ഇവിടെ..( കഥ: പുഷ്പമ്മ ചാണ്ടി )

Published on 30 June, 2020
ഇവിടെ..( കഥ: പുഷ്പമ്മ ചാണ്ടി )"ഈ  പിള്ളേർക്കെന്താ  ഉറക്കവുമില്ലേ ?
എത്ര നേരംകൊണ്ടുളള കഥ പറച്ചിലാ... 
ലൈറ്റ് ഓഫ് ചെയ്‌തു വന്നു കിടക്കാൻ നോക്ക്.."

അമ്മയാണ്.

കുറെ നാളുകൾക്കു ശേഷമാ ണ് വീട്ടിലേക്കുളള ഈ വരവ്... ..
ഈസ്റ്റർ വെക്കേഷനു വീണുകിട്ടിയ ഒരാഴ്ചക്കാലം ... വാരാന്ത്യവും കൂടെ ചേർത്തിങ്ങു പോന്നു....
വേരുകള്‍ ഒന്ന് തൊട്ടു തലോടുവാൻ...

"ലൈറ്റിന്റെ സ്വിച്ച്, നീ കിടക്കുന്ന ഭാഗത്തല്ലേ, അതങ്ങു ഓഫ് ചെയ്തോ, അല്ലെങ്കിൽ അമ്മ എഴുന്നേറ്റു വരും.  കെട്ടിച്ചു വിട്ടതാണ്, രണ്ടു മക്കളുടെ അമ്മമാരാ ണെന്നൊന്നും നോക്കില്ല , നല്ലതു കിട്ടും ."

ടെസ്സി ലൈറ്റ് ഓഫാക്കി..

ഇരുട്ടിൽ കണ്ണുംനട്ടു കിടന്ന് രണ്ടുപേരും  കഥ പറച്ചിൽ തുടർന്നു.., 
അമ്മയറിയാതെ സിനിമ കാണാൻ പോയത്, പരീക്ഷയിൽ തോറ്റപ്പോൾ അമ്മയുടെ ഒപ്പ് പ്രോഗ്രസ്സ് കാർഡിൽ ഇട്ടുകൊടുത്തത്...
അങ്ങനെ നീണ്ടു പോകുന്ന  കഥകൾ...
മൂന്നു വയസ്സിന്റെ  വ്യതാസം  ചേച്ചിയും അനുജത്തിയും തമ്മിലുണ്ടെങ്കിലും രണ്ടു പേരും  കൂട്ടുകാരേ പോലെയാണ് .

'"എത്ര നാളായി, ഇങ്ങനെ ഒന്നിച്ചുകിടന്നു  പഴയ കാര്യങ്ങളൊക്കെ പറഞ്ഞിട്ട്,  ഫോൺവിളിയുണ്ടെങ്കിലും, ഇങ്ങനെ  കട്ടിലിൽ ഒപ്പം കിടന്നു കഥകൾ പറയുന്നതു പോലെ വരില്ല അതൊന്നും ...

" ടെസ്സീ,  നമുക്ക് പുറത്തിറങ്ങി ച്ചെന്നു  ചന്ദ്രനെ നോക്കിയാലോ ? ഇന്ന് പൗർണ്ണമിയാണ് "
" എടി  ചേച്ചീ....  നിന്‍റെ വട്ടൊന്നും 
ഇപ്പോഴും  മാറിയിട്ടില്ലേ ? പഴയകാലം പോലെയല്ല, ഈ ഭാഗത്തൊക്കെ കള്ളന്മാരുടെ ശല്യമുണ്ട്. നമ്മൾ പുറത്തേക്കിറങ്ങുന്ന നേരം നോക്കി വല്ല കള്ളന്മാരും അകത്തു കടക്കും "

" നമ്മുടെ നാട്ടിൽ വച്ച്  ആകാശത്തു നോക്കി ചന്ദ്രനെ കാണുന്ന ഭംഗി അങ്ങ് ലണ്ടനിൽ ചന്ദ്രനെ നോക്കുമ്പോൾ കിട്ടില്ല. 
അതുപോലെയാണു ഇവിടുത്തെ മഴയും.  
അവിടെ സ്ഥിരം മഴയാണ്.  എന്നിട്ടും ഇവിടെ പെയ്യുന്ന ഈ  ചറപറ മഴ, അതിങ്ങനെ ഓടിന്റെ പുറത്തു ഒരേ താളത്തിൽ വന്നു  വീഴുമ്പോഴുള്ള  രസം ..."

" കഴിഞ്ഞ വെള്ളപ്പൊക്കത്തിന് നീ ഇവിടെയില്ലാതെ പോയി. ഉണ്ടായിരുന്നെങ്കിൽ അറിയാമായിരുന്നു എന്തക്രമമാണ് നിന്‍റെ ഈ ചറപറ  മഴ കാണിച്ചു  വെച്ചതെന്ന് "
" അത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ലേ ?"

" അക്കരെ നില്ക്കുമ്പോൾ ഇക്കരെപ്പച്ചയാ, എന്‍റെ  മോളേ.. "

"നിനക്കോർമ്മയുണ്ടോ, ഇടവപ്പാതി മഴയത്ത്  രാവിലെ അടിതൊട്ടു മുടിവരെ പുതച്ചു മൂടി,  അങ്ങനെ കിടക്കുമ്പോൾ, അമ്മ വിളിക്കും,... 
കേട്ടാലും കേൾക്കാത്ത ഭാവത്തിൽ, ഏതോ സ്വപ്നത്തിൻറെ ബാക്കിയും കൂടി കണ്ടു കിടക്കാൻ വല്ലാത്തയൊരു സുഖമായിരുന്നു,  അല്ലേ.. ? , വലിയ കലത്തിലെ 
കരിപ്പെട്ടിക്കാപ്പി  
സ്റ്റീൽ ഗ്ലാസ്സിൽ ഒഴിച്ച്, കൈയ്യിലെ ചൂട് കവിളിൽ പതിപ്പിച്ചുകൊണ്ട്  മഴയെ നോക്കിയങ്ങനെ  കുറച്ചു നേരം കൂടി നിൽക്കും, അമ്മയുടെ അടുത്ത വിളി വരുന്നതുവരെ ,,"

ഞാൻ പിന്നെയും എന്തൊക്കെയോ പറയാൻ തുടങ്ങി....
അപ്പോഴേക്കും ടെസ്സിയുടെ കൂർക്കംവലി കേട്ടു ....
ശരിക്കും, ഇവൾ എന്തു ഭാഗ്യവതിയാണ്.? കിടന്നാലുടനെ സുഖനിദ്രയെ പുൽകാൻ പറ്റുന്നു...

എൽസയുടെ 
മനസ്സപ്പോഴും പഴയ ലോകത്തായിരുന്നു..

ഈ മുറി തന്നെ അവൾക്കു മറ്റൊരു ലോകമാണ്. സാന്ത്വനവലയം ... ..
സ്വപ്‌നങ്ങൾ നെയ്തയിടം.... .
താറുമാറായിപ്പോയ ചില ബന്ധങ്ങളുടെ മാറാപ്പ് ഉപേക്ഷിച്ചതും ഇവിടെത്തന്നെ ..
 ഈ മുറിയിൽ എവിടെയോ അവയെല്ലാം ഭദ്രം..
 ..
അനുജത്തിയെ ഉണർത്താതെ, ഫോണിന്റെ ടോർച്ചടിച്ച്, ഒച്ചയുണ്ടാക്കാതെ  അലമാര തുറന്നു. 
പഴയ കുറേ സാരികൾ, എല്ലാം നരച്ചു നിറംമങ്ങിപ്പോയിരിക്കുന്നു.. വെളുപ്പിൽ നീല നിറത്തിൽ ചെറിയ പൂക്കളുള്ള സാരി... ഏതോ ഓർമ്മക്കായി സൂക്ഷിച്ചു  വെച്ചതാണ്...  .

അലമാരയുടെ താഴെത്തെ തട്ടിൽ, ഒരു  പ്ലാസ്റ്റിക് ബാഗ്...  അതു പുറത്തെടുത്തു തുറന്നു....,  കാണാതെപോയ തന്റെ  ഡയറി..,. മഷിയുണങ്ങിയ നീല ഹീറോ പേന,
ഒരു കൊന്ത,  പ്രാർത്ഥനാ പുസ്തകം,  പത്താം ക്ലാസിലെ പരീക്ഷക്ക്‌ മുന്നേ ഏതോ ഒരു കൂട്ടുകാരി സമ്മാനിച്ച ,
" വിത്ത് ലവ്" എന്നെഴുതിയ  കന്യാമറിയത്തിന്റെ പടം ...

'അമ്മ അതെല്ലാം സൂക്ഷിച്ചെടുത്തു 
വച്ചിരിക്കുന്നു.  കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പഴയൊരു  ഡയറി ഇവിടെയെങ്ങാനും കണ്ടോ എന്നു ചോദിച്ചതിന് 
" എൻ്റെ എൽസാ , നിന്‍റെ  കീറ്റക്കടലാസുകൾ ചേർത്തു വെയ്ക്കുന്ന സൂക്കേട് ഇതു വരെ മാറിയില്ലേ ? 

"അടുത്ത പ്രാവശ്യം നീ വരുമ്പോഴേക്കും 
തപ്പിയെടുത്തുവെക്കാം" എന്നു പറഞ്ഞെങ്കിലും ഇങ്ങനെ  പ്രതീക്ഷിച്ചില്ല 
 ( പറഞ്ഞതുപോലെ തന്നെ ചെയ്തല്ലോ.. നന്ദി അമ്മ ...)
 
പഴയ ഒരു നോട്ടു ബുക്ക്, അതിൽ ഞാൻ  വായിച്ചു തീർത്ത പുസ്തകങ്ങളുടെ പേരും വിവരങ്ങളും , ഇഷ്ട വരികളുമൊക്കെ കുറിച്ചിട്ടത്.. 
 
 "ഇത്രയും പുസ്തകങ്ങൾ ഞാൻ വായിച്ചുകൂട്ടിയോ ?"
 ഇപ്പോൾ, എന്റെ  കട്ടിലിനു ചുറ്റം പലതരം പുസ്തകങ്ങൾ നിരത്തിയിട്ടിരിക്കുന്നു, സ്വന്തമായി വാങ്ങിച്ചത് ... പക്ഷെ, വായന  എവിടെ ?  അന്നൊക്കെ ലൈബ്രറിയിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം പോകും, കുറഞ്ഞത് നാല് പുസ്തകങ്ങളെങ്കിലുമെടുത്തു വായിച്ചു തീർക്കും.. , 
പരീക്ഷാ സമയങ്ങളിൽ അമ്മയെ പേടിച്ചു കുറച്ചു ദിവസം വായനയെ അതിന്റെ പാട്ടിനു വിടും.   കോളേജടച്ചാൽ,  എത്ര പുസ്തകങ്ങളാണ് കൈയിൽ വന്നു പോകുന്നത്.., 
ചില ഇഷ്ടപുസ്തകങ്ങൾ രണ്ടും, മൂന്നും പ്രാവശ്യം എടുത്തു വായിച്ചിട്ടുണ്ട്.. 
വിലാസിനിയുടെ ഇണങ്ങാത്ത കണ്ണികൾ, ഊഞ്ഞാൽ തുടങ്ങിയവ .. 
ശിവരാമപ്പണിക്കരും, ഉമയും, രാജനുമെല്ലാം എൻ്റെ 
ആരെല്ലാമോ ആണെന്നു തോന്നിച്ചിരുന്നു..
.
ഒരിക്കൽ, ഒരു അകന്ന ബന്ധു മദ്രാസിൽ നിന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ അമ്മയോടു  പറഞ്ഞതോർക്കുന്നു.
 "അമ്മേ  ഇയാളെ കണ്ടാൽ ഒരു "ചക്കരവക്കൻ"  ലുക്ക് ഉണ്ടെന്ന്. (മുട്ടത്തുവർക്കി യുടെ പാടാത്ത പൈങ്കിളിയിലെ ഒരു കഥാപാത്രം) , ആദ്യമായിട്ടാണ്  അത്രയ്ക്കും ആസ്വദിച്ച് അമ്മ  ചിരിക്കുന്നത് ഞാൻ കണ്ടത്.
" ഈ പെണ്ണിൻറെയൊരുകാര്യം ..!. ഇവൾക്ക്  മനുഷ്യരും മൃഗങ്ങളുമെല്ലാം  വായിച്ച പുസ്തകങ്ങളിലെ ഓരോ കഥാപാത്രങ്ങളാണ് ." 

എം .ടി യുടെ  "മഞ്ഞ്" വായിച്ചപ്പോൾ നൈനിത്താളിലെ തടാകം ,  കാപ്പിറ്റോള്‍, .ഒക്കെ ..
കാണാൻ മോഹം തോന്നി...  "മഞ്ഞി"ലെ വിമല ചിലപ്പോൾ ഞാൻതന്നെയല്ലേയെ
ന്നെനിക്കു തോന്നിപ്പോയിട്ടുണ്ട്...
വിമലയൂടെ പ്രണയ പ്രതീക്ഷകള്‍....!

ഇഷ്ടം തോന്നിയ മറ്റു കഥാകൃത്തുക്കൾ പദ്‌മരാജൻ, മാധവികുട്ടി, ലളിതാംബിക അന്തർജനം എന്നിവരായിരുന്നു.
ലളിതാംബിക അന്തർജ്ജനത്തിന്റെ 
 'അഗ്നിസാക്ഷി' ഒറ്റയിരുപ്പിലിരുന്നാണു വായിച്ചു തീർത്തത്...

 ഇഷ്ടപ്പെട്ട എഴുത്തുകാരുടെ നിര പിന്നെയും നീളുന്നു... 
സത്യം പറഞ്ഞാൽ, ആ ഒരു കാലഘട്ടത്തിനു ശേഷം പുസ്തകം വാങ്ങുന്നതു തുടർന്നുകൊണ്ടിരുന്നെങ്കിലുംവായന തീർത്തും കുറഞ്ഞുകൊണ്ടുമിരുന്നു.

.ഇടയ്ക്കു സക്കറിയായുടെ ചില പുസ്തകങ്ങൾ, 
സാറാ ടീച്ചറിന്റെ "അലാഹയുടെ പെണ്മക്കൾ", ഉതപ്പ് , "മാറ്റാത്തി" ബെന്യാമിന്റെ ചില പുസ്തകങ്ങൾ , അങ്ങനെ  കുറെ തിരഞ്ഞെടുത്ത പുസ്തകങ്ങൾ  വായിച്ചത് ഒഴിച്ചാൽ വായന ശുഷ്‌കിച്ചു പോയി. 
ഇന്ന്, എല്ലാം വിരൽത്തുമ്പിൽ.. എന്നാലും ആ പഴയ ശുഷ്ക്കാന്തി തിരികെ വന്നിട്ടില്ല.

നോട്ട് പുസ്തകം മാറ്റി വച്ച് , ഡയറി കയ്യിലെടുത്തു.  അതിനുള്ളിൽ ഒരു നിറം മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.  പൊടി തുടച്ചു നീക്കി.. പിന്നി മെടഞ്ഞിട്ട മുടി മുന്നിലേക്കിട്ടിട്ടു, മാറിടം മറച്ചു നിൽക്കുന്ന ഫോട്ടോ. അറിയാതെ തലയിൽ ഒന്നു
കയ്യോടിച്ചു..  കഷണ്ടിയായിട്ടില്ലെന്നു പറയാം..
.ഇരിക്കട്ടെ ഈ ഫോട്ടോ, മക്കളെ കാണിക്കാം.
അമ്മക്കിത്രയും മുടിയുണ്ടായിരുന്നുവെന്ന് അവരും കാണട്ടെ.. 
എത്ര കല്യാണ ദല്ലാളന്മാരുടെ ഡയറിയിൽ ഈ ഫോട്ടോ അക്കാലത്തു കയറിപ്പറ്റിയിട്ടുണ്ടായിരുന്നിരിക്കണം?

ക്ലോക്കിൽ അഞ്ചു മണി അടിക്കുന്ന ശബ്ദം....
ടെസ്സി എഴുന്നേറ്റു.. 
.(, ഈ ക്ലോക്കിൽ രാവിലെ അഞ്ചു മുതൽ രാത്രി ഒൻപതുവരെ മാത്രമേ  മണി അടിക്കൂ.  അക്കാലത്തു രാവിലെ എഴുനേൽക്കുന്നതും കിടക്കുന്നതും ഈ മണി  ശബ്ദം കേട്ടുകൊണ്ടായിരുന്നു )

"ചേച്ചി ഉറങ്ങിയില്ലേ , ഞാൻ പെട്ടെന്നങ്ങുറങ്ങിപ്പോയി. ഇവിടെ അമ്മയുടെ അടുത്തു വരുമ്പോഴല്ലേ ഇങ്ങനെയൊക്കെ കിടന്നുറങ്ങാൻ പറ്റൂ.. അവിടെ എല്ലാ പണിയും കഴിയുമ്പോൾ അടുക്കളയിൽത്തന്നെ പായ വിരിച്ചു കിടക്കാൻ തോന്നും. രാവിലെ ഞാനങ്ങോട്ടു  പോകും.  ശനിയാഴ്ച രാവിലെയെത്താം,   തിങ്കളാഴ്ചയേ പിന്നെ തിരികെപ്പോകൂ .."
"അപ്പോൾ നീ പോകുകയാണോ ?"

" പിന്നേ... കുടുംബത്തെ ഇട്ടിട്ടു പോന്നതല്ലേ ? അലക്സിനു  ഞാനില്ലാതെ ഒരു ദിവസം കൂടി പറ്റില്ല , "
അവളെ നോക്കി ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു .
"നീ എന്നെ നോക്കി കളിയാക്കിച്ചിരിക്കുകയൊന്നും വേണ്ട.  അങ്ങനെയല്ല ഞാൻ പറഞ്ഞത് "

"എൻ്റെ ടെസ്സീ.
 ബാക്കിയുള്ളവർക്കും ഈ പറഞ്ഞതൊക്കെയുണ്ട്. അവരെയൊക്കെ അവിടെ വിട്ടിട്ടാണ്  ഈ പത്തു ദിവസത്തേക്ക് ഞാൻ  ഓടി വന്നത്, നിങ്ങളെയെല്ലാവരെയും ഒന്നു  കാണാൻ,  കുറേ കാര്യങ്ങൾ പറയാൻ...അത്ര 
ധൃതിയാണെങ്കിൽ നീ  പൊക്കോ.."
"ചേച്ചിക്കുട്ടി പരിഭവിക്കാതെ. അമ്മു ഈ വർഷം പത്തിൽ അല്ലേ... ഞാൻ കൂടെ നിന്നില്ലേൽ  ആ പെണ്ണ് ഒരു വക പഠിക്കില്ല. അവൾക്കു വ്യഴാഴ്ച കണക്കു പരീക്ഷയാണ്. അത് കഴിഞ്ഞാലുടനെ   അലക്സിനേം പിള്ളേരെയും   കൂട്ടി  ഞാൻ വരാം "

അവളു പോയതും വീടും ഉറങ്ങിയപോലെയായി.. 'അമ്മ അടുക്കളയിൽ എനിക്കിഷ്ടമുള്ളതെന്തൊക്കെയോ ഉണ്ടാക്കുന്ന  തിരക്കിലാണ്. .
" 'അമ്മ ഇവിടെ വന്നിരിക്ക്. സിംമ്പിളായിട്ട് വല്ലതും മതി കഴിക്കാൻ. 
അമ്മയിങ്ങനെയെപ്പോഴും  അടുക്കളയിൽത്തന്നെ നിന്നാൽ,   ഞാൻ വന്നിട്ടെന്തു പ്രയോജനം,  മിണ്ടാനും പറയാനും ആരുമില്ലാതെ..  അവിടെയും അങ്ങനെയൊക്കെയല്ലേ ? ആരും ആരോടും സംസാരിക്കാത്ത ഒരു ലോകം. എല്ലാവർക്കും  തിരക്കാ. മക്കൾ പഠിക്കാൻ പോയിത്തുടങ്ങിയതിൽ പ്പിന്നെ പറയുകയും വേണ്ട. പുള്ളിക്കാരന്റെ സ്വഭാവം അമ്മക്കറിയാമല്ലോ , ? 
ഒരു മൂളൽ,  അതിന്റെ ആരോഹണത്തിന്റേയും അവരോഹണത്തിന്റേയും അർഥം കണ്ടുപിടിക്കണം. ഇപ്പോഴെനിക്കതങ്ങു 
യൂസ്ഡ് ആയി, "
"
"ദേ ഇപ്പോൾ  ടെസ്സിയും പോയി ".

" നീ പിണങ്ങാതെ , വല്ലപ്പോഴുമല്ലേ കൊച്ചെ ഈ പണിയൊക്കെ. അല്ലാത്തപ്പോൾ  അമ്മ തനിച്ചല്ലേ.. എന്തെങ്കിലുമൊ ക്കെയണ്ടാക്കും..
നിനക്കിഷ്ടമുള്ള ചുവപ്പുചീര തോരൻ വെക്കുകയായിരുന്നു.
ഞാൻ.. തീർന്നു, ...ദാ വന്നു..."

പെട്ടെന്നായിരുന്നു അമ്മയുടെ ചോദ്യം.. 

" നീ ഇപ്പോൾ ഒന്നും എഴുതാറില്ലേ " 

" അതൊക്കെ എന്നോ വിട്ടമ്മേ "
 "നിന്‍റെ  ആ കാലത്തെ വായനയും, പിന്നെ നീയെഴുതിയ കഥയും , കവിതയുമൊക്കെ വായിച്ചപ്പോൾ ഞാനോർത്തു നീയൊരു വലിയ  എഴുത്തുകാരിയാകുമെന്ന്.."

" ഇപ്പോൾ എഴുതുന്നത് വല്ലവന്റെയും വരവു ചിലവു കണക്കുകളല്ലെ  ?"

,ഒരു മഷിപ്പേന കയ്യിലെടുത്ത കാലം മറന്നു.
അന്നെന്റെ പേനയിൽ ഞാൻ മഷി നിറച്ചത് അരവിന്ദിനോടു തോന്നിച്ച പ്രണയത്താലാ യിരുന്നോ ? 
ജാതിയുടെയും മതത്തിന്റെയും പേരിൽ  വകഞ്ഞു മാറ്റേണ്ടിവന്ന  പ്രണയം..  
വിദേശത്തു ജോലികിട്ടി, അവൻ യാത്ര പറഞ്ഞു 
പോയത് വീണ്ടും കണ്ടുമുട്ടും എന്ന വാക്കും തന്നിട്ടായിരുന്നു.. 
പക്ഷേ ഒരിക്കൽപ്പോലും അതുണ്ടായില്ല .
അന്നവനെന്നെ വിട്ടു പോയപ്പോൾ  എൻ്റെ  പേനയിലെ മഷിയും തീർന്നിരുന്നു..
അവസാനമായി അവനു ഞാനെഴുതിയ കത്തിലെ വരികൾ  ഓർമ്മ വരുന്നു...
" നിന്റെ പ്രേമഖജനാവിൽ നിന്നും ഞാൻ കുറച്ചു പ്രണയം കടമെടുത്തിരുന്നു, അത് പലിശയും, കൂട്ടുപലിശയുമായങ്ങു പെറ്റു പേരുകട്ടെ. ഞാൻ യാത്രയാകുമ്പോൾ ഒരു ചിത്രത്തുന്നലുള്ള സഞ്ചിയിൽ അതു നിറച്ച് എൻ്റെ മഞ്ചത്തിൽ വെയ്ക്കാൻ ഞാൻ പറയും ... അടുത്ത ജന്മത്തിൽ നിനക്കു ഞാനതു തിരിച്ചു തരും, നൂറിരട്ടിയായി ...
അല്ലെങ്കിൽ, ഞാനത് ഈ ലോകത്തു പ്രേമിച്ചു കൊതി തീരാത്തവർക്കു ദാനം ചെയ്യും.." 
അമ്മയുടെ ശബ്ദം ഓർമയെ മുറിച്ചുകളഞ്ഞു..
"നിന്‍റെ സാധനങ്ങളൊക്കെയെടുത്ത് അലമാരയിൽ വെച്ചിട്ടുണ്ട് , നീ പോകുമ്പോൾ വേണമെങ്കിൽ കൊണ്ടുപോക്കോ. ഇവിടെ ചിതലിന്റെ ശല്യമുണ്ട്. ഇത്രയുംനാൾ ഇതു സൂക്ഷിച്ചു വെക്കാൻ ഞാൻ  പെട്ട പാട് എനിക്കേ  അറിയൂ"

" ഇന്നലെ രാത്രിയിൽ ഞാൻ  അതൊക്കെ എടുത്തു നോക്കി "
" നിനക്കുറക്കമില്ലേ പെണ്ണേ? രാത്രിയിലെന്തിനാ അതു നോക്കാൻ പോയത് ?"

മറുപടി പറയാതെ ഞാൻ  അമ്മയെ നോക്കി നിന്നു.
അപ്പോൾ, കരച്ചിൽ വന്ന് നെഞ്ചിനുളളിൽ  വീർപ്പുമുട്ടി പിടഞ്ഞു...
ഞാൻ  അമ്മയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു പോയി.
" എന്താ പറ്റിയത്, ? '
അമ്മ ഭയന്ന് പോയി ,
"ഒന്നുമില്ല, പെട്ടെന്നൊരു  സങ്കടം വന്നു.  അമ്മയുടെയടുത്തു വരുമ്പോഴല്ലെ എനിക്കൊരു കുഞ്ഞിനെപ്പോലെ ഇങ്ങനെ യൊക്കെ പറയാനും ചെയ്യാനും  സാധിക്കൂ ..."
അമ്മ എൻ്റെ മുടിയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു.
 
" എത്ര മുടി ഉണ്ടായിരുന്നതാ. ഒക്കെപ്പോയി..  ഇല്ലേ ?
ഉത്തരം പറയാതെ , വെറുതെ അമ്മയുടെ തോളിൽ ചാരിയിരുന്നപ്പോൾ, വല്ലാത്തയൊരാശ്വാസം... ചാരാനായി ഈ തോൾ  ഉള്ള കാലത്തോളം ഞാൻ ഒരു കുഞ്ഞു തന്നെ.
അവൾ ഒന്ന് കൂടി അമ്മയോട് ചേർന്നിരുന്നു .
" എൽസ അറിഞ്ഞായിരുന്നോ , നമ്മുടെ തഹസിൽദാരുടെ മകൻ അരവിന്ദ് കുറെ നാൾ മുൻപ് ഹാർട്ട് അറ്റാക്ക് വന്നു മരിച്ചുപോയി., കുറച്ചു
 പ്രായമായിട്ടായിരുന്നു അവൻ പെണ്ണ് കെട്ടിയത്., 
കുട്ടികളൊക്കെ ചെറുതാ. എട്ടിലും , ആറിലുമൊക്കെ പഠിച്ചകൊണ്ടിരിക്കുന്നതേയുളളു... പാവം പെണ്ണ്, അവൾ ഗൾഫിൽ നിന്നും തിരികെ പോന്നു .  ഇപ്പോൾ അവൻ്റെ  അമ്മയുടെ കൂടെ ഇവിടെ  ഉണ്ട്,  നീ പോകുന്നോ ഒന്നവിടം വരെ ?"

"അവൻ്റെ അനിയത്തി , എൻ്റെ ഫേയ്സ്ബുക് ഫ്രണ്ടാണ് , അവൾ ചേട്ടനെ പ്പറ്റി എഴുതിയത് ഞാൻ കണ്ടിരുന്നു" .
"എൻ്റെ മോള് അന്നു അമ്മയുടെ ഉപദേശം കേട്ട് അവനെ കെട്ടാഞ്ഞത് നന്നായില്ലേ ? 
അല്ലെങ്കിൽ ഇപ്പോൾ ...."

 അമ്മ അതു മുഴുവൻ പറയുന്നതിനു  മുൻപേ അവൾ വീണ്ടും പൂർവാധികം സങ്കടപ്പെട്ടു.

" അയ്യേ ഇങ്ങനെ കരയാതെ , അയൽക്കാർ ആരെങ്കിലും കേൾക്കും ...പതുക്കെ.." എൽസ ഏങ്ങലടക്കി .

"വിരഹത്തിന്റെ വേദന അത് ആരേക്കാളും കൂടുതൽ അമ്മക്കറിയാമല്ലോ.. അപ്പച്ചൻ മരിച്ചിട്ടു  ഞങ്ങളെ രണ്ടുപേരെയും അമ്മ തനിയെ വളർത്തിയില്ലേ ?'
അമ്മ ഇടയ്ക്കിടെ ആ കുട്ടിയെ പോയി കാണണം , ഇപ്രാവശ്യം ഞാൻ പോകുന്നില്ല. അടുത്ത തവണ വരുമ്പോഴാകട്ടെ.."

അപ്പോള്‍ സിഗരറ്റിന്റെ സുഗന്ധമുള്ള ശ്വാസം......ഒരു കാറ്റായി ....അവളെ പൊതിഞ്ഞു...,
",അവൻ ഇവിടെയെവിടെയോ ഉണ്ട് ..." 
അവൾ പറഞ്ഞത് അമ്മ കേട്ടു.  പക്ഷെ ഒന്നും  പറയാതെ ,  അവളുടെ മുടിയിഴകളിൽ , ...മെല്ലെ തലോടി.... അവൾക്കു ആ സാന്ത്വനം മതിയായിരുന്നു എല്ലാം മറന്നൊന്നുറങ്ങാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക