ആളൊഴിഞ്ഞോരു തീരവും ദേശവും ( കവിത : പ്രസന്നകുമാരി )

Published on 01 July, 2020
ആളൊഴിഞ്ഞോരു തീരവും ദേശവും ( കവിത : പ്രസന്നകുമാരി )

കുഞ്ഞുകൈയ്യിൽ മുറുക്കെപ്പിടിച്ചു ഞാൻ
പാതയോരത്തുകൂടെ നടന്നതും
ഇന്നീ വിജനമാം പാർക്കിലെ ബഞ്ചിൽ നാ-
മന്നു പൂക്കളോടൊത്തു കളിച്ചതും
മഴവില്ലു തൂവുന്ന സപ്തവർണ്ണങ്ങളും
ഒരു വസന്തമായ് വന്നു വിരിയവേ
ആകാശനീലിമ കൈയ്യിലൊതുക്കുവാൻ
തുള്ളിക്കളിച്ചു നാം ചാടിപ്പിടിച്ചതും
എൻ്റെ നെഞ്ചിലെ ചൂടിൽ തല ചായ്ച്ചു
എൻ്റെയുണ്ണിയുറങ്ങിക്കിടന്നതും
ഓർത്തു നീറുന്ന നെഞ്ചകം പേറി ഞാൻ
ജീവിതപ്പാത തേടി നടക്കവേ
ആളൊഴിഞ്ഞോരു തീരവും ദേശവും
വിജനമായോരു പാതയോരങ്ങളും
ഇന്നു ഞാനീക്കൊറോണാക്കുടുക്കിൽപ്പെ
ട്ടന്തമില്ലാതെ പേടിച്ചു നിൽക്കവേ
ഒരു കുഞ്ഞു മാലാഖ പോലവനിന്നെൻ്റെ
കണ്ണുനീരിൽ തിളങ്ങിച്ചിരിപ്പീലേ

( എൻ.എസ്.എസിന്റെ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് പ്രൊഫസറായിരുന്ന പ്രസന്നകുമാരി ഇംഗ്ളീഷിലും മലയാളത്തിലും കവിതകൾ എഴുതുന്നു.കോട്ടയം കളത്തിപ്പടിയിലാണ് താമസം )

(neelanilav@gmail.com)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക