വലിയങ്ങാടിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ

Published on 10 July, 2020
വലിയങ്ങാടിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ

കോഴിക്കോട്:  മലബാറിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ കണ്ടെത്തി. ഉറവിടമറിയാത്ത ഒരു രോഗിയുമുണ്ട്. ഇതടക്കം ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ്.

വ്യാപാരിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ വലിയങ്ങാടി അതിജാഗ്രതയിലായി. ജൂണ്‍ മൂന്നിനായിരുന്നു ഉറവിടമറിയാതെ വലിയങ്ങാടിയിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ സ്രവം പരിശോധിക്കുകയും ഇന്ന് ഫലം വരികയുമായിരുന്നു. 53 വയസ്സുള്ള  പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 22 വയസ്സുള്ള പുരുഷന്‍, 17 വയസ്സുള്ള പെണ്‍കുട്ടി, 12 വയസുള്ള ആണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരന്‍ എന്നിവരാണ് ഇയാളുടെ കുടുംബത്തിലുള്ളവര്‍. 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മീഞ്ചന്തയിലെ 30 വയസ്സുകാരിയാണ് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് 
എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റുകയുമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക