Image

ഇതിഹാസകാരന്റെ കയ്യൊപ്പ് (തോമസ് കെയാല്‍)

Published on 02 July, 2020
ഇതിഹാസകാരന്റെ കയ്യൊപ്പ് (തോമസ് കെയാല്‍)
പാലക്കാട്‌ പോകുമ്പോൾ മിക്കവാറും സന്ദർശിക്കുന്ന രണ്ടിടങ്ങളുണ്ട്‌, ഡി സി ബുക്സും കൈരളിയും. അന്നൊരു ദിവസം ഡി സി യിലെ മാനേജർ പറഞ്ഞു, 'ഒ വി വിജയൻ ടൗൺ ഹാളിൽ വരുന്നുണ്ട്‌, ഡി സി വാർഷികത്തിന്‌..'
പുസ്തകം വാങ്ങി നേരെ കൈരളിയിൽ ചെന്ന് തണുപ്പിച്ച കല്ല്യാണിയും നുണഞ്ഞ്‌ അങ്ങനെയിരിക്കുമ്പോൾ ആലോചിച്ചത്‌ ഒ വി വിജയനെ കാണാൻ പോകുന്നതും ഒത്താലൊരൊപ്പ് ഇതിഹാസത്തിൽ ചാർത്തി വാങ്ങുന്നതുമായിരുന്നു.

ഒപ്പം പോരാൻ സെയ്തലവിയും തയ്യാർ. പുതിയതായി വാങ്ങിയ ഖസാക്കിന്റെ ഇതിഹാസം ഞാൻ പൊതിഞ്ഞെടുത്തു.
തൃശൂർ നിന്നും പാലക്കാട്ടേക്കുള്ള ദൂരമത്രയും കെ കെ മേനോനിലിരുന്ന് ഞങ്ങൾ ഇതിഹാസത്തിന്റെ നാൾവഴികൾ ചിക്കിച്ചികഞ്ഞു, വിജയനെ കാണുന്ന സന്തോഷം പങ്കുവച്ചു.
ടൗൺ ഹാളിൽ ആളുകൾ എത്തിത്തുടങ്ങുന്നു. തലമൂത്ത സാഹിത്യനായകർ പങ്കെടുക്കുന്ന ചടങ്ങാണെന്നോർത്ത്‌ ഓരോരുത്തരേയും കാണാൻ ഞങ്ങൾ പുറത്ത്‌ കാത്തുനിന്നു.
കാവി വേഷത്തിൽ നിത്യചൈതന്യ യതിയെത്തി, മൗനവ്രതത്തിലായിരുന്നതിനാൽ ഒരു നറും ചിരി നൽകി അദ്ദേഹം അകത്തേക്ക്‌ കയറി.
ടൗൺ ഹാൾ നിറഞ്ഞു തുടങ്ങി, ഒപ്പം പരിപാടികളും. സ്വാഗത പ്രസംഗത്തിന്റെ നീളം പൊടുന്നനെ കുറച്ച്‌ വിജയന്റെ വരവറിയിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം എഴുന്നേറ്റുനിന്ന് മൗനമായി അദ്ദേഹത്തിന്‌ സ്നേഹാഭിവാദ്യമർപ്പിച്ചു.

കണങ്കാലോളമെത്താത്ത കരയില്ലാത്ത ഒറ്റമുണ്ടും വെള്ളശീട്ടി തുണിയിൽ തയ്ച്ച-കോളറില്ലാത്ത അരക്കയ്യൻ കുപ്പായവും ചിരപരിചിതമായ മൃദുഹാസവുമായി വിജയൻ തന്റെ ശോഷിച്ച കൈകൾ പ്രസംഗപീഠത്തിലൂന്നി നന്നേ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത്‌ കേൾക്കാൻ സദസ്സ്‌ ചെവികൂർപ്പിച്ചു.
ഈ മനുഷ്യനാണോ രവിയെയും മൈമുനയേയും അള്ളാപിച്ച മൊല്ലാക്കയേയും സൃഷ്ടിച്ചത്‌, മുങ്ങാങ്കോഴിയും അപ്പുക്കിളിയും ഇതേ തൂലികയിൽ നിന്നാണോ പിറവിയെടുത്തത്‌... എന്റെ ചിന്തകൾ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ്‌ കയ്യൊപ്പിലെത്തി. അപ്പോഴേക്കും വിജയൻ ഭാഷണം അവസാനിപ്പിച്ചിരുന്നു.
ഇനി സമയമില്ല, ഇപ്പൊ വരാം എന്ന് മാത്രം സെയ്തുവിനോട്‌ പറഞ്ഞ്‌ ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.

ഡി സി ബുക്‌സിന്റെ മനേജർ ഇത്തിരി ഒളിവിടത്തിലിരുന്ന് സിഗരറ്റ്‌ വലിക്കുന്നുണ്ട്‌. ഒരു കയ്യൊപ്പെന്ന എന്റെ ആവശ്യത്തിൽ അദ്ദേഹത്തിന്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല ചടങ്ങുകൾ കഴിയും മുമ്പേ വിജയൻ പോകുമെന്ന് കൂടി അറിയിച്ചു. പിന്നെ ചെവിയെലെന്നോണം പതിയെപ്പറഞ്ഞു 'ധൈര്യണ്ടെങ്കി ദെ ഇതിലേ സ്റ്റേജിലിക്ക്‌ കേറിച്ചെല്ല്..'

എങ്ങനെയോ അറിയാതെയെത്തിയ ധൈര്യത്തിൽ പിൻ ചുമരിനോട്‌ ചേർന്ന ചവിട്ടുപടികയറി സ്റ്റേജിലെത്തി ഒ വി യുടെ അരികിലേക്ക്‌ നടക്കുമ്പോൾ ആരൊക്കെയോ എന്നെ പുറകിൽ നിന്ന് തിരികെ വിളിക്കുന്നുണ്ട്‌. അതെല്ലാം ഒരു സ്വപ്നത്തിലെന്നോണം കേട്ട്‌ ഞാൻ അദ്ദേഹത്തിന്നരികിലെത്തി. മുന്നിലെ സദസ്സിലേക്ക്‌ നോക്കാനൊരുപേടി. കസേരയുടെ പിന്നിൽ നിന്ന് ഞാൻ അദ്ദേഹത്തോട്‌ ഒന്നും പറയാനാവാതെ പതുക്കെ അദ്ദേഹത്തിന്റെ വലത്‌ കയ്യിൽ തൊട്ടു. എന്തേ എന്ന ഭാവത്തിൽ എന്നെ നോക്കിയ ഇതിഹാസകാരന്‌‌ ഖസാക്കിന്റെ ഇതിഹാസം കൊടുത്തുകൊണ്ട്‌ പറഞ്ഞു..
'ഒരു കയ്യൊപ്പ്‌'
' പേനയുണ്ടോ തരൂ..' ഞാൻ കൊടുത്ത പേനയെടുത്ത്‌, ഇടത്‌ കയ്യാൽ‌ വലത്‌ കയ്യിന്റെ വിറയൽ ഏറ്റുവാങ്ങി വീണ്ടും എന്നെ നോക്കി ചോദിച്ചു ' എന്താ പേര്‌..'
വിറക്കുന്ന കൈകളാൽ എന്റെ പേരെഴുതുന്നത്‌ നോക്കിനിന്നെന്റെ കണ്ണുനിറഞ്ഞു.
പൊടുന്നനെ സദസ്സിൽ നിന്നും ഒന്നിനുപുറകെ ഒന്നായി ആളുകൾ സ്റ്റേജിലേക്ക്‌ തള്ളിക്കയറാൻ തുടങ്ങി..സംഘാടകരുടെ വിലക്കുകൾ വകവക്കാതെ അവർ കയ്യൊപ്പിനായി തിക്കിത്തിരക്കി...

ആരെങ്കിലും ചോദിച്ചാൽ ഞാൻ കൊടുക്കാത്ത ഒരു പുസ്തകം മാത്രമെ എന്റെ കയ്യിലുള്ളൂ.. ഇതിഹാസകാരന്റെ കയ്യൊപ്പുള്ള ഇതിഹാസം.

ഇതിഹാസകാരന്റെ കയ്യൊപ്പ് (തോമസ് കെയാല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക