നാഫ്ടയ്ക്കു പകരം യു.എസ് എംസിഎ പ്രാബല്യത്തില്‍ വന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 July, 2020
നാഫ്ടയ്ക്കു പകരം യു.എസ് എംസിഎ പ്രാബല്യത്തില്‍ വന്നു (ഏബ്രഹാം തോമസ്)
ജൂലൈ ഒന്നു മുതല്‍ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്-മെക്‌സിക്കോ-കാനഡ അഗ്രിമെന്റ് അഥവാ യുഎസ് എംസിഎ പ്രാബല്യത്തില്‍ വന്നു. 26 വര്‍ഷമായി നിലനിന്നിരുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്രീട്രേഡ് അഗ്രിമെന്റഇന് പകരമാണിത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നാഫ്ടയെ അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല കടുത്ത ഭാഷയില്‍ തുടര്‍ച്ചയായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. യു.എസ്. എം.സി.എ.യ്ക്ക് അമേരിക്കയ്ക്ക് ഉള്ളിലും പുറത്തും വലിയ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും യു.എസ്. സെനറ്റും പ്രതിനിധി സഭയും മെക്‌സിക്കന്‍ കനേഡിയന്‍ ലെജിസ്ലേച്ചറുകളും വലിയ  ഭൂരിപക്ഷത്തില്‍ ഉടമ്പടി അംഗീകരിച്ചു.

യു.എസ്. എം.സി.എ. ഭാവിയില്‍ മൂന്ന് രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുന്ന എല്ലാ ഉടമ്പടികളെയും സംബന്ധിച്ച എല്ലാ വ്യാപാര വ്യവസ്ഥകളുടെയും സുവര്‍ണ്ണമാനദണ്ഡങ്ങളും ഇതിന്റെ നേട്ടങ്ങള്‍ മൂന്ന് രാജ്യങ്ങളിലെയും പൗരന്മാര്‍ വര്‍ഷങ്ങളോളം അനുഭവിക്കുമെന്നും യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് റോബര്‍ട്ട് ലൈറ്റഅ ഹൈസര്‍ പറഞ്ഞു. ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷങ്ങളാണ് ജൂലൈ ഒന്നിന് മൂന്ന് രാജ്യങ്ങളും സ്വാഗതം ചെയ്തത്. പ്രത്യേകിച്ച് സാമ്പത്തിക വ്യവസ്ഥകള്‍ അപ്രതീക്ഷിത വെല്ലുവിളികളും സമൂഹങ്ങള്‍ പ്രതിസന്ധികളും കൊറോണ വൈറസ് ആഗോളതലത്തില്‍ ഉയര്‍ത്തുമ്പോള്‍. മഹാമാരി വലിയ സമ്മര്‍ദമാണ് ഗ്ലോബല്‍ സപ്ലൈ ചാനലുകള്‍ക്ക് ഉയര്‍ത്തുന്നത്. നോര്‍ത്ത് അമേരിക്കന്‍ വിപണികളില്‍ നിര്‍മ്മിത ചരക്കുകള്‍ പ്രതിബന്ധമില്ലാതെ തുടര്‍ച്ചയായി എത്തുവാന്‍ ഈ ഉടമ്പടി സഹായിക്കും.
മൂന്ന് രാജ്യങ്ങള്‍ ഒന്നു ചേര്‍ന്നുള്ള ഈ ഉടമ്പടി കൂടുതല്‍ ശക്തിയാര്‍ജിച്ച ഒരു രംഗപ്രവേശം ഗ്ലോബല്‍ മാനുഫാക്ചറിംഗിലും വാണിജ്യത്തിലും നടത്തുകയാണ്. കോവിഡ് -19 പടരുവാന്‍ ആരംഭിക്കുന്നതിന് മുന്‍പു തന്നെ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ നയങ്ങളില്‍ സംഭവിക്കുന്ന മാറ്റം ദൃശ്യമായി തുടങ്ങിയിരുന്നു.

കണ്‍സല്‍ട്ടിംഗ് സ്ഥാപനം കീര്‍നി നടത്തിയ പഠനത്തില്‍ നിര്‍മ്മാണ ചെലവ് കുറഞ്ഞ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസ്. നടത്തുന്ന ഇറക്കുമതികള്‍ക്ക് ഒരു ഡ്രമാറ്റിക് റിവേഴ്‌സല്‍ ഉണ്ടായതായി കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്ന് യു.എസില്‍ ഇറക്കുമതി ചെയ്യുന്നതും വര്‍ധിച്ചു. 2019ല്‍ ഇത് യു.എസിന്റെ ഇറക്കുമതിയുടെ 42% ആയി.
എന്നാല്‍ ഈ അവസരം യു.എസിനും വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും പ്രയോജനകരമാക്കുന്നതിന് വലിയ വെല്ലുവിളികളുണ്ട്.

യു.എസ്.- മെക്‌സിക്കോ വ്യാപാരത്തില്‍ പുതിയ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഏകോപനം ആവശ്യമാണ്. പല സ്ഥാപനങ്ങളിലും ജീവനക്കാരെ തിരികെയെത്തിക്കുവാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ ജീവനക്കാര്‍ അത്യാവശ്യമല്ലെന്ന നിലപാടിലാണ് തൊഴിലുടമകള്‍.

ഈ ഉടമ്പടിയില്‍ നിന്ന് പരമാവധി മുതലെടുക്കുവാന്‍ മൂന്ന് രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായേ മതിയാകൂ. പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്ന ഒരു ഫ്രെയിം വര്‍ക്ക് മെച്ചമായ, തുടര്‍ച്ചയായ ഏകോപനം ഉറപ്പു വരുത്തും. എക്കോണമികളും ടെക്‌നോളജികളും സമൂഹങ്ങളും നിരന്തരം രൂപാന്തരം പ്രാപിക്കുന്നതിനാല്‍ തുടര്‍ച്ചയായ ആശയവിനിമയവും ആവശ്യമാണ്. പുതിയ ഉടമ്പടി നാഫ്ടയുടെ വിപുലീകരണമാണെന്ന് പറയാം. ഇതില്‍ സ്വകാര്യ മേഖലയുടെ നേതൃത്വവും ഉണ്ടാകും. ഉടമ്പടി പുനരവലോകനം ചെയ്യുവാനും പുതുക്കുവാനും ഇതില്‍ നിര്‍ദേശമുണ്ട്.

യു.എസ്.-മെക്‌സിക്കോ ഹൈ ലൈവല്‍ എക്കണോമിക് ഡയലോഗ് 2013 ല്‍ ആരംഭിച്ച സംവിധാനമാണ്. ഉഭയ കക്ഷി സാമ്പത്തിക വളര്‍ച്ച, തൊഴില്‍ വര്‍ധന, ഗ്ലോബല്‍ മികവ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് എച്ച്.എല്‍.ഇ.ഡി. ആരംഭിച്ചത്. വാര്‍ഷികയോഗങ്ങളില്‍ ക്യാബിനറ്റ് ലെവല്‍ സാന്നിദ്ധ്യമുണ്ടാകും. സ്വകാര്യമേഖലയിലെ ഒരു സംഘം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും യോഗങ്ങളില്‍ സംബന്ധിക്കും.
നോര്‍ത്ത് അമേരിക്കയ്ക്ക് ഇതൊരു പുതിയ യുഗമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാഫ്ട നേരിട്ടിരുന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. യു.എസ്. എംസിഎയ്ക്ക് മൂന്ന് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് നന്മ വരുത്തുവാന്‍ കഴിയട്ടെ!

നാഫ്ടയ്ക്കു പകരം യു.എസ് എംസിഎ പ്രാബല്യത്തില്‍ വന്നു (ഏബ്രഹാം തോമസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക