-->

America

നീലച്ചിറകുള്ള മൂക്കുത്തികൾ ...8 - സന റബ്സ്

Published

on    എന്‍ജിഒയുമായും പീപ്പിള്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍റെ പ്രവര്‍ത്തകരുമായും ഒരു മീറ്റിംഗ് മിലാന്‍ പ്രണോതി ഏര്‍പ്പാട് ചെയ്തു. മിലാന്‍റെ സെക്രട്ടറി റാഥൂനാഥിനോട് പട്ടണത്തിലെ കുറച്ചു ശക്തരായ സ്ത്രീകളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിരന്തരമായി സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും അതേക്കുറിച്ച് പഠിച്ചവരേയുംകൊണ്ട് മാത്രമേ സോനാഗച്ചിയിലെ തെരുവുകളില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നവള്‍ക്ക് തോന്നി.

അന്ന് വൈകുന്നേരം റെഡ് ലൈറ്റ് തെരുവില്‍നിന്നും മൂന്ന്പേര്‍ മിലാനെ കാണാന്‍ വന്നു. അതില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. തന്റെ  മറ്റുചില അതിഥികളെ വേഗം പറഞ്ഞയച്ചു മിലാന്‍ അവര്‍ക്കരികിലെത്തി. മിലാന്റെ സ്വീകരണമുറിയില്‍ ആ സ്ത്രീ മാത്രമാണ് ഇരുന്നത്. പുരുഷന്മാര്‍ രണ്ടുപേരും അല്പം മാറിനിന്നു. മിലാന്‍ അവരോടു ഇരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇരുന്നില്ല.

“എയ്ഡിസിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ സ്ത്രീകളെ കാണുന്നില്ല. അവര്‍കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.” മിലാന്‍ തന്‍റെ അഭിപ്രായം പറഞ്ഞു. “കാരണം നമ്മള്‍ സ്ത്രീകള്‍ ആണല്ലോ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്...ആട്ടെ, നിങ്ങളുടെ പേരെന്താണ്..?”

ചോദിച്ചു കഴിഞ്ഞപ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്നവള്‍ക്ക് തോന്നി. കാരണം പേരിന്പകരമായി അവിടെ പലര്‍ക്കും വിലകളും അക്കങ്ങളുമാണല്ലോ അവള്‍ കണ്ടത്.

ആ സ്ത്രീ പക്ഷേ ചിരിച്ചില്ല. അലക്ഷ്യമായി കാലിലേക്ക് കാലെടുത്ത് വെച്ച് മിലാന് അഭിമുഖമായി ഇരുന്ന് അവര്‍ പറഞ്ഞുതുടങ്ങി. 
  “മേഡം, സ്ത്രീകള്‍ വരുന്നില്ല എന്ന് നിങ്ങള്‍ പറയുമ്പോള്‍ അവിടത്തെ സ്ത്രീകള്‍ക്ക് രാവിലെപോയി വൈകീട്ട് വീട്ടിലെത്തുന്ന ജോലിയാണെന്ന് നിങ്ങള്‍ കരുതിയോ? ഞങ്ങള്‍ക്ക് കസ്റ്റമര്‍ വരുന്നത് എപ്പോഴാണെന്ന് പറയാന്‍ കഴിയില്ല. സമയം എന്ന സംഭവം എന്താണെന്നറിയാതെ ജീവിക്കുന്ന ഒരേയൊരു വര്‍ഗ്ഗമേ ഈ ലോകത്തുള്ളൂ. അത് സെക്സ് വര്‍ക്കേഴ്സ് ആണ്!  ഭ്രാന്തന്മാര്‍ക്ക് പോലും എപ്പോഴെങ്കിലും ഒരു തിരിച്ചറിവില്‍ രാപ്പകലുകള്‍ മനസ്സിലായേക്കാം. ഇവിടെ അതറിഞ്ഞിട്ടും ഞങ്ങള്‍ക്ക് പ്രത്യകിച്ചു പ്രയോജനമൊന്നും ഇല്ലല്ലോ.”  ഒന്ന് നിറുത്തി അവര്‍ തന്‍റെ ബാഗില്‍നിന്നും എന്തോ എടുത്ത് വായിലേക്കിട്ട് ചവച്ചു.

“സമയത്തെക്കുറിച്ച് ഇവിടുള്ളവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നത് വാര്‍ദ്ധക്യത്തിലാണ്. അതുവരേയും രണ്ടും പരസ്പരം കണ്ടുമുട്ടുന്നില്ല. തിരിച്ചറിഞ്ഞു വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. വയസ്സാകുന്ന ആദ്യ പടിയിൽ വെച്ച് ഇവിടെ ജീവിതവും ചിരിയും അവസാനിക്കുന്നു."  അവര്‍ സ്വയം പരിഹസിക്കുമ്പോലെ ചിറികള്‍ കോട്ടി. “ശരി നിങ്ങള്‍ അവസാനം ചോദിച്ചതിന്റെ ഉത്തരം. എന്‍റെ പേര് നടാഷ. നടാഷാ റാക്കൂര്.”

മിലാന് അവരുടെ പേര് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് ആ പേരുള്ള ഒരു സിനിമാനടിയെ ആയിരുന്നു. അവള്‍ ആ സ്ത്രീയെ ഒന്നുഴിഞ്ഞു നോക്കി.

അവര്‍ രണ്ട് കൈപ്പത്തികളും കൂട്ടിയടിച്ചു തന്റെ രണ്ട് കൈത്തണ്ടകളും ഉഴിഞ്ഞു. പരുപരുത്ത തൊലിയില്‍നിന്ന്  വല്ലാത്തൊരു മൊരി ശബ്ദം ഉയര്‍ന്നു. 

 “ഇവിടെ പല  ആക്റ്റിവിസ്റ്റുകളും നിങ്ങളെപ്പോലുള്ള ആളുകളും വന്ന് എന്തെങ്കിലും ചെയ്തെന്ന് വരുത്തിതീര്‍ക്കാന്‍ പലതും ചെയ്തിട്ടുണ്ട്. അവരുടെയൊക്കെ പേരും പെരുമയും വർദ്ധിപ്പിക്കാൻ  ഞങ്ങളുടെ തെരുവ് അവര്‍ക്ക് ചാകരയാണല്ലോ. അതുകൊണ്ട് കൂടുതല്‍ ഒന്നിനെക്കുറിച്ചും ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല.”

വളരെ നല്ല ഭാഷയില്‍ അവര്‍ സംസാരിക്കുന്നത് മിലാനില്‍ അല്പം കൗതുകമുണര്‍ത്താതിരുന്നില്ല. “നടാഷാ, നിങ്ങള്‍ പറയുന്നതൊക്കെ നിങ്ങളുടെ അനുഭവത്തില്‍ നിന്നെന്ന് അറിയാം. ഞാനും വലിയ വലിയ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കാന്‍ ഒരുക്കമല്ല. ഒരു ചെറിയ സഹായമെങ്കിലും എന്നാല്‍ കഴിയുന്നത്‌ എത്തിക്കാന്‍ പറ്റുമോ എന്ന് മാത്രമാണ്  ഞാന്‍ ആലോചിക്കുന്നത്.”

ആ സ്ത്രീ വായിലുള്ളത് തുപ്പാനായി എഴുന്നേറ്റു. മിലാന്‍ അവര്‍ക്ക് വാഷ് റൂം ചൂണ്ടിക്കാട്ടി.

തിരികെ വന്ന അവര്‍ മിലാനെ ഒരു പ്രത്യേക ഭാവത്തില്‍ നോക്കി. എന്നിട്ട് പറഞ്ഞു. “മേഡം, നിങ്ങള്‍ക്കറിയാമോ ഞങ്ങളുടെ തെരുവില്‍ പലയിടത്തും കക്കൂസ് ഇല്ല എന്ന്. വൃത്തിയുള്ള ഒരു ബാത്ത്റൂമിലോ ടോയിലറ്റിലോ ഒരിക്കലും കയറാത്തവരും, വൃത്തി എന്തെന്ന് അറിയാത്തവരും അവിടെയുണ്ട്. ദുര്‍ഗന്ധമില്ലാത്ത, അകത്തേക്ക് കയറിയാല്‍ മനസ്സമാധാനം നല്‍കുന്ന ഒരു കുളിമുറിയും ടോയ്ലറ്റും ഉണ്ടാക്കണം എന്നത് ജീവിതാഭിലഷമായി കരുതി അതിനു വേണ്ടി ജീവിക്കുന്നവര്‍ അവിടെയുണ്ട്.”

അവര്‍ വീണ്ടും ഇരുന്നു. “എന്‍റെ മേല്‍നോട്ടത്തില്‍ ഇരുപത് വീടുകള്‍ ഉണ്ട്. മേഡം അന്ന് കണ്ടതുപോലുള്ള ഇരുപത് വീടുകള്‍. അവിടത്തെ കുട്ടികളുടെ രക്ഷിതാവ് ഞാനാണ്. എന്നെപ്പോലെ “മാ”കള്‍ ആണ് ഓരോ  ഗ്രൂപ്പിന്റെയും മേല്‍നോട്ടം നടത്തുന്നത്. കസ്റ്റമര്‍ വരുന്ന സമയങ്ങളില്‍ ഉണ്ടാവുന്ന ഇതുപോലുള്ള പ്രോഗാമുകളില്‍ പങ്കെടുക്കാന്‍ അവര്‍ക്കാവില്ല. ചിലപ്പോള്‍ അവിടത്തെ കുട്ടികള്‍ക്ക് പുറത്തേക്കു പോകേണ്ടിയും വരും.”

“ഇവരെല്ലാം പണ്ട് മുതലേ അവിടെ ഉള്ളവരാണോ?” മിലാന്‍ അനേഷിച്ചു.

“അല്ല, പലയിടങ്ങളില്‍ നിന്നും പലപ്പോഴായി എത്തിയവര്‍, ചിലര്‍ വേണമെന്ന് കരുതി വന്നവര്‍, ചതിക്കപ്പെട്ടു വന്നവരും  അറിയാതെ വന്നവരും.... പിന്നീട് പോകേണ്ട എന്ന് തീരുമാനിച്ചവര്‍...”

“അവിടെ ഞാന്‍ കുറെ കൊച്ചുകുട്ടികളെ കണ്ടു....അവരും...ഈ തൊഴിലിലേക്ക് ആ കുട്ടികളേയും...” മിലാന്‍ മടിച്ചുമടിച്ച് അവര്‍ക്കിഷ്ടപ്പെടുമോ എന്ന ശങ്കയില്‍ ആണത് ചോദിച്ചത്.

നടാഷയുടെ കണ്ണുകള്‍ കൂര്‍ത്തു. “ആ കുട്ടികള്‍ ഞങ്ങളുടെയൊക്കെ കുട്ടികള്‍ ആണ്. വിവാഹം കഴിക്കാതെ അമ്മയാകുന്ന പെൺകുട്ടികളുടെ തെരുവാണത്.  ചിലര്‍ അവിടെ എത്തിപ്പെടുന്നവരും. കുട്ടികളെ ഈ തൊഴിലിലേക്ക് വിടാന്‍ ആര്‍ക്കും താല്പര്യമില്ല. പക്ഷേ അവരെന്ത് ചെയ്യുമെന്നാണ്? ചോദ്യങ്ങള്‍ ചോദിക്കാന്‍ എല്ലാവര്ക്കും വളരെ എളുപ്പമല്ലേ.... എന്തെങ്കിലും തൊഴിലിലേക്ക് അവര്‍ പോയാലും എവിടെനിന്ന് വരുന്നു എന്ന യാഥാര്‍ത്ഥ്യം ആ തൊഴിലുകള്‍ അവര്‍ക്കെല്ലാം ഇല്ലാതാക്കുന്നു.”

“അതില്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ ഉണ്ടോ?”

 “ഉണ്ട്. കുറച്ചുപേര്‍ പോകുന്നുണ്ട്.”

“അതിനുള്ള പണം?”

“കുറെ ഞങ്ങള്‍ തന്നെ ഉണ്ടാക്കണം. കുറച്ചൊക്കെ അവിടെ എന്‍ജിയോയുടെ ഫണ്ട് ഉണ്ട്.”

 “അവിടെ ടിവി ഉണ്ടോ? ഉണ്ടെങ്കില്‍ എപ്പോഴെങ്കിലും ഒഴിവ് സമയങ്ങളില്‍ അവര്‍ക്ക് ഉപയോഗപ്രദമായ പരിപാടികള്‍ കാണാമായിരുന്നു.”

നടാഷ അല്പം ഉച്ചത്തില്‍ ചിരിച്ചു. “ഉണ്ടുണ്ട്. പക്ഷെ അത് ഈ വീടുകള്‍ക്കെല്ലാംകൂടി ഒന്നോ രണ്ടേ ഉള്ളൂ. ഒഴിവുള്ളവര്‍ ചിലപ്പോള്‍ അവിടെ വന്നിരിക്കും. പിന്നെ ഞങ്ങളുടെ അതിഥികള്‍ക്കായി നൃത്തമണ്ഡപവും ടിവിയുമൊക്കെ വലിയ ഹാളിലും ഉണ്ട്.”

“ഓക്കേ...” മിലാന്‍ ആലോചനയോടെ തലയാട്ടി. “ഞാന്‍ മറ്റുചില ആളുകളോടും കൂടി ഒന്ന് സംസാരിക്കട്ടെ. ഈ കാര്യത്തില്‍ എന്നെ കൂടുതല്‍ സഹായിക്കാനായി കഴിയുമെന്ന് തോന്നുന്ന, നിങ്ങളുടെ അറിവിലുള്ള ഏതെങ്കിലും വ്യക്തികളെ  നിങ്ങള്ക്ക്  നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ എന്നോട് പറയാം. അതുപോലെ നിങ്ങള്‍ വളരെയധികം ആഗ്രഹിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ എന്തൊക്കെ എന്നും..”

നടാഷ മുന്നോട്ടാഞ്ഞിരുന്നു. പിന്നെ മെരുങ്ങാത്ത ശബ്ദത്തില്‍ പറഞ്ഞു.

“മൂന്നു നേരം ആഹാരം, നാണം മറക്കാനുള്ള വസ്ത്രം, സുരക്ഷിതമായി നീണ്ടു നിവര്‍ന്നു കിടക്കാനുള്ള  കുറച്ചു സ്ഥലം. ആറടി നീളവും വീതിയുമുള്ള എഴുന്നേറ്റു നിന്നാലും നടന്നാലും തലയിടിക്കാത്ത ഉയരത്തില്‍  ഒറ്റമുറിവീട്. ഇത്രയുമാണ് വേണ്ടത്. അത് കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ രാപ്പകല്‍ പാടുപ്പെടുന്നത്. അല്ലാതെ മണിമാളികയില്‍ ആവിപറക്കുന്ന ഭക്ഷണമേശയില്‍ ബാക്കിയാകുന്ന ഭക്ഷണം എടുത്ത് ചവറ്റുകൊട്ടയിലേക്ക് തട്ടിക്കോ എന്ന് വേലക്കാര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന ജീവിതത്തിനല്ല.”

മിലാനില്‍ ഒരു നടുക്കമുണ്ടായി. ലൈംഗികത്തൊഴിലാളി എന്ന് പുച്ഛത്തോടെ നോക്കി നീക്കി നിര്‍ത്തിയ ഒരു വിഭാഗം -- സമൂഹത്തിലെ വളരെ ഉയര്‍ന്നവരെന്ന് ധരിച്ചുവെച്ചവരെ -- താനടക്കമുള്ള ഒരു വിഭാഗത്തേയും അവരുടെ പ്രവര്‍ത്തികളേയും ഈ ഒറ്റവാചകം കൊണ്ട് ആഞ്ഞടിച്ചിരിക്കുന്നു!

 അവര്‍ പോകാന്‍നേരം ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്ത് മിലാന് നേരെ നീട്ടി. “ഇത് ഞങ്ങള്‍ക്ക് സാനിട്ടറി നാപ്കിന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി എത്തിച്ചുതരുന്ന കൊല്‍ക്കത്തയിലെ ഒരു വ്യവസായിയുടെ കാര്‍ഡ്‌ ആണ്. നിങ്ങള്ക്ക് അവരെ വിളിക്കാം...” ആ സ്ത്രീ എഴുന്നേറ്റപ്പോള്‍ മാറിനിന്ന രണ്ടുപേരും ഓടിവന്നു ഭവ്യതയോടെ അവരുടെ കൂടെയിറങ്ങി. മിലാനും വാതില്‍വരെ അവരെ അനുഗമിച്ചു. എന്തോ ഓര്‍ത്ത് പെട്ടന്നവള്‍ ചോദിച്ചു.

“നിങ്ങളെ അവിടെ കൊണ്ടുവിടണോ? ഞാന്‍ എത്തിക്കാം...”

അവര്‍ ചിരിച്ചു. “വേണ്ട മേഡം, ഞങ്ങള്‍ക്ക് വണ്ടിയുണ്ട്.”

തിരികെ കയറുമ്പോള്‍ അവള്‍ കൈയ്യിലെ  കാര്‍ഡിലെ പേര് നോക്കി. ദുര്‍ഗാ രാജ്നാഥ്‌, ദുര്‍ഗാ ഗാര്‍മെന്റ്സ്, ജെമ്ധാരി സാരീ സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍, ഫോണ്‍.....

അവരെ വിളിക്കാന്‍ തന്റെ സെക്രട്ടറി റാഥൂനാഥിനോട് നിർദ്ദേശം  നല്‍കിക്കൊണ്ട് അവള്‍ പുറത്തേക്കിറങ്ങി.

രാത്രിയില്‍ തിരികെ എത്തിയപ്പോഴേക്കും  ദുര്‍ഗ്ഗാ രാജ്നാഥ്‌മായി അടുത്ത ദിവസം കൂടിക്കാഴ്ചക്ക് സെക്രട്ടറി അവസരമൊരുക്കിയിരുന്നു. അല്പം കഴിഞ്ഞ് അവളെ ദാസ്‌ വിളിച്ചു.

“ഞാന്‍ ഡല്‍ഹിയില്‍ പോകുന്നു, നാളെ അമ്മയെ കാണുന്നു. ഹാപ്പി അല്ലെ?”

“പിന്നേ...അത് കഴിഞ്ഞ്?” അവള്‍ ചിരിയോടെ ചോദിച്ചു.

“അത് കഴിഞ്ഞ് പ്രേമം അവസാനിക്കുന്നു. ജീവിതം തുടങ്ങുന്നു.” അയാളും ചിരിച്ചു.

“ഓഹോ.... അപ്പോള്‍ വിവാഹം കഴിഞ്ഞാല്‍ പ്രേമിക്കാനായി വേറെ ആളെ കണ്ടെത്തും എന്നാണോ?”

“അതേ..ഡെഫിനിറ്റ്ലി... സംശയമുണ്ടോ നിനക്ക്...” ദാസ്‌ ഉറക്കെ ചിരിച്ചു. “പിന്നെ നിനക്ക് പ്രേമിക്കാന്‍ സമയവും ഉണ്ടാവില്ലല്ലോ... ഗര്‍ഭം, പ്രസവം, കുട്ടിയെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നീ വളരെ ബിസി ആയിരിക്കുമല്ലോ....”

മിലാന് അയാളെ കൊല്ലാനുള്ള ദേഷ്യം വന്നെന്ന് തോന്നുന്നു. അവളുടെ അമര്‍ന്ന സ്വരം കേട്ട് അയാള്‍ വീണ്ടും ചിരിച്ചു.

“മറ്റൊരു വാര്‍ത്ത കൂടി. തനൂജ ഇവിടെ ഒരു മീറ്റിംഗില്‍ ഉണ്ട്. നിനക്ക് ആലോചിക്കാനും വിഷമിക്കാനും ഇത്രേം പോരെ ഇന്നേക്ക്?”

“ഒഹ്, ഞാന്‍ അങ്ങനൊരു സംശയരോഗി അല്ല...” മിലാൻ  പരിഭവത്തോടെ പറഞ്ഞു.

തന്‍റെ എസി മുറിയില്‍ ചൂടും തണുപ്പും മിതമാക്കി വളരെ സുഖമായി കിടക്കാന്‍ ഒരുങ്ങിയപ്പോഴും എന്തോ അസ്വസ്ഥത അവളെ മഥിച്ചുകൊണ്ടിരുന്നു. ആറടി നീളത്തിലും വീതിയിലും മാത്രം സൗകര്യം കൊതിച്ചുകൊണ്ട് ജീവിക്കുന്ന ഒരു വലിയ ജനത അവളുടെ മുന്നില്‍ അവളെ ഉറ്റുനോക്കി നില്‍ക്കുന്നതുപോലെ! അല്‍പ്പമെങ്കിലും അവരുടെ ജീവിതത്തിന് തന്നാലാവുന്നത് നല്‍കാന്‍ എന്താണ് ചെയ്യേണ്ടത്?

  പിറ്റേന്ന് ദാസ്‌ എയര്‍പോര്‍ട്ടില്‍ എത്തി മിലാനെ വിളിച്ചു. സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ ഷോള്‍ഡറില്‍ ആരോ തട്ടിവിളിച്ചു. ദാസ് തിരിഞ്ഞു നോക്കി.

“ഹായ്..റായ്..” ചിരിച്ചുകൊണ്ട് മുന്നില്‍ തനൂജ!

ദാസ് പെട്ടെന്ന് കാള്‍ കട്ട് ചെയ്തു. “ഹായ്, സര്‍പ്രൈസ് ആണല്ലോ, എവിടെ പോകുന്നു?” അയാള്‍ ചോദിച്ചു.

“ഞാന്‍ ഡല്‍ഹിയിലേക്ക്...റായും അങ്ങോട്ടല്ലേ...” തനൂജ ചോദിച്ചു.

“അതേ.....” അയാള്‍ പറഞ്ഞു. രണ്ടുപേരും ഒരുമിച്ചാണ് വിമാനത്തിലേക്ക് കയറിയത്. മറ്റൊരിടത്തായിരുന്ന തന്‍റെ സീറ്റ് തനൂജ റായ് വിദേതന്‍ ദാസിനരികിലേക്ക് മാറ്റി വാങ്ങി.

സീറ്റ് ബെല്‍റ്റ്‌ മുറുക്കുംമുന്‍പേ ദാസിനരികിലേക്ക് ചാഞ്ഞിരുന്ന് അയാളുടെ കൈകള്‍ക്ക് മുകളിലേക്ക് കൈ എടുത്തുവെച്ച് കൊഞ്ചലും പരിഭവവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.

“എങ്കിലും ആ ഷോര്‍ട്ട് ഫിലിം നമ്മള്‍ ഒരുമിച്ചഭിനയിക്കാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു റായ്.”
ദാസ്‌ അവളെ നോക്കി. തനൂജയില്‍ നിന്നും പ്രസരിക്കുന്ന പെര്‍ഫ്യൂമിന്‍റെ ഗന്ധം  വളരെ സ്പെഷ്യല്‍ ആയിരുന്നു! ദാസ്‌ തന്‍റെ കൈകള്‍ വലിക്കാന്‍ ശ്രമിച്ചു. പക്ഷെ തനൂജ പിടിമുറുക്കുകയാണുണ്ടായത്.

“സീ തനൂജാ, ആ ഫിലിം ചെയ്യാന്‍ മിശ്ര സമീപിച്ചത് മിലാനെ ആയിരുന്നു. അല്ലാതെ... തനൂജയെ  ഒഴിവാക്കിയതല്ല.”

“ഒഹ്... ഐ നോ.., ബട്ട്‌ വേണമെങ്കില്‍ നമുക്ക് ചെയ്യാമായിരുന്നു... റായ് ശ്രമിച്ചിരുന്നെങ്കില്‍...” അവളുടെ നിശ്വാസം ദാസിന്റെ മുഖത്തടിച്ചു.

“എന്തൊക്കെയാണ് ഡല്‍ഹിയിലെ പ്രോഗ്രാം..?” തനൂജ ചോദിച്ചു.

“പേര്‍സണല്‍ ഒണ്‍ലി, അമ്മയെ കാണണം. കുറെ നാളായി പല തിരക്കുകള്‍ കാരണം നടന്നില്ല.”

നാല് സീറ്റുകള്‍ക്ക് പിന്നില്‍ നിന്നും ഒരു ഫോണ്‍ അപ്പോള്‍ മിലാന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

തുടര്‍ച്ചയായി തന്‍റെ ഫോണ്‍ റിംഗ് കേട്ട് മിലാന്‍ ഫോണിനരികിലേക്ക് വേഗം നടന്നു. “ഹലോ റിനൂ... നീ എവിടുന്നാണ്?”

“ഞാന്‍ ഡല്‍ഹിക്ക് പോകുന്നു. നിന്‍റെ സ്വീറ്റ് ഹാര്‍ട്ട് ഈ ഫ്ലൈറ്റില്‍ ഉണ്ട്.” റിനുവിന്റെ സ്വരം അവളുടെ കാതില്‍ ഒഴുകി.

“യെസ്, അമ്മയെ കാണാന്‍ പോകുകയാണ്. എന്നെ ഇപ്പോള്‍ വിളിച്ചിരുന്നു.”

“ഉം, തനൂജയും അമ്മയുടെ അരികിലേക്കാണോ...?” റിനു താന്‍ കണ്ട കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു. “നീയൊന്ന് സൂക്ഷിച്ചോ മിലൂ, ആ സ്ത്രീ ഒരു സോഷ്യല്‍ ബട്ടര്‍ഫ്ലൈ ആണ്. വിദേത് ആള്‍സോ... മറക്കേണ്ട. നിന്‍റെ പീസ് ഓഫ് മൈന്‍ഡ് കളയാന്‍ വേണ്ടി പറയുന്നതല്ല. ശരി, വന്നിട്ട് വിളിക്കാം.”

മിലാന്‍ ആലോചനയോടെ ഫോണ്‍ വെച്ചു.

ഒരു മിനിറ്റിനു ശേഷം അവള്‍ ദാസിന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു. അത് സ്വിച്ച് ഓഫ്‌ ആയിക്കഴിഞ്ഞിരുന്നു.

 

                       (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

View More