Image

ഒട്ടക രക്തത്തിലെ ആന്റിബോഡിക്ക് കൊറോണയെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍

Published on 19 April, 2020
ഒട്ടക രക്തത്തിലെ ആന്റിബോഡിക്ക് കൊറോണയെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍
ലണ്ടന്‍: ഒട്ടക വര്‍ഗത്തില്‍പ്പെടുന്ന ലാമകളുടെ രക്തത്തില്‍ കാണപ്പെടുന്ന ആന്റിബോഡിക്ക് കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍. ബല്‍ജിയത്തിലെ വ്‌ളാംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് കോവിഡ് പോരാട്ടത്തിന് ഈയൊരു സാധ്യത അവതരിപ്പിച്ചത്.

ഒട്ടകത്തിന്റെ വര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയുടെ രക്തത്തില്‍ കാണപ്പെടുന്ന ചില തന്മാത്രകള്‍ നിലവിലെ കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരായ ഔഷധമായി ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മുമ്പ് എച്ച്.ഐ.വി ഗവേഷണങ്ങള്‍ക്കായാണ് ഈ ആന്റിബോഡികള്‍ ആദ്യമായി പരീക്ഷിച്ചിരുന്നത്. പിന്നീട് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ വന്നപ്പോഴും അവയ്‌ക്കെതിരെ ഈ ആന്റിബോഡികള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നവയാണ്.

സാര്‍സ് ( സെവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം), മെര്‍സ് ( മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രേം) എന്നിവയുണ്ടാക്കിയ കൊറോണ വൈറസുകളുടെ കൂട്ടത്തിലാണ് നിലവിലെ കോവിഡ് 19 ബാധയ്ക്ക് കാരണമായ സാര്‍സ് കോവ്2

ഒട്ടകങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകള്‍ ആദ്യമായി തിരച്ചറിഞ്ഞത് 1989ല്‍ ബ്രസല്‍സ് യൂണിവേഴ്‌സിറ്റിയായിരുന്നു. തന്മാത്രാ വലിപ്പം കുറവാണെന്നതിനാല്‍ ഇവയുടെ വളരെ ചെറിയ അളവിനുപോലും വൈറസുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്.

അതേസമയം ദക്ഷിണ കൊറിയയില്‍ നടന്ന മറ്റൊരു പഠനത്തില്‍ ധ്രുവപ്പൂച്ചകളുടെ വിഭാഗത്തില്‍ പെടുന്ന ഫെററ്റുകളില്‍ കൊറോണ വൈറസ് ബാധയുണ്ടായാല്‍ അവ മനുഷ്യര്‍ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കും വൈറസിനെപ്പറ്റിയുള്ള ഭാവി പരീക്ഷണങ്ങള്‍ക്കും ഇവയെ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക