മന്ത്രവാദി മുതൽ ട്രംപ് വരെ (ഡോക്ടേഴ്സ് ദിന സ്പെഷ്യൽ-ഡോ: എസ്.എസ്. ലാൽ)

Published on 01 July, 2020
മന്ത്രവാദി മുതൽ ട്രംപ് വരെ (ഡോക്ടേഴ്സ് ദിന സ്പെഷ്യൽ-ഡോ: എസ്.എസ്. ലാൽ)
രോഗങ്ങൾ ശമിക്കാൻ പൂജയും ഹോമവും തുടങ്ങി രോഗിയെ ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതികൾ വരെ നമ്മുടെ നാട്ടിലും നിലനിന്നിരുന്നു. ശാസ്ത്രം വളരാതിരുന്നതുകൊണ്ടോ വളർന്ന ശാസ്ത്രം നമ്മുടെ നാട്ടിലും എത്താതിരുന്നതുകൊണ്ടോ ഒക്കെയായിരുന്നു അങ്ങനെ സംഭവിച്ചിരുന്നത്.
അപസ്മാരത്തിനും മാനസിക പ്രശ്നങ്ങൾക്കും ഒക്കെ ഡോക്ടറെ കാണിക്കാതെ  രോഗികളെ മന്ത്രവാദിയുടെ മുന്നിൽ കൊണ്ടുപോയി പ്രാകൃത 'ചികിത്സാ' രീതികൾക്ക് വിധേയരാക്കുന്ന സംഭവങ്ങൾ ഒരു കാൽ നൂറ്റാണ്ട് മുമ്പു വരെ നമ്മുടെ നാട്ടിലും വ്യാപകമായിരുന്നു. വളരെ അടുത്തറിയാവുന്ന ചിലർ അത്തരം 'ചികിത്സ'കൾക്ക് വിധേയരാകുന്നതും കണ്ടിട്ടുണ്ട്. വേദന തോന്നിയിട്ടുണ്ട്. ഇപ്പോഴും അതൊന്നും തീർന്നിട്ടുമില്ല. ബാലരമ വായിച്ചാൽ കിട്ടുന്ന അറിവിൽ വരുന്ന വൈറസും ബാക്ടീരിയയും ഇല്ലെന്നു പറയുന്ന അക്ഷര വിരോധികൾക്ക് പത്മശ്രീ കൊടുക്കുന്ന കാലമാണിത്.
പിൻതിരിപ്പൻ ശക്തികൾ ഉള്ളപ്പോഴും ശാസ്ത്രത്തിൻറെ വളർച്ച മൂലം ചികിത്സാശാസ്ത്രത്തിൽ ഉണ്ടായ ഒരുപാട് പുരോഗതി സാധാരണക്കാരനിലും എത്തിയെന്നതാണ് ആരോഗ്യരംഗത്തെ കേരളത്തിൻറെ നേട്ടങ്ങൾക്ക് വലിയ കാരണം. ആ നേട്ടങ്ങൾ വലിയ ആശുപത്രികൾ മാത്രം ഉണ്ടാക്കിയതല്ല. നിലവാരമുള്ളതും ശാസ്ത്രീയവുമായ ചികിത്സകൾക്കൊപ്പം പ്രാഥമികാരോഗ്യത്തിലൂന്നിയ പൊതുജനാരോഗ്യ രംഗം വളർന്നത് നമ്മുടെ നാടിൻറെ ആരോഗ്യ പുരോഗതിയിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
എഴുപത് വയസ് കഴിഞ്ഞവർക്കും ഹൃദയത്തിൽ ബൈപാസ് ശസ്ത്രക്രിയ ചെയ്യുന്നത് ഇന്ന് നമ്മുടെ നാട്ടിൽ വാർത്തയല്ല. ധനികരാഷ്ട്രങ്ങളിൽ കിട്ടുന്ന ഏതു തരം ചികിത്സയും സൗജന്യമായി പല സർക്കാർ ആശുപത്രികളിലും പണം മുടക്കിയാൽ നമ്മുടെ സ്വകാര്യാശുപത്രികളിലും ഒക്കെ ലഭ്യമാണ്. ഇത്തരം ആശുപത്രികൾ നമ്മുടെ എല്ലാ ജില്ലകളിലും ഉണ്ട്. ഈ ചികിത്സകൾ വലിയൊരളവിൽ നമുക്ക് ആവശ്യവുമാണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ. എന്നാൽ ചെലവേറിയ ചികിത്സകൾക്കായി പണം മുടക്കുമ്പോൾ അതിൻറെ സാമ്പത്തിക പ്രതിഫലനം സർക്കാരിനെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നുമുണ്ട്. ദരിദ്രർ ചികിത്സയ്ക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പരമ ദരിദ്രരാകുന്നത് ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. നമ്മുടെ നാട്ടിലും ഇത് വലിയ പ്രശ്നമാണ്.
വിലയേറിയ ചികിത്സകൾ മാത്രമല്ല ഒരു നാടെന്ന നിലയിൽ നമ്മുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നത്. ശരാശരി ആയുസ്സ് വർദ്ധിപ്പിക്കുന്നതും ഈ ചികിത്സകൾ മാത്രമല്ല. ഉദാഹരണത്തിന് കുട്ടികളുടെ മരണ നിരക്ക് കുറയുന്നതും നമ്മുടെ ശരാശരി ആയുസ് കൂടുന്നതിന് ഒരു കാരണമാണ്. ആശുപത്രി പ്രസവം, തുടർന്നുള്ള ശ്രദ്ധ, പ്രതിരോധ മരുന്നുകൾ, കുടിവെള്ള ലഭ്യത, പോഷകാഹാരങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ശിശുമരണത്തെയും സ്വാധീനിക്കുന്നു.
ഇന്ത്യയിൽ ജനിച്ച ആയിരം കുട്ടികളിൽ ഒരു വയസ്സിനുള്ളിൽ മരിച്ചുപോകുന്നത് മുപ്പത്തിരണ്ട് കുട്ടികളാണ്. മദ്ധ്യപ്രദേശിൽ ആയിരത്തിൽ നാല്പത്തെട്ട്‍ കുട്ടികളാണ് ഒരു വയസ്സിനകം മരിക്കുന്നത്‌. കേരളത്തിൽ ഇത് ഏഴ് ആണ്. അഗോള തലത്തിൽ യു.എൻ. ലക്ഷ്യം വച്ചിരുന്ന എട്ട് എന്ന അക്കത്തിനും താഴെയാണ് കേരളം. ഒരു ഉദാഹരണം മാത്രമാണിത്. ഇതിന് കാരണവും നിരവധിയാണ്. വർഷങ്ങളായി നമ്മൾ ആരോഗ്യ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ചതും നമ്മുടെ ജനതയ്ക്കിടയിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും ഒക്കെ പൊതുവെ കൂടുതലായതും ഒക്കെ നമ്മുടെ നില മെച്ചപ്പെടാൻ സഹായിച്ചു.
സാമ്പത്തിക നിലവാരം നോക്കിയാൽ ജി.ഡി.പി. യിൽ ലോകത്ത് മുപ്പത്തഞ്ചാം റാങ്കുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ആരോഗ്യ രംഗത്ത് നൂറ്റിപ്പത്തൊമ്പതാം റാങ്കേയുള്ളൂ. മെഡിക്കൽ വിദ്യാഭ്യാസത്തിനും ഡോക്ടർമാർക്കും നല്ല നിലവാരമുള്ള ആ രാജ്യത്താണ് ലോകത്ത് ഏറ്റവും കൂടുതൽ എച്.ഐ.വി. രോഗികൾ ഉള്ളത്. ആ രോഗമാണ് ആ രാജ്യത്തെ ഒരുപാട് പിന്നോട്ട് വലിക്കുന്നത്.
ആരോഗ്യ മന്ത്രി തന്നെ സമർത്ഥനായ ഒരു ഡോക്ടർ ആണെന്ന ആനുകൂല്യം ഉണ്ടായിരുന്ന ഒരു രാജ്യത്ത് ലോകാരോഗ്യ സംഘടയുടെ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. അന്ന് ആ രാജ്യമായിരുന്നു ലോകത്തെ ഏറ്റവും അവികസിത രാജ്യം. സർക്കാരും ജനങ്ങളും ദരിദ്രരായിരുന്നു. നാട്ടുകാർക്ക് വിദ്യാഭാസം കുറവായിരുന്നു. ചെറിയ ആരോഗ്യ പ്രശനങ്ങളും അപകടങ്ങളും ഒക്കെ ഉണ്ടായി മനുഷ്യർ പെട്ടെന്ന് മരിച്ചുപോയിരുന്നു അവിടെ. ആരോഗ്യ മന്ത്രി ഏറ്റവും മെച്ചമായതുകൊണ്ടു മാത്രം ഒരു രാജ്യത്തെ ആരോഗ്യം നന്നാകണമെന്നില്ല. മറ്റെല്ലാ ഘടകങ്ങളും കൂടി നന്നാവണം.
നാട്ടിലെ ആരോഗ്യ പ്രശ്ങ്ങളെല്ലാം ആശുപത്രികൾക്കോ ഡോക്ടർമാർക്കോ പരിഹരിക്കാൻ കഴിയണമെന്നില്ല. ഭരിക്കുന്നവരുടെ ഇച്ഛാശക്തി, ധനലഭ്യത, ആരോഗ്യസംവിധാനങ്ങളുടെ മികവ്, ജനങ്ങളുടെ അവബോധം, കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളാണ് ആരോഗൃത്തെ സ്വാധീനിക്കുന്നത്. ഈ ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ആശുപത്രികളും അവയിലെ ചികിത്സയും. അവ പ്രധാനവുമാണ്. എന്നാൽ നല്ല ഡോക്ടർമാരുണ്ടായാൽ മാത്രം എല്ലാം ശരിയാകണമെന്നില്ല എന്നാണ് പറയാൻ ഉദ്ദേശിച്ചത്. ഏറ്റവും നല്ല ഡോക്ടർമാരെ മാത്രം പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന യു,എസ്.എ. യുടെയും യു.കെ. യുടെയും ആരോഗ്യ സംവിധാനങ്ങൾ  കൊവിഡ്  രോഗവ്യാപനം വന്നപ്പോൾ തകർന്നു വീണത് നമ്മൾ കണ്ടതേയുള്ളൂ.
കൊവിഡ് പോലുള്ള ഒരു മഹാമാരി വന്നപ്പോൾ പല നാടുകളിലെയും ആരോഗ്യ സംവിധാനങ്ങൾക്ക് ചുവടു പിഴച്ചത് അവിടെ സാധാരണക്കാരന് പ്രാപ്യവും താങ്ങാനാവുന്നതുമായ പ്രാഥമികാരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് കൂടിയാണ്. രാഷ്ട്രീയ നേതൃത്വത്തിന് രോഗത്തെ പൊതുജാനാരോഗ്യ വിഷയമായി കാണാൻ കഴിയാതെ പോയതിനാലാണ്. കൊവിഡ് ചികിത്സയിൽ ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നിൻറെ ഉപയോഗം ശാസ്ത്രലോകം സംശയത്തോടെ വീക്ഷിക്കുമ്പോൾ അക്കാര്യത്തിൽ ഒരു സംശയവും ഇല്ലാതിരുന്നത് ട്രംപിന് മാത്രമായിരുന്നു. കിട്ടുന്നിടത്ത് നിന്നെല്ലാം ആ മരുന്ന് വാങ്ങിക്കൂട്ടാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാൽ രോഗവ്യാപനം നല്ലൊരളവിൽ തടയാൻ കഴിയുന്ന മാസ്ക് ധരിക്കാൻ പൊതുജനാരോഗ്യ വിദഗ്ദ്ധർ പറഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം പോലും കൂട്ടാക്കുന്നില്ല. പൊതുജനാരോഗ്യത്തിലൂന്നിയ മറ്റൊരു ഉപദേശമായ സാമൂഹ്യാകലത്തെയും ഒരു റാലി നടത്തി ട്രംപ് ലംഘിച്ചു.
ലോകത്ത് പ്രതിവർഷം അഞ്ചുലക്ഷം കുട്ടികളാണ് വയറിളക്കം വന്നു മരിക്കുന്നത്. നല്ല കുടിവെള്ളം ലഭ്യമല്ലാത്തതും ഭക്ഷണം മലിനമാകുന്നതും ഒക്കെയാണ് കാരണങ്ങൾ. ഈ മരണങ്ങൾ മിക്കതും ഒഴിവാക്കാൻ മരുന്നുകൾ അല്ല വേണ്ടത്. ശുദ്ധജലവും ശുചിത്വം കൊണ്ട് ഒഴിവാക്കാവുന്നതാണ് ഇതിൽ നല്ലൊരു ശതമാനം മരണങ്ങളും. ഇനി രോഗം വ്ലന്നാലോ?  വയറിളക്കം  കാരണം നിര്ജ്ജലീകരണവും അതുവഴി മരണവും ഉണ്ടായാണ് കോളറ രോഗികൾ മരിക്കുന്നത്. എൺപത് ശതമാനം പേരെയും രക്ഷിക്കാൻ ലളിതമായ ഒ.ആർ.എസ്. ലായനി മാത്രം മതിയെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നുണ്ട്. ഈ ലായനി പോലും ലഭിക്കാതെയാണ് ഒരുപാട് കുട്ടികൾ ദരിദ്ര രാഷ്ട്രങ്ങളിൽ മരിച്ചുപോകുന്നത്. വിലയില്ലാത്ത ഒ.ആർ.എസ്. ലായനിയ്ക്കു തടയാവുന്നത്ര മരണങ്ങൾ ഇന്നുവരെ ഒരു ആധുനിക ചികിത്സയും തടഞ്ഞിട്ടില്ല.
പൊതുജനാരോഗ്യത്തിൻറെ പ്രാധാന്യം ലോകം ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന സമയമാണിത്. മരുന്നുകളും വാക്സിനും ഇല്ലാത്ത ഒരു രോഗം വന്നാൽ മുഴുവൻ ലോകത്തെയും നിശ്ചലമാക്കാൻ കഴിയുമെന്ന് നമ്മൾ തിരിച്ചറിഞ്ഞു. ആധുനിക ചികിത്സകൾ ആവശ്യമാണ്. എന്നാൽ അവയുടെ തള്ളിക്കയറ്റത്തിനിടയിൽ പൊതുജനാരോഗ്യത്തിൻറെ പ്രാധാന്യം നമ്മൾ മറക്കരുത്. ഭരണകർത്താക്കൾ മറക്കരുത്. ഡോക്ടർമാരും മറക്കരുത്.
ഇന്ന് ഡോക്ടേഴ്സ് ദിനം. എൻെറയും ദിനം. ഈ ദിനത്തിൽ പറയാൻ തോന്നിയത് ഇതായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക