Image

മഹാമാരിയുടെ വ്യാപനം തടയാന്‍ ശക്തമായ ഇടപെടലുണ്ടാവണമെന്ന്

Published on 18 May, 2020
മഹാമാരിയുടെ വ്യാപനം തടയാന്‍ ശക്തമായ ഇടപെടലുണ്ടാവണമെന്ന്


ജിദ്ദ: സൗദി അറേബ്യയുടെ പശ്ചിമ മേഖലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ്19 വ്യാപനം തടയുന്നതിന് കോണ്‍സുലേറ്റ് പഴുതടച്ചതും കൂടുതല്‍ ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തണമെന്ന് സാമൂഹിക സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികളുടെ ബാച്ചിലേഴ്സ് താമസസ്ഥലങ്ങളില്‍ മഹാമാരി പിടിപെടുന്നവരുടെ എണ്ണം കൂടിവരികയും അസംഖ്യം പേര്‍ സമ്പര്‍ക്ക സാധ്യതാ ഭീഷണിയിലാവുകയും ചെയ്തതായും രോഗവ്യാപനത്തെക്കുറിച്ച ജാഗ്രതയില്ലായ്മയും ബോധവത്ക്കരണക്കുറവും സ്ഥിതി കൂടുതല്‍ ഭീതിതമാക്കിയതായും ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) ആതിഥ്യമൊരുക്കിയ സൂം സെഷനില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.

തബൂക്ക് മുതല്‍ നജ്റാന്‍ വരെയുള്ള മേഖലയിലെ മുപ്പതോളം നേതാക്കള്‍ സംബന്ധിച്ച യോഗം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹസന്‍ സിദ്ദീഖ് ബാബുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (സി.ഇ.ആര്‍.ടി) രൂപം നല്‍കി. യോഗത്തില്‍ അധ്യക്ഷത വഹിച്ച ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി, നേരത്തെ തയാറാക്കിയ ചോദ്യാവലിയിലൂടെ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസന്റേഷന്‍ നടത്തി.

കോവിഡ് നിര്‍മാര്‍ജനത്തിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്ന സൗദി ഭരണകൂടത്തെ യോഗം അഭിനന്ദിക്കുകയും എംബസിയും കോണ്‍സുലേറ്റും കൈക്കൊണ്ടുവരുന്ന നടപടികളില്‍ പൊതുവെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മഹാമാരി തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും മക്ക, ജിദ്ദ അലഗ, ജിസാനിലെ ബെയ്ഷ് തുടങ്ങിയ പ്രദേശങ്ങളിലെ ഗുരുതരസ്ഥിതിവിശേഷവും നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചു. ബാച്ചിലേഴ്സ് താമസകേന്ദ്രങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സമ്പര്‍ക്ക സാധ്യതയുള്ളവരെ പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചുവരുന്നവരെ താമസസ്ഥലത്ത് പ്രവേശിപ്പിക്കാത്ത സാഹചര്യവുമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ ലഭ്യമല്ലാത്തതും സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുന്നു. നവീനസൗകര്യമുള്ള ആംബുലന്‍സുകള്‍ വാടകക്കെടുത്തോ മറ്റോ ലഭ്യമാക്കാന്‍ കോണ്‍സുലേറ്റ് തയാറാകണം. നൂറുകണക്കിന് ക്രോണിക് രോഗികള്‍ മരുന്നു കിട്ടാതെ വലയുന്നുണ്ട്. ഇവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍നിന്ന് തുക അനുവദിക്കണം.

നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് ഗര്‍ഭിണികളും രോഗികളുമടക്കമുള്ളവര്‍ വിദൂര പ്രദേശങ്ങളില്‍നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍, മദീനയില്‍നിന്നും ജിസാനില്‍നിന്നും വിമാനസര്‍വീസ് തുടങ്ങാന്‍ നടപടി വേണം. ദീര്‍ഘയാത്ര ചെയ്ത് ജിദ്ദയിലെത്തിയശേഷം വിശ്രമത്തിന് സൗകര്യങ്ങളില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ റിഫ്രഷ്മെന്റ് സൗകര്യമൊരുക്കണം. കൂടുതല്‍ പേരുടെ മടക്കയാത്ര സുഗമമാക്കാന്‍ ജംബോ വിമാനം ഉപയോഗിക്കണമെന്നും വിമാന യാത്രയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്ന സാഹചര്യം ഒഴിവാക്കണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.

ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിനുപോലും വകയില്ലാതെ താമസസ്ഥലത്ത് ചടഞ്ഞുകൂടി കഴിയേണ്ടിവരുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയും കൗണ്‍സലിംഗ് ഏര്‍പ്പെടുത്തുകയും രോഗികള്‍ക്ക് മരുന്നു ലഭ്യമാക്കുകയും ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്ന സംഘടനകളെ യോഗം അഭിനന്ദിച്ചു. ഇത്തരം പ്രവാസികളില്‍ മാനസികപിരിമുറുക്കം കൂടിവരുന്ന സാഹചര്യത്തില്‍ വ്യാപകവും കാര്യക്ഷമമവുമായ കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. ചില നഗരങ്ങളില്‍ മഹാമാരിയുടെ വ്യാപനം മൂലം സ്പോണ്‍സര്‍മാര്‍ നഗരത്തിനുപുറത്തുപോയി താമസിക്കുന്നതുകൊണ്ട്, രോഗബാധിതരായ പ്രവാസികളുടെ ചികിത്സക്കും മറ്റും പ്രയാസം നേരിടുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അസംഘടിത മേഖലയിലും ബഖാലകളിലും ബൂഫിയകളിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളാണ് മഹാമാരിയുടെ വ്യാപനത്തില്‍ ഏറ്റവുമധികം കഷ്ടനഷ്ടങ്ങള്‍ നേരിടുന്നതെന്നും വിലയിരുത്തലുണ്ടായി.

നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ ബദ്ധശ്രദ്ധരാണെന്ന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായപ്പോള്‍, ഒരു വേള തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി കൂടുതല്‍ പേര്‍ക്ക് സൗകര്യപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് പ്രോപ്രോട്ടൊകോള്‍ പാലിക്കുന്നതില്‍ പ്രവാസികള്‍ തികഞ്ഞ അലംഭാവം കാണിക്കുന്നതായും ഈ രംഗത്ത് ശക്തമായ ബോധവത്കരണം അനിവാര്യമാണെന്നും അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍പറഞ്ഞു. ശറഫിയ, അസീസിയ തുടങ്ങിയ ഡിസ്ട്രിക്ടുകളിലെ സൂഖുകളില്‍ യാതൊരു മുന്‍കരുതലുമില്ലാതെ ജനങ്ങള്‍ തടിച്ചുകൂടുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജിജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.

അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി), കെ.ടി.എ മുനീര്‍, അബ്ദുല്‍ മജീദ് നഹ (ഒ.ഐ.സി.സി), വി.കെ.എ. റഊഫ്, ഷിബു തിരുവനന്തപുരം (നവോദയ), കെ.പി അബ്ദുല്‍ സലാം (എം.ഇ.എസ്), പി.എം മായിന്‍കുട്ടി (ഇന്ത്യന്‍ മീഡിയാ ഫോറം), പി.പി.എ. റഹീം (ന്യൂ ഏജ്), നൗഷാദ് മാരിയാട് (ഐ.എം.സി.സി), അബ്ബാസ് ചെമ്പന്‍ (ഇസ്ലാഹി സെന്റര്‍ മദീനാ റോഡ്), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍ ഷറഫിയ), മുജീബ് എ.ആര്‍ നഗര്‍ (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം), കോയിസ്സന്‍ ബീരാന്‍കുട്ടി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഉബൈദുല്ല തങ്ങള്‍ (ഇസ്ലാമിക് സെന്റര്‍), സി.എച്ച് ബഷീര്‍ (തനിമ), നാസര്‍ ചാവക്കാട് (ഐ.ഡി.സി), ഇ.എം. അബ്ദുല്ല (ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം), റഹീം ഒതുക്കുങ്ങല്‍ (പ്രവാസി സാംസ്‌കാരികവേദി), ഹനീഫ പാറക്കല്ലില്‍ (ഫാര്‍മസി ഫോറം), ലാലു ശൂരനാട് (തബൂക്ക്), കുഞ്ഞിമോന്‍ കാകിയ, മുജീബ് പൂക്കോട്ടൂര്‍ (മക്ക), ശങ്കര്‍ എളങ്കൂര്‍ (യാമ്പു), ഹാരിസ് കല്ലായി, താഹ കൊല്ലേത്ത് (ജിസാന്‍), അഷ്റഫ് കുറ്റിച്ചല്‍ (അബഹ), ഫൈസല്‍ ബാബു (ഖുന്‍ഫുദ), സൈദ് മൂന്നിയൂര്‍ (മദീന), നാലകത്ത് മുഹമ്മദ് സാലിഹ് (തായിഫ്), സഹ്റാനി ഗ്രൂപ്പ് എം.ഡി റഹീം പട്ടര്‍കടവന്‍, മുല്ലവീട്ടില്‍ സലീം, ഇസ്ഹാഖ് പൂണ്ടോളി, ജലീല്‍ കണ്ണമംഗലം, മുസ്തഫ വാക്കാലൂര്‍, എ.എം അബ്ദുല്ലക്കുട്ടി, കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, നൗഫല്‍ പാലക്കോത്ത്, അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടില്‍, അരുവി മോങ്ങം, ഇബ്രാഹിം ശംനാട്, ഗഫൂര്‍ കൊണ്ടോട്ടി, അഷ്റഫ് പാലത്തില്‍, മന്‍സൂര്‍ വണ്ടൂര്‍, എ.പി.എ. ഗഫൂര്‍, പി.എം. മുര്‍തദ, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക