അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍

Published on 05 June, 2020
 അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍


ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ചാം വട്ടം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് ആംഗല മെര്‍ക്കല്‍. കൊറോണകാലത്ത് ആദ്യമായി മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. മഹാമാരിയെ ജര്‍മന്‍ സര്‍ക്കാര്‍ നേരിട്ട രീതി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും മെര്‍ക്കലിന്റെയും സിഡിയുവിന്റെയും ജനപ്രീതിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഒരു സാഹചര്യത്തിലും സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മെര്‍ക്കല്‍ നല്‍കിയത്.

കൊറോണയും ലോക്ക്ഡൗണും കാരണമുണ്ടായ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 130 ബില്യണ്‍ യൂറോയുടെ പദ്ധതി സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുമായുള്ള മുഖാമുഖം.

ജനങ്ങള്‍ കാണാതെ ഒളിച്ചു വച്ചിരുന്ന പണം ഇപ്പോള്‍ എടുത്തു വിതരണം ചെയ്യുകയല്ല ചെയ്യുന്നത്. ഇല്ലാത്ത പണം കടമായെടുക്കുകയാണ്. വരും തലമുറകളാണ് ഈ കടം വീട്ടിത്തീര്‍ക്കേണ്ടി വരിക എന്നതാണ് ഇതില്‍ ഏറ്റവും കയ്‌പേറിയ യാഥാര്‍ഥ്യമെന്നും ചാന്‍സലര്‍ ഓര്‍മിപ്പിച്ചു.

സമൃദ്ധിയുടെ കാലത്തേക്ക് നമുക്ക് എത്രയും വേഗം തിരിച്ചെത്തേണ്ടതുണ്ട്. ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക മാത്രമാണ് അതിനുള്ള മാര്‍ഗം. മൂല്യ വര്‍ധിത നികുതി കുറയ്ക്കുന്നത് അടക്കം ഇതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട് - മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകളും ഡേ കെയറുകളും തുറക്കാനുള്ള തീരുമാനമാണ് കൊറോണ കാലത്ത് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും അവര്‍ വെളിപ്പെടുത്തി.

ഫ്‌ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍

ബര്‍ലിന്‍: യുഎസില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വംശജനെ വെള്ളക്കാരനായ പോലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നത് വംശീയ കൊലപാതകം തന്നെയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ഭീകരമായ കൊലപാതകമാണിത്. വംശീയത് ഭീതിദമാണ്. യുഎസ് സമൂഹം ഈ വിഷയത്തില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

ജനങ്ങളെ ഒരുമിച്ചു നിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനു കടകവിരുദ്ധമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രീതിയെന്നും അവര്‍ കുറ്റപ്പെടുത്തി.

ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും

ബര്‍ലിന്‍: രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 130 ബില്യണ്‍ യൂറോയുടെ പാക്കേജിന്റെ ഗുണഫലങ്ങള്‍ നേരിട്ട് ലഭിക്കുന്ന ഒരു വിഭാഗമാണ് കുട്ടികളുള്ള കുടുംബങ്ങള്‍. ഓരോ കുട്ടിക്കും മുന്നൂറ് യൂറോ വീതം അധികമായി ലഭിക്കുന്ന വിധത്തിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ തുക നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 6.3 ശതമാനത്തിന്റെ ചുരുക്കമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. എഴുപതു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂല്യ വര്‍ധിത നികുതിയില്‍ വരുത്തിയിരിക്കുന്ന താത്കാലിക കുറവും കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ റിബേറ്റ് ഇരട്ടിയുമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ കൈയില്‍ ചെലവാക്കാന്‍ പണമുണ്ടാകുകയും അവരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും മാത്രമാണ് രാജ്യത്തെ സമൃദ്ധിയിലേക്കു തിരിച്ചുകൊണ്ടുപോകുന്നതിനുള്ള മാര്‍ഗമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലോക്ക്ഡൗണ്‍ കാരണം സാന്പത്തിക മേഖല എത്തിപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 130 ബില്യണ്‍ യൂറോയുടെ ഉത്തേജക പാക്കേജിന് ഭരണ മുന്നണിയിലെ പാര്‍ട്ടികള്‍ അംഗീകാരം നല്‍കിയത് ഏറെ ഗുണകരമാവുമെന്ന് ജര്‍മനിയിലെ വിവിധ കക്ഷികള്‍ പ്രതികരിച്ചു.

മൂല്യവര്‍ധിത നികുതി 19 ശതമാനത്തില്‍നിന്ന് താത്കാലികമായി 16 ശതമാനമാക്കുന്നതും ചൈല്‍ഡ് വെല്‍ഫെയര്‍ 300 യൂറോ വര്‍ധിപ്പിക്കുന്നതും ഇലക്ട്രിക് കാറുകള്‍ക്കുള്ള സര്‍ക്കാര്‍ റിബേറ്റ് ഇരട്ടിയാക്കുന്നതും ഇതിന്റെ ഭാഗമാണ്.

കാലാവസ്ഥാ വ്യതിയാനം തടയുക, രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ ഡിജിറ്റൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അന്പത് ബില്യണ്‍ യൂറോയും വകയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക