ഒരു ദിവസം; ഓർമ്മകളില്ലാതെ (കവിത: ശാന്തിനി ടോം )

Published on 30 June, 2020
ഒരു ദിവസം; ഓർമ്മകളില്ലാതെ (കവിത: ശാന്തിനി ടോം )
ഓർമ്മകൾ ഇല്ലാത്തൊരു 
ദിവസമുണ്ടായാലോ...?
എങ്ങനെ ആയേക്കാം 
ആ നിമിഷങ്ങളെന്ന് ഞാൻ 
വേവലാതി പൂണ്ടു

അങ്ങനെയൊന്നുണ്ടായില്ലല്ലോ
പിന്നെന്തിന്‌ ചിന്തിക്കുന്നെന്ന് 
നീയും ശാസിച്ചു

"എന്നെ ഓർക്കാറില്ലല്ലോ” 
എന്ന് ഞാൻ പരാതിപ്പെടുമ്പോൾ
മറക്കാറില്ലല്ലോ, 
പിന്നെന്തിനോർക്കണമെന്ന് 
നീ മറുപടിയും പറയും

ഒരു ചുവന്ന പനിനീർപ്പൂവ്‌
കൊണ്ടുവരാഞ്ഞതെന്ത്‌ 
എന്ന് ഞാൻ
ഒരു വസന്തം തന്നെ 
നിന്റെ മിഴികളിൽ 
പൂക്കുമല്ലോ എന്ന് നീയും

എനിക്കു വേണ്ടി 
എന്താണുള്ളതെന്ന് ഞാൻ
എനിക്കുള്ളതെല്ലാം 
നിനക്കല്ലേയെന്ന് നീയും

‌തനിച്ചാവാൻ 
ഇഷ്ടമില്ലെന്ന് ഞാൻ
എന്നും കൂട്ടിനുണ്ടല്ലോ 
എന്ന് നീയും"

അപ്പൊഴേക്കും ഓർമ്മകൾ 
മാഞ്ഞുപോവുന്ന ദിവസമെത്തി
‌സമയത്തിന്റെ ഓർമ്മപ്പെടുത്തൽ 
അന്യവുമായിത്തീർന്നു...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക