Image

കൊറോണയുടെ കേന്ദ്രം ഇപ്പോള്‍ യൂറോപ്പ് : ലോകാരോഗ്യ സംഘടന

Published on 14 March, 2020
കൊറോണയുടെ കേന്ദ്രം ഇപ്പോള്‍ യൂറോപ്പ് : ലോകാരോഗ്യ സംഘടന


ചൈനയിലെ വുഹാനില്‍ നിന്ന് യൂറോപ്പിലേക്കാണ് കൊറോണവൈറസിന്റെ ആസ്ഥാനം ഇപ്പോള്‍ മാറിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഈ തീ പടരാന്‍ അനുവദിക്കരുതെന്നും സംഘടനയുടെ മുന്നറിയിപ്പ്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ഏകദേശം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി കുതിച്ചുയരുന്നു.

വെള്ളിയാഴ്ച മാത്രം 250 പേരാണ് വന്‍കരയില്‍ മരിച്ചത്. ആകെ 17,660 രോഗബാധിതര്‍. മരണസംഖ്യ 1266 ആണ് യൂറോപ്പില്‍.

ഇറ്റലി കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയ്‌നില്‍ ഒറ്റ ദിവസം അമ്പത് ശതമാനമാണ് മരണസംഖ്യ വര്‍ധിച്ചത്. വെള്ളിയാഴ്ച മാത്രം 120 പേര്‍ മരിച്ചു.

ലോകത്താകെ 123 രാജ്യങ്ങളിലായി 132,500 പേര്‍ക്കാണ് വൈറസ് ബാധ ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണസംഖ്യ അയ്യായിരം പിന്നിട്ടു കഴിഞ്ഞു.

യൂറോപ്പിലെങ്ങും ആശങ്ക ; ഇറ്റലിയില്‍ മരണസംഖ്യ 1200 കവിഞ്ഞു : ഈഫല്‍ ടൗവര്‍ അടച്ചു

റോമിലെ ഫ്യുമിച്ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം വരുന്ന സംഘത്തിലെ 21 മലയാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ യാത്രാനുമതി കിട്ടിയതിനെ തുടര്‍ന്ന് അവര്‍ ശനിയാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തി. ഇവരെ 14 ദിവസം നിരീക്ഷണ വിധേയമാക്കിയത് ശേഷമേ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ.ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. സംഘത്തിലെ ബാക്കിയുള്ളവര്‍ ശനിയാഴ്ചയും തിങ്കളാഴ്ചയുമായി ഇവിടെ നിന്നും പുറപ്പെടും. ഇതിനായി എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനം റോമിലെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് വൈറസ് ബാധ ഇല്ലെന്നുള്ള ഹെല്‍ത്ത് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ 17 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ച രാവിലെ റോമില്‍ എത്തിയിരുന്നു. റോമിലെ ഇന്ത്യന്‍ എംബസ്സിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവരുടെ പരിശോധന തുടരുകയാണ്. ഇതിനിടെ മിലാനില്‍ നിന്നുള്ളവരും പരിശോധനയ്ക്കായി കാത്തുകിടക്കുകയാണ്. ഇറ്റലിയില്‍ നിന്നും ഇന്‍ഡ്യയിലെത്താന്‍ കൊറോണ രഹിത ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിയ്‌ക്കെ ഇറ്റലിയില്‍ നിന്നും വിമാനം കയറിയ ആദ്യസംഘത്തില്‍ ആര്‍ക്കും ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് എയര്‍ലൈന്‍സ് അവരെ കൊണ്ടുപോയതെന്ന ആക്ഷേപവും കൂടെയുള്ളവര്‍ ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചയായി പറയപ്പെടുന്നു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 250 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ 1266 ആയി. ചൈന കഴിഞ്ഞാല്‍ കോവിഡ്~19 ബാധിച്ച് ഏറ്റവും കൂടുതലാളുകള്‍ മരിച്ച രാജ്യമാണ് ഇറ്റലി.

ഇപ്പോള്‍ ആകെ 17,660 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മരിച്ചവരും രോഗം ഭേദമായവരും കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.1439 ആളുകള്‍ക്ക് രോഗം ഭേദപ്പെട്ടതായും ആരോഗ്യവകുപ്പ് പറയുന്നു.

ജര്‍മനിയില്‍ പൊതുജീവിതത്തിന് ഷട്ട്ഡൗണ്‍

ജര്‍മനിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചു. ജര്‍മനിയിലെ കത്തോലിക്കാ ഇവാഞ്ചലിക്കല്‍ പള്ളികള്‍ ഏപ്രില്‍ മൂന്നുവരെ അടച്ചിടും.
കൊറോണ വൈറസ് ബാധ യൂറോപ്പില്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജര്‍മനിയുടെ പൊതുജീവിതം ഏറെക്കുറെ ഷട്ട്ഡൗണ്‍ ചെയ്യപ്പെട്ട അവസ്ഥയില്‍. ഇറ്റലിയുടെ അനുഭവം ഉദാഹരണമായെടുത്ത് ജര്‍മനിയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു തുടങ്ങി. രാജ്യത്ത് ഇതുവരെയായി 3675 പേര്‍ക്കാണ് ബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. എട്ടു മരണങ്ങള്‍ സംഭവിച്ചു.46 ആളുകള്‍ സുഖം പ്രാപിച്ചു.

ജര്‍മനിയിലെ മിക്ക സ്‌റേററ്റുകളും സ്‌കൂള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍, യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഏപ്രില്‍ ആറ് വരെയാണ് പ്രാബല്യം. അന്നു മുതല്‍ ഏപ്രില്‍ 20 വരെ ഈസ്റ്റര്‍ അവധിയുമാണ്.

ചെറിയ ആള്‍ക്കൂട്ടങ്ങള്‍ക്കു പോലും നിയന്ത്രണം ഉണ്ടാകും.വലിയ പരിപാടികളെല്ലാം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഒരുമിച്ചുനിന്ന് രോഗത്തെ നേരിടാനാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ആഹ്വാനം. ജര്‍മനി അതിര്‍ത്തികള്‍ അടയ്ക്കാനോ, യാത്രാവിലക്ക് ഏര്‍പ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ അറിയിച്ചു.

രാജ്യത്തിന്റെ സാന്പത്തിക മേഖലയില്‍ രോഗബാധയുടെ പ്രഭാവം കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവും തയാറാക്കുന്നു. ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ ഇന്നലെ അടച്ചു.

ബ്രിട്ടണില്‍ കൊറോണ വൈറസ് മരണസംഖ്യ 21 ആയി

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 രോഗികള്‍ കൂടി മരിച്ചു. ഇതോടെ യുകെയില്‍ കൊറോണ ബാധിച്ചു മറിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. മരിച്ചവര്‍ പ്രായാധിക്യമുള്ളവരും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. മരണങ്ങള്‍ ലണ്ടന്‍, ബിര്‍മ്മിങ്ങാം, ലെസ്റ്റര്‍ എന്നിവിടങ്ങളിലാണ് സംഭവിച്ചത്. ഇതു വരെ 1,140 പേര്‍ക്ക് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിലും കൊറോണ മരണം കൂടുന്നു

കോവിഡ്~19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സ്വിറ്റ്‌സര്‍ലന്‍ഡിലും വര്‍ധിക്കുന്നു. ഇതുവരെ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1135 പേരെ ബാധിച്ചു. 500 ഓളം ആളുകള്‍ നിരീക്ഷണത്തിലാണ്.നിലവില് ടിസിനോ കാന്റനില്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര അതിര്‍ത്തി അടച്ചു കഴിഞ്ഞു. അതിര്‍ത്തി കടന്ന് ജോലി ചെയ്യാന്‍ പോകുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും പ്രവേശനം.കൊറോണ ബാധ മരണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ ശനിയാഴ്ച മുതല്‍ അടിയാന്തിരാവസ്ഥ പ്രാബല്യത്തിലായി. ഇതുവരെ രാജ്യത്ത് 5232 പേര്‍ക്കാണ് ബാധ ഉണ്ടായിരിക്കുന്നത്. 133 പേര്‍ മരിച്ചു.

ഫ്രാന്‍സും ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചു

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും നൂറു പേരിലധികം പങ്കെടുക്കുന്ന പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 79 പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ചു മരിച്ചത്. 154 രോഗികള്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈഫല്‍ ടവര്‍ അടക്കം രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു കഴിഞ്ഞു. ലോകത്തു തന്നെ ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെത്തുന്ന രാജ്യങ്ങളിലൊന്നൊണ് ഫ്രാന്‍സ്. രാജ്യത്ത് ഇതിനകം 3661 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം ഒരു തൊഴിലാളിക്കും യാതൊരു വിധത്തിലുള്ള ധനനഷ്ടവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വ്യവസായ മേഖല തകരുന്നതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഡെന്‍മാര്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡും അതിര്‍ത്തി അടയ്ക്കുന്നു

കൊറോണവൈറസ് ബാധിതരില്‍നിന്ന് കൂടുതലാളുകളിലേക്ക് രോഗം പടരുന്നത് പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് പതിനാല് മുതല്‍ ഏപ്രില്‍ പതിമൂന്ന് വരെയാണ് ഇതിനു പ്രാബല്യം.

ഇതു പ്രകാരം, രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഒഴിവാക്കാവുന്ന എല്ലാ യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തും. അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു യാത്രക്കാരെയും കടത്തിവിടില്ല.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അതിര്‍ത്തി മാത്രമല്ല സ്‌കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവായി. ഇതിനൊപ്പം, പ്രതിസന്ധി നേരിടുന്ന വ്യവസായികള്‍ക്കായി പത്തു ബില്യന്‍ സ്വിസ് ഫ്രാങ്കിന്റെ സഹായധനവും പ്രഖ്യാപിച്ചു.

ഇറ്റലുയമായുള്ള അതിര്‍ത്തിയിലാണ് സ്വിസ് അധികൃതര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസേന വിദേശത്ത് പോയി ജോലി ചെയ്തു മടങ്ങുന്ന സ്വിസ് പൗരന്‍മാര്‍ക്ക് ഇളവ് ലഭിക്കും.

ഫിന്‍ലന്‍ഡില്‍ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി. ഇവിടട ഇതുവരെ ആരും മരിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടില്ല.

സ്വീഡനില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു.924 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. നോര്‍വേയില്‍ കോവിഡ് 19 പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം ആയിരത്തിലധികം ഉയര്‍ന്നു, ഒരാള്‍ മരിച്ചു.കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചുപൂട്ടി. വൈറസിന്റെ വ്യാപനം തടയുന്നതിനായി പൊതുമേഖലയിലെ എല്ലാ ജീവനക്കാരെയും ഗുരുതരമല്ലാത്ത ജോലികളുള്ളവരെ വീട്ടിലിരിയ്ക്കാന്‍ അനുവദിയ്ക്കുകയും ചെയ്തിരിയ്ക്കയാണ്.


കൊറോണ വൈറസിനെതിരെ തിങ്കളാഴ്ച മുതല്‍ 15 ദിവസത്തെ ദേശീയ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നു സ്പാനിഷ് സര്‍ക്കാര്‍.

ഉത്തരവ് പ്രകാരം, അടിയന്തിര സാഹചര്യങ്ങള്‍ക്കോ ഭക്ഷണം വാങ്ങുന്നതിനോ ജോലി ചെയ്യുന്നതിനോ മാത്രമേ ആളുകളെ അനുവദിക്കൂ.

ഇതുവരെ യായി 191 മരണങ്ങളും 6,046 അണുബാധകളും ഉള്ള രാജ്യമായി സ്‌പെയിന്‍. ഇറ്റലിക്ക് ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം നടന്ന രാജ്യമാണ് സ്‌പെയിന്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക