ന്... മക്കള്‍ക്കും മറ്റുള്ളവര്‍ക്കും ജീവിതമുണ്ട്. അവരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപദ്രവിക്കാവൂ... ഒരു പ്രശനം ഉണ്ടാകും വരെ എല്ലാം തെളിഞ്ഞ ജലാശയമാണ്. പക്ഷെ ഒരു പ്രശ്‌നം ഉണ്ടായാല്‍ എന്ത് ചെയ്യും..."
അയാള്‍ അവളുടെ മുടിയിഴയില്‍ തഴുകി.

  ഇണ നഷ്ടപ്പെടുന്ന  നിമിഷത്തില്‍ അയാള്‍ കുടുങ്ങി കിടക്കുകയാണെന്ന് തോന്നി.
നീ എവിടെയായാലും എന്റെ സ്‌നേഹത്തിന്റെ സുഗന്ധത്തിലാണ് എന്ന വാഗ്ദാനം പെട്ടെന്ന് മാഞ്ഞുപോകുന്നു.
ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം പെട്ടെന്നൊരുന്നാള്‍  അപ്രത്യക്ഷമാകുന്നു.   കനത്ത ശൂന്യതയും നിശബ്ദതയും  മക്കള്‍ക്കോ കൂട്ടുകാര്‍ക്കോ കുടുംബത്തിനോ നികത്താന്‍ ആവാതെ  മറ്റേയാള്‍ പകച്ചുപോകുന്നൊരു നിമിഷമുണ്ട്.

 "എന്റെ മരണമായാലും ശരി  നീ മരിച്ചാലും ശരി,  നമ്മെ വല്ലാതെ ഉലയ്ക്കുന്ന ദിവസങ്ങള്‍ കഴിഞ്ഞാല്‍ യാഥാര്‍ഥ്യം തെളിഞ്ഞു വരും. ഇല്ലേ...? "

 അവള്‍ തലയാട്ടിയില്ല.
"വയസ്സും രോഗവും മരണവും  എന്നും പ്രശ്‌നക്കാര്‍ ആണ്. അതോണ്ട്.... " അയാള്‍ നിറുത്തി.

ഉറങ്ങാന്‍ അവള്‍ക്ക് പേടി തോന്നി. അയാളെ  ഉറക്കാനും...
ക്ലോക്കിലെ സെക്കന്റ് സൂചി പതുക്കെ ചലിക്കുന്ന ശബ്ദം മാത്രം.

"അതേയ്...."

"ഉം... " ആ വിളിക്ക്  കാതോര്‍ത്തപോലെ അയാള്‍ മൂളി.

"ഞാന്‍ എന്താ ചെയ്യുക.... "

താന്‍ മരിച്ചു പോയാല്‍ എന്താണ് ചെയ്യുക എന്നാണ് ആ ചോദ്യമെന്നു അയാള്‍ക്ക് മനസ്സിലായിരുന്നു.

"വിഷമിക്കാതെ ആലോചിക്കണം. നമ്മുടെ മക്കള്‍ എടുക്കാത്ത കുറച്ചു സമ്പാദ്യം നിന്റെ പേരില്‍ ഉണ്ട്. നമ്മുടെ ആദ്യത്തെ വീട് നിന്റെ പേരിലുണ്ട്.  ആരോഗ്യം ഉണ്ടെങ്കില്‍ നിനക്കിഷ്ടമുള്ള കൃഷിയോ ട്യൂഷനോ ചെയ്യണം. ഒരാളെ സഹായത്തിന് നിറുത്തണം. മക്കള്‍ കയ്യിട്ടു വാരാന്‍ വന്നാല്‍ ഉറച്ചു നിന്ന് സംസാരിക്കണം.  അഥവാ സ്‌നേഹത്തോടെ വന്നാലും നിനക്ക് ആവുംവരെ അവരെ ആശ്രയിക്കേണ്ടല്ലോ. അമ്മ എന്ന സെന്റിമെന്റ്‌സ് ഇപ്പോള്‍ അവര്‍ക്ക് ആവശ്യമില്ല. അവര്‍ മുതിര്‍ന്നവരാണെന്നു മറക്കേണ്ട..."

 "ഞാന്‍ മരിച്ചാലോ.....? "

അവള്‍ പതുക്കെയാണ് ചോദിച്ചതെങ്കിലും പെരുമ്പറയടിപോലെ പരിസരം കുലുങ്ങി.

"പറ.... നിങ്ങള്‍ എന്താ ചെയ്യുക... ഒറ്റയ്ക്ക്?"

"ആണും പെണ്ണും ഈ കാര്യത്തില്‍ വ്യത്യാസമുണ്ട് അമ്മൂ.... " അയാള്‍ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
"ഒരാണിന് എന്തായാലും മക്കളുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യേണ്ടി വരില്ല. പക്ഷെ മറ്റു വിഷമങ്ങള്‍ ഉണ്ടാവാം."

"എന്റെ പേരില്‍ പണമിട്ട നിങ്ങള്‍ സ്വന്തം പേരില്‍ പണം ഇട്ടിട്ടുണ്ടോ...? "

"ഇല്ല.... " അയാളുടെ ഒച്ച താഴ്ന്നിരുന്നു.

 "എന്നാല്‍ ഇടണം. വയ്യാതായാല്‍ എന്ത് ചെയ്യും....  ഒരു ഹോം നേഴ്‌സ് വേണമെങ്കില്‍... അതുമല്ല മറ്റൊരു വിവാഹം ഒത്തുവന്നാല്‍.... "
അവള്‍ കുസൃതിയോടെ അയാളുടെ വിരല്‍ കവര്‍ന്നു.

അയാള്‍ പൊട്ടിച്ചിരിച്ചു.  "ഈ ചോദ്യം തിരിച്ചു ചോദിക്കട്ടെ.... "

"അങ്ങനെയല്ലല്ലോ. വിധവകള്‍ അങ്ങനെ  വിവാഹം കഴിക്കുന്നത് അപൂര്‍വമല്ലേ... പ്രായമുണ്ടെങ്കില്‍ ഒട്ടും ആ വശത്തേക്ക് ചിന്തിക്കില്ല.  പക്ഷെ  പുരുഷന് ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രയാസമായിരിക്കും.  ആരെങ്കിലും നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ തിരിച്ചും ഇഷ്ടപ്പെടണം ട്ടോ... പറ്റിയാല്‍ നിറയെ സ്‌നേഹിക്കണം. ഒരുമിച്ചു ജീവിക്കണം. അതിനൊക്കെ പണം വേണ്ടേ... കുറച്ചു കുറച്ചായി എടുത്തു വെയ്ക്കണം... ഉം...?"

 കുറച്ചു നേരം രണ്ട് പേരും മിണ്ടിയില്ല.


"ഈ വയസ്സാംകാലത്തു പെണ്ണ് കെട്ടിയിട്ട് ആ പെണ്ണ് എന്നെ ശപിക്കാനാണോ അമ്മൂ നിന്റെയീ  സ്റ്റഡി ക്ലാസ്സ്...?"

"അടുത്തിരിക്കാന്‍ ഒരാള്‍ ഉണ്ടാവില്ലേ?  ഒരു ഘട്ടം കഴിഞ്ഞാല്‍ സെക്‌സ്  വേണ്ടല്ലോ.. ചാരാന്‍ ഒരു തോള്‍... ഒരു ആശ്രയത്തിന്.... "  അവള്‍ വീണ്ടും അയാളെ നോക്കി.
"ചാരാന്‍ ചുമരുകളാണ്  നല്ലത് അമ്മൂ... മനുഷ്യരാവുമ്പോള്‍, അങ്ങോട്ടു ചാരിയാല്‍ ഇങ്ങോട്ടും ചാരും...."

"എന്നാലും... സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹമുണ്ടെകില്‍ ആ ആഗ്രഹത്തെ തളച്ചിടരുത്. മക്കളോ സമൂഹമോ എന്ത് കരുതുമെന്നോര്‍ത്തു  ജീവിത സായാഹ്നം നശിപ്പിക്കരുത് ട്ടോ...."  അയാളുടെ അമ്മു വീണ്ടും ഓര്‍മിപ്പിച്ചു.

"ആരോഗ്യം ഉണ്ടെങ്കില്‍ തൂമ്പയെടുത്തു കിളക്കാന്‍ അറിയാം. നീ വിഷമിക്കേണ്ട കേട്ടോ.... " രാവിന്റെ ഏതോ യാമത്തില്‍ അയാള്‍ ആ ചെവിയില്‍ പതുക്കെ പറയുന്നുണ്ടായിരുന്നു.

തിരിഞ്ഞു കിടന്നപ്പോള്‍ അവളുടെ കഴുത്തിലെ ചെറിയ താലി അയാളുടെ കണ്ണിലുടക്കി. മുന്‍പെന്നോ അവള്‍ പറഞ്ഞിരുന്നു. എനിക്ക് ഈ താലി മാറ്റി മംഗല്യസൂത്രം ഉണ്ടാക്കണമെന്ന്. തമിഴ് നാട്ടിലെ അയ്യങ്കാര്‍ താലി അവള്‍ക്കെന്നും പ്രിയമാണ്.

തിരക്കുകളില്‍ താന്‍ മറന്നപ്പോള്‍ അവള്‍ ഓര്‍മിപ്പിച്ചുമില്ലല്ലോ....

പിറ്റേന്ന് മൂന്നാല് പവനോളം തൂക്കം വരുന്ന മൂന്ന്  ലോക്കറ്റുകള്‍ അവളുടെ മാലയില്‍ കോര്‍ത്ത് അയാള്‍ ഒരിക്കല്‍ക്കൂടി ആ കഴുത്തില്‍ താലി കെട്ടി.
"പെട്ടെന്നെങ്ങാനും ഞാന്‍ തട്ടിപ്പോയാല്‍ കുറച്ചു കാലം കാല് നിലത്തുറപ്പിക്കാന്‍ ഈ സ്വര്‍ണ്ണം നിനക്ക് ഉപകരിക്കട്ടെ..."
അയാളുടെ ചുണ്ടുകള്‍ ചിരിച്ചപ്പോള്‍ അവള്‍ക്കും ചിരി വരുന്നുണ്ടായിരുന്നു.

"എന്തൊരു കൂത്താണ്...... വയസ്സായെന്ന്  വിചാരമില്ലാത്ത ഈ തന്തയും  തള്ളയും ...."
 
അയാളുടെ കണ്ണുകളിലെ തീക്ഷ്ണമായ ആജ്ഞാശക്തിയിലേക്ക് ഇപ്പോഴും നോക്കാന്‍ കെല്‍പ്പില്ലാത്ത മക്കള്‍  അവരുടെ മുറികള്‍ക്കുള്ളില്‍ പിറുപിറുത്തുകൊണ്ടിരുന്നപ്പോള്‍ അവള്‍ അയാള്‍ക്കിഷ്ടമുള്ള നാലുമണിച്ചായയിലേക്ക്   തേയില ചേര്‍ക്കുകയായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

View More