ജോസ് പക്ഷം അകത്തല്ല, പുറത്തുമല്ല സര്‍വതന്ത്ര സ്വതന്ത്രരാണ് (ശ്രീനി)

Published on 02 July, 2020
 ജോസ് പക്ഷം അകത്തല്ല, പുറത്തുമല്ല സര്‍വതന്ത്ര സ്വതന്ത്രരാണ് (ശ്രീനി)
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫിനുള്ളില്‍ ആണോ എന്നു ചോദിച്ചാല്‍ ''അതെ...'' എന്ന് ഉത്തരം പറയാന്‍ ആവില്ല. ജോസും പരിവാരവും യു.ഡി.എഫിനുള്ളില്‍ ഇല്ലേ എന്ന സംശയത്തിന് ''ഇല്ല...'' എന്ന മറുപടിയും അസാധ്യമാണ്. സത്യത്തില്‍ പി.ജെ ജോസഫിനെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തിരുവനന്തപുരത്ത് ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എഫ് രാഷ്ട്രീയം ചൂടു പിടിച്ചു. 

ജോസ് വിഭാഗത്തെ പുറത്താക്കിയതല്ല മറിച്ച് തത്ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗത്തിന്റെ ഫാമിലി മധ്യസ്ഥനായ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇക്കാര്യം ശരിവയ്ക്കുകയുണ്ടായി. ജോസ് വിഭാഗവുമായുള്ള ചര്‍ച്ച അടഞ്ഞ അദ്ധ്യായം അല്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. ഈ നിലയ്ക്ക് കാര്യങ്ങള്‍ ജോസ് കെ മാണിക്ക് അനുകൂലമായി, പി.ജെ ജോസഫ് ഒഴികെയുള്ള യു.ഡി.ഫ് നേതാക്കള്‍ നീക്കി  വരികയായിരുന്നു. 

എന്നാല്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് സ്വതന്ത്രമായി തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരിക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാന്‍ ഒരു തരത്തിലുമുള്ള അര്‍ഹതയില്ലെന്ന് ബെന്നി ബെഹനാന്‍ തീര്‍ത്തു പറഞ്ഞതിനു ശേഷം പി.ജെ ജോസഫ് പക്ഷം വലിയ ആഹ്‌ളാദത്തിലായിരുന്നു. ''നീതി നടപ്പായി... '' എന്നായിരുന്നു പി.ജെ ജോസഫ് പ്രതികരിച്ചത്. ഇതിനിടെ കോണ്‍ഗ്രസും കുഞ്ഞാലിക്കുട്ടിയും യു ടേണ്‍ അടിച്ചതോടെ, നല്ലകുട്ടിയായി തിരിച്ചുവന്നാല്‍ ജെസ് കെ മാണിയെ യു.ഡി.എഫിലെടുക്കാമെന്ന് ജോസഫ് മാറ്റി പറഞ്ഞു. 

നിലവില്‍ അവിടെയും ഇവിടെയും തൊടാതെ തൃശ്ശങ്കുവിലാണ് സ്വയം ചാര്‍ത്തിയ സ്വതന്ത്ര പരിവേഷത്തോടെ ജോസും കൂട്ടരും ഇപ്പോള്‍ നില്‍ക്കുന്നത്. കെ.എം മാണി ജീവിച്ചിരിക്കെ പി.ജെ ജോസഫുമായുള്ള ലയനത്തിനു ശേഷം കാര്യങ്ങള്‍ കുറച്ചുനാള്‍ കടിപിടിയില്ലാതെ പോയി. മാണി സാര്‍ മരിക്കുകയും പാലായില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്തതോടെ ജോസും ജോസഫും പ്രത്യക്ഷത്തില്‍ രണ്ടു വള്ളത്തിലായി. പാലായില്‍ ജോസിന് രണ്ടില ചിഹ്നം കൊടുക്കാന്‍ തയ്യാറാകാതിരുന്ന ജോസഫ് ഇടതു സ്വതന്ത്രന്‍ മാണി സി കാപ്പന്‍ ജയിച്ചപ്പോള്‍ ഉള്ളാലെ ചിരിച്ചു. 

കെ.എം മാണിയുടെ മരണത്തിനു ശേഷം കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് പലവട്ടം ശ്രമിച്ചിരുന്നു. മധ്യസ്ഥനായി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇരുവിഭാഗവുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി. പ്രശ്‌നം ഒരു നടയ്ക്ക് പോകില്ലെന്ന് വ്യക്തമായതോടെ ജോസ് വിഭാത്തെയും ജോസഫ് വിഭാഗത്തെയും അക്ഷരാര്‍ത്ഥത്തില്‍ യു.ഡി.എഫ് രണ്ടു പാര്‍ട്ടികളായി പരിഗണിച്ചു പോരുകയായിരുന്നു. അതനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുകൂട്ടര്‍ക്കും വീതം വച്ചു നല്‍കാന്‍ ധാരണയായി. എട്ടു മാസം ജോസഫ് വിഭാഗത്തിനും ആറു മാസം ജോസഫ് വിഭാഗത്തിനും നല്‍കാനായിരുന്നു യു.ഡി.എഫിലുണ്ടായ തീരുമാനം. 

പക്ഷേ, എട്ടു മാസം കഴിഞ്ഞിട്ടും ജോസ് പക്ഷം സ്ഥാനമൊഴിഞ്ഞില്ല. യു.ഡി.എഫില്‍ അങ്ങനെയൊരു ധാരണ ഇല്ലെന്നായിരുന്നു അവരുടെ നിലപാട്. ഇതിനിടെ ജില്ലാ പ്രസിഡന്റ് സ്ഥാനം വച്ചു മാറാന്‍ യു.ഡി.എഫ് നിശ്ചിത സമയം നല്‍കിയെങ്കിലും ജോസ് കെ മാണി അതംഗീകരിച്ചില്ല. യു.ഡി.എഫ് നേതാക്കള്‍ മുന്നിട്ടിറങ്ങി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിട്ടും ജില്ലാ പ്രസിഡന്റ് സ്ഥാനം വച്ചു മാറാനുള്ള തീരുമാനം ജോസ് അംഗീകരിക്കാതിരുന്നതിനാലുമാണ് അപ്രതീക്ഷിത പുറത്താക്കല്‍ പ്രഖ്യാപനം വന്നത്. 

രണ്ടു ദിവസത്തിനു ശേഷം യു.ഡി.എഫ് നേതാക്കള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയോട് മൃദു സമീപനം സ്വീകരിക്കുന്ന നിലപാടാണ് കണ്ടത്. ഇതോടെ ജോസ് കെ മാണി ക്ഷോഭിച്ച് സംസാരിച്ചു. തങ്ങളെ യു.ഡി.എഫ് ചതിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫില്‍ നിന്നും പുറത്താക്കിയത്. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും  ഇനി ചര്‍ച്ചയില്ലെന്നുമാണ് ജോസ് കെ മാണി വെട്ടിത്തുറന്ന് പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകേണ്ട എന്നാണ് ഇപ്പോള്‍ ജോസ് കെ മാണി എടുത്തിരിക്കുന്ന തീരുമാനം. 

എന്നാല്‍ അവസരം മുതലാക്കി ജോസ് കെ മാണി വിഭാഗത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ഇടതു മുന്നണിയും ചരടുവലികള്‍ ആരംഭിച്ചു. കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടതോടെ മനസ്സിലിരുപ്പ് വ്യക്തമായി. കേരളകോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് കോടിയേരി കുറ്റപ്പെടുത്തി. 

ഉപാധികള്‍ പാലിച്ചാല്‍ തിരികെ വരാമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം തള്ളിയ ജോസിനെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ഈ ഭാഗ്യപരീക്ഷണത്തില്‍ ജോസ് വിജയിച്ചാല്‍ ഇടതുമുന്നണിയിലേക്ക് ജോസ് അടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതിനു മുമ്പേ ജോസിനൊപ്പമുള്ളവരെ തങ്ങളുടെ കൂടാരത്തിലാക്കി ജോസ് കെ മാണിയെ ഒറ്റപ്പെടുത്തുകയെന്നതാണ് പി.ജെ ജോസഫിന്റെ ഗെയിം പ്ലാന്‍. ഇതിനോടകം നിരവധി നേതാക്കള്‍ ജോസിനെ വിട്ട് ജോസഫിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ജോസ് കെ മാണിക്കു മുമ്പില്‍ സി.പി.എം വാതില്‍ തുറന്നാലും കടുത്ത എതിര്‍പ്പുമായി സി.പി.ഐ രംഗത്തുണ്ട്. എന്‍.സി.പിക്കും ഇക്കാര്യത്തില്‍ താത്പര്യമില്ല. പാലായില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി ജോസ് ടോമിനെ തോല്‍പ്പിച്ച  എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ ഇക്കാര്യത്തില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ തങ്ങളില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കഴിഞ്ഞു. 

കെ.എം മാണി ഉള്‍പ്പെടെ വിവിധ കേരള കോണ്‍ഗ്രസുകള്‍ കാലാകാലങ്ങളില്‍ ഇടതു മുന്നണിയില്‍ പ്രവേശിക്കുകയും വിട്ടുപോകുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് ജോസ് കെ മാണിയോട് ഇടതു മുന്നണിക്ക് തൊട്ടുകൂടായ്മയൊന്നുമില്ല. വര്‍ഷങ്ങളോളം യു.ഡി.എഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് മാണി വിഭാഗം. യു.ഡി.എഫ് സംവിധാനം രൂപീകരിച്ച നേതാക്കളില്‍ ഒരാളാണ് കെ.എം മാണി. ഇരു മുന്നണികളിലും ഭാഗ്യപരീക്ഷണം നടത്തിയ പാര്‍ട്ടി എന്ന നിലയില്‍ ജോസ് കെ മാണിക്ക് ഇനി എന്‍.ഡി.എയുടെ കൂടാരത്തില്‍ ഒരു കൈ നോക്കാവുന്നതാണ്. 

കേരള കോണ്‍ഗ്രസിന്റെ ജനിതക സ്വഭാവമാണ് പിളരുകയും ലയിക്കുകയും ചെയ്യുക എന്നത്. പിളര്‍ന്നു മാറിയ ചില കക്ഷികള്‍ വളരുകയും മറ്റു ചിലര്‍ തളരുകയും ചെയ്തിട്ടുണ്ട്. ഈ പിളര്‍പ്പും ലയനവും ഒന്നും മഹത്തായ ഒരു ആശയത്തിന്റെയോ ധാര്‍മ്മകതയുടെയോ പേരിലായിരുന്നില്ല. എല്ലാം അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള പടവെട്ടലുകളായിരുന്നു. കെ.എം മാണി-പി.ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ പരസ്യമായ വടംവലിയും പ്രസ്താവനായുദ്ധങ്ങളും കേരള രാഷ്ട്രീയത്തിനു തന്നെ മാനക്കേടുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരത്തിന് ഒരു പ്രസക്തിയുമില്ലെന്ന് ഒരു പക്ഷവും പിടിക്കാതെ പറയാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക