Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 20 - സന റബ്സ്

Published on 04 July, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 20 - സന റബ്സ്

“നൌ ഇന്‍ ദി സ്റ്റേജ്..., കണ്ടസ്റ്റന്റ്റ് നമ്പര്‍ ഫോര്‍...”
ചടുലമായ റാമ്പ്മ്യൂസിക്കില്‍ സ്റ്റേഡിയം ഇളകിമറിയുന്നതിന്നിടയില്‍ അനൌണ്‍സ്മെന്റുണ്ടായി. ഹൃദയം കൈവെള്ളയിലേക്കിറങ്ങി വന്നു ആകാശത്തോളം തിരമാലപോലുയര്‍ന്നു ചാടി വീണ്ടും ഒന്ന് പതുങ്ങി. പല്ലവിയും കൂട്ടുകാരും ശ്വാസമടക്കി.
‘കാരറ്റ്’ എന്നും ‘കാ..’ എന്നും  അവളും ക്യാമ്പസ്സും വിളിക്കുന്ന കരോലിന്‍നീറ്റയാണ് ഇനി സ്റ്റേജിലേക്ക്...
ഒരുവലിയ തിര വരുന്നതിന് മുന്‍പുള്ള ശാന്തതപോലെ സ്റ്റേജ് നിശബ്ദം! എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരുന്നു. 

മെറ്റാമോര്‍ഫിക് റോക്കിന്റെ കടുംനിറത്തില്‍ വിടര്‍ന്ന പനിനീര്‍പ്പൂക്കള്‍ നിറഞ്ഞ നിലത്തിഴയുന്ന ഗൌണാണ്‌ ഓഡിയന്‍സ് ആദ്യം കണ്ടത്! തിളങ്ങുന്ന ലാപ്പിസ്സ്ലസൂലിയുടെ നക്ഷത്രം പതിച്ചൊരു നീണ്ട മോതിരവിരല്‍ ആ ഉടുപ്പില്‍ താളമിടുന്നു. ആ വിരലില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു പോയൊരു നീലപ്പറവയുടെ തൂവല്‍വള്ളികള്‍ നീണ്ടുനനുത്ത മൂക്കിലൊരു വര്‍ണ്ണശലഭമായി ചേക്കേറിയിരിക്കുന്നു!  കരോലിന്റെ തിളങ്ങുന്ന നക്ഷത്രക്കണ്ണുകളില്‍ റാമ്പിലെ വെളിച്ചങ്ങള്‍ മത്സരിച്ചു മിന്നി.
സ്റ്റേഡിയം പെരുവിരല്‍തുമ്പില്‍ ഒന്നുയര്‍ന്നു ചാടി! പല്ലവിയും കൂട്ടുകാരും കരോലിന്‍റെ നോട്ടമെത്താത്ത  ഒരിടത്താണ് നില്‍ക്കുന്നത്.

“ഐ വില്‍ ഡെഫിനിറ്റിലി ഷിവര്‍ ആന്‍ഡ്‌ ഫാള്‍... ഡോണ്ട് ലുക്ക്‌ അറ്റ്‌ മി..., ഞാന്‍ വീഴും... നിങ്ങളാരും എന്നെ നോക്കരുത്.” കയറുന്നതിന് തൊട്ടുമുന്‍പ് വരെ കരോലിന്‍ പറഞ്ഞ വിറയ്ക്കുന്ന വാക്കുകള്‍. അവളെ നോക്കുകയേയില്ലെന്ന  പ്രോമിസ് കൊടുത്തിട്ടാണ് സ്റ്റേജില്‍ കയറ്റിയത്.

രണ്ടു കൈകൊണ്ടും തന്‍റെ റാമ്പ്ഡ്രസ്സ്‌ പ്രത്യേക രീതിയില്‍  പൊക്കിപ്പിടിച്ച് കരോലിന്‍ പതുക്കെ  സ്റ്റേജില്‍ നടക്കാന്‍ തുടങ്ങി. ലാസ്യം നിറഞ്ഞ ആ പതുങ്ങിയ നടത്തം ഒരൊഴുക്കായി മാറി കോര്‍ക്ക് പൊട്ടിച്ചൊരു ഷാമ്പേയിന്‍പോലെ നുരഞ്ഞു ചിതറി. വല്ലാത്തൊരു ആരവത്തോടെ ആളുകള്‍ ഇരമ്പി. എല്ലാ കണ്ണുകളും ഒരേയൊരു നിമിഷത്തിലേക്ക്....

കരോലിന്‍ ആരെയും കാണുന്നുണ്ടായിരുന്നില്ല.
തന്‍റെ ഗ്രൂപ്പിന്‍റെ സ്റ്റാറ്റസ്, കൊമ്പുകോര്‍ത്ത്‌ നില്‍ക്കുന്ന എതിര്‍ടീമുകളുടെ പുച്ഛവും വിജയലക്ഷ്യവും, സര്‍വ്വോപരി തന്‍റെ ഫാഷന്‍ ലോകത്തേക്കുള്ള തീവ്രമായ ശ്രമം, ഇവിടെ പരാജയപ്പെട്ടാല്‍ ഇനിയൊരു തുടക്കമുണ്ടാകില്ല എന്ന ഡാഡിയുടെ ശാസനം, ഇതെല്ലാമായിരുന്നു അവളുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നത്. ഒരു വര്‍ഷത്തെ അവളുടെയും ടീമിന്‍റെയും കഠിനതപസ്സാണ് ഇന്നിവിടെ യാഥാര്‍ത്ഥ്യമാകുന്നത്. ഒരുപാട് പ്രഗല്‍ഭരുടെ മുന്നിലാണ്  പെര്‍ഫോം ചെയ്യുന്നത് എന്നതും ഏവരെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. കൂട്ടകരഘോഷങ്ങള്‍ക്കിടയില്‍ കൈവീശിക്കാണിച്ചു എല്ലാവരെയും നോക്കി അവള്‍ ഇരുപത്തിനാല് ‘കാരറ്റ്’ ചിരിയുടെ കോർക്ക് പൊട്ടിച്ചു. 
സ്റ്റേജിനപ്പുറം ജഡ്ജസിന്റെ  ഒരു നിരതന്നെ അവളെ നോക്കിയിരുന്നു.  അവരുടെ കണ്ണുകളില്‍പ്പോലും അടക്കിപ്പിടിച്ച ആരാധനയുണ്ടെന്ന് പല്ലവിക്കും കൂട്ടുകാര്‍ക്കും  തോന്നി.  മിലാനും തനൂജയടക്കമുള്ള താരങ്ങളും ഡാന്‍സ് മാസ്റ്റര്‍മാരും ചീഫ്ഗസ്റ്റ്‌ റായ് വിദേതന്‍ദാസും അടക്കം എല്ലാവരും അവളെത്തന്നെ നോക്കിയിരിക്കയായിരുന്നു.

ഉണ്ട്, അത്രയും ടാലെന്റ്റ്‌ ഉണ്ടവള്‍ക്ക്! ഈജിപ്ഷ്യന്‍ മെഴുക്സുന്ദരിയെപോലെ നേര്‍ത്ത ദേഹവും നനവുള്ള കണ്ണുകളുമുള്ള കരോലിന്റെ ആന്തരികബാഹ്യമുഖങ്ങളെല്ലാം ആ ഷോയില്‍ പരമാവധി മൂര്‍ച്ചയേറ്റിയെടുത്തിരുന്നു.

 സ്റ്റേജില്‍നിന്നും കരോലിന്‍ പറവ കണക്കെ ഒഴുകിയിറങ്ങിയപ്പോള്‍  ഏവരുടേയും ഹൃദയത്തില്‍  ഡ്രംബീറ്റുകള്‍ മുഴങ്ങിവീണു. പതുക്കെ പതുക്കെ നടന്ന് അവള്‍ ഒടുവില്‍ താളം ബാക്കിയാക്കി മറഞ്ഞു. ആരും അനങ്ങിയില്ല.  പല്ലവി ഓടിവന്നു കരോലിനെ അതിഗാഢമായി പുണര്‍ന്നു.

“ഞാന്‍ നടന്നോ നന്നായി ...?” പെറുക്കിപ്പെറുക്കി കിതച്ചുകൊണ്ടവള്‍ ചോദിച്ചു. പല്ലവിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ അടര്‍ന്നു വീണു. സ്റ്റേഡിയം തകര്‍ന്നുവീഴുമ്പോലെ പുറകില്‍ കരഘോഷത്തിന്റെ തിരമാലകള്‍ പൊട്ടിച്ചിതറി.

 “യെസ് മൈ ഡാര്‍ലിംഗ്..., സൂപ്പറബ്.” പല്ലവിയുടെ കണ്ണുകള്‍  നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അവളുടെ  കൈകള്‍ കരോലിനെ വരിഞ്ഞുമുറുക്കി.

“അടുത്ത കോസ്റ്റും..., അടുത്തത്...., പെട്ടെന്ന് റെഡിയാവൂ....” ക്ലബ്‌ സെക്രട്ടറി  നരേന്‍ ജെയിന്‍ ഓടിവന്നു അവരോട് പറഞ്ഞു.

“കം....റണ്‍.......കാ...” പല്ലവിയും സ്വരയും  കരോലിനെ പിടിച്ചുകൊണ്ടോടി.

“കാ...”,  “പാ....” എന്നിങ്ങനെ പേരിന്‍റെ ഒറ്റയക്ഷരങ്ങളാണ്‌ പരസ്പരം വിളിക്കാന്‍ അവിടെ മിക്കവരും ഉപയോഗിക്കുന്നത്. ഹോസ്റ്റലില്‍ നില്‍ക്കുന്ന നേപ്പാളി കുട്ടികളാണ് ഇത്തരം കൗതുകങ്ങള്‍ ആദ്യമായി അവരുടെ കൂട്ടത്തിലേക്ക് കുടഞ്ഞിട്ടത്. അത് പിന്നീട് ക്യാമ്പസ് ഏറ്റെടുക്കുകയായിരുന്നു. നോര്‍ത്തിന്ത്യയിലെ ഒട്ടുമിക്ക കോളേജുകളില്‍നിന്നും മോഡല്‍ രംഗത്തുനിന്നുമുള്ള വളരെ ടാലന്റുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.

“സര്‍, എങ്ങനെയുണ്ടായിരുന്നു നമ്പര്‍ ഫോര്‍...?”

“സര്‍ ..?” മറുപടി ഇല്ലാത്തതിനാല്‍  കോര്‍ഡിനേറ്റര്‍ അവിനാശ് ചന്ദര്‍  തന്‍റെ തൊട്ടരികിലിരിക്കുന്ന ചീഫ്ഗസ്റ്റ്  റായ് വിദേതന്‍ദാസിനെ  ഒന്നുകൂടി നോക്കി.

“യെസ്... യെസ്.. എക്സലന്റ് ആന്‍ഡ്‌ ജോര്‍ജിയസ്, സോറി, ഞാനൊരു ഫോണില്‍ ആയിരുന്നു...”  നെറ്റിയിലേക്ക് ചിതറിവീണ മുടിയിഴകളെ ശിരസ്സൊന്നു വെട്ടിച്ചു പൂര്‍വസ്ഥാനത്തെത്തിച്ചു മുഴങ്ങുന്ന ശബ്ദത്തില്‍ ദാസ്‌ പറഞ്ഞു. അപ്പോഴേക്കും അടുത്ത കണ്ടസ്റ്റന്റ്റ് നമ്പറിനുള്ള അനൌണ്‍സ്മെന്റ് തുടങ്ങിയിരുന്നു.

“പ്ലീസ്‌ എക്സ്ക്യുസ് മീ......” പരിപാടി അവസാനിക്കുന്നതിന് ഏകദേശം പത്തുമിനുട്ട് മുന്‍പ് അവിനാശ് ചന്ദറിനോട് ഒരു സോറി പറഞ്ഞുകൊണ്ട്  ദാസ്‌ എഴുന്നേറ്റു ധൃതിയില്‍ പുറത്തേക്ക് നടന്നു. അക്ഷമയോടെ അയാള്‍ ഫോണിലേക്ക് നോക്കുന്നുണ്ടാരുന്നു. മിലാനെ അവിടെയിരുന്ന്തന്നെ രണ്ടുമൂന്ന് വട്ടം വിളിച്ചെങ്കിലും അവള്‍ ഫോണ്‍  എടുത്തിട്ടില്ല. ദാസ്‌ എഴുന്നേറ്റു പോകുന്നത്കണ്ട തനൂജ തന്‍റെ ഫോണും വാനിറ്റിബാഗും എടുത്ത് വേഗത്തില്‍ സ്റ്റേജിന് പുറകിലേക്ക് നടന്നു
അടുത്ത ഐറ്റം പല്ലവിയും കരോലിനും അടക്കമുള്ള ആറംഗസംഘത്തിന്‍റെ അതിമനോഹരമായൊരു നൃത്തമായിരുന്നു. മണിപ്പൂരി ട്രഡിഷന്‍ അനുസരിച്ച് തയ്യാറാക്കിയ മയില്‍‌പീലിനിറങ്ങളില്‍ നെയ്ത വസ്ത്രങ്ങളില്‍ ആറു കുട്ടികളും സ്റ്റേജില്‍ ആയിരം നിറങ്ങളോടെ ആടി. അവിനാശ് തിരിഞ്ഞു നോക്കിയപ്പോള്‍ വാതില്‍ക്കല്‍തന്നെ നൃത്തം നോക്കികൊണ്ട്‌ ദാസ്‌ നില്‍പ്പുണ്ടാരുന്നു. തന്‍റെ തിളങ്ങുന്ന ബ്ലാക്ക്‌സില്‍ക്ക്ജുബ്ബയുടെ പോക്കറ്റിലേക്ക് കൈ ചേര്‍ത്ത് വെച്ചുക്കൊണ്ട്! അങ്ങനെ നില്‍ക്കെ അയാളുടെ ഫോണ്‍ ശബ്ദിച്ചു.

“എവിടെയാണ്?” അയാള്‍ ചോദിച്ചു.

“ഞാന്‍ ഡ്രസ്സിംഗ്റൂമിലുണ്ട്. വിദേത് ഇങ്ങോട്ട് വരാമോ?”

“എവിടെയാണ് നിന്‍റെ ഡ്രെസിംഗ്റൂം?”

“സ്റ്റേജിന് വലത് വശത്തായി കാണുന്ന രണ്ട്നിലകെട്ടിടം കണ്ടോ? മുന്നില്‍ മതില്‍ കെട്ടാത്ത കെട്ടിടം. ആ വരാന്തയിലൂടെ നേരെ വരൂ. നേരെ നടന്ന് ഫസ്റ്റ് ലെഫ്റ്റ് തിരിയണം.  ഞാനിവിടെ ഉണ്ട്. വേഗം വരണം വിദേത്...”

മിലാന്‍ ഫോണില്‍ പറഞ്ഞ വഴികളിലൂടെ ദാസ്‌  സംസാരിച്ചുകൊണ്ട്നടന്നു. സ്റ്റേജില്‍ പലനിറങ്ങളില്‍ ലൈറ്റുകള്‍ മിന്നുന്നുണ്ടെങ്കിലും ദാസ്‌ നടക്കുന്ന വഴികളില്‍ വെളിച്ചം കുറവായിരുന്നു. ഇടത് ഭാഗത്തേക്ക്‌ തിരിഞ്ഞയുടനെ അവിടെ കത്തിനിന്നിരുന്ന വെളിച്ചം കെട്ടു. “കറന്റ് പോയതാണോ?” അയാള്‍  ചോദിച്ചു. “എങ്കില്‍ നീ ഫോണ്‍ വെയ്ക്കൂ... ഞാന്‍ എത്താറായി.”

ഫോണ്‍ കട്ട്‌ ചെയ്ത് മൊബൈല്‍ പ്രകാശിപ്പിച്ച് ദാസ്‌ നടന്നു. മൊബൈലില്‍ ടോര്‍ച്ച് തെളിച്ചുകൊണ്ട്‌ മിലാനും ഗ്രീന്‍റൂമില്‍നിന്നും പുറത്തേക്കിറങ്ങി. അവളുടെ ഫോണില്‍ മെസ്സേജുകളുടെ മൂളലും വൈബ്രെഷനും വന്നുകൊണ്ടേയിരുന്നു. അല്‍പമകലെനിന്ന് മൊബൈല്‍ വെളിച്ചം വരുന്നത് മിലാന്‍ കണ്ടു.

കറുത്തസില്‍ക്ക് ജുബ്ബയുടെ നീളമുള്ള നിഴല്‍ അടുത്തേക്കടുത്തേക്ക്  വന്നു. അയാളുപയോഗിച്ച പെര്‍ഫ്യൂമാണ് ആദ്യം  ഓടിവന്നവളെ പുണര്‍ന്നത്‌. ദാസ്‌ കൈകള്‍ നീട്ടികൊണ്ട് അവളുടെയടുത്തേക്ക്‌ അടുത്തു. ആ വിരലുകളെ വിരല്‍നീട്ടി കൊരുത്ത്കൊണ്ട് മിലാന്‍ ചോദിച്ചു.

“എന്താണിത്ര തിടുക്കം? എന്തിനാണ് കാണാന്‍ പറഞ്ഞത്?” ചോദ്യം മുഴുവനാക്കും മുന്‍പേ അയാളവളെ കരവലയത്തിലേക്കിട്ടിരുന്നു. ആ മുഖത്തും ചുണ്ടുകളിലും കണ്ണുകളിലും  അയാളുടെ ചുണ്ടുകളമര്‍ന്നു. ആര്‍ത്തിയോടെ... അതിതീവ്രമായ അനുരാഗത്തോടെ... മിലാന്‍റെ കൈകളും അയാളെ പൊതിഞ്ഞു. ദാസിന്‍റെ നെഞ്ചിടിപ്പിന്റെ നേര്‍ത്ത മര്‍മ്മരം അവളുടെ കാതുകളില്‍ കേട്ടു.

“എത്ര ദിവസമായെന്ന് അറിയാമോ ഞാനൊന്ന് കാണാന്‍ ആഗ്രഹിക്കുന്നു. കൊതിയായിട്ടാണെനിക്ക്....” അമര്‍ന്ന സ്വരത്തേക്കാള്‍ വേഗതയോടെ അയാളുടെ മുഖം അവളുടെ മുടിയിലും കഴുത്തിലും ചുണ്ടിലും മാറിലും പൂഴ്ന്നിറങ്ങി. മിലാൻ പുളഞ്ഞുപോയി.

"അറിയാമോ നിനക്ക്....? "

“ഉം....” അയാളുടെ നെഞ്ചിലേക്ക് ഒന്നുകൂടി ചേര്‍ന്നുകൊണ്ട് അവള്‍ മൂളി.

“ഇപ്പോള്‍ത്തന്നെ ഇങ്ങനെ കാണാന്‍ പറ്റുമെന്ന് ഒട്ടും കരുതിയില്ല.”

“ഞാന്‍ കുറെ നേരമായി ഒരു ചാന്‍സ് കിട്ടാന്‍ നോക്കുന്നു. വിദേത് സ്റ്റേജില്‍ നിന്നും എഴുന്നേറ്റാല്‍ അവിടെ അറിയുമല്ലോ. മാത്രല്ല ഇവിടേം ആളൊഴിയെണ്ടേ... വരുന്ന വഴിയിലെ ലൈറ്റ് ഞാന്‍ ഓഫ്‌ ആക്കിയതാണ്.” മിലാന്‍ അയാളിലേക്ക് ഒന്നുകൂടി അമര്ന്നുകൊണ്ട് മന്ത്രിച്ചു.

“ആഹാ, അപ്പൊ ഞാന്‍ കരുതിയപോലെയല്ല. കുറച്ചു തലച്ചോര്‍ ഉണ്ട്.”

“പോ...പോ... പോ, അവിടെപ്പോയിരുന്നോ. ഇപ്പോള്‍ കണ്ടില്ലേ. മതി മതി. വേഗം സ്ഥലം വിട്ടോ..” അവള്‍ കൃത്രിമമായി കോപത്തോടെ അയാളുടെ മൂക്കില്‍ മൂക്കുരസ്സി.

“എന്താ നീയീ മനുഷ്യന്‍റെ ദേഹം പൊളിക്കുന്ന വസ്ത്രം ഇട്ടിരിക്കുന്നേ??” അവളുടെ ബ്ലൌസിലും സാരിയിലും പതിച്ച കല്ലുകള്‍ തടവി അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു. “എന്‍റെ തൊലിയിളകുമല്ലോ...”

മിലാന്‍ ചിരിച്ചുകൊണ്ട് അയാളുടെ മുഖം തലോടി.. “എനിക്കറിയാമോ എന്‍റെ വസ്ത്രം പൊക്കാന്‍ വരുമെന്ന്?”
“ഓഹോ, അറിഞ്ഞിരുന്നെങ്കില്‍ ഒന്നും ഇടാതെ വരുമായിരുന്നെന്ന്...”

ദാസിനെ അല്പം ഊക്കോടെ തള്ളിമാറ്റികൊണ്ട് അവള്‍ പരിഭവത്തോടെ പറഞ്ഞു. “ഒരിക്കലും എന്‍റെ കുട്ടി അത് പ്രതീക്ഷിക്കേണ്ട. ചിലരൊക്കെ എല്ലാം തുറന്നിട്ട്‌ വരുമ്പോലെ പബ്ലിക് ഷോ നടത്താന്‍ എന്തായാലും ഞാനില്ല..” അവള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.

“ഇപ്പോഴും ഏറെ കാണാമല്ലോ ഈ സാരിയില്‍, യൂ ലുക്ക്‌ സോ ബ്യൂട്ടിഫുള്‍ ടുഡേ... കണ്ടയുടനെ എന്‍റെ ഹാര്‍ട്ട്‌ബീറ്റ് സ്റ്റക്ക് ആയോന്ന് ഞാന്‍ സംശയിച്ചു.” അയാള്‍ സ്വന്തം നെഞ്ചില്‍ തൊട്ട് അവശനായതുപോലെ കാണിച്ചു.

“ആണോ, ഒരു ഹൃദ്രോഗിയെയാണോ ഞാന്‍ സ്നേഹിക്കുന്നെ?”

“അതെ, പരിശോധിക്കുന്നോ ഈ ഹൃദയത്തിന്റെ കാഠിന്യം? നോക്ക്... നോക്ക്....” തന്‍റെ നെഞ്ചിലേക്ക് ആ കവിളുകള്‍ അയാള്‍ വീണ്ടും ചേര്‍ത്തുപിടിച്ചു. “നിന്‍റെ എക്സാം കഴിഞ്ഞില്ലേ... ഇതോടുകൂടി തിരക്കുകള്‍ കഴിഞ്ഞില്ലേ… നമുക്കെവിടെയെങ്കിലും പോകാം മിലാന്‍...” അവളുടെ മുഖം രണ്ട്കൈകളിലുമെടുത്ത് നേര്‍ത്ത സ്ട്രോബെറിപോലെ നനഞ്ഞുമൃദുവായ ആ ചുണ്ടുകള്‍ അയാള്‍ തന്റെ ചുണ്ടുകള്‍ക്കുള്ളിലാക്കി. 

“എങ്ങനെയാണ് തനൂജയ്ക്ക് വിദേതിന്റെ വജ്രാഭരണം ഗിഫ്റ്റായി കിട്ടിയത്?” ഓര്‍ക്കാപ്പുറത്തുള്ള മിലാന്‍റെ ചോദ്യം കേട്ട് അയാളുടെ മുറുകിയ കൈകള്‍ അല്പം അയഞ്ഞു. മിലാന്‍ അടര്ന്നുമാറി ആ മുഖത്തേക്ക് നോക്കി.

“അവളത് എന്‍റെ അമ്മയ്ക്ക് കൊടുക്കാന് ഡല്‍ഹിയില്‍ വന്നപ്പോള്‍ വാങ്ങിയതാണ്. അമ്മ അത് സ്വീകരിച്ചില്ല, അവള്‍ക്കുതന്നെ സമ്മാനിക്കുകയായിരുന്നു.”

“വിദേത് ഇത്തരം കാര്യങ്ങള്‍ എന്നോട് പറയാതിരിക്കുമ്പോള്‍ ആ അവസരങ്ങള്‍ തനൂജ മുതലെടുക്കുകയാണ്, അറിയാമോ?”

“ഉം... അറിയാം, പക്ഷെ അത് ഞാനവള്‍ക്ക് സമ്മാനിച്ചതല്ല. അതാണ്‌ സത്യം...”

“എന്താണ് തനൂജ വിദേതിന്റെ പുറകെയിങ്ങനെ? ഞാന്‍ തീരെ കംഫര്‍റ്റബിള്‍ അല്ല അവള്‍ വിദേതിനെ ഇങ്ങനെ വാലാട്ടി മണപ്പിച്ചു നടക്കുന്നതില്‍...” മിലാന്‍റെ ഈ വെട്ടിത്തുറന്ന പറച്ചില്‍ ദാസില്‍ ചിരിയുണര്‍ത്തി. “നീ മണപ്പിക്കാന്‍ വരാത്തതുകൊണ്ട്...” അയാള്‍ ചെറുതായി ചിരിച്ചത്കണ്ട് അവള്‍ക്ക് ദേഷ്യം വന്നു.

“വിദേത്, അയാം സീരിയസ്.... വിവാഹം നീട്ടിയതിന്റെ പുറകില്‍ എന്താണ് കാരണം... ഇവളാണോ കാരണം?”

“ഛെ, നീയെത്ര സില്ലിയാണ്! മൈത്രേയി അന്ന് അല്പം ഇടഞ്ഞു. അവളെയൊന്ന് മനസ്സിലാക്കിക്കാന്‍ അല്പം സമയം വേണം. അതുകൊണ്ടാണ്...”

“അതെന്താണ് എന്നോട് പറയാഞ്ഞത്?”

“പറയണമെങ്കില്‍ നിന്നെ കിട്ടേണ്ടേ അരികില്‍? നിനക്കറിയാമല്ലോ ഫോണില്‍ ഇതൊന്നും പറയാന്‍ എനിക്ക് ഇഷ്ടമില്ലെന്ന്. ഇതൊക്കെ എനിക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. വെറുതെ നിന്നെ ബോറടിപ്പിക്കേണ്ടതുണ്ടോ വിളിക്കുമ്പോള്‍  ആവലാതികള്‍ പറഞ്ഞ്...?”
അയാള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്തു. മാത്രകള്‍ കടന്നുപോയി. രണ്ട് നിഴലുകള്‍ പുണര്‍ന്നുനില്‍ക്കുന്നത് കണ്ട് മാനത്തുനിന്നും ഒരു താരകം എത്തിനോക്കി കണ്ണിറുക്കി.  ”ശരി വിദേത്, ഇപ്പോള്‍ ആരെങ്കിലും ഈ വഴി വരും. അവിടെ പരിപാടികള്‍ കഴിയാറായി. ഡ്രെസ് ചേഞ്ച് ചെയ്യാന്‍ കുട്ടികള്‍ ഇവിടെയാണ്‌ വരിക” അവള്‍ ഓര്‍മ്മിപ്പിച്ചു.

“നീ ഹോട്ടലില്‍ വരുമോ?”

“ഇന്നെങ്ങനെ വരാന്‍? ഇത്രയും സമയമായില്ലേ? നാളെ വരാന്‍ നോക്കാം...”

“നാളെയല്ല, ഇന്ന്, ഈ രാത്രി... ഇങ്ങനെ ഒന്നിച്ച്...” പടരുന്ന അയാളുടെ വിരലുകളെ അവള്‍ വിടുവിച്ചു. “വളരെ വൈകി വിദേത്, അമ്മ കൂടെയുണ്ട്. ഉറപ്പൊന്നും പറയാന്‍ കഴിയില്ല. വന്നില്ലെങ്കില്‍ പരിഭവിക്കരുത്.” പെരുവിരല്‍ നിലത്തൂന്നി ഉയ്ര്‍ന്നുകൊണ്ട് അയാളുടെ കണ്ണുകളിലും ചുണ്ടിലും നെഞ്ചിലും അവള്‍ അമര്‍ത്തിയുമ്മവെച്ചു. “ശരി പൊയ്ക്കോ...”
പോകാന്‍ കൂട്ടാക്കാതേയും വിടാന്‍ മനസ്സില്ലാതെയും അപ്പോള്‍ത്തന്നെ  പിരിഞ്ഞുപോകേണ്ടതാണെന്ന അറിവ് നല്‍കിയ വ്യഥയാലും ആ രണ്ട് ശരീരങ്ങള്‍ അകന്നിട്ടും ഒരിക്കല്‍ക്കൂടി കൂടിപ്പിണഞ്ഞു. പുറകില്‍നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ദാസ്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതായെ കാണുമായിരുന്നുള്ളൂ. അവളാ മാറില്‍ മഞ്ഞനിറമുള്ള ഒരു വള്ളിപോലെ പറ്റിച്ചേര്‍ന്നിരുന്നു.

“ആ പിന്നേ വിദേത്, എന്തായിരുന്നു കരോലിന്റെ കയ്യില്‍ കൊടുത്തുവിട്ട ആ സമ്മാനം?”
ദാസ്‌ ആ ഓര്‍മ്മയിലേക്ക് അല്‍പസമയം മുങ്ങി. “അതൊരു സ്പെഷ്യല്‍ സമ്മാനമായിരുന്നു. സാരമില്ല, നമുക്ക് ഒരുമിച്ചു വാങ്ങാം ഒരിക്കല്‍. അമേരിക്കയില്‍ പോകുമ്പോള്‍....”

"എന്നാലും എന്തായിരുന്നു....?"

"ഒരു കുഞ്ഞു വർണ്ണക്കുടയും അതിൽ ഞാൻ തൊട്ടുനിൽക്കുന്ന പെയിന്റിങ്ങും... നിനക്ക് ഇഷ്ടമാകുമായിരുന്നു....  സാരമില്ല.... അത് പോട്ടെ.... "

“ശരി. എന്നാ പോ...” കൈകളെ ബലമായി വിടുവിച്ച് ഇരുളിലേക്ക് അവളയാളെ  ഉന്തിത്തള്ളി വിട്ടു. മനസ്സില്ലാമനസ്സോടെ തിരിഞ്ഞുനോക്കി നടന്നുപോകുന്ന ദാസിനെ മറയുംവരെ അവള്‍  നോക്കിനിന്നു. ഒരു വിളക്കുമരം പോലെ.

ഇതേസമയം സ്റ്റേജിന് പിന്നില്‍ കരോലിനും പല്ലവിക്കും കൂട്ടുകാര്‍ക്കും അനുമോദനങ്ങളുടെ നിറമാലകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
“ഹായ് പാ  ആന്‍ഡ്‌ കാ.... വാം ഹഗ്സ് ...” പറഞ്ഞുകൊണ്ട് നരേന്‍ അവരുടെയരികിലേക്കോടി വന്നു. “പാ... മഹേഷ്‌ നിങ്ങളെ കാണാന്‍ നില്‍ക്കുന്നു; റായ് സാറിന്റെ സെക്രട്ടറി.” നരേന്‍ പറഞ്ഞു.

“ഓഹ്, റിയലീ?”  കാരോലിന്‍ ആഹ്ലാദത്തോടെ തിരിഞ്ഞുനോക്കി.

“അതെ, വിളിക്കട്ടെ?

“യെസ്...ഷുവര്‍” തന്‍റെ ഡ്രസ്സ്‌ പിടിച്ചു നേരെയിട്ടുകൊണ്ട് പല്ലവിയും കരോലിനും തയ്യാറായി. മഹേഷ്‌ഭട്ട് മുറിയിലേക്ക് കയറി വന്നു. അയാള്‍ അതിമനോഹരമായൊരു പൂച്ചെണ്ട് കരോലിന് നേരെ നീട്ടി. “ബിഹാഫ് ഓഫ് റായ് വിദേതന്‍ സാബ്..” മഹേഷിന്റെ വാക്കുകളില്‍ ബഹുമാനം കലര്‍ന്നിരുന്നു.

“താങ്ക്യൂ സൊ മച്ച്, എവിടെ റായ് സര്‍, ഞാന്‍ അങ്ങോട്ട്‌ വരാം, ഈ തിരക്കിനിടയില്‍ സര്‍ വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.” കരോലിന്‍ അയാളെ നോക്കി.

“സാബ് ആണ് എന്നെ അയച്ചത്. നിങ്ങളെ മീറ്റ്‌ ചെയ്യണമെന്നു സാബിന് വളരെ ആഗ്രഹമുണ്ടായിരുന്നു. പെട്ടെന്ന് പോകേണ്ടിവന്നു. ഇഫ്‌ യു നെവെര്‍ മൈന്‍ഡ്, ഹോട്ടലില്‍ വന്നാല്‍ കാണാം എന്ന് പറഞ്ഞിട്ടുണ്ട്.”

”അതിനെന്താ, ഞാന്‍ വന്നോളാം എന്ന് സാറിനോട് പറയൂ,”

“എത്ര ലേറ്റായാലും കുഴപ്പമില്ല.” മഹേഷ്‌ എടുത്തുപറഞ്ഞത്കേട്ട് പല്ലവി അയാളെയൊന്ന് നോക്കിച്ചിരിച്ചു. “ഷുവര്‍, കാ ആ ഹോട്ടലില്‍ തന്നെയല്ലേ താമസിക്കുന്നേ, കാണാന്‍ വിഷമമില്ലല്ലോ."
അല്‍പനേരംകൂടി സംസാരിച്ചിട്ടു മഹേഷ്‌ഭട്ട് യാത്രപറഞ്ഞു. ഏകദേശം പതിനൊന്ന്മണിയോടെ തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുംവഴിയില്‍ കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കെ റായ് വിദേതന്റെ കാര്‍ പല്ലവിയെ കടന്നുപോയി. അയാളുടെ നിഴല്‍ ആ കറുത്ത ഗ്ലാസ്സിനിടയിലൂടെയും ഭാഗികമായി അവള്‍ കണ്ടു. പല്ലവി ഒരു നിമിഷം സംശയിച്ചു. ഇയാളല്ലേ പോയെന്നു ഇയാളുടെ സെക്രട്ടറി പറഞ്ഞത്...?
ആ... എന്തെങ്കിലുമാകട്ടെ..... കൂടുതല്‍ ആലോചിക്കാതെ തന്‍റെ ആക്ടിവ സ്റ്റാര്‍ട്ട്‌ ചെയ്തു പല്ലവി ഓടിച്ചുപോയി.

മിലാനെ കണ്ടതിന്‍റെ മാധുര്യം ചുണ്ടില്‍നിന്നും മായാതെ ദാസ്‌ മടങ്ങിപ്പോകുമ്പോള്‍ ദാസിന്‍റെ സെക്രട്ടറി മഹേഷ്‌ഭട്ട് ആയി വേഷം കെട്ടിയവന്‍ തനൂജയുടെ അരികിലെത്തി.
“മേഡം, റായ് സാറിനെപ്പോലുള്ള ഒരാളുടെ സ്റ്റാഫായാണ് ഞാന്‍ അഭിനയിച്ചത്. തീക്കൊള്ളികൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്.” അയാള്‍ അങ്ങനെ പറഞ്ഞെങ്കിലും കൂസലെന്യേ തനൂജ ചിരിച്ചു.

“റായ് വിദേതന് എത്ര സ്റ്റാഫ് ഉണ്ടെന്ന് അയാള്‍ക്കുപോലും നല്ല നിശ്ചയമില്ല. ബി കൂള്‍... അയാളിവിടെ ഉള്ളപ്പോള്‍തന്നെ നിങ്ങള്‍ അവരെ കാണണമായിരുന്നു. യു ഡണ്‍ യുവര്‍ ജോബ്‌. നിങ്ങള്‍ പൊയ്ക്കൊള്ളൂ. ഹോട്ടലില്‍ എന്താണ് ചെയ്യേണ്ടത് എന്ന് മറന്നിട്ടില്ലല്ലോ...”

തനൂജയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മഹേഷ്‌ തന്‍റെ വാഹനത്തില്‍ ഹോട്ടലിലേക്ക് തിരിച്ചു. അല്‍പസമയം കഴിഞ്ഞു കരോലിനും അവളുടെ ആയയും കയറിയ വാഹനവും ഹോട്ടല്‍  ഒബറോയ് ഗ്രാന്‍ഡിലേക്ക് പുറപ്പെട്ടു.

“അമ്മാ, എനിക്ക് വിദേതിനെ കാണണമായിരുന്നു. അമ്മ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. ഞാന്‍ കണ്ടിട്ട് ഉടനെ വരാം.” മിലാന്‍റെ വാക്കുകള്‍ കേട്ട് ശാരിക അനിഷ്ടത്തോടെ അവളെ നോക്കി.

“അയാള്‍ നിന്നോട് അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞിരിക്കും അല്ലെ? നോക്ക് മിലൂ, വളരെ പ്രധാനപ്പെട്ട എല്ലാ ആളുകളും ഇന്നീ രാത്രിയില്‍ കൊല്‍ക്കത്താ നഗരത്തില്‍ ഉണ്ട്. ഇവിടത്തെ പരിപാടിക്കായി വന്ന മീഡിയയും ഇവിടെയുണ്ട്. അവര്‍ക്ക് നാളത്തെ പത്രത്തിനുള്ള ന്യൂസ്‌ കൊടുക്കാനാണോ നിന്റെ പുറപ്പാട്?”

“ഞാനൊന്ന് കണ്ടിട്ട് ഓടിവരാം അമ്മാ, ഞങ്ങള്‍ കണ്ടിട്ടും സംസാരിച്ചിട്ടും കുറെ നാളുകളായി. വിദേതിന്റെ അമ്മയുണ്ട്‌ അവിടെ.” ദാസ്‌ ഒറ്റയ്ക്കല്ല എന്നൊരു ധ്വനിയുണ്ടായിരുന്നു ആ പ്രസ്താവനയില്‍.

അമ്മയില്‍നിന്നും അല്പം അകന്നുനിന്നിട്ടായിരുന്നു മിലാന്‍ സംസാരിച്ചത്. കാരണം ദാസ്‌ ഉപയോഗിച്ച പെര്‍ഫ്യൂമിന്‍റെ ഗന്ധം തന്‍റെ മേലാസകലം ഉണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു.

“ശരി, എന്നെ വീട്ടില്‍ ഇറക്കിയേക്ക്.... നീ കെട്ടാന്‍ പോകുന്നവനെയും അമ്മയിയമ്മയെയും ഒക്കെ കണ്ടു സാവധാനം വന്നാല്‍ മതി.” കനത്ത സ്വരത്തോടെ തന്‍റെ തൃപ്തിയില്ലായിമ പ്രകടിപ്പിച്ചുകൊണ്ട് ശാരിക കാറില്‍ കയറിയിരുന്നു. അമ്മയെ വീട്ടില്‍ കൊണ്ടാക്കി ധൃതിയില്‍ തന്‍റെ മുഖമൊന്ന് കഴുകി മിലാന്‍ ഡ്രൈവിംഗ്സീറ്റിലേക്ക് കയറിയിരുന്നു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

ട്രാഫിക് വിളക്കുകളുടെ വെളിച്ചങ്ങളിലൂടെ  മറ്റൊരു കാറും അപ്പോള്‍ അതേ ഹോട്ടലിലേക്ക് അടുക്കുകുയായിരുന്നു. മകനെയും മകന്‍ മനസ്സുകൊടുത്ത പെണ്‍കുട്ടിയെയും കാണാന്‍ തിളങ്ങുന്ന മൂക്കുത്തിക്കല്ലുള്ള ഒരു മുഖം ആ കാറിന്‍റെ പിന്‍സീറ്റില്‍ ഉറങ്ങാന്‍ ഒരുക്കങ്ങള്‍ കൂട്ടുന്ന നഗരത്തെ നോക്കി ഉറങ്ങാതെയിരുന്നു. താരാദേവിയുടെ ചുണ്ടിലെ ചെറുമന്ദഹാസത്തെ ആകാശത്തിലെ നക്ഷത്രങ്ങളും ചെറുചിരിയോടെ വരവേറ്റു. 
  (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ - 20 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക