ചിത്രം പൂർണമാണ് (കവിത: ശ്രീദേവി മധു)

Published on 01 July, 2020
ചിത്രം പൂർണമാണ് (കവിത: ശ്രീദേവി മധു)
എൻ്റെ കല്ലേറുകൊണ്ട
കൊടിച്ചിപ്പട്ടിയുടെ ചാർച്ചക്കാരനാണ്
കുതികാലിനു വെട്ടേറ്റ
എൻ്റെ  ചോര നക്കിത്തുടച്ചത്

അത്താഴപ്പാത്രത്തിലെ
പോത്തു പെരട്ടിനു വേണ്ടി
ചത്തുപോയ പോത്തിൻ്റെ
അമ്മാവൻ്റെ പുറത്തേറിയാണ്
കാലനെത്തിയത്,
എനിക്കുള്ള കയറുമായിട്ട്

മുറ്റം ടൈലാക്കാൻ
ഞാൻ ശ്വാസം മുട്ടിച്ചു കൊന്ന
ചെടിവേര് അയൽവക്കത്തേക്കോടി
പൂത്തതാണ് എൻ്റെ നെഞ്ചിലെ
റീത്തു പൂവുകൾ

വെള്ളത്തിലൊഴുക്കിയ
അസ്ഥിയിൽ വാലിട്ടടിച്ചു രസിക്കുന്നു,
കുടമ്പുളിക്കൊപ്പം എരിഞ്ഞുവെന്ത്
എനിക്കുച്ചയൂണു തന്ന
പുഴ മീനിൻ്റെ കൊച്ചു മക്കൾ

വിരൽവരയിട്ടു ഞാൻ
ചിതറിച്ചോടിച്ച ഉറുമ്പിൻകൂട്ടം
നിരയൊത്ത് നീങ്ങുന്നു
അടഞ്ഞൊരെൻ കണ്ണിനു മേലെയായ്

കമ്പൊടിച്ച് മാമ്പൂതല്ലി
ഞാൻ നോവിച്ച മാവിൻ വിറക്
ആർത്തിയോടെ നക്കുന്നു
തീനാവാലെന്നെ..

എൻ്റെ മടമ്പു ചെരിപ്പിനടിയിൽ
ഞെരിഞ്ഞുണങ്ങിപ്പോയ പുൽച്ചെടി
അടുത്ത ജന്മത്തിലാർത്തു വളർന്നു,
പട്ടടയിലെനിക്കിട്ട എള്ളിനൊപ്പം

എനിക്ക് പട്ടുടയാടയ്ക്കായി
പിടഞ്ഞു ചത്ത പട്ടുനൂൽപ്പുഴുവിൻ്റെ
കൂട്ടക്കാർ വിരുന്നുണ്ണുന്നു
കുഴിയിൽ, എൻ്റെ നഗ്നമേനിയാൽ

മകൻ കൈകൊട്ടി ക്ഷണിക്കുന്നു,
കാക്കയെ, എൻ്റെ പിണ്ഡച്ചോറുണ്ണാൻ
ഒരു തെറ്റാലിക്കുറുമ്പിൻ്റെ
ഓർമക്കുത്തലിൽ...
മിണ്ടാതെ, ഞാനും.
ചിത്രം പൂർണമാണ് (കവിത: ശ്രീദേവി മധു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക