Image

ഉയരങ്ങളിലെത്താൻ 'നീലച്ചിറകുള്ള മൂക്കുത്തികൾ (ആൻസി സാജൻ)

ആൻസി സാജൻ - ancysajans@gmail.com Published on 12 March, 2020
ഉയരങ്ങളിലെത്താൻ 'നീലച്ചിറകുള്ള മൂക്കുത്തികൾ (ആൻസി സാജൻ)
                  സ്നേഹത്തെ പ്രതി എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ് റുബീന. പ്രണയത്തിന്റെ ചില്ലകൾ പൂവിടുന്നതും അത് സൗഭാഗ്യം പോലെ വിടർന്നു വരുന്നതും ഒരു കാലമാണ്. അതിനുമപ്പുറം പൊഴിഞ്ഞു വീഴുന്ന പൂവിനെ ഇലകളോ ചില്ലകളോ എന്തിന്, മരമോ അതിന്റെ തായ് വേർ  പോലുമോ പരിഗണിക്കുന്നില്ല. അതവിടെ കൊഴിഞ്ഞു കിടക്കും. എന്നാൽ കരഞ്ഞുഴറുന്ന പ്രണയിനിയുടെ നോവും ചിരിയും ചേർത്തുവച്ച് അക്ഷരങ്ങളിലൂടെ റുബീന അവൾക്ക് ശാപമോക്ഷം നൽകുകയാണ്. തോരാതെ പെയ്യുന്ന ആ കണ്ണുകളെ സ്വന്തം ഹൃദയത്തിൽ ചേർത്തു പിടിക്കുകയാണ് സന റബ്സ് എന്ന് എഴുത്തു പേരുള്ള എ.വി. റുബീന.

    തൃശൂർ പാവറട്ടിയിലെ പാലുവായ് ദേശക്കാരിയാണ് സന റബ്സ്. ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിൽ ബി.എസ് സി ക്കു പഠിക്കുന്നതിനു മുൻപു തന്നെ എഴുതിത്തുടങ്ങി. നക്ഷത്രങ്ങളുടെ ആൽബം എന്ന നോവലെറ്റ്, ' വനിത' യിൽ പ്രസിദ്ധീകരിച്ചു. പിന്നീട് കഥകളുടെ വരവായി.

       വീട്ടിലെ സാഹചര്യങ്ങൾ മൂലം സനയ്ക്ക് ഇതിനിടയിൽ പഠനം നിർത്തേണ്ടി വന്നു. മൂത്ത കുട്ടിയായ സന അക്കാലത്ത് പാരലൽ കോളജിൽ പഠിപ്പിക്കയും കിട്ടിയ ചെറിയ ജോലികളൊക്കെ ചെയ്യുകയുമായിരുന്നു. അതിനു ശേഷം എം.എസ്.സിയും എം.എഡുമൊക്കെ നേടിയെടുത്തു. തുടർന്ന് അധ്യാപികയായി മാലിയിലെത്തിയ ശേഷമാണ് എഴുത്ത് തുടർന്നത്.ഏഴു വർഷത്തിലധികം അവിടെ ജോലി ചെയ്തു.

      രണ്ട് വർഷം മുമ്പ് 'മേലോട്ട് ചെയ്യുന്ന മേഘങ്ങൾ' എന്ന പേരിൽ നോവലെഴുതി. കോട്ടയം 'അക്ഷര സ്ത്രീ'യായിരുന്നു പ്രസാധകർ. വളരെ ശ്രദ്ധയാകർഷിച്ച കൃതി. 

   മധുര ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രിയിൽ പി.എച്ച്.ഡി. ചെയ്യുകയായിരുന്നു സന റബ്സ്. ഇതിനിടയ്ക്കാണ് നീലച്ചിറകുള്ള മൂക്കുത്തികൾ ' എഴുതുന്നത്. മുംബൈ, കൽക്കട്ട എന്നീ ഇന്ത്യയിലെ വൻ നഗരങ്ങൾ പശ്ചാത്തലമായുള്ള കഥയാണ് 'നീലച്ചിറകുള്ള മുക്കുത്തികൾ '

    വ്യത്യസ്തമായൊരു വായനാനുഭവമാകും ഈ നോവൽ എന്നതിൽ സംശയമില്ല. സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ഈ കഥ ആകാംക്ഷയോടെ കാത്തിരിക്കും ഓരോ വായനക്കാരും. ഒരു അത്യുഗ്രൻ സിനിമയിലെന്ന പോലെ സംഭവങ്ങളും ദൃശ്യങ്ങളും മാറിമറിയും. സനയുടെ എഴുത്തിലൂടെ അത്ഭുതത്തോടു കൂടിയേ നമുക്ക് കടന്നു പോകാൻ പറ്റൂ...

      ഇ-മലയാളിയുടെ ഇതളുകളിൽ ഈ നോവൽ പടർന്നു കയറുമ്പോൾ വായിക്കുന്നവർക്ക് മാറി നിൽക്കാനാവില്ല.  പ്രസിദ്ധീകരണം തുടങ്ങിക്കഴിഞ്ഞു. വായിച്ചു തുടങ്ങുന്നവർ ഒന്നാം അധ്യായം മുതലുള്ള ലിങ്കുകൾ സന്ദർശിക്കുക.

     വളരെ മികച്ച രചനയുടെയും നാടകീയ വളർച്ചകളുടെയും അപ്രതീക്ഷിത സംഭവഗതികളുടെയും അൽഭുതം വിളമ്പുന്ന ഈ കഥയെപ്പറ്റി മറ്റുള്ളവർക്കും പരിചയപ്പെടുത്തുക

     ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്നതിനിടയിൽ നിർഭാഗ്യം രോഗ രൂപത്തിലെത്തി സനയുടെ പഠനം നിർത്തേണ്ട അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ ഒരു വർഷത്തിലധികമായി ചികിൽസയിൽ കഴിയുകയാണ്. 

     സർഗ്ഗധനയായ ഈ എഴുത്തുകാരി ഇ- മലയാളിയുടെ പേജിലൂടെ അംഗീകാരത്തിന്റെ ഉയരങ്ങളിലെത്തും എന്നാണ് എന്റെ വിശ്വാസം. കൈ പിടിച്ചുയർത്തിയാൽ മലയാളത്തിന് തന്നെ ഏറെ അഭിമാനം പകരും സന റബ്സ് എന്ന കാര്യത്തിൽ സംശയമില്ല.

     'നീലച്ചിറകുള്ള മൂക്കുത്തികളെ  ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന ആത്മധൈര്യത്തോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
part 3
Part 2

Part 1



ഉയരങ്ങളിലെത്താൻ 'നീലച്ചിറകുള്ള മൂക്കുത്തികൾ (ആൻസി സാജൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക